
സിംബാബ്‍വയേ 54 റണ്‍സിനു ഓള്‍ഔട്ട് ആക്കി അഫ്ഗാനിസ്ഥാനു പരമ്പര വിജയം. ഇന്ന് നടന്ന അഞ്ചാം ഏകദിനത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 106 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 253 റണ്‍സ് സ്കോര്‍ ചെയ്തുവെങ്കിലും മഴ മൂലം കളി തടസ്സപ്പെടുകയും സിംബാബ്വേയുടെ വിജയലക്ഷ്യം 22 ഓവറില്‍ 161 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നാല്‍ സിംബാബ്വേ 13.5 ഓവറില്‍ 54 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി 50 റണ്‍സ് നേടിയ റഹ്മത് ഷാ ആണ് മാന്‍ ഓഫ് ദി മാച്ച്. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബി, അമീര്‍ ഹംസ എന്നിവര്‍ മൂന്ന് വിക്കറ്റും, റഷീദ് ഖാന് രണ്ട് വിക്കറ്റും നേടി. സിംബാബ്വേയുടെ ക്രിസ് പോഫുവാണ് മാന്‍ ഓഫ് ദി സീരീസ്. പരമ്പര 3-2നാണ് അഫ്ഗാനിസ്ഥാന് വിജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന് വിജയിച്ചുവെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ സിംബാബ്വേ വിജയിച്ച് പരമ്പര ആവേശകരമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടുകയായിരുന്നു. റഹ്മത് ഷാ(50), മുഹമ്മദ് നബി(48), നൂര്‍ അലി സര്‍ദാന്‍(46) എന്നിവരാണ് അഫ്ഗാന് നിരയില്‍ ബാറ്റിംഗ് മികവ് പുലര്‍ത്തിയത്. ക്രിസ് പോഫു മൂന്ന് വിക്കറ്റും, റിച്ചാര്‍ഡ് ഗാരാവ രണ്ട് വിക്കറ്റും നേടി. തന്റെ 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ ഷോണ്‍ വില്യംസും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.