അഫീസിൽ നിന്നും അഹമ്മദാബാദ് വഴി പ്രിട്ടോറിയ വരെ

- Advertisement -
2008 ഏപ്രിൽ
ഇന്ത്യ v സൗത്ത് ആഫ്രിക്ക, കാൺപൂർ 
ഗ്രൗണ്ടിൽ പൊതുവെ ഉരുക്കുമനുഷ്യനെപോലെ ആയിരുന്നെങ്കിലും ഗ്രെയിം സ്മിത്ത് എല്ലാവിഷയത്തിലും അങ്ങനെ ആയിരുന്നില്ല. പ്രേതങ്ങളെ പേടിയായിരുന്നു ബിഫ്ഫിന്. കാൺപൂരിൽ വന്നപ്പോൾ ഞാൻ അതൊന്നു ചെറുതായി മുതലെടുത്തു. മൂന്നാം നിലയിലായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും മുറി. ജനൽ തുറന്നു ചെറിയൊരു ഇടനാഴിയിൽ കൂടെ നടന്നാൽ സ്മിത്തിൻ്റെ മുറിയുടെ ജനൽ വഴി അകത്തു കേറാം. അങ്ങനൊരു ശ്രമം നടത്തി, എന്നാൽ താഴ് അകത്തുനിന്നും ഇട്ടിരിക്കുകയായിരുന്നു. ഒന്നുമറിയാത്ത ഭാവത്തിൽ നേരെ ചെന്ന് സ്മിത്തിൻ്റെ മുറിയിൽ തട്ടി, സുഖമാണോ എന്നൊക്കെ അന്വേഷിച്ചു ഒപ്പം ജനലിൻ്റെ താഴും തുറന്നു. അന്ന് രാത്രി ബിഫ്ഫ് ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷം, ജനൽ വഴി കേറി ടീവി ഓൺ ചെയ്തിട്ട് കർട്ടന് പുറകിൽ മറഞ്ഞുനിന്നു. ശബ്ദം കേട്ട സ്മിത്ത് എഴുന്നേറ്റ് ടീവി ഓഫ് ചെയ്തിട്ട് ഉറങ്ങി. ജനൽ വഴി താഴെ ഇറങ്ങിയ ഞാൻ ഒരു മണിക്കൂർ കഴിഞ്ഞിട്ട് അത് വീണ്ടും ആവർത്തിച്ചു. പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിട്ട് ഒരു വട്ടംകൂടെ ആവർത്തിച്ചു. അടുത്ത ദിനം രാവിലെ പ്രാതൽ സമയത്ത് തൻ്റെ മുറിയിൽ എന്തായാലും പ്രേതമുണ്ടെന്നും ടീവി രാത്രി അടിക്കടി ഓണായതും പറയുകയുണ്ടായി. വിശദമായിട്ട് നടന്നത് ഞാൻ വിശദീകരിച്ചു, എനിക്ക് അത് അടക്കിവെക്കാനായില്ല.
2011 ഡിസംബർ. 
സൗത്ത് ആഫ്രിക്ക v ശ്രീ ലങ്ക, സൂപ്പർസ്‌പോർട് പാർക്ക്, സെഞ്ചുറിയൻ.
99ൽ നിൽക്കുകയാണ് ഞാൻ. തിസാര പെരേര എറിഞ്ഞ പന്ത് ഞാൻ കട്ട് ഷോട്ട് കളിച്ചു. സബ്സ്ടിട്യൂറ്റ് ദിമുത് കരുണരത്നെയുടെ കൈയിൽ പന്ത് എത്തി. ക്യാച്ച് ക്ലീൻ ആണോ എന്ന സംശയം ബാക്കി. ഞാൻ കരുതി ഫീൽഡ് അമ്പയർ തേർഡ് അമ്പയറിനോട് ചോദിക്കുമെന്ന്, എന്നാൽ റോഡ് ടക്കർ എന്നോടാണ് ചോദിച്ചത് റിവ്യൂ ചെയ്യണോ വേണ്ടയോ എന്ന്. ഞാൻ വേണ്ട, ഫീൽഡറോട് ചോദിക്കാം, ടെക്നോളജിയെക്കാൾ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഉയർത്തിപ്പിടിക്കാമല്ലോ എന്നൊക്കെ കരുതി. കരുണരത്നെ ക്ലീൻ ക്യാച്ച് ആണെന്ന് ഉറപ്പിച്ച പറഞ്ഞപ്പോൾ, ഞാൻ പവിലിയനിലേക്ക് നടന്നു. പിന്നീട് റീപ്ലേ കണ്ടപ്പോൾ ആ പന്ത് ഫീൽഡറുടെ കയ്യിൽ എത്തുന്നതിന് മുന്നേ ബൗൺസ് ചെയ്തത് വ്യക്തമായി കാണാൻ കഴിയുകയും ചെയ്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പോലും, ഇനിമേലിൽ അതിനേക്കാൾ ഉപരി ടെക്നോളോജിയെ ആശ്രയിക്കും എന്നുറപ്പിക്കുകയും ചെയ്തു ഞാൻ.
ക്രിക്കറ്റ് കളത്തിൽ എതിർ ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാനാമൂലകളിലേക്ക് പായിക്കുമ്പോഴും സുഹൃത്ബന്ധങ്ങളും മൂല്യങ്ങളും അതിന്റേതായ നിലവാരത്തിൽ കാത്തുസൂക്ഷിക്കാൻ ശ്രമിച്ച എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ് എന്ന എ ബിയെ പറ്റിയാണ് പറഞ്ഞുവരുന്നത്.
എ ബി ചേട്ടന്മാരോടൊപ്പം വളർന്ന് വരുമ്പോൾ ക്രിക്കറ്റ് കളിക്കുമായിരുന്നെങ്കിലും ആഫ്രികാൻസ് ഹോയർ സുവെൻസ്‌കൂളിൽ എത്തിയപ്പോൾ തൻ്റെ ആദ്യ ശ്രദ്ധ ടെന്നിസിൽ ആയിരുന്നു. ഒരു ടീം സ്‌പോർട് കളിക്കണമെന്ന് ആഗ്രഹമാണ് എ ബിയെ റഗ്ബി ഫീൽഡിൽ എത്തിച്ചത്. എന്നാൽ ടീം ലിസ്റ്റ് ഇട്ടപ്പോൾ സ്കൂളിലെ അണ്ടർ 14F ടീമിലാണ് തനിക്ക് സ്ഥാനം കിട്ടിയത്, അടുത്ത കൊല്ലം അണ്ടർ 15E ടീമിലും. പ്രധാന ടീമിൽ ഇടം ഇല്ലാത്തതിനാൽ എ ബി പതിയെ ഹോക്കിയിലേക്ക് തിരിഞ്ഞു. അവിടെ ബി ടീമിൽ കളിയ്ക്കാൻ ആദ്യം തന്നെ പറ്റി. റൂൾസ് ഒക്കെ അവിടെ നിന്നും പഠിച്ചിട്ട് ഒരു കൊല്ലം അവിടെ കളിച്ചു. ഒരു വർഷത്തിന് ശേഷം തൻ്റെ അഫീസ് വാസത്തിൻ്റെ അവസാന രണ്ട് കൊല്ലം റഗ്ബി കളിക്കാമെന്ന് തീരുമാനിച്ചു റഗ്ബി ടീമിൽ തിരിച്ചെത്തി. ആദ്യം ഇടം കിട്ടിയത് 5ആം ടീമിലാണ്. പിന്നെ പെട്ടെന്നൊരു ദിവസം മൂന്നാം ടീമിലേക്കും, രണ്ടാം ടീമിലേക്കും, വേഗംതന്നെ ഒന്നാം ടീമിലേക്കും സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ അഞ്ചാം ടീമിൽ നിന്നും ഏതാനും ചില മത്സരങ്ങളുടെ വ്യത്യാസത്തിൽ എ ബി ഒന്നാം ടീമിൽ എത്തി. ഇതിനിടയിൽ ക്രിക്കറ്റ് കളിക്കുന്നുമുണ്ടായിരുന്നു. റഗ്‌ബിയിൽ വലിയ വിജയങ്ങൾ നേടുമ്പോഴും, 2002 എത്തിയപ്പോഴേക്കും തൻ്റെ വഴി ക്രിക്കറ്റ് ആണെന്ന് എ ബി തിരിച്ചറിയുകയുണ്ടായി.
അഫീസിലെ തൻ്റെ സുഹൃത്ബന്ധങ്ങളിൽ പല പ്രൊഫഷണൽ കളിക്കാരും ഉണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച, ജാക്ക്വെസ് റുഡോൾഫ്, ഹെയ്‌നോ കുൻ, ഉറ്റസുഹൃത്തും പതിനഞ്ചാമത്തെ വയസ് മുതൽ തന്റെ കൂടെ പല ടീമുകളിലും കളിച്ച ഫാഫ് ഡുപ്ലെസിസും, സൗത്ത് ആഫ്രിക്കൻ റഗ്ബി ടീമിൽ കളിച്ച ഒട്ടനവധി കളിക്കാരും ഉണ്ട്. ഇവരിൽ നല്ലൊരു വിഭാഗവുമായിട്ട് ഇന്നും നല്ല ആത്മബന്ധം എ ബി കാത്തുസൂക്ഷിക്കുന്നു.
2002ൽ അഫീസിൽ നിന്നും ഇറങ്ങിയ എ ബി 2004ൽ ഹാറൂൺ ലോർഗത്തിൻ്റെ ഫോൺകാൾ കിട്ടുന്നതുവരെ പല ടൂർണമെന്റുകളിലായി ക്രിക്കറ്റ് കളിച്ചു. കിട്ടുന്ന ബോൾ എല്ലാം ബൗണ്ടറി നേടണമെന്നുള്ള ചിന്തയോടെ ബാറ്റ് ചെയ്ത എ ബി ആദ്യം സൗത്ത് ആഫ്രിക്കൻ എ ടീമിലേക്കും പിന്നെ 2004 ആയപ്പോഴേക്ക് ടെസ്റ്റ് ടീമിലേക്കും കയറി.
ഷോട്ടുകളിലെ അനായാസതയും ഒരു കമ്പ്ലീറ്റ് ടീം മാൻ എന്ന നിലയ്ക്കുമാണ് എ ബി ക്രിക്കറ്റി പടവുകൾ കയറി വന്നത്. ഏതൊരു ബോൾ ഫേസ് ചെയ്യുമ്പോഴും എ ബിക്ക് അധികസമയം കിട്ടുന്നതുപോലെ കളികാണുന്നവർക്ക് തോന്നും. അല്ലെങ്കിൽ എങ്ങനാണ് ലാപ് ഷോട്ടുകൾ ഇത്രയധികം കാര്യക്ഷമമായി കളിയ്ക്കാൻ ഒരു കളിക്കാരന് കഴിയുക?
ഏതൊരു ക്രിക്കറ്റ് കളിക്കാരനെയുംപോലെ ആദ്യകാലങ്ങൾ അദ്ദേഹത്തിന് സൗത്ത് ആഫ്രിക്കൻ ടീമിൽ എളുപ്പമായിരുന്നില്ല. ആദ്യപരമ്പരയിൽ ഒരു അർധസെഞ്ചുറി മാത്രമാണ് നേടാൻ കഴിഞ്ഞത്. പതിയെപ്പതിയെ ടീമിൽ സ്ഥാനമുറപ്പിച്ചു എ ബി. 2007ലെ രണ്ട് വേൾഡ് കപ്പുകളിലും വിജയം നേടാൻ കഴിയാതിരുന്ന സൗത്ത് ആഫ്രിക്കൻ ടീമിന് പിടിച്ചുനിൽക്കണമെങ്കിൽ തുടർന്ന് വരുന്ന പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്താലേ മതിയാകുകയുള്ളായിരുന്നു.
2008ലെ ഇന്ത്യൻ പര്യടനം. 
എ ബിയുടെ അഭിപ്രായത്തിൽ ഈ പരമ്പരയാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിമാറിയത്. ആ പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റ്. ആ ടെസ്റ്റിന് മുന്നേ പോൾ ഹാരിസ് പറഞ്ഞു ഈ ടെസ്റ്റിലായിരിക്കും എ ബി ആദ്യ ഡബ്ബിൾ സെഞ്ച്വറി അടിക്കുകയെന്ന്. അതുവരെ തൻ്റെ ക്രിക്കറ്റ് കളിയിലെ ചെറുതും വലുതുമായ പിഴവുകൾ ജാക്ക്വെസ് കാലിസിനോട് ചോദിച്ചു മനസിലാക്കിയിരുന്ന എ ബി ഡിഫെൻസിൽ പുറകിലോട്ട് ആയിരുന്നു. ഏതൊരു ടെസ്റ്റ് ബാറ്റ്സ്മാൻ്റെയും ആഗ്രഹം നല്ല ഷോട്ടുകൾ കളിക്കുന്നതിനൊപ്പം നല്ല പന്തുകൾ വരുമ്പോൾ നല്ല ക്ലാസിക് ഡിഫെൻസ് പുറത്തെടുക്കാൻ കഴിയണമെന്നതാണ്. എ ബി പറയുന്നത് താൻ ഏറ്റവുമധികം ആത്മവിശ്വാസത്തോടെ ഡിഫെൻസ് ഷോട്ടുകൾ കളിച്ചത് ആ മത്സരത്തിൽ ആണെന്നാണ്. പോൾ ഹാരിസിൻ്റെ ഗട്ട്-ഫീലിംഗ് ശരിയായി, എ ബി തൻ്റെ ആദ്യ ടെസ്റ്റ് ഡബിൾ കുറിച്ചു, 217 റൺസ്. ഇന്ത്യയെ ഇന്നിങ്സിനും 90 റൺസിനുമാണ് ആ മത്സരത്തിൽ തോൽപ്പിച്ചത്. അതിനു ശേഷം കാൺപൂരിൽ നടന്ന ടെസ്റ്റ് തോറ്റു. ആ ടെസ്റ്റ് നടക്കുമ്പോൾ ഉണ്ടായ സംഭവമാണ് ആദ്യം സ്മിത്തിൻ്റെ മുറിയിലേക്ക് ജനൽ വഴി കയറിയത്.
2008 സൗത്ത് ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷമായിരുന്നു, എ ബിയെ പോലെതന്നെ. ടീമിൽ സ്ഥിരം അംഗത്വം ഇതിനോടകം അദ്ദേഹം നേടിയെടുത്തു. ആ കൊല്ലമാണ് ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസ് അദ്ദേഹത്തെ വിളിച്ചെടുക്കുന്നത്. ഐപിഎൽ പതിനൊന്നാം സീസൺ അവസാനിക്കാറാകുന്നു. ഇതുവരെ ഡൽഹി ഡെയർഡെവിൾസ് ടീം പലവട്ടം പുനഃസംഘടിപ്പിച്ചിട്ടുണ്ടെങ്കിലും എ ബിയെ എന്തിനാണ് അവർ അവിടെനിന്നു വിട്ടതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും സംശയം തോന്നിയാൽ കുറ്റംപറയാൻ ആവില്ല.
അവിടെ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ എത്തിയ എ ബി വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് ബൗളിംഗ് നിരകളെ നിലംപരിശാക്കിയത് പലവട്ടം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ ഒത്തുചേർന്നപ്പോൾ ഉണ്ടായ മുന്നേറ്റം RCBക്ക് പക്ഷെ കപ്പ് ആക്കാൻ കഴിഞ്ഞില്ല.
2009ലെ ഐസിസി ലോക T20യിലും സൗത്ത് ആഫ്രിക്കയുടെ അവസ്ഥ വ്യത്യസ്തം ആയിരുന്നില്ല. ചോക്കർ എന്ന പേര് വർഷങ്ങളായിട്ട് സൗത്ത് ആഫ്രിക്കൻ ടീമിൻ്റെ സന്തതസഹചാരിയാണ്. അത് അന്വർത്ഥമാക്കുന്ന വിധം ആയിരുന്നു ആ ലോകകപ്പിലെ പ്രകടനവും. നാട്ടിലെന്നല്ല വിദേശത്തും ബൈലാറ്ററൽ പരമ്പരകളിൽ കളിക്കുന്ന ടീം ആയിരുന്നില്ല ഐസിസി ടൂർണമെന്റുകളിൽ സൗത്ത് ആഫ്രിക്ക. അതിൽ എ ബി അസ്വസ്ഥൻ ആയിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ 3 ഐസിസി ടൂർണമെന്റുകൾ അവിടെ നടന്നെങ്കിലും അതിൽ ഒന്ന് പോലും സെമി ഫൈനൽ എത്താൻ അവർക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
2010 പാകിസ്താൻ്റെ ഹോം എവേ ഫ്രം ഹോം, അബുദാബി.
പാകിസ്ഥാനുമായിട്ടുള്ള രണ്ടാം ടെസ്റ്റ്. ആദ്യ പരമ്പരയിൽ ജയിക്കാമായിരുന്നിട്ടും യൂനിസ് ഖാൻ്റെ മികവിന് മുന്നിൽ സൗത്ത് ആഫ്രിക്കയ്ക്ക് ജയം നഷ്ടമായി. രണ്ടാം ടെസ്റ്റ് നടക്കുന്നതിനിടയിലാണ് എ ബിയുടെ അമ്മയുടെ പിറന്നാൾ. അമ്മയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് എന്ന് പറഞ്ഞാണ് അന്ന് രണ്ടാം ഡബിൾ നേടിയത്. എന്നാൽ ഗ്രെയിം സ്മിത്ത് ഡിക്ലയർ ചെയ്തില്ല. അന്നുവരെ സ്മിത്തിൻ്റെ പേരിലുള്ള 277 റൺസ് എന്ന സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ്റെ റെക്കോർഡ് എ ബിക്ക് സ്വന്തമാക്കാൻ അവസരം കൊടുത്തിട്ട് സ്മിത്ത് ഡിക്ലയർ ചെയ്തു.
അടുത്തകൊല്ലം നടന്ന വേൾഡ് കപ്പ് വളരെ പ്രതീക്ഷയോടെയാണ് എ ബിയും സൗത്ത് ആഫ്രിക്കൻ ടീമും കണ്ടത്. ഇന്ത്യയെ ഒക്കെ ഗ്രൂപ്പ് റൗണ്ടിൽ തോൽപ്പിച്ചപ്പോൾ പ്രതീക്ഷ വാനോളം ഉയർന്നതാണ്. പക്ഷെ തങ്ങളുടെ ഐസിസി പരമ്പരയിലെ പതിവ് ഫോം ആവർത്തിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ 222 റൺ പോലും ചേസ്‌ ചെയ്യാൻ കഴിയാതെ അവർ വീണു. 2012 T20 വേൾഡ് കപ്പും വ്യത്യസ്തമായിരുന്നില്ല. പാകിസ്താനോടും, ഓസ്‌ട്രേലിയയോടും, ഇന്ത്യയോടും തോറ്റ് സൗത്ത് ആഫ്രിക്ക പുറത്തായി. എന്നാൽ നേരത്തെ പറഞ്ഞതുപോലെ ബൈലാറ്ററൽ പരമ്പരകളിൽ സൗത്ത് ആഫ്രിക്ക മികച്ച പ്രകടനം തുടർന്നു. 2012 അവസാനിക്കുമ്പോൾ 6 വർഷത്തിനിടയ്ക്ക് നടന്ന 10 എവേ പരമ്പരകളിൽ ഒന്നിൽ പോലും തോറ്റിരുന്നില്ല.
ആ വർഷമാണ് ടെസ്റ്റ് ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച റെയർ-ഗാർഡിൽ ഒന്ന് കണ്ടത്. 430 വിജയലക്ഷ്യവും ഒന്നര ദിവസവും മുന്നിൽ വെച്ച ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചു. നാല്പതോളം റൺ എടുക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ വീണു. അഫീസിൽ ഒരുപാട് തവണ ഒരുമിച്ച് ബാറ്റ് ചെയ്ത സഖ്യം വീണ്ടും പുനർജനിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ടെസ്റ്റിൽ ഫാഫ് ഡുപ്ളെസിസിൻ്റെ അരങ്ങേറ്റമത്സരം ആയിരുന്നു അത്. എ ബിയും ഫാഫും ഓരോ ഓവർ ആയി ലക്‌ഷ്യം വെച്ചുകൊണ്ട് ബാറ്റ് ചെയ്തു. ഒരു സമയത്ത് 29 ഓവർ എത്തുമ്പോൾ പാർട്ണർഷിപ് 32 ആയിരുന്നു. അങ്ങനെ കളി അഞ്ചാം ദിവസത്തിലേക്ക്. എ ബി പുറത്താകുമ്പോൾ 220 പന്തുകൾ നേരിട്ടിരുന്നു. ഒരു ഫോർ പോലും ഇല്ലാതെ 33 റൺ. ഏകദിനത്തിൽ 31 പന്തിൽ സെഞ്ച്വറി നേടിയ കളിക്കാരൻ, ടെസ്റ്റിൽ ആദ്യകാലങ്ങളിൽ ഡിഫെൻസ് ആത്മവിശവാസത്തോടെ ചെയ്യാൻ കഴിയാതിരുന്ന കളിക്കാരൻ, ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ തൻ്റെ സുഹൃത്തിനൊപ്പം ചേർന്ന് സൗത്ത് ആഫ്രിക്ക രക്ഷപ്പെടാൻ കാരണക്കാരായിത്തീർന്നിരിക്കുന്നു. അന്ന് പക്ഷെ ഫാഫിൻ്റെ ദിവസം തന്നെയായിരുന്നു. ഇത്രയും സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി അവരെ സുരക്ഷയിൽ എത്തിച്ചു.
2012ൽ അതുമാത്രം ആയിരുന്നില്ല. താൻ അഞ്ചുകൊല്ലമായിട്ട് ഡേറ്റ് ചെയ്യുന്ന ഡാനിയേല്ലിനെ അദ്ദേഹം താജ് മഹലിൽ വെച്ച് പ്രൊപ്പോസ് ചെയ്യുകയും അടുത്ത വർഷം വിവാഹിതർ ആവുകയും ചെയ്തു.
2013ൽ എ ബി ആദ്യമായി ക്യാപ്റ്റൻ ആയ ഐസിസി ടൂര്ണമെന്റിലും സൗത്ത് ആഫ്രിക്കയുടെ അവസ്ഥ വ്യത്യസ്തം ആയില്ല. അതിലും തോറ്റു. 2014ൽ ഗ്രെയിം സ്മിത്തിൻ്റെ അവസാന ടെസ്റ്റിൽ എ ബി വീണ്ടും ‘തനി’ ടെസ്റ്റ് കളിക്കാരനായി. ജയിക്കാൻ സാധ്യത ഉണ്ടായിരുന്ന കളി ആയിരുന്നെങ്കിലും ഓസ്‌ട്രേലിയയുടെ ചെറുത്തുനിൽപ്പ് വിജയലക്ഷ്യം 501 ആക്കി. അന്ന് ഗ്രെയിം സ്മിത്ത് മൂന്ന് റണ്ണിന് പുറത്തായി. പക്ഷെ എ ബി 228 പന്തുകൾ നേരിട്ട് റയാൻ ഹാരിസിൻ്റെ പന്തിൽ പുറത്താകുമ്പോൾ 43 റൺസ് നേടി.
എ ബി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചും സൗത്ത് ആഫ്രിക്കൻ ടീം ബൈലാറ്ററൽ വിജയങ്ങൾ നേടിക്കൊണ്ടുമിരുന്നു. 2014ൽ മറ്റൊരു ഐസിസി ടൂർണമെൻറ്റ്. അതിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 14 വർഷമായിരിക്കുന്നു ഐസിസി ടൂർണമെന്റ്റിൽ സൗത്ത് ആഫ്രിക്ക ഒരു നോക്ഔട്ട് വിജയം നേടിയിട്ട്.
2015ൽ വെസ്റ്റിൻഡീസ് പര്യടനം
ആ വർഷം നടക്കുന്ന വേൾഡ് കപ്പ് മത്സരത്തിന് മുന്നേ വ്യക്തമായ പ്ലാനിങ്ങോട് കൂടെ മുന്നേറിയ സൗത്ത് ആഫ്രിക്കൻ ടീം വെസ്റ്റിൻഡീസുമായി 5 ഏകദിനങ്ങളുള്ള പരമ്പരയിൽ മത്സരിച്ചു. ജോഹാന്നസ്‌ബർഗിലെ മത്സരത്തിൽ ഹാഷിം ആംലയും റൈലി റൂഷോയും മികച്ച തുടക്കമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നൽകിയത്. രണ്ടുപേരും സെഞ്ച്വറി നേടിയപ്പോൾ 39 ഓവറിൽ റൂഷോ പുറത്താകുമ്പോൾ സൗത്ത് ആഫ്രിക്ക 247 റൺസ് നേടിയിരുന്നു. ഡേവിഡ് മില്ലർ അടുത്ത് ബാറ്റ് ചെയ്യണമെന്നായിരുന്നു എ ബിയുടെ ആഗ്രഹം. എന്നാൽ കോച്ചിൻ്റെ നിർബന്ധത്തിനു വഴങ്ങി ആദ്യവിക്കറ്റ് വീഴ്ചയിൽ എ ബിക്ക്  ഇറങ്ങി. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം നേരം കണ്ടത് ക്രിക്കറ്റിൽ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളുടെ പടയോട്ടമാണ്. 39 ഓവറുകൾ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടിയ മറ്റ് രണ്ടുപേരുടെയും ഇന്നിങ്‌സുകൾ നിഷ്പ്രഭം ആക്കുന്നതായിരുന്നു പിന്നീടുള്ള 44 പന്തുകൾ. ‘വെറും’ 9 ഫോറുകളും 16 സിക്സുകളും ഉൾപ്പടെ എ ബി 149 റൺസ് നേടി. സൗത്ത് ആഫ്രിക്കയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോറും അവിടെ പിറന്നു. 25 ആം ഓവറിനുശേഷം ബാറ്റ് ചെയ്യാൻ വന്നിട്ട് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയവരുടെ റെക്കോർഡ് മറ്റാരുടെയും പേരിലല്ല. ഈ ഇന്നിങ്സിൻ്റെ ഇടയിൽ ക്രിസ് ഗെയ്ൽ എ ബിയുടെ അടുത്ത് വന്ന് പറഞ്ഞു, You are a legend!
എ ബി ഈ ആധുനിക കാലഘട്ടത്തിലെ ലെജൻഡ് തന്നെയാണ്. ലോകത്തെ ഏത് ഗ്രൗണ്ടിൽ ചെന്നാലും ലഭിക്കുന്ന സ്വീകാര്യത, എതിർ ടീമിലെ മികച്ച കളിക്കാരൻ തങ്ങളുടെ ടീമിനെതിരെ കളിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കരുതെന്നുള്ള ആഗ്രഹം എ ബിയുടെ കാര്യത്തിൽ പലർക്കുമില്ലായിരുന്നു. എ ബി ഞങ്ങളെ എന്റർടൈൻ ചെയ്തോട്ടെ, നമ്മുടെ ടീം അത് കഴിഞ്ഞിട്ട് ജയിച്ചാലും മതിയെന്നുള്ള ഒരു മനോഭാവം.
ആ വർഷം നടക്കുന്ന വേൾഡ് കപ്പിനെ പറ്റിയുള്ള പ്രതീക്ഷകൾ സൗത്ത് ആഫ്രിക്കൻ ക്യാമ്പിൽ ഈ മത്സരത്തിനുശേഷം ഉയർന്നെന്ന് തന്നെ വേണം കരുതാൻ. ആദ്യമത്സരം വലിയ തട്ടുകേടുകൾ ഇല്ലാതെ സിംബാബ്‌വെയെ തോൽപ്പിച്ചു. എന്നാൽ അടുത്ത മത്സരത്തിൽ ഇന്ത്യയോട് തോറ്റു. ആ പരാജയം ദയനീയമായിരുന്നു. 130 റൺസിന്‌. വേൾഡ് കപ്പ് നേടാൻ വന്ന ടീമിന് അത് വലിയ ക്ഷീണം തന്നെയായിരുന്നു. അടുത്ത മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ. ജനുവരിയിൽ ജൊഹാനസ്ബർഗിൽ നടന്നതിൻ്റെ തുടർച്ച കാണാൻ കഴിഞ്ഞു. ഫാഫും അംലയും നല്ല അടിത്തറ ഇട്ടു. അതിനുശേഷം രണ്ടുപേരും തുടരെ ഔട്ട് ആയപ്പോൾ റൈലി റൂഷോയും എ ബിയും ചേർന്ന് നടത്തിയ വെടിക്കെട്ട് രണ്ട് മാസത്തിനുള്ളിൽ ഒരേ ടീമിനെതിരെ രണ്ട് തവണ ഏകദിനത്തിൽ 400 അടിച്ചെടുക്കാൻ സഹായിച്ചു. വെറും 52 പന്തിലാണ് എ ബി സെഞ്ച്വറി തികച്ചത്. ഏകദിന ലോകകപ്പിലെ വേഗമേറിയ രണ്ടാം സെഞ്ച്വറി. അടുത്ത 12 പന്തിൽനിന്നും പിന്നെയും ഒരു അമ്പത് റൺ കൂടെ നേടിയ എ ബി ഏറ്റവും വേഗമേറിയ ഏകദിന 150 തന്റെ പേരിലാക്കി. റൂഷോ 39 പന്തിൽ നിന്ന് 61 നേടിയപ്പോൾ എ ബി 66 പന്തിൽ നിന്നും 166 റൺസ് നേടി. ആ മത്സരത്തിൽ ഇമ്രാൻ താഹിർ 5 വിക്കറ്റുകൾ നേടുകയും അനായാസമായി സൗത്ത് ആഫ്രിക്ക ജയിക്കുകയും ചെയ്തു. അടുത്ത മത്സരത്തിൽ അയർലണ്ടിനെതിരെയും സൗത്ത് ആഫ്രിക്ക 400 റൺസ് നേടി. അടുത്ത മത്സരത്തിൽ പക്ഷെ പാകിസ്താനെ 222 റൺസിന്‌ ഒതുക്കാൻ കഴിഞ്ഞെങ്കിലും 29 റൺസ് അകലെ വീണു. എ ബി 58 പന്തിൽ നിന്നും 77 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അടുത്ത മത്സരത്തിൽ യൂ എ ഇയെ വൻ മാർജിനിൽ സൗത്ത് ആഫ്രിക്ക തോൽപ്പിച്ചപ്പോൾ എ ബി 99 റൺസ് അടിക്കുകയും, രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ നിഷ്പ്രയാസം ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു നോക്ക്ഔട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് ജയം.
പ്രശ്നങ്ങൾ തുടങ്ങുന്നത് പിന്നെയാണ്. നിറത്തിനടിസ്ഥിതമായിട്ടുള്ള സംവരണം ഔദ്യോഗികമല്ലെങ്കിൽ പോലും ടീമിൽ ഉണ്ടായിരുന്നു.
നിറമുള്ള 4 കളിക്കാർ സെമിയിൽ കളിക്കണമെന്ന് തലേദിവസം മാനേജ്‌മന്റ് അറിയിച്ചു. തന്മൂലം എ ബി ആകെ ടെൻഷനിൽ ആയി. നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച കൈൽ അബ്ബോട്ട് സെമിയിൽ പുറത്തിരിക്കേണ്ടിവന്നു. പകരം വന്ന കളിക്കാരന് സെമിയിൽ തിളങ്ങാനും കഴിഞ്ഞില്ല. 43 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ എ ബി 45 പന്തിൽ 65 നേടിയെങ്കിലും ന്യൂസിലാൻഡ് 4 വിക്കറ്റ് ജയം നേടി. എ ബി ഒരു റൺ ഔട്ട് കളഞ്ഞുകുളിച്ചത് പിന്നീട് ചർച്ചയാവുകയും ചെയ്തു. തങ്ങളുടെ മികച്ച കളി പുറത്തെടുത്തിട്ടും കളി തോറ്റതിൽ നിറത്തിൻ്റെ  സംവരണം കാരണമായെന്ന് എ ബി കരുതി. അതിൽ നല്ല അമർഷം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. അതെ വർഷമാണ് എബ്രഹാം ബെഞ്ചമിൻ ജൂനിയർ ജനിക്കുന്നത്. ജൂലൈയിൽ.
ടെസ്റ്റിൽ  മറ്റു രണ്ട് റെയർ ഗാർഡുകൾക്കും ഒപ്പം പേരെടുത്ത് പറയാൻ പറ്റിയ ഒരെണ്ണം കൂടെ പിന്നീടുണ്ടായി. ഫിറോസ് ഷാ കോട്ലായിൽ 297 പന്തിൽ നിന്നും 43 റൺസ്. ഈ പ്രാവശ്യം ടീമിന് രക്ഷിക്കാൻ കഴിഞ്ഞില്ല പക്ഷെ.
2016 T20 ലോകകപ്പ് സ്ഥിതിയും വ്യത്യസ്തമായില്ല. തുടർന്നുള്ള വർഷങ്ങളിലും മികച്ച പ്രകടനങ്ങൾ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടിയും, ടൈറ്റൻസിനു വേണ്ടിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും കാഴ്ചവെച്ചു. 2017ൽ രണ്ടാമത്തെ മകൻ പിറന്നു.
2018 ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം
പരമ്പരയിലെ അവസാന ടെസ്റ്റ്. മോണേ മോർക്കൽ അറിയിച്ച പ്രകാരം അത് അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം ആയിരുന്നു. എല്ലാവരും അദ്ദേഹത്തെ വാഴ്ത്തിപ്പാടി. പക്ഷെ ആരുമറിഞ്ഞില്ല അതാകും സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ എ ബിയുടെ അവസാന അന്താരാഷ്ട്രമത്സരമെന്ന്. അവസാന പരമ്പരയിൽ നല്ല പ്രകടനം കാഴ്ചവെച്ചു ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു അദ്ദേഹം. പന്ത് ചുരണ്ടൽ കാരണം നിറം മങ്ങിയ സീരീസ് ഓസ്‌ട്രേലിയക്ക് എതിരെ 1970ന് ശേഷം സൗത്ത് ആഫ്രിക്ക സ്വന്തനാട്ടിൽ നേടിയ ആദ്യ പരമ്പര വിജയമായി മാറി. പരമ്പരയിൽ 71 റൺ ശരാശരിയിൽ 427 റൺസ് നേടി സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി രണ്ടാമത്തെ ടോപ് സ്കോറർ ആയിമാറി അദ്ദേഹം.
ഏകദിനത്തിൽ ഏറ്റവും വേഗം 10000 റൺസ് തികയ്ക്കുന്ന താരമാവാനുള്ള സുവർണ്ണാവസരവും എ ബി നഷ്ടമാക്കുകയാണ്. 228 ഏകദനങ്ങളിൽ നിന്നും 53.5 ശരാശരിയിൽ 101.1 സ്ട്രൈക്ക് നാട്ടിലും 9577 റൺസ് എ ബി നേടി. ഏകദിനത്തിൽ നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റും, അൻപതിന് മേലെ ശരാശരിയും ഇതിൽ ഏതേലും ഒന്നുണ്ടേൽ മികച്ച കളിക്കാരൻ എന്ന് വാഴ്ത്തിപ്പാടാൻ ആൾക്കാരുള്ള കാലഘട്ടത്തിലാണ് രണ്ടും ഒരുപോലെ മികച്ചരീതിയിൽ വർഷങ്ങളോളം കളിച്ച എ ബി നിലനിർത്തിയത്. ടെസ്റ്റിൽ 114 മത്സരങ്ങളിൽ നിന്നും 8765 റൺസും നേടിയിട്ടുണ്ട്. T20 ഫോർമാറ്റിൽ 151 സ്ട്രൈക്ക് റേറ്റും, 39.53 ശരാശരിയും.
പ്രിട്ടോറിയയിലെ ഹൈ പെർഫോമൻസ് സെൻ്ററിൽ വിരമിക്കൽ വീഡിയോ ചിത്രീകരിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എ ബി സംസാരിച്ചത്. എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുള്ള ഒരാൾക്ക് മാത്രം സാധ്യമായ കാര്യം. അതിൽ പറഞ്ഞ പ്രധാന കാര്യം, താൻ tired ആണെന്നാണ്. ശാരീരികമായ തളർച്ചയാണോ ബോർഡ് കാരണമുള്ള മാനസികമായ തളർച്ചയാണോ എന്നത് വ്യക്തമല്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിർത്താനുള്ള തീരുമാനം ലോകമാകമാനമുള്ള ആരാധകരെ വിഷമിപ്പിച്ചു. മികച്ച ഫോമിലുള്ളപ്പോൾ വിരമിച്ചത് എന്തിനാണെന്നും, ശാരീരിക തളർച്ചയാണെങ്കിൽ ഐപിഎൽ കളിക്കാതിരിക്കാമായിരുന്നില്ലേ എന്നും ചോദിക്കുന്നവർ ഉണ്ട്. എന്താണെങ്കിലും സൗത്ത് ആഫ്രിക്കയുടെ വെള്ള ഷർട്ടിലും, പച്ച-ഗോൾഡ് ഷർട്ടിലും  ഇനി എ ബിയെ കാണാൻ കഴിയില്ല. ടൈറ്റൻസിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്. അത് പ്രകാരം ഇനിയും ടൈറ്റൻസിന് വേണ്ടി പാഡണിയുമെന്നും എ ബി വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഐപിഎലിലേക്ക് മടങ്ങിവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എ ബി ഡിവില്ലിയേഴ്സ് തിരശീലയ്ക്ക് പിന്നിലേക്ക് നടക്കുകയാണ്. ഇന്ത്യയിൽ ഇന്ത്യയ്‌ക്കെതിരെ 98 എടുത്തുനിൽക്കുമ്പോൾ ഉയർന്ന ABD ABD ശബ്ദങ്ങൾ അദ്ദേഹത്തിൻ്റെ കാതുകളിൽ അലയടിക്കുന്നുണ്ടാവും എന്നത് നിശ്ചയം. എന്നാലും ഇത്രവേഗം പോയതെന്തേ എന്ന ചോദ്യത്തിന് ഉത്തരം വ്യക്തതയില്ലാതെ നിൽക്കുന്നു.
Advertisement