പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

യുഎഇയ്ക്കെതിരെയുള്ള ടി20 പരമ്പര 3-0 നു സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഉച്ചയ്ക്ക് ദുബായിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ യുഎഇ-യെ 44 റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു. തന്റെ 4 ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ റഷീദ് ഖാനാണ് പ്ലേയര്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മുഹമ്മദ് ഷെഹ്സാദും നജീബ് താരാകായിയും നല്‍കിയത്. 30 പന്തില്‍ 44 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദാണ് ആദ്യം പുറത്തായത്. 25 പന്തില്‍ 40 റണ്‍സ് നേടിയ നജീബ് താരാകായി പുറത്താകുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ സ്കോര്‍ 10.2 ഓവറില്‍ 95/2 എന്ന നിലയിലായിരുന്നു. അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനികാസിയെ (10) രോഹന്‍ മുസ്തഫ പുറത്താക്കിയെങ്കിലും ഉസ്മാന്‍ ഖാനി(27) സമീയുള്ള ഷെന്‍വാരി(39) നജീബുള്ള സദ്രാന്‍ തുടങ്ങിയവര്‍ കുറഞ്ഞ പന്തില്‍ സ്കോര്‍ ചലിപ്പിച്ചപ്പോള്‍ നിശ്ചിത 20 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 189 റണ്‍സ് നേടി.

യുഎഇ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഷെഹ്സാദിനെ രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റനായി ഇറങ്ങിയ രോഹന്‍ മുസ്തഫയും(58) (യുഎഇ ക്യാപ്റ്റന്‍ അംജദ് ജാവേദ് ഇന്ന് മത്സരിക്കാനിറങ്ങിയില്ല) ഷൈമാന്‍ അന്‍വറും(56) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ മുഹമ്മദ് നബി ഇരുവരെയും പുറത്താക്കിയപ്പോള്‍ യുഎഇ ബാറ്റിംഗ് നിര തകരുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടുവാനെ യുഎഇയ്ക്കായുള്ളു.

അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബിയും റഷീദ് ഖാനും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫരീദ് അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി. യുഎഇയുടെ റമീസ് ഷെഹ്സാദ് റണ്‍ഔട്ട് ആവുകയായിരുന്നു.