ഈ സീസണോടു കൂടി ബ്രാഡ് ഹോഡ്ജ് ക്രിക്കറ്റ് കളി നിര്‍ത്തുന്നു

- Advertisement -

ബിഗ് ബാഷില്‍ അപ്പെന്‍ഡിസൈറ്റിസ് കാരണം പകുതി മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന മുന്‍ ഓസ്ട്രേലിയന്‍ ദേശീയ താരം ബ്രാഡ് ഹോഡ്ജ് ഈ സീസണോടു കൂടി തന്റെ ക്രിക്കറ്റ് കളിക്കാരന്‍ എന്ന കരിയറിനു വിരാമമിടുമെന്ന് അറിയിച്ചു. മെല്‍ബേണ്‍ ക്ലബ്ബായ ഈസ്റ്റ് സാന്‍ഡ്രിംഗമിനു വേണ്ടി ഫൈനല്‍ മത്സരം കളിച്ച് തന്റെ കരിയറിനു അവസാനം കുറിക്കുമെന്നാണ് താരം അറിയിച്ചത്.

1993-94 സീസണില്‍ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരം ഓസ്ട്രേലിയയ്ക്കായി 6 ടെസ്റ്റുകളും, 25 ഏകദിനങ്ങളും 15 ടി20യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 203 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് താരത്തിന്റെ മികച്ച പ്രകടനം. ഐപിഎലിലും മറ്റു ടി20 ലീഗുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഈ 43 വയസ്സുകാരന്‍ താരം. രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി തസ്കേര്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് പുറമേ ഗയാന ആമസോണ്‍ വാരിയേഴ്സ്, സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, പേഷ്വാര്‍ സല്‍മി, അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് എന്നിങ്ങനെ വിവിധ ലീഗുകളിലും താരം പ്രതിനിധാനം ചെയ്തിട്ടുണ്ട്.

ഗുജറാത്ത് ലയണ്‍സിന്റെ കോച്ചിംഗ് ദൗത്യം ഏറ്റെടുത്ത താരം പുതിയ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചായും പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement