ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ച് എബി ഡി വില്ലിയേഴ്സ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 20 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. കൈയ്യില്‍ മൂന്ന് വിക്കറ്റാണ് ശേഷിക്കുന്നതെങ്കിലും എബി ഡി വില്ലിയേഴ്സും വെറോണ്‍ ഫിലാന്‍ഡറും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 36 റണ്‍സ് നേടി കഴിഞ്ഞു എന്നതാണ് ടീമിന്റെ പ്രതീക്ഷ. എബി 74 റണ്‍സ് നേടിയപ്പോള്‍ ഫിലാന്‍ഡര്‍ 14 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

തലേ ദിവസത്തെ സ്കോറായ 39/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗാര്‍(57), ഹാഷിം അംല(56) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. 155/2 എന്ന നിലയില്‍ ഇരുവരും തൊട്ടടുത്ത് ഓവറുകളില്‍ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലാവുകയായിരുന്നു. അംലയെ സ്റ്റാര്‍ക്കും എല്‍ഗാറിനെ ഹാസല്‍വുഡുമാണ് അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയത്.

മിച്ചല്‍ മാര്‍ഷും വിക്കറ്റുകളുമായി രംഗത്തെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക 183/6 എന്ന നിലയിലേക്ക് വീണു. ഫാഫ് ഡു പ്ലെസിയെയും ത്യൂണിസ് ഡി ബ്രൂയിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. വിവാദ നായകന്‍ ക്വിന്റണ്‍ ഡിക്കോക്കിനെ ലയണ്‍ മടക്കിയയച്ചു.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും മറുവശത്ത് വേഗത്തില്‍ തന്നെ സ്കോറിംഗ് നടത്തി എബി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. മികച്ചൊരു സഹായിയെയാണ് വെറോണ്‍ ഫിലാന്‍ഡറില്‍ എബി കണ്ടെത്തിയത്.

പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, ലയണ്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅലോകിനെ തകര്‍ത്ത് സഫിന്‍ തുടങ്ങി
Next articleഗോവയിൽ സമനിലയും എവേ ഗോളും സ്വന്തമാക്കി ചെന്നൈയിൻ