
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള ആലോചന തനിക്കുണ്ടായിരുന്നുവെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആഡം സംപ. ഇംഗ്ലണ്ട് സിംബാബ്വേ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്വെപ്സണ് എന്നിവരെപ്പോലുള്ള മികച്ച സ്പിന്നര്‍മാര്‍ രംഗത്തെത്തിയതാണ് സംപയുടെ സാധ്യതകളെ ഇല്ലാതാക്കിയത്. എന്നാല്‍ തിരിച്ചുവരവിനായി ശക്തമായി പരിശ്രമിക്കുക എന്നതാണ് ഇപ്പോളത്തെ തന്റെ ലക്ഷ്യമെന്ന് സംപ പറഞ്ഞു.
ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള അനുഭവസമ്പത്തും സമയവും തന്റെയൊപ്പമുണ്ടെന്നാണ് സംപ പറഞ്ഞത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് തനിക്ക് തിരിച്ചുവരാനാകുമെന്നാണ് താരത്തിന്റെ ആത്മവിശ്വാസം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നത് തന്റെ ഭാഗത്തെ തെറ്റായാണ് താരം പറയുന്നത്.
പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രമല്ല ടെസ്റ്റിലും തനിക്ക് തിരിച്ചുവരാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സംപ പറഞ്ഞു. ആവശ്യത്തോളം ക്രിക്കറ്റ് കളിക്കുക, വിക്കറ്റ് നേടുക, ടീമില്‍ തിരിച്ചെത്തുക എന്ന നയമാണ് താന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും സംപ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial