Fanzone | മരതക ദ്വീപിലെ രത്നങ്ങള്‍

കരീബിയൻ മണ്ണിലെ ഏകദിന പരമ്പര വിജയത്തിനും ഏക T20 മൽസര തോൽവിക്കും ശേഷം അടുത്ത പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ വിമാനം മരതക ദ്വീപിലേക്ക് പറന്നു കഴിഞ്ഞു. മൊത്തം 3 ടെസ്റ്റും 5 ഏകദിനവും ഒരു T20 മൽസരവും ഉൾപ്പെടുന്ന പരമ്പരക്ക് അടുത്ത വാരം 26നാണ് തുടക്കമാവുക.

കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നീ രണ്ട് മഹാരഥന്മാർ ഏതാണ്ട് ഒരേ സമയം തന്നെ പടിയിറങ്ങിയതിൽ പിന്നെ ശിഥിലമായിക്കിടന്ന ശ്രീലങ്കന്‍ ടീം പുതുതലമുറ താരങ്ങളിലൂടെയുള്ള പരിവർത്തന കാലഘട്ടത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നിലവിൽ സ്വന്തം നാട്ടിൽ വച്ച് സിംബാവയോട് ഏകദിന പരമ്പര തോറ്റും ഏക ടെസ്റ്റ് കഷ്ട്ടിച്ച് ജയിച്ചും ഉള്ള അവസ്ഥയിൽ ആണവർ. നായക സ്ഥാനങ്ങളിലും അഴിച്ച് പണികൾ തുടർകഥയായി കൊണ്ടിരിക്കുന്നു.നിലവിൽ ഏയ്ഞ്ചലോ മാത്യൂസിന് പകരം ടെസ്റ്റിൽ ദിനേശ് ചണ്ഡിമലും ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ ഉപുൽ തരംഗയുമാണ് നായകർ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടി അത്ര എളുപ്പം എഴുതി തള്ളപ്പെടാൻ കണക്കിനുള്ളവരല്ല അവരുടെ പുതുതലമുറ താരങ്ങൾ, അത് ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഒരുവട്ടം മനസിലാക്കിയതുമാണ്. അത് കൊണ്ട് തന്നെ ഈ സിരീസിനെ വില കുറച്ച് കാണാൻ ഇന്ത്യ തയ്യാറാവില്ല. മൽസരങ്ങൾക്കുള്ള ടീം സ്ക്വാഡ് ശ്രീലങ്ക ഇത് വരെ പുറത്ത് വിട്ടിട്ടില്ലെങ്കിൽ  കൂടി, തീര്‍ച്ചയായും ടീമിൽ ഉൾപ്പെടാവുന്ന, ടീം ഇന്ത്യയെ സംബന്ധിച്ച് ഇത് വരെ അധികം നേരിട്ട് പരിചയമില്ലാത്ത എന്നാൽ ടീം ഇന്ത്യക്ക് ഭീഷണിയായേക്കാവുന്ന മൂന്ന് പ്രധാന പുതുതലമുറ താരങ്ങളെ പരിചയപ്പെടാം.

1) കുശൽ മെൻഡിസ് :
വലംകൈ ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ.

ലങ്കൻ ക്രിക്കറ്റിന്റെ ഭാവി എന്നാണ് ഈ 22 വയസ്സുക്കാരൻ വിലയിരുത്തപ്പെടുന്നത്. 2013ൽ സ്ക്കൂൾ ബോയ് ക്രിക്കറ്റർ ഓഫ് ദ് ഇയർ അവാർഡ് നേടിയ കുശാൽ ശ്രീലങ്കയുടെ U-19 വേൾഡ്കപ്പ് നായകൻ കൂടി ആയിരുന്നു . തുടർന്ന് തന്റെ 20ആം വയസ്സിലാണ് ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

2016ൽ ആസ്ട്രേലിയക്കെതിരെ നടന്ന പല്ലേക്കെല്ലെ ടെസ്റ്റിൽ തന്റെ സഹതാരങ്ങളിൽ ആരും തന്നെ 50 പോലും കടക്കാതിരുന്നപ്പോൾ കുശാൽ നേടിയ 176 റൺസിന്റെ ഇന്നിംഗ്സ് എക്കാലത്തേയും മികച്ച ശ്രീലങ്കൻ ഇന്നിംഗ്സുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതിന് ശേഷം ഏകദിന മൽസരങ്ങളിലും ഏതാനും മികച്ച പ്രകടനം കാഴ്ച്ചവച്ച കുശാൽ നിലവിൽ വേൾഡിലെ തന്നെ മോസ്റ്റ് പ്രോമിസിംഗ് യംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ്.

കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ 321 റൺസ് ചെയ്സ് ചെയ്ത് ഇന്ത്യയെ ഞെട്ടിച്ച കളിയിൽ കുശാൽ 93 പന്തിൽ നേടിയ 89 റൺസിന്റെ ഇന്നിംഗ്സും അധികമാരും മറന്ന് കാണാൻ ഇടയില്ല.

ടെസ്റ്റിൽ ഇത് വരെ 34 ഇന്നിംഗ്സുകളിൽ നിന്നായി 35.84 ആവറേജിൽ 2സെഞ്ചുറിയും 4അർധ സെഞ്ചുറിയുമടക്കം 1183 റൺസ് നേടിയിട്ടുണ്ട്, ബംഗ്ലാദേശിനെതിരെ നേടിയ 194 ആണ് ഉയർന്ന സ്കോർ.
ഏകദിനത്തിൽ 32 ഇന്നിംഗ്സുകളിൽ നിന്നായി 36.23 ആവറേജിൽ ഒരു സെഞ്ചുറിയും 11അർധസെഞ്ചുറിയുമടക്കം 1087 റൺസും, ബംഗ്ലാദേശിനെതിരെ തന്നെ നേടിയ 102 ആണ് ഉയർന്ന സ്കോർ.

2) നിരോശൻ ഡിക്വെല്ല :
24 വയസ്സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.

കുശാൽ മെൻഡിസിന് സമാനമായി സ്ക്കൂൾ ബോൾ ക്രിക്കറ്റർ ഓഫ് ദി ഇയർ നേട്ടത്തോടെ തന്നെയാണ് ഡിക്വല്ലയും ശ്രദ്ധിക്കപ്പെടുന്നത്, 2012ൽ ആയിരുന്നു ആ നേട്ടം. ഡിക്ക്വെല്ല എന്നത് ലങ്കൻ ദ്വീപിലെ മനോഹര കടൽതീരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്, അത്തരത്തിൽ തന്നെ മനോഹരങ്ങളായ സ്വീപ്,സ്കൂപ്പ്, റാംപ് തുടങ്ങിയ ഒരു പിടി ഷോട്ടുകളാൽ സമ്പന്നനായ ഈ ഇടംകയ്യൻ ഓപ്പണർ തന്റെ അഗ്രസ്സീവ് ശൈലി കൊണ്ട് ഇതിഹാസ താരം സനത് ജയസൂര്യയെ ഓർമ്മപ്പെടുത്തുന്ന ബാറ്റ്സ്മാൻ ആണ്.

കഴിഞ്ഞ സിംബാവേ സിരീസിൽ സഹഓപ്പണർ ഗുണതിലകയുമൊത്ത് തുടർച്ചയായി രണ്ട് മൽസരങ്ങളിലും 200മേലെ ഓപ്പണിംഗ് പാർട്നഷിപ്പ് നേടി റെക്കോർഡിട്ട ഡിക്വല്ല ഏകദിനത്തിൽ ഇത് വരെ 18 ഇന്നിംഗ്സുകളിൽ നിന്നായി 2സെഞ്ചുറിയും 4 അർധ സെഞ്ചുറിയുമടക്കം 42.61 ആവറേജിൽ 767 റൺസും, ടെസ്റ്റിൽ 13 ഇന്നിംഗ്സുകളിൽ നിന്നായി 3 അർധ സെഞ്ചുറിയടക്കം 27.69 ആവറേജിൽ 360 റൺസും നേടിയിട്ടുണ്ട്.

സിംബാവേക്കെതിരെ കഷ്ട്ടിച്ചു ജയിച്ച ഏക ടെസ്റ്റിൽ ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് ഡിക്വല്ലയും ഗുണരത്നയും ചേർന്ന് നേടിയ 121 റൺസിന്റെ 6ആം വിക്കറ്റ് കൂട്ടുകെട്ടാണ്.

3) അസേല ഗുണരത്നെ :
വലംകൈ ബാറ്റ്സ്മാൻ, വലംകൈ സ്ലോ മീഡിയം ബൗളർ.

ശ്രീലങ്കൻ ടീമിലേക്ക് വളരെ വൈകി വിളി എത്തുകയും എന്നാൽ വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് ഗുണരത്നേ. തന്റെ 30ആം വയസ്സിലെ അരങ്ങേറ്റ ടെസ്റ്റ് സിരീസിൽ തന്നെ സെഞ്ചുറിയും അർധസെഞ്ചുറിയും നേടി വരവറിയിച്ച ഗുണരത്നേ ഇന്ന് മൂന്ന് ഫോർമാറ്റിലും ടീമിന്റെ അഭിവാജ്യഘടകമാണ്.

ഈ വർഷമാദ്യം ശ്രീലങ്ക ആസ്ട്രേലിയെ അവരുടെ മണ്ണിൽ തറപറ്റിച്ച് T20 സിരീസ് നേടിയപ്പോൾ നിർണ്ണായ മൽസരത്തിൽ 46 പന്തിൽ നേടിയ 84 റൺസോട് കൂടിയാണ് ഗുണരത്‌നെ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു കളി പോലും കളിക്കാൻ സാധിച്ചിരുന്നില്ല.


ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ 2സിക്സും 2ഫോറും ഉൾപ്പെടെ 21പന്തിൽ 34റൺസ് നേടി പുറത്താകാതെ നിന്നു കൊണ്ട് ക്യാപ്റ്റൻ മാത്യൂസിനൊപ്പം ലങ്കയെ വിജതീരത്തെത്തിച്ച പ്രകടനത്തിലൂടെ ടീം ഇന്ത്യയും ഈ പട്ടാളക്കാരന്റെ പവർഫുൾ ഷോട്ടുകളുടെ കരുത്ത് അറിഞ്ഞു കഴിഞ്ഞതാണ്.
ഇക്കഴിഞ്ഞ സിംബാവേക്കെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 45 റൺസും 2 വിക്കറ്റും നേടിയ താരം രണ്ടാമിന്നിംഗ്സിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന് കൊണ്ട് പ്ലേയർ ഓഫ് ദ് മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു.

ടെസ്റ്റിൽ ഇത് വരെ 10 ഇന്നിംഗ്സ്കളിൽ നിന്നായി 56.87 ആവറേജിൽ 455 റൺസ് നേടിയിട്ടുണ്ട്, അതിൽ ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ഏകദിനത്തിൽ 17 ഇന്നിംഗ്സുകളിൽ നിന്നായി ഓരോ സെഞ്ചുറിയും അർധസെഞ്ചുറിയും അടക്കം 36.30 ആവറേജിൽ 472 റൺസും നേടിയിട്ടുണ്ട്. സ്ലോ മീഡിയം ബൗളർ കൂടിയായ ഗുണരത്നെ പലപ്പോഴും ടീമിന് ഒരു ബ്രേക്ക് ത്രൂ നൽകാൻ കെൽപ്പുള്ള ബൗളിംഗ് ഓപ്ഷൻ കൂടിയാണ്.

ഇവരെക്കൂടാതെ തന്നെ മറ്റൊരു ഓപ്പണിംഗ് ബാറ്റ്സ്മാൻ ധനുഷ്ക ഗുണതിലക, ശ്രീലങ്കൻ ചൈനാമാൻ സ്പിന്നർ ലക്ഷൻ സണ്ടക്കൻ എന്നീ യുവതാരങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവരുടെ കൂട്ടത്തിലാണ്. സീനിയർ താരങ്ങളിൽ ഏയ്ഞ്ചലോ മാത്യൂസ്,ഉപുൽ തരംഗ,ദിനേശ് ചണ്ഡിമൽ എന്നിവരൊക്കെ ഉണ്ടെങ്കിലും ആദ്യം നടക്കുന്ന ടെസ്റ്റ് മൽസരങ്ങളിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവുക നിലവിൽ ടെസ്റ്റ് ബൗളേർസ് റാങ്കിംഗിൽ അശ്വിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയ രംഗന ഹെറാത്ത് തന്നെയാവും.

എന്തൊക്കെയായാലും വരും നാളുകളിൽ സാക്ഷി ആകേണ്ടി വരുന്നത് ഏകപക്ഷീയമല്ലാത്ത മൽസര കാഴ്ചകൾക്ക് തന്നെയാവട്ടെ എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഞ്ചാം സ്ഥാനത്തിനായി അയര്‍ലണ്ടും ന്യൂസിലാണ്ടും, ദക്ഷിണാഫ്രിക്കയ്ക്ക് 9ാം സ്ഥാനം
Next articleകവരത്തി ലീഗ് ഫുട്ബോളിൽ ഇന്ന് യുഎഫ്സി-നദീം ഫൈനൽ