ടി20 പരമ്പര അഫ്ഗാനിസ്ഥാനു

- Advertisement -

യുഎഇ പര്യടനത്തിലെ രണ്ടാം ടി20 മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കി 2-0 നു സ്വന്തമാക്കി. യുഎഇ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്.

ടോസ് നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ റോഹന്‍ മുസ്തഫ(43) ഷൈമാന്‍ അന്‍വര്‍(60) റമീസ് ഷെഹ്സാദ്(19 പന്തില്‍ 47) എന്നിവരുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ യുഎഇ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഫരീദ് അഹമ്മദ് രണ്ടും അമീര്‍ ഹംസ റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പതിവു പോലെ മുഹമ്മദ് ഷെഹ്സാദിന്റെ വെടിക്കെട്ട് ബാറ്റിംഗോടു കൂടിയാണ് അഫ്ഗാന്‍ ഇന്നിംഗ്സ് ആരംഭിച്ചത്. 12 പന്തില്‍ 31 റണ്‍സ് നേടിയ ഷെഹ്സാദിനെ യുഎഇ ക്യാപ്റ്റന്‍ അംജദ് ജാവേദ് പുറത്താക്കുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 3.5 ഓവറില്‍ 44 റണ്‍സ് ആയിരുന്നു. തുടര്‍ന്ന് ഹസ്രത്തുള്ളയും(18) ഉസ്മാന്‍ ഖാനിയും(18) ചേര്‍ന്ന് ഇന്നിംഗ്സ് ചലിപ്പിച്ചുവെങ്കിലും വേഗത പോരായിരുന്നു. അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്സായിയും(29) സമിയുള്ള ഷെന്‍വാരിയും(12) കുറഞ്ഞ പന്തുകളില്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി യുഎഇ മത്സരത്തില്‍ പിടിമുറുക്കുയായിരുന്നു.
അഞ്ചാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 14 ഓവറില്‍ അഫ്ഗാന്‍ 116 റണ്‍സ് ആണ് നേടിയിരുന്നത്. അവസാന 6 ഓവറില്‍ 64 റണ്‍സ് ആണ് അഫ്ഗാനിസ്ഥാനു വേണ്ടിയിരുന്നത്. എന്നാല്‍ ആറാം വിക്കറ്റില്‍ നജീബുള്ള സദ്രാനും മുഹമ്മദ് നബിയും ചേര്‍ന്ന് അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റ് വിജയം സമ്മാനിക്കുകയായിരുന്നു. 24 പന്തില്‍ 55 റണ്‍സ് നേടിയ നജീബുള്ള സദ്രാന്‍ ആണ് അഫ്ഗാനിസ്ഥാനെ വിജയലക്ഷ്യം മറികടക്കാന്‍ സഹായിച്ചത്. 3 സിക്സറുകളും 5 ബൗണ്ടറികളും അടങ്ങിയതായിരുന്നു ആ വിജയ ഇന്നിംഗ്സ്. മുഹമ്മദ് നബി 13 റണ്‍സ് നേടി മികച്ച പിന്തുണയാണ് നല്‍കിയത്.

യുഎഇയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അംജദ് ജാവേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷെഹ്സാദ് ഒരു വിക്കറ്റ് സ്വന്തമാക്കി. അഫ്ഗാന്‍ നിരയില്‍ സമിയുള്ള ഷെന്‍വാരി റണ്‍ഔട്ട് ആവുകയായിരുന്നു. പരമ്പരിയിലെ അവസാന മത്സരം ഡിസംബര്‍ 18 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30യ്ക്ക് നടക്കും.

Advertisement