മുമ്പ് മിസ് ലീഡ്സ് ഇന്ന് കോമൺവെൽത്ത് ചാമ്പ്യൻ! മോഡലിങിലും ദാരോദ്വഹനത്തിലും തിളങ്ങി സാറ ഡേവിസ്

ദാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി മുൻ മിസ് ലീഡ്‌സും മിസ് ഇന്റർകോണ്ടിനെന്റൽ ഇംഗ്ലണ്ടും ആയ സാറ ഡേവിസ്.

കോമൺവെൽത്ത് ഗെയിംസിൽ ദാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് കുറിക്കുന്നത് പുതുചരിത്രം ആണ്. ഒരിക്കൽ മോഡൽ ആയി തിളങ്ങിയ താരം ഇപ്പോൾ കായിക താരമായും പുതിയ ഉയരങ്ങൾ ആണ് കീഴടക്കുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ താരം ഇത്തവണ സ്വർണം ഉറപ്പിച്ചു. സ്നാച്ചിൽ 103 കിലോഗ്രാം ഉയർത്തിയ സാറ 126 കിലോഗ്രാം ക്ലീൻ ആന്റ് ജെർക്കിൽ ഉയർത്തി മൊത്തം 229 കിലോഗ്രാം ആണ് ഉയർത്തിയത്.

20220802 173339

മുമ്പ് മിസ് ലീഡ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട സാറ മിസ് ഇന്റർകോണ്ടിനെന്റൽ ഇംഗ്ലണ്ട് കിരീടവും നേടിയിരുന്നു. രണ്ടു വിഭിന്ന ധ്രുവങ്ങളിലുള്ള മേഖലകളിൽ തന്റെ പൂർണ മികവ് തെളിയിക്കുന്ന സാറ കരിയറിൽ പുതുവഴികൾ തന്നെയാണ് തുറക്കുന്നത്. 6 ബ്രിട്ടീഷ് റെക്കോർഡുകൾക്ക് ഉടമ കൂടിയാണ് സാറ. ലോക ദാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബ്രിട്ടീഷ് താരവും സാറ ആയിരുന്നു. മുമ്പ് സഹതാരത്തിനു എതിരെ നടത്തിയ വിവാദമായ വംശീയ പരാമർശങ്ങൾ കാരണം മൂന്നു മാസത്തെ വിലക്കിന് ശേഷമാണ് താരം കളത്തിലേക്ക് തിരിച്ചു വന്നത്. ഈ ഇനത്തിൽ വെങ്കലം നേടിയത് ഇന്ത്യയുടെ ഹർജീന്ദർ കൗർ ആയിരുന്നു.