8 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലാണ്ടിനു ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ വിജയം. പാക്കിസ്ഥാന്‍ നല്‍കിയ 105 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(61) റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ജീത് റാവല്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കോളിന്‍ ഡി ഗ്രാന്‍ഡോമാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ട് ടെസ്റ്റിന്റെ പരമ്പര ന്യൂസിലാണ്ട് 1-0 നു മുന്നിലാണ്.

നേരത്തെ എട്ടാം വിക്കറ്റില്‍ അസാദ് ഷഫീക്കുമായി ചേര്‍ന്ന് സൊഹൈല്‍ ഖാന്‍ നേടിയ 50 റണ്‍സ് പാര്‍ട്ണര്‍ഷിന്റെ പിന്‍ബലത്തില്‍ മാന്യമായ സ്കോറിലേക്കെത്താമെന്ന പാക് പ്രതീക്ഷ ഫലിച്ചില്ല. തലേ ദിവസത്തെ സ്കോറിലേക്ക് വെറും 42 റണ്‍സ് മാത്രമാണ് പാക്കിസ്ഥാനു കൂട്ടി ചേര്‍ക്കാനായത്. സൊഹൈല്‍ ഖാന്‍ (40) ആണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ട്രെന്റ് ബൗള്‍ട്ട് ടിം സൗത്തി നീല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച പാക് വിക്കറ്റ് കോളിന്‍ ഗ്രാന്‍ഡോം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 171നു പുറത്താവുകയായിരുന്നു.

9 റണ്‍സ് നേടിയ ടോം ലാഥത്തിനെ ന്യൂസിലാണ്ടിനു വേഗം നഷ്ടമായെങ്കില്‍ രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ജീത് റാവലും ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ലഞ്ചിനു പിരിയുമ്പോള്‍ ന്യൂസിലാണ്ട് 58/1 എന്ന നിലയിലായിരുന്നു. വിജയം ഒരു റണ്‍ അകലെ എത്തിയപ്പോളാണ് സ്വന്തം സ്കോര്‍ 61ല്‍ നില്‍ക്കെ വില്യംസണ്‍ അസ്ഹര്‍ അലിയ്ക്ക് വിക്കറ്റ് നല്‍കിയത്.