വനിത സിംഗിള്‍സില്‍ സൈന ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാല് ഫൈനലില്‍. സ്കോട്ലാന്ഡിന്റെ കിര്‍സ്റ്റി ഗില്മൗറിനെതിരെയാണ് സൈനയുടെ തകര്‍പ്പന്‍ സെമി ഫൈനല്‍ വിജയം. മൂന്ന് ഗെയിം പോരാട്ടതിലാണ് സൈനയുടെ വിജയം. സ്കോര്‍: 21-14, 18-21, 21-17
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സൈന രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ 11-5നു മുന്നിലായിരുന്നു എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തി ഗില്‍മൗര്‍ ഗെയിം 21-18നു സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ ആദ്യ രണ്ട് ഗെയിമിലും കണ്ടത് പോലെ സൈന മികച്ച തുടക്കം മൂന്നാം ഗെയിമിലും തുടര്‍ന്നു. ഇടവേളയില്‍ 11-7നു ലീഡ് ചെയ്ത സൈന 18-11നു മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടി.
എന്നാല്‍ രണ്ടാം ഗെയിമിന്റെ അവസാനം സ്കോട്ലാന്ഡ് താരം പുറത്തെടുത്ത പോരാട്ട വീര്യം മൂന്നാം ഗെയിമിന്റെ അവസാന ഭാഗത്തിലും പുറത്തെടുത്തപ്പോള്‍ ലീഡ് കുറച്ച് 18-15ലേക്ക് എത്തിക്കുവാന്‍ ഗില്മൗറിനു സാധിച്ചു. 20-15ല്‍ അഞ്ച് മാച്ച് പോയിന്റുകള്‍ സൈന സ്വന്തമാക്കിയപ്പോള്‍ രണ്ട് മാച്ച് പോയിന്റുകള്‍ രക്ഷിക്കാന്‍ സ്കോട്ലാന്ഡ് താരത്തിനായി. എന്നാല്‍ മത്സരം 21-17നു സൈന സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial