സ്വർണം നഷ്ടമായത് 0.05 സെക്കന്റിന്റെ വ്യത്യാസത്തിൽ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്ര വെള്ളിയും ആയി അവിനാഷ് സേബിൾ

അത്ലറ്റിക്സിൽ ഇന്ത്യയുടെ നാലാം മെഡൽ.

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ. 27 കാരനായ താരം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച താരം ഒമ്പതാം തവണ തന്റെ തന്നെ ദേശീയ റെക്കോർഡും തകർത്തു. 8 മിനിറ്റ് 11.20 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ താരത്തിന് 0.05 സെക്കന്റിന്റെ വ്യത്യാസത്തിൽ ആണ് സ്വർണം നഷ്ടമായത്.

Screenshot 20220806 181105 01

8 മിനിറ്റ് 11.15 സെക്കന്റിൽ ഓടിയെത്തിയ കെനിയയുടെ അബ്രഹാം കിബിവോറ്റ് ആണ് സ്വർണം നേടിയത്. കരിയറിലെ എക്കാലത്തെയും മികച്ച സമയം കുറിച്ച താരം ഇന്ത്യക്ക് അത്ലറ്റിക്സിൽ നാലാം മെഡലും മൊത്തം 28 മത്തെ മെഡലും ആണ് സമ്മാനിച്ചത്. 1998 മുതൽ നടന്ന 10 കോമൺവെൽത്ത് ഗെയിംസിലും ഈ ഇനത്തിൽ 3 മെഡലുകളും കൈവശം വച്ചത് കെനിയൻ താരങ്ങൾ മാത്രം ആയിരുന്നു. ഇത്തവണ ഇന്ത്യൻ താരം വെള്ളി നേടുമ്പോൾ സ്വർണവും വെങ്കലവും കെനിയൻ താരങ്ങൾക്ക് തന്നെയാണ്. ഈ കെനിയൻ ആധിപത്യം തകർത്തു എന്നത് കൊണ്ട് തന്നെ അവിനാഷിന്റെ നേട്ടത്തിന് മാറ്റ് കൂടുതൽ ആണ്.