ആദ്യ ദിനം ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക

- Advertisement -

അഡ്‍ലെയിഡില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ (ഡേ നൈറ്റ്) ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. എന്നാല്‍ ഇന്നിംഗ്സ് 259 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലെസി ക്രിക്കറ്റ് നിരീക്ഷകരെ മുഴുവന്‍ ഞെട്ടിക്കുകയായിരുന്നു. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 118 റണ്‍സുമായി ഡ്യു പ്ലെസിയും 18 റണ്‍സുമായി തബ്രൈസ് ഷാംസിയും പുറത്താകാതെ നില്‍ക്കുകയായിരുന്നു. നേരത്തെ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ തീരുമാനത്തിനു കനത്ത തിരിച്ചടിയാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ നല്‍കിയത്. ജോഷ് ഹാസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ കടപുഴകുകയായിരുന്നു. 44/3 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍ സ്റ്റീഫന്‍ കുക്കും ഫാഫ് ഡ്യു പ്ലെസിയും മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശിയത്. കുക്കിനെ വിക്കറ്റിനു മുന്നില്‍ സ്റ്റാര്‍ക് കുടുക്കിയെങ്കിലും സ്റ്റാര്‍ക്ക് ഓവര്‍സ്റ്റെപ്പ് ചെയ്തത് കുക്കിനു രക്ഷയായി. 40 റണ്‍സെടുത്ത കുക്കിന്റെ വിക്കറ്റ് സ്റ്റാര്‍ക്ക് നേടിയപ്പോള്‍ 95/4 എന്ന നിലയിലായിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും (24) കൈല്‍ അബോട്ടും (17) മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ഇതിനിടെ തന്റെ ശതകം പൂര്‍ത്തിയാക്കിയ ഫാഫ് ഡ്യു പ്ലെസി ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 എന്ന നിലയിലാണ്. 3 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 8 റണ്‍സ് നേടിയ മാറ്റ് റെന്‍ഷായുമാണ് ക്രീസില്‍.

മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രൈസ് ഷാംസിയും ഓസ്ട്രേലിയയ്ക്ക് വേണ്ടി മാറ്റ് റെന്‍ഷാ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, നിക് മാഡിസണ്‍ എന്നിവര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

Advertisement