വനിതകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പുരുഷന്മാര്‍ക്കും സെമിയില്‍ തോല്‍വി

- Advertisement -

പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇതോടെ കോമണ്‍വെല്‍ത്ത് ഹോക്കി ഗെയിംസ് സ്വര്‍ണ്ണമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. 2-3 എന്ന സ്കോറിനാണ് ന്യൂസിലാണ്ടിനോട് ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-1 നു ന്യൂസിലാണ്ടിനായിരുന്നു ലീഡ്. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി അടിച്ച് ന്യൂസിലാണ്ട് മൂന്നാം ഗോള്‍ നേടി. മത്സരം അവസാനിക്കുവാന്‍ മൂന്ന് മിനുട്ടുള്ളപ്പോളാണ് ഇന്ത്യ ലീഡ് ഒരു ഗോളാക്കി കുറച്ചത്.

മത്സരത്തിന്റെ 7ാം മിനുട്ടില്‍ ഹ്യൂഗോ ഇന്‍ഗ്ലിസ് ആണ് ന്യൂസിലാണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ സ്റ്റീഫന്‍ ജെന്നൈസ് ന്യൂസിലാണ്ടിനു രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ 40ാം മിനുട്ടില്‍ മാര്‍ക്കസ് ചൈല്‍ഡ് ആണ് ന്യൂസിലാണ്ടിന്റെ മൂന്നാം ഗോള്‍ നേടിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോളുകള്‍ മടക്കുവാനുള്ള ഇന്ത്യയുടെ തീവ്രമായ ശ്രമത്തിന്റെ ഭാഗമായി ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെയും തന്റെയും രണ്ടാം ഗോള്‍ നേടി.

ഫൈനലില്‍ ഓസ്ട്രേലിയയാണ് ന്യൂസിലാണ്ടിന്റെ എതിരാളി. ഇംഗ്ലണ്ടിനെ 2-1നാണ് ആതിഥേയര്‍ തകര്‍ത്തത്. ഇന്ത്യയും ഇംഗ്ലണ്ടും വെങ്കല മെഡല്‍ മത്സരത്തില്‍ ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement