ചേസിംഗ് മികവില്‍ അഫ്ഗാനിസ്ഥാന്‍

- Advertisement -

ഗ്രേറ്റര്‍ നോയിഡയിലെ ഗ്രേറ്റര്‍ നോയിഡ സ്പോര്‍ട്സ് കോംപ്ലെക്സ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനു മികച്ച ജയം. അയര്‍ലണ്ട് ഉയര്‍ത്തിയ 165/5 എന്ന ടോട്ടല്‍ പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 18 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 36 പന്തില്‍ 56 റണ്‍സ് നേടിയ ഷമിയുള്ള ഷെന്‍വാരിയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ടിനു ആദ്യ ഓവറില്‍ തന്നെ പോള്‍ സ്റ്റിര്‍ലിംഗിനെ(0) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മികച്ച സ്കോറിലേക്ക് സ്റ്റുവര്‍ട് തോംപ്സണ്‍(56) നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(39) എന്നിവര്‍ ചേര്‍ന്ന് എത്തിയ്ക്കുകയായിരുന്നു. 35 പന്തിലാണ് സ്റ്റുവര്‍ട് തോംപ്സണ്‍ 56 റണ്‍സ് നേടിയത്. ഗാരി വില്‍സണ്‍ പുറത്താകാതെ നേടിയ 41 റണ്‍സ് കൂടി ചേര്‍ന്നതോടെ അയര്‍ലണ്ട് 20 ഓവറില്‍ മികച്ച ടോട്ടലിലേക്ക് എത്തിചേര്‍ന്നു. അഫ്ഗാനിസ്ഥാനു വേണ്ടി അമീര്‍ ഹംസ രണ്ട് വിക്കറ്റും റഷീദ് ഖാന്‍ ഒരു വിക്കറ്റും നേടി. രണ്ട് അയര്‍ലണ്ട് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനറങ്ങിയ അഫ്ഗാനിസ്ഥാനു മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുഹമ്മദ് ഷെഹ്സാദിനു പതിവു വെടിക്കെട്ട് തുടക്കം നല്‍കുവാനായില്ല. എന്നാല്‍ നജീബ് താരാകായി അതിവേഗത്തില്‍ സ്കോര്‍ ചെയ്തത് അവര്‍ക്ക് തുണയായി. 5ാം ഓവറില്‍ സ്കോര്‍ 50 കടന്നുവെങ്കിലും നജീബ് താരാകായിയെ നഷ്ടമായത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. എന്നാല്‍ സീമയുള്ള ഷെന്‍വാരി-ഷെഹ്സാദ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 73 റണ്‍സാണ് 53 പന്തുകളില്‍ നേടിയത്. ഷെഹ്സാദ് പുറത്തായെങ്കിലും ഷെന്‍വാരി തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നു. 18ാം ഓവറില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായി 20 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

അയര്‍ലണ്ടിനു വേണ്ടി കെവിന്‍ ഒബ്രൈന്‍, ക്രെയിഗ് യംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement