കെ ടി ബി സിയും യു ബി സിയും നേർക്കു നേർ, ഹീറ്റ്സിൽ തന്നെ ആവേശം

- Advertisement -

ജലോത്സവത്തിലെ ഏറ്റവും ആരാധകരുള്ള രണ്ട് ടീമുകൾ. യു ബി സി കൈനകരിയും കുമരകം ടൗൺ ബോട്ട് ക്ലബ് എന്ന കെ ടി ബി സിയും. ഫുട്ബോൾ ലോകത്ത് ഡർബികൾ എന്നു വിശേഷിപ്പിക്കുന്നതു പോലെ വള്ളംകളിയിലെ ഡർബിയാണ് കെ ടി ബി സിയും യു ബി സിയും തമ്മിലുള്ള പോരാട്ടങ്ങൾ.

1999ൽ കെ ടി ബി സി നിലവിൽ വന്നതുമുതൽ ഇങ്ങോട്ടുള്ള 17 വർഷങ്ങളിൽ ഈ പോരാട്ടങ്ങളുടെ വീര്യം കൂടികൂടി വന്നു. ഇപ്പോൾ വീണ്ടും ഒരേ ഹീറ്റ്സിൽ പുന്നമട കായലിൽ വീണ്ടും ഇറങ്ങുകയാണ് ഇവർ. ഹീറ്റ്സ് നാലിൽ ട്രാക്ക് ഒന്നിൽ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ എന്ന കാട്ടിയുമായി യു.ബി.സിയും അതേ ഹീറ്റ്സിൽ ട്രാക്ക് നാലിൽ ജലചക്രവർത്തി കാരിച്ചാലുമായി കെ ടി ബി സിയും.

2015ലാണ് ഇരു ക്ലബുകളും ഇതിനു മുമ്പ് ഹീറ്റ്സിൽ കണ്ടു മുട്ടിയത്. അന്ന് യു ബി സി വിജയിക്കുക ആയിരുന്നു. ഈ 17 വർഷത്തിൽ നാലു തവണ UBCയും KTBCയും ഹീറ്റ്സിൽ നേർക്കുനേർ വന്നപ്പോൾ 2007ൽ ഒരു തവണ മാത്രമേ ജയം കെ ടി ബി സിയോടൊപ്പം നിന്നുള്ളൂ. ബാക്കി മൂന്നു തവണയും ജയം UBCക്കായിരുന്നു.

ഹീറ്റ്സിൽ ചരിത്രം യു ബി സിക്ക് അനുകൂലമാണെങ്കിൽ ഫൈനലിൽ കരുത്ത് തെളിയിച്ചിട്ടുള്ളത് കെ ടി ബി സി ആണ്. ഫൈനലിൽ ഒരുമിച്ച് ഇറങ്ങിയപ്പോൾ ഒരിക്കൽ പോലും KTBCയെ മറികടക്കാൻ UBCക്കായില്ല. 2010ൽ KTBC കപ്പ് നേടുമ്പോഴും 2013ൽ KTBC രണ്ടാം സ്ഥാനത്തായപ്പോഴും തൊട്ടു പിറകിലായിരുന്നു യു ബി സിയുടെ സ്ഥാനം.

പക്ഷെ ഈ വർഷം ചരിത്രമായിരിക്കില്ല രക്ഷകനാവുക. ആഗസ്റ്റ് 12ന്റെ പ്രകടനം മാത്രമായിരിക്കും. ഹീറ്റ്സിലും ഫൈനലിലും ഇരുക്ലബുകളേയും കണ്ടാലും ആരും അത്ഭുതപ്പെടേണ്ടതില്ല. വെള്ളികപ്പുയർത്താനുള്ള കരുത്തു കൈകളിൽ സംഭരിച്ചാണ് ഇരുക്ലബുകളും എത്തുന്നത്.

 

Info Credit: Nayamb FB Group

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement