അയര്‍ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി അഫ്ഗാൻ

അയര്‍ലണ്ടിനെതിരെയുള്ള രണ്ടാം ടി20യിലും അഫ്ഗാനിസ്ഥാനു ജയം. ഇതോടു കൂടി മൂന്നു മത്സരങ്ങളുള്ള പരമ്പര 2-0 ജയിച്ച് അഫ്ഗാൻ സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് പതിനഞ്ച് ഓവറിൽ 79 റൺസെടുക്കുന്നതിനുള്ളിൽ എല്ലാവരും പുറത്തായി. ഹസ്രത്തുള്ള സാസായിയാണ് അഫ്ഗാനിസ്ഥാന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

54 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 7 സിക്സും സഹിതം 82 റണ്‍സുമായി ഹസ്രത്തുള്ള സാസായിയാണ് അഫ്ഗാന് മുന്നിൽ നിന്നും നയിച്ചത്. അസ്ഗര്‍ അഫ്ഗാന്‍ 37 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 124/2 എന്ന നിലയില്‍ നിന്ന് അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്റെ കുതിപ്പ് ഒരു പരിധി വരെ തടയുവാന്‍ അയര്‍ലണ്ടിനായി. പീറ്റര്‍ ചേസ് മൂന്നും ബോയഡ് റാങ്കിന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജോഷ്വ ലിറ്റില്‍, ജോര്‍ജ്ജ് ഡോക്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അയര്‍ലണ്ട് നിരയിൽ ചെറുത്ത് നിൽപ് നടത്തിയത് വില്യം പോട്ടർഫീൽഡും(33) ക്യാപ്റ്റൻ ഗാരി വിത്സനും(22) മാത്രമാണ്. അയർലണ്ട് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ ഇവർ മാത്രമാണ്. നാല് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുജീബ് ഉർ റഹ്മാനുമാണ് അയർലണ്ടിനെ എറിഞ്ഞു വീഴ്ത്തിയത്.

Exit mobile version