ലോർഡ്‌സിലെ ആ വിജയത്തിന് 15 വയസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ വിജയങ്ങളിൽ ഒന്നായ നാറ്റ്വെസ്റ്റ് ത്രിരാഷ്ട്ര പരമ്പര വിജയത്തിന് ഇന്ന് 15 വയസ്. 2002 ജൂലൈ 13നായിരുന്നു ലോർഡ്‌സിൽ വെച്ച് നടന്ന ഫൈനലിൽ ഗാംഗുലിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

അപ്രാപ്യമാണെന്ന് കരുതിയിരുന്ന 326 റൺസ് എന്ന ഒരു വിജയലക്ഷ്യം പിന്തുടരുക, ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും വിരേന്ദർ സേവാഗും ചേർന്ന് നൽകിയ മികച്ച ഒരു തുടക്കത്തിനു ശേഷം ചീട്ടു കൊട്ടാരം പോലെ തകർന്ന ബാറ്റിങ് നിര. 106 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ട് കെട്ടിന് ശേഷം 145 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തോൽവി ഉറപ്പിച്ചിടത്തു നിന്നും മുഹമ്മദ് കൈഫിന്റെയും യുവരാജ് സിംഗിന്റെയും 121 റൺസിന്റെ കൂട്ടുകെട്ട്. 121 റൺസിന്റെ കൂട്ടുകെട്ടിന് ശേഷം പോൾ കോളിങ്‌വൂഡിന്റെ പന്തിൽ, 69 റൺസെടുത്ത യുവരാജ് സിങ് മടങ്ങിയെങ്കിലും 87 റൺസുമായി പുറത്താവാതെ നിന്ന മുഹമ്മദ് കൈഫ് വാലറ്റത്തെ കൂട്ടുപിടിച്ചു ഇന്ത്യക്ക് 2 വിക്കറ്റിന്റെ വിജയമായിരുന്നു സമ്മാനിച്ചത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓപ്പണർ ട്രെസ്‌കോതിക്കിന്റെയും ക്യപാറ്റൺ നാസർ ഹുസൈന്റേയും സെഞ്ച്വറി മികവിൽ 50 ഓവറിൽ 325 റൺസായിരുന്നു ഇംഗ്ലണ്ട് അടിച്ചു കൂട്ടിയിരുന്നത്. ഇന്നിങ്സിന്റെ അവസാനം ആഞ്ഞടിച്ച ആൻഡ്രു ഫ്ലിന്റോഫും ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തേകിയിരുന്നു.

ഈ വിജയത്തിൽ, പിച്ചിലെ കളികളേക്കാൾ എല്ലാവരും ഓർക്കുക പിച്ചിന് പുറത്തെ വിജയാഘോഷം ആയിരിക്കും, ക്രിക്ക്റ്റ് ലോകം കണ്ട ഏറ്റവും തീവ്രമായ ഒരു വിജയാഘോഷം ആയിരുന്നു ലോർഡിസിന്റെ ബാൽക്കണിയിൽ അന്ന് അരങ്ങേറിയത്. 50ആം ഓവറിലെ മൂന്നാം പന്തിൽ മുഹമ്മദ് കൈഫും സഹീർ ഖാനും രണ്ടു റൺസ് ഓടി വിജയം പൂർത്തിയാക്കിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്റെ ജഴ്‌സി ഊരി വീശിയത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയിലും ആവേശമുണർത്തുന്ന ഓർമ്മയാണ്.

ആ വിജയാഘോഷം ഇവിടെ കാണാം:

 

വാങ്കെടെയിൽ ജഴ്‌സി ഊരി വീശിയ ഫ്ലിന്റോഫിനുള്ള മറുപടിയായിരുന്നു ഈ വിജയാഹ്ലാദ പ്രകടനമെങ്കിലും ഇന്ത്യക്കാർ അടിമകൾ ആയിരുന്നെന്ന ഇംഗ്ലണ്ടിന്റെ അഹന്തക്ക് മേലായിരുന്നു ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിൽ ഗാംഗുലിയും സംഘവും വിജയക്കൊടി പാറിച്ചത്. ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ ഊർജം ചെറുതായിരുന്നില്ല, ഒരു പിടി യുവതാരങ്ങൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഭാഗദേയം നിർണയിച്ച സൂപ്പർ താരങ്ങളിളായി മാറിയത് ചരിത്രം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിനെ മറികടന്ന് ജപ്പാന്‍, അര്‍ജന്റീനയോട് പരാജയം വാങ്ങി ദക്ഷിണാഫ്രിക്ക
Next articleറിനോയും റാഫിയും ഡ്രാഫ്റ്റിന് സൈൻ ചെയ്തു