രണ്ടാം റൗണ്ടിൽ അനായാസം കടന്നു സെറീന,പരിക്കേറ്റു പിന്മാറി ഷറപ്പോവ

ഫ്രഞ്ച്‌ ഓപ്പണു ശേഷമുള്ള തിരിച്ച് വരവിൽ അനായാസജയത്തോടെ സെറീന വില്യംസ്‌. വിംബിൾഡനിന്റെ ആദ്യ റൗണ്ടിൽ സെന്റർ കോർട്ടിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീന വില്യംസ് ജയം കണ്ടത്. 11 സീഡായ സെറീനക്കെതിരെ വലിയ വെല്ലുവിളി ആകാൻ ഗെറ്റോ മോണ്ടികൊനെക്കു ആയില്ല. സ്‌കോർ -6-2,7-5. 6 സീഡും മുമ്പ് രണ്ടു തവണ വിംബിൾഡൺ ജേതാവുമായ 6 സീഡ് പെട്ര ക്വിവിറ്റോവായും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് 6-4,6-2 എന്ന സ്കോറിനാണ് ക്വിവിറ്റോവ ജയം കണ്ടത്.

എന്നാൽ ആദ്യ റൗണ്ട് മത്സരത്തിനിടെ മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവ് മരിയ ഷറപ്പോവ പരിക്കേറ്റു പിന്മാറി. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷം രണ്ടാം സെറ്റ് കൈവിട്ട ഷറപ്പോവ മൂന്നാം സെറ്റിൽ 5-0 തത്തിനു പിന്നിൽ നിൽക്കെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. അതേസമയം മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 26 സീഡുമായ സ്പാനിഷ് താരം ഗബ്രിയേൽ മുഗുരേസയും വിംബിൾഡനിൽ നിന്ന് പുറത്തായി.ഹദ്ദാദ് മയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരേസ തോറ്റത്. അതിനിടെ ബോഗ്ഡനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച് ആതിഥേയ താരം കോന്റ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഒന്നാം നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ 7-5,6-2 നാണു കോന്റയുടെ ജയം.

സുഗിറ്റയെ തകർത്ത് നദാൽ,രണ്ടാം റൗണ്ടിൽ എതിരാളി നിക്ക് ക്യൂരിയോസ്‌

ഫ്രഞ്ച് ഓപ്പണിൽ നിന്നുളള മാറ്റം ആദ്യം അല്പമൊന്നു വലച്ച പോലെയാണ് നദാൽ ജപ്പാൻ താരം സുഗിറ്റക്കെതിരെ മത്സരം തുടങ്ങിയത്. നദാലിന്റെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത സുഗിറ്റ നദാലിന്റെ രണ്ടാം സർവ്വീസിലും 3 ബ്രൈക്ക് പോയിന്റ് നേടിയപ്പോൾ ആരാധകർ അല്പമൊന്നു പതച്ചു. എന്നാൽ ഓരോ ബ്രൈക്ക് പോയിന്റും മറികടന്ന നദാൽ സുഗിറ്റയുടെ അടുത്ത സർവ്വീസ് ബ്രൈക്ക് ചെയ്തു മറുപടി തുടങ്ങി. പിന്നീട്‌ സുഗിറ്റക്ക് വലിയ അവസരങ്ങൾ ഒന്നും നൽകാതിരുന്ന നദാൽ വീണ്ടുമൊരു ബ്രൈക്ക് കൂടി നേടി 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഒന്നാം നമ്പർ കോർട്ടിൽ ആദ്യ സർവ്വീസ് മുതലെ ആക്രമിച്ച് കളിച്ച നദാൽ സുഗിറ്റക്കു ഒരവസരവും നൽകാതെ 6-1 നു രണ്ടാം സെറ്റ് സ്വന്തമാക്കി.

മികച്ച പോരാട്ട വീര്യമാണ് മത്സരത്തിൽ സുഗിറ്റ പുറത്തെടുത്തത് എന്നാൽ 2 മണിക്കൂർ നീണ്ട മത്സരത്തിൽ നദാലിനെതിരെ അത് മതിയായിരുന്നില്ല. മൂന്നാം സെറ്റിലെ സുഗിറ്റയുടെ നാലാം സർവ്വീസ് ബ്രൈക്ക് ചെയ്ത നദാൽ 6-3 നു സെറ്റും മത്സരവും സ്വന്തമാക്കി. മുമ്പ് വിംബിൾഡനിൽ നദാലെ തോൽപ്പിച്ച ഓസ്‌ട്രേലിയൻ താരം നിക്ക് ക്യൂരിയോസ് ആവും റാഫയുടെ രണ്ടാം റൗണ്ട് എതിരാളി. നദാലിന് എല്ലാ അർത്ഥത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ക്യൂരിയോസിനാവും എന്നാൽ റാഫയുടെ പോരാട്ട വീര്യത്തെ മറികടക്കാൻ അതിനാവുമോ എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.

അതേസമയം ഫ്രഞ്ച്‌ ഓപ്പൺ ഫൈനലിലെ നദാലിന്റെ എതിരാളിയും വിംബിൾഡൺ 5 സീഡുമായ ഡൊമിനിക് തീം വിംബിൾഡനിൽ നിന്നും പുറത്തായി. അമേരിക്കൻ താരം സാം ക്യൂറേയാണ്‌ തീമിനെ പുറത്തതാക്കിയത്. വലിയ സർവീസുകൾക്കു പേരുകേട്ട അമേരിക്കൻ താരം 4 സെറ്റ് നീണ്ട പോരാട്ടത്തിൽ 6-7,7-6,6-3,6-0 എന്ന സ്കോറിനാണ് തീമിനെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ജപ്പാന്റെ 8 സീഡ് താരം നിഷികോരി മണ്ടറോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് രണ്ടാം റൗണ്ടിൽ എത്തി. സ്‌കോർ – 6-4,7-6,6-4.

ഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ

ഹാരിസിന് മുമ്പിൽ ആദ്യമൊന്ന് പകച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെ തോൽപ്പിച്ച് റോജർ ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഫെഡററിന്റെ ജയം. സെന്റർ കോർട്ടിൽ കളിക്കുന്നതിന്റേതോ ഫെഡററിന്റെ വലിപ്പമോ വകവെക്കാതെ കൂസലില്ലാതെയായിരുന്നു 87 റാങ്കുകാരൻ ഹാരിസ് കളി തുടങ്ങിയത്. ചെറിയ സമ്മർദ്ദം മുഖത്ത് പ്രകടമാക്കിയ ഫെഡറർ ആദ്യ സെറ്റിൽ ഒന്നിന് പിറകെ ഒന്നായി പിഴവുകൾ വരുത്തിയപ്പോൾ മികച്ച സർവ്വീസുകളുമായി ഹാരിസ് കളം നിറഞ്ഞു. ഫെഡററിന്റെ മൂന്നാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഹാരിസ് 28 മിനിറ്റ് നീണ്ടു നിന്ന ആദ്യ സെറ്റ് പിടിച്ചു. ഹാരിസിന്റെ പ്രതിഭ ലോകവും ഫെഡററും കണ്ടു.

എന്നാൽ രണ്ടാം സെറ്റിൽ ഈ 37 വയസ്സിലും താൻ എന്തിനാണ് രണ്ടാം സീഡ് ആയിരിക്കുന്നത് എന്നു ലോകത്തിനും ഹാരിസിനും ഫെഡറർ കാണിച്ചു കൊടുക്കുകയായിരുന്നു. ഹാരിസിന്റെ രണ്ടും മൂന്നും സർവ്വീസുകൾ ബ്രൈക്ക് ചെയ്ത ഫെഡറർ രണ്ടാം സെറ്റിൽ പൂർണ്ണ ആധിപത്യം പ്രകടമാക്കി. രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ച് വന്ന ഫെഡറർ ഒന്നാം സെറ്റിന് രണ്ടാം സെറ്റ് 6-1 നു നേടി മറുപടി കൊടുത്തു. ആദ്യ സെറ്റിൽ നിന്ന് വ്യത്യസ്തമായി നന്നായി സർവ്വീസ് ചെയ്ത ഫെഡറർ 22 നീണ്ട രണ്ടാം സെറ്റിൽ ഹാരിസിനു ഒരവസരവും നൽകിയില്ല.

തന്റെ മികച്ച പ്രകടനം മൂന്നാം സെറ്റിലേക്കും ഫെഡറർ പകർന്നാടിയപ്പോൾ രണ്ടാം സെറ്റിൽ എന്ന പോലെ ഹാരിസിന്റെ രണ്ടാം സർവ്വീസ് ഫെഡറർ ബ്രൈക്ക് ചെയ്തു. ഹാരിസിനെ നിഷ്പ്രഭമാക്കുന്ന സർവ്വീസുകൾ ചെയ്‌ത ഫെഡറർ മികച്ച വിന്നറുകളും മനോഹര ഷോട്ടുകളുമായി കളം പിടിച്ചു. ഫെഡററിലെ പ്രതിഭ ഉയർന്നപ്പോൾ ഹാരിസിന്റെ യുവത്വം അതിനു മുന്നിൽ അക്ഷരാർത്ഥത്തിൽ പകച്ചു നിന്നു. 29 മിനിറ്റ് നീണ്ട മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ഹാരിസിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ 6-2 നു സെറ്റ് കയ്യിലാക്കി.

നാലാം സെറ്റിന് മുമ്പ് മെഡിക്കൽ ടൈംഔട്ട്‌ എടുത്ത ഹാരിസ് പിന്നീട് ഇടത് കാലിലെ വേദന വകവെക്കാതെയാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ ഈ ഇടവേള ഫെഡററിന്റെ താളത്തെ വലുതായൊന്നും ബാധിച്ചില്ല. നാലാം സെറ്റിലും ഹാരീസിന്റെ രണ്ടാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ഒരു ഏസിലൂടെ 6-2 നു നാലാം സെറ്റും മത്സരവും കയ്യിലാക്കി. തുടക്കത്തിലെ ഞെട്ടൽ ഒഴിച്ച് നിർത്തിയാൽ വളരെ നല്ലൊരു പ്രകടനം തന്നെയാണ് ഫെഡററിൽ നിന്നുണ്ടായത്. എന്നാൽ ഈ പ്രകടനം മാത്രം മതിയോ മുന്നോട്ടുള്ള ഫെഡററിന്റെ പ്രയാണത്തിന് എന്നുള്ള ഉത്തരം ഉടനെ നമുക്ക്‌ ലഭിക്കും.

വിംബിൾഡൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് കെർബറും ബാർട്ടിയും

വിംബിൾഡൺ ഒന്നാം റൗണ്ടിൽ അനായാസജയവുമായി നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബർ. തന്റെ നാട്ടുകാരിയും 9 താമത്തെ വിംബിൾഡൺ കളിക്കുന്ന ലോക 65 റാങ്കുകാരി മരിയക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെർബറിന്റെ ജയം. നിരവധി നല്ല മുഹൂർത്തങ്ങൾ പിറന്ന മത്സരത്തിൽ സെന്റർ കോർട്ടിൽ ആദ്യ സെറ്റിൽ മരിയ രണ്ട് സർവ്വീസുകൾ ബ്രൈക്ക് ചെയ്തപ്പോൾ 3 സർവ്വീസ് ബ്രൈക്ക് ചെയ്ത് മറുപടി കൊടുത്ത കെർബർ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുതാരങ്ങളും സർവ്വീസ് നിലനിർത്താൻ പ്രയാസപ്പെട്ടപ്പോൾ മരിയയുടെ ചെറിയ ചെർത്ത്നിൽപ്പ് പക്ഷേ കെർബർ അധികം ബുദ്ധിമുട്ടാതെ മറികടന്നു. 6-3 നു സെറ്റും മത്സരവും കേരബറിന് സ്വന്തം. കടുത്ത എതിരാളികൾ ആണ് രണ്ടാം റൌണ്ട് മുതൽ കെർബറെ കാത്തിരിക്കുന്നത്.

നന്നായി വിയർക്കാതെ തന്നെയായിരുന്നു ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ഓസ്‌ട്രേലിയൻ താരം ബാർട്ടിയുടെ ജയം. ചൈനീസ് താരം സെങ്ങിനെതിരെ 6-4 നു ആദ്യ സെറ്റ് നേടിയ ബാർട്ടി രണ്ടാം സെറ്റിൽ ചൈനീസ് താരത്തിന്റെ ആദ്യസെറ്റ് തന്നെ ബ്രൈക്ക് ചെയ്തു. പിന്നീട്‌ ചൈനീസ് താരതത്തിനു ഒരവസരവും നൽകാതെ പൂർണ്ണ ആധിപത്യത്തോടെ കളിച്ച ബാർട്ടി 6-2 നു സെറ്റും മത്സരവും സ്വന്തമാക്കി. ഒന്നാം നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ താൻ എന്ത് കൊണ്ട് ലോക ഒന്നാം നമ്പർ താരമായെന്നു പറയാതെ പറയുകയായിരുന്നു ബാർട്ടി.

ആന്ദ്രസ് എസ്കോബാർ – ഫുട്‌ബോളിന്റെ രക്തസാക്ഷി!

ഇന്ന് മറ്റൊരു ജൂലൈ 2, ഇന്നാണ് ആ ദുരന്തദിനം. ആന്ദ്രസ് എസ്‌കോബാർ കൊല്ലപ്പെട്ട ദിനം. ‘മാജിക്കൽ റിയലിസം’ ലോകത്തിന്, ലോകസാഹിത്യത്തിനു സമ്മാനിച്ച രാജ്യമായിരുന്നു എസ്കോബാറിന്റെ കൊളംബിയ. തന്റെ നോവലുകൾ കൊണ്ട് താൻ സൃഷ്ടിച്ച മാക്കാൻഡ അടക്കമുള്ള സാങ്കൽപ്പിക നഗരവും അവിടുത്തെ മനുഷ്യരെയും കൊണ്ട് ലോകത്തിന് മുന്നിൽ മാന്ത്രിക, സ്വപ്ന ലോകം തുറന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ നാട്. ഇവിടെയാണ്‌ മാജിക്കൽ റിയലിസം കൊളംബിയയിൽ പിറന്നതിൽ ഒരതിശയവും ഇല്ല എന്തെന്നാൽ സാഹിത്യതത്തേ സിനിമയെ വെല്ലുന്ന കഥകളാണ് കൊളംബിയയിൽ ഓരോ ദിനവും നടക്കുന്നത് എന്ന് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് നെറ്റ്ഫ്ലിക്സിന്റെ ഈയിടെ ഏറെ ശ്രദ്ധിക്കപെട്ട കൊളംബിയൻ മയക്ക് മരുന്ന് മാഫിയെ കുറിച്ചും അതിലെ കിരീടം വെക്കാത്ത രാജാവുമായിരുന്ന പാബ്ലോ എസ്‌കോബാറിനെ കുറിച്ചുള്ള ടി.വി പരമ്പര ‘നാർകോസ്’ തുടങ്ങുന്നത്. മയക്ക് മരുന്ന് മാഫിയകൾ രാജ്യം ഭരിക്കുന്ന, തെരുവ് കയ്യേറുന്ന, ആളെ കൂട്ടക്കുരുതി നടത്തുന്ന, ഭരണകൂടതത്തെ പോലും ഭീഷണിയിൽ നിർത്തുന്ന ആ ഇരുണ്ട ഭാവിയിൽ നിന്ന് ഇന്നും പാബ്ലോയുടെ മരണം കഴിഞ്ഞു ഇത്ര വർഷങ്ങളായിട്ടും കൊളംബിയ അത്രയൊന്നും മാറിയിട്ടില്ല എന്നതാണ് സത്യം. ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ഹെറോയിൻ ഉത്പാദിപ്പിക്കുന്ന, മയക്കുമരുന്ന് മാഫിയകൾ നിർലോഭം വിലസുന്ന, മയക്കുമരുന്ന് രാജാക്കന്മാർ അതിസമ്പന്നരായി വാഴുന്ന നാട് തന്നെയാണ് ഒരുപരിധിവരെ കൊളംബിയ.

അതേ പറഞ്ഞു വന്നത് പാബ്ലോയെ പറ്റിയല്ല മറ്റൊരു എസ്‌കോബാറിനെ പറ്റിയാണ്. ലോകത്തിന്റെ കണ്ണീരായ, ഫുട്‌ബോളിന്റെ രക്തസാക്ഷി ആയ, ഫുട്‌ബോൾ ആരാധകരുടെ ഏറ്റവും വലിയ നൊമ്പരമായ ആന്ദ്രസ് എസ്‌കോബാറിനെ കുറിച്ച്. കളിക്കളത്തിലെ ഒരബദ്ധത്തിനു ആ താരം തന്റെ ജീവൻ തന്നെ വില നൽകേണ്ടി വന്നത് ലോകം വിറങ്ങലിച്ചാണ് നോക്കി നിന്നത്. 1994 ലോകകപ്പ് ഫുട്‌ബോൾ, പ്രതീക്ഷകൾ വാനോളമായിരുന്നു കൊളംബിയയിൽ. ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഒന്നാമത് എത്തിയ കൊളംബിയ അർജന്റീനയെ അവരുടെ നാട്ടിൽ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു തകർത്തത്. ഫുട്‌ബോളിൽ മാന്യതയുടെ പ്രതിരൂപം എന്നു ആളുകൾ വിളിച്ച ആന്ദ്രസ് നയിച്ച സാക്ഷാൽ കാർലോസ് വാൾഡരെയും ഫ്രഡി റിൻകോനും അലക്സ് ഗാർസിയയും അടങ്ങിയ കൊളംബിയയുടെ സുവർണ തലമുറ ആ ലോകകപ്പ് ഉയർത്തും എന്നു പ്രവചിച്ചത് ഇതിഹാസ താരം പെലെ തന്നെയായിരുന്നു.

 

എന്നാൽ ആദ്യമത്സരത്തിൽ റൊമാനിയയോട് 3-1 നു അപ്രതീക്ഷ തോൽവി വഴങ്ങിയ കൊളംബിയക്ക് അമേരിക്കക്ക് എതിരായ രണ്ടാം മത്സരത്തിൽ ജയം എന്നതിൽ കുറഞ്ഞതോന്നും ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ മത്സരത്തിന്റെ 22 മിനിറ്റിൽ ആന്ദ്രസിന്റെ കാലിൽ തട്ടി ബോൾ സ്വന്തം വലയിൽ പതിച്ചപ്പോൾ പലരും അദ്ദേഹത്തിന്റെ ജീവന് വിലയിട്ടിരുന്നു. ആ മത്സരം 2-1 നു തോറ്റ കൊളംബിയ മൂന്നാം മത്സരത്തിൽ സ്വിസ്സ് ടീമിനെ 2-0 ത്തിന് തോല്പിച്ചിട്ടും ലോകകപ്പിൽ നിന്ന് പുറത്തേക്ക്. തകർന്നു പോയ ആന്ദ്രസ് പക്ഷെ എന്താണ് വരാനിരിക്കുന്നത് എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കളിക്കളത്തിലെ ആ അബദ്ധത്തിനു തനിക്ക് നൽകേണ്ടി വരിക തന്റെ സ്വന്തം ജീവനായിരിക്കും എന്ന് ആ 27 കാരം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.

പാബ്ലോ എസ്‌കോബാറിന്റെ ജന്മനാടായിരുന്നു കൊളംബിയൻ നഗരം മെഡലിൻ. ഫുട്‌ബോലിനെ സ്‌നേഹിച്ച പാബ്ലോക്ക് സ്വന്തമായൊരു ഫുട്‌ബോൾ ടീം വരെ അവിടുത്തെ ലീഗിൽ ഉണ്ടായിരുന്നു. കൂടാതെ കൊളംബിയയുടെ ഫുട്‌ബോൾ താരങ്ങളിൽ പലരും വിഖ്യാത ഗോൾ കീപ്പർ ഹിഗ്വിറ്റ അടക്കം പാബ്ലോയുടെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ 500 ലേറെ പ്രമുഖരും നിരപരാധികളുടെയും രക്തം കലർന്ന പാബ്ലോയുടെ കൈ കൊളംബിയക്ക് എന്നും ഒരു ഭീക്ഷണി തന്നെയായിരുന്നു. പാവങ്ങളെ സഹായിച്ച് അവരുടെ സ്വന്തമെന്നറിയപ്പെട്ട പാബ്ലോ ഒരു രാജാവിനെ പോലെയാണ് മെഡലിനിൽ ജീവിച്ചത്. ഈ മെഡലിൻ തന്നെയായിരുന്നു ആന്ദ്രസ് എസ്‌കോബാറിന്റേതും ജന്മനാട്. 1993 ൽ ഒരുപാട് രക്തം ചൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പാബ്ലോ കൊല്ലപ്പെട്ടു. അതിനു ശേഷം ഒരു അക്ഷരാർത്ഥത്തിൽ ഒരു ഭ്രാന്തനഗരമായി മെഡലിൻ മാറി. അവിടുത്തെ ഒരു നിശാക്ലബിലേക്കാണ് 1994 ജൂലൈ 2 നു രാത്രി ആന്ദ്രസ് അവസാനമായി വണ്ടി ഓടിച്ചു പോയത്. ലോകകപ്പ് പന്തയത്തിൽ പണം നഷ്ടപ്പെട്ട മുമ്പ് പാബ്ലോയുടെ സംഘത്തിൽ ഉണ്ടായിരുന്ന ഗാല്ലോൻ സഹോദരങ്ങളുടെ അംഗരക്ഷകൻ ഹെമ്പർട്ട് കാർലോ മുനെസ് കാരിലായിരുന്ന ആന്ദ്രസിന്റെ നേരെ വെടിയുണ്ടകൾ പായിച്ചു. ഓരോ വെടി ഉത്തർത്തതുമ്പോഴും അയ്യാൾ ‘ഗോൾ, ഗോൾ’ അലറിവിളിച്ചു. അങ്ങനെ ആ രാത്രി ആന്ദ്രസ് ലോകത്തിന്റെ കണ്ണീരായി.

എന്നും കൊളംബിയയുടേതും തന്റെ ക്ലബ്‌ അത്ലറ്റികോ നാഷണലിന്റേതും വിശ്വസ്ഥ പ്രതിരോധഭടനായ ആ രണ്ടാം നമ്പർ കാരന്റെ മരണം കൊളംബിയെയും ലോകത്തേയും ഞെട്ടിച്ചു. ഏതാണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ആന്ദ്രസിന്റെ ശവസംസ്‌കാരചടങ്ങുകളിൽ സംബന്ധിക്കാൻ ഒത്തുകൂടിയത്. ഇന്നും ഞെട്ടലോടെയാണ് കൊളംബിയ ആന്ദ്രസിനെ സ്മരിക്കുക. 2002 ൽ മെഡലിനിൽ പണ്ട് പാബ്ലോ എസ്‌കോബാറിന്റെ പ്രതിമ ഉയർന്നു നിന്ന അതേ മെഡലിനിൽ ആന്ദ്രസ് എസ്‌കോബാറിനായി വലിയൊരു പ്രതിമ ഉയർന്നു. അങ്ങനെ മെഡലിൻ അവരുടെ യഥാർത്ഥ നായകനെ തിരിച്ചറിഞ്ഞു.

എന്നും ഞെട്ടിക്കുന്ന ഓർമ്മയായി ആന്ദ്രസ് നിൽക്കുന്ന സമയത്തും കൊളംബിയിലെ സ്ഥിതി അത്ര മാറിയിട്ടൊന്നുമില്ല. ഈ കഴിഞ്ഞ ലോകകപ്പിൽ ജപ്പാനെതിരെ ചുവപ്പ് കാർഡ്‌ കണ്ട് പുറത്തായ കൊളംബിയൻ താരം കാർലോസ് സാഞ്ചസിനെ തേടിയും ഒരുപാട് മരണഭീക്ഷണികൾ എത്തി. ഈ കോപ്പ അമേരിക്കയിൽ പെനാൽറ്റി പാഴാക്കിയ താരത്തിനും കിട്ടി മരണഭീക്ഷണികൾ. ഒന്നും ചിരിച്ചു തള്ളാനാവില്ല കൊളംബിയയിൽ എന്തെന്നാൽ ആന്ദ്രസ് അതിനുളള ഉത്തരമായിരുന്നു. ഇങ്ങനെയൊക്കെയാണ് ലോകം അതിവിചിത്രമാകുന്നത്. ഇന്നും ഒരു ‘സെൽഫ് ഗോൾ’ അടിച്ചതിനു, ഒരബദ്ധത്തിനു ആന്ദ്രസ് എസ്‌കോബാറിനു സ്വന്തം ജീവൻ നൽകേണ്ടി വന്നു എന്നത് വലിയ ഞെട്ടൽ തന്നെയാണ്. സമൂഹത്താൽ, മയക്കുമരുന്ന് മാഫിയയെ കൊണ്ട്‌, ആർത്തിയാൽ, വെറുപ്പിനാൽ ആന്ദ്രസ് കൊല്ലപ്പെട്ടു. ലോകത്തിനു ഭ്രാന്തു പിടിച്ചപ്പോൾ ആന്ദ്രസ് രക്തസാക്ഷിയായി. ഒരിക്കലും ഒരിടത്തും ഒരുകാലത്തും ആവർത്തിക്കാൻ പാടില്ലാത്ത ദുരന്ദകഥയാണ് ആന്ദ്രസ് എസ്‌കോബാറിന്റേത്. ഫുട്‌ബോളിന്റെ കണ്ണീരോർമ്മയായി മാറിയ ആന്ദ്രസ് എസ്‌കോബാറിനെ ഹൃദയവേദനയോടെയല്ലാതെ ഒരു ഫുട്‌ബോൾ ആരാധകനും ഓർക്കാനാവില്ല.

തന്നെയും റാഫയെയും നോവാക്കിനെയും പുതിയ ഉയരങ്ങളിൽ എത്തിച്ചത് കടുത്ത പോരാട്ടങ്ങൾ എന്നു ഫെഡറർ

ഒരുപാട് മഹത്തായ, വാശിയേറിയ മത്സരങ്ങൾ കണ്ടിട്ടുണ്ട് ഫെഡററും നദാലും തമ്മിൽ നദാലും ദ്യോക്കോവിച്ചും തമ്മിൽ ദ്യോക്കോവിച്ചും ഫെഡററും തമ്മിൽ. ആരാധകർ അപ്പുറവും ഇപ്പുറവും നിന്നു ആർത്ത് വിളിച്ച തമ്മിലടിച്ച ക്ലാസിക്ക് പോരാട്ടങ്ങൾ. ഈ പോരാട്ടങ്ങൾ തന്നെയാണ് തനിക്കും നദാലിനും ദ്യോക്കോവിച്ചിനും പുതിയ മഹത്തായ ഉന്നതിയിലേക്കു എത്താൻ സഹായമായതെന്നു പറയുകയാണ് റോജർ ഫെഡറർ. വിംബിൾഡനു മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ഫെഡററിന്റെ ഈ പ്രതികരണം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ടെന്നീസ് ലോകം അടക്കി വാഴുകയാണ് ഈ മൂവരും എന്നതാണ് സത്യം. 3 പേരും അവരുടേതായ രീതിയിൽ വ്യത്യസ്തരാണെന്നു പറഞ്ഞ ഫെഡറർ മികച്ചതാവാൻ പരസ്പരമുള്ള പോരാട്ടങ്ങൾക്ക് വലിയ പങ്ക് ഉണ്ടന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 16 വിംബിൾഡനുകളിൽ 14 എണ്ണത്തിലും ജയിച്ച മൂവരുടെയും വലിപ്പമാറിയാൻ 10 വർഷം മുമ്പ് ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാമുകൾ സ്വന്തം പേരിൽ ഉണ്ടായിരുന്ന ഇതിഹാസതാരം പീറ്റ് സാമ്പ്രസിൽ നിന്ന് ഇവർ മൂന്ന് പേരും ഇന്ന് എത്ര അകലത്തിലാണ് എന്നു നോക്കിയാൽ മതി. ഫെഡറർ 20 ഗ്രാന്റ്‌ സ്‌ലാം സ്വന്തമാക്കിയപ്പോൾ 18 എണ്ണം നദാലിനും 15 എണ്ണം ദ്യോക്കോവിച്ചിനും ഉണ്ടന്നതാണ്. ഇത് ഈ മൂന്ന് പ്രതിഭകളുടേതും വലിപ്പം കാണിക്കുന്നു. തന്റെ 21 മത്തെ ഗ്രാന്റ് സ്‌ലാമും 9 താമത്തെ വിംബിൾഡൻ കിരീടവും വിംബിൾഡനിലെ 100 മത്തെ ജയവും ലക്ഷ്യമിടുന്ന ഫെഡററിനു വിംബിൾഡൺ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെതിരെയാണ് തന്റെ ആദ്യമത്സരം.

വിംബിൾഡനിൽ പുതുചരിത്രം എഴുതി 15 കാരി, വീനസിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ

തലമുറകൾ തമ്മിലുള്ള പോരാട്ടത്തിൽ ജയം കുറിച്ച് ഇളമുറക്കാരി. വിംബിൾഡൺ പുൽ മൈതാനത്ത് പുതുചരിത്രം പിറന്നപ്പോൾ തന്റെ ഏറ്റവും വലിയ ഹീറോകളിൽ ഒന്നിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്കു മുന്നേറി അമേരിക്കയുടെ കോരി കൊക്കോ ഗോഫ് എന്ന പതിനഞ്ചുകാരി. 39 കാരിയായ 5 പ്രാവശ്യം വിംബിൾഡൺ നേടിയ 24 വയസ്സ് പ്രായവ്യത്യാസമുള്ള വീനസിനെതിരെ തന്റെ അച്ഛനേയും അമ്മയെയും സാക്ഷിയാക്കി ഗോഫോ പക്ഷെ ഉറച്ച് തന്നെയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതലെ തന്റെ പ്രായത്തിന്റെ ഭയമോ, പരിഭ്രമമോ എതിരാളിയുടേതോ മത്സരത്തിന്റേതോ വലിപ്പമോ ഒന്നും കോഫിന് ഒരു വിഷയമേ ആയില്ല. ആത്മവിശ്വാസത്തോടെ കളിച്ച ഗോഫ് ആദ്യസെറ്റിൽ തന്നെ വീനസിനെതിരെ ബ്രൈക്ക് നേടി. 33 മിനിറ്റ് നീണ്ട സെറ്റിൽ 6-4 നു അനായാസമെന്നു വിളിക്കാവുന്ന ജയം. കോഫിന്റെ ധൈര്യവും കൂസലില്ലായ്മയും എന്താണ് പിറകെ വരാനിരിക്കുന്നത് എന്ന സൂചന നൽകുകയായിരുന്നു.

രണ്ടാം സെറ്റിൽ മത്സരം കടുത്തു. തന്റെ പ്രതിഭയെ പലവട്ടം പ്രകടിപ്പിച്ച വീനസ് ഗോഫിന് വെല്ലുവിളി ഉയർത്തി. എന്നാൽ ആദ്യം വീനസിന്റെ സർവീസ് ഗോഫ് ബ്രൈക്ക് ചെയ്തു. തുടർന്ന് പക്ഷെ ഗോഫിന്റെ ഡബിൾ ഫോൾട്ട് മുതലെടുത്ത വീനസ് തിരിച്ചു ബ്രൈക്ക് ചെയ്‌ത് മത്സരത്തിലേക്ക് തിരിച്ച് വരികയാണെന്ന സൂചന നൽകി. എന്നാൽ ഗോഫിന്റെ പ്രായത്തിനു മുന്നിൽ വീനസ് പകച്ചപ്പോൾ വീനസിന്റെ അടുത്ത സർവീസ് ഗോഫ് ബ്രൈക്ക് ചെയ്‌ത് മത്സരം തന്നിലേക്കു അടുപ്പിച്ചു. നീണ്ട ഓരോ റാലികളും ഗോഫ് സ്വന്തമാക്കി. തന്റെ പ്രതിഭയെന്തെന്നു 15 കാരി പെണ്കുട്ടി ലോകത്തിനു കാണിച്ച് കൊടുക്കുകയായിരുന്നു. അടുത്ത സർവീസിൽ താൻ ജനിക്കുമ്പോൾ 2 വിംബിൾഡൺ സ്വന്തമായുള്ള വീനസിനെ ഗോഫി തോല്പിക്കുക തന്നെ ചെയ്തു. സ്‌കോർ 6-4 തന്നെ. കണ്ണീരടക്കാനാവാതെ ഗോഫ്, ചിരിച്ചു കൊണ്ട് പ്രതിഭയെ തിരിച്ചറിഞ്ഞു വീനസ് തന്റെ നാട്ടുകാരി കൂടിയായ ഗോഫിന് കൈ നൽകി.

കാണികളിൽ പലർക്കും ഇത് വിശ്വസിക്കാനായില്ല, ആഹ്ലാദത്തോടെ കോഫിന്റെ അച്ഛനും അമ്മയും തുള്ളിച്ചാടി. അപ്പോഴും വിംബിൾഡന്റെ ചരിത്രപ്രസിദ്ധമായ പുൽ മൈതാനം കോരി കോഫിന്റെ മധുരക്കണ്ണീരിന് സാക്ഷിയായി. 1 മണിക്കൂർ 19 മിനിറ്റു നീണ്ട മത്സരം ഒരു പുതിയ പ്രതിഭയുടെ വിളംബരം തന്നെയായിരുന്നു. മികച്ച സർവ്വീസുകളും റാലികളും പുറത്തെടുത്ത ഗോഫ് സമ്മർദ്ദഘട്ടത്തിലും ഒരു പരിഭ്രമവും കാണിച്ചില്ല. ഓരോ ഘട്ടവും അവൾ ആസ്വദിച്ചു തന്നെ കളിച്ചു. പലരും ഇതിനകം വനിത ടെന്നീസിലെ അടുത്ത സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്ന ഗോഫി വിംബിൾഡനിൽ എത്ര മുന്നോട്ട് പോകുമെന്ന് നമുക്ക് ഉടനെ തന്നെ അറിയാം. ഇന്ന് പക്ഷെ ലോകം വിംബിൾഡനിൽ കണ്ടത് മറ്റൊരു മാർഗരറ്റ് കോർട്ടിന്റെ മറ്റൊരു സ്റ്റെഫി ഗ്രാഫിന്റെ മറ്റൊരു സെറീന വില്യംസിനെയാണോ എന്നറിയാം നമുക്ക് ഇനിയും കാത്തിരിക്കണം.

വിംബിൾഡനിൽ പ്ലിസ്‌കോവ, ഹാലപ്പ് രണ്ടാം റൗണ്ടിൽ

വിംബിൾഡൺ വനിത വിഭാഗത്തിൽ 3 സീഡ് പെട്ര പ്ലിസ്‌കോവ, 7 സീഡ് സിമോണ ഹാലപ്പ് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സെമിഫൈനലിൽ എത്താൻ വലിയ സാധ്യതകൾ കൽപ്പിക്കുന്ന 3 സീഡ് പ്ലിസ്‌കോവ പക്ഷെ ചെറിയ പരീക്ഷനത്തിന് ശേഷമാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ചൈനയുടെ ലിക്കെതിരെ നേരിട്ടുള്ള സെറ്റുകളിക്കു ജയിച്ചങ്കിലും രണ്ടാം സെറ്റിൽ ടൈബ്രക്കർ കടമ്പ കടന്നാണ് പ്ലിസ്‌കോവ രണ്ടാം റൗണ്ടിൽ എത്തിയത്. 2 നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ 6-2, 7-6 എന്ന സ്കോറിനായിരുന്നു പ്ലിസ്‌കോവയുടെ ജയം.

മുൻ ലോകഒന്നാം നമ്പറായിരുന്ന സിമോണ ഹാലപ്പും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് രണ്ടാം റൗണ്ടിൽ എത്തിയത് സാസ്‌വോനിവിച്ചിനെതിരെ ഒന്നാം നമ്പർ കോർട്ടിൽ നടന്ന മൽസരത്തിൽ 6-4,7-5 എന്ന സ്കോറിനായിരുന്നു ഹാലപ്പിന്റെ ജയം. അട്ടിമറികൾക്കു കെൽപ്പുള്ള അമേരിക്കയുടെ 17 സീഡ് മാഡിസൺ കീയ്സും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 17 നമ്പർ കോർട്ടിൽ നടന്ന മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കീയ്സിന്റെയും ജയം. സെന്റർ കോർട്ടിൽ 2 സീഡ് നയോമി ഓസോക്കയുടെ അടക്കം മത്സരം ഇനിയും നടക്കേണ്ടതാണ്.

ആദ്യ റൗണ്ടിൽ അനായാസ ജയത്തോടെ നൊവാക്, വാവറിങ്ക, ആന്റേഴ്‌സൻ

പ്രമുഖരുടെ അനായാസജയം കണ്ട് വിംബിൾഡനു തുടക്കം. സെന്റർ കോർട്ടിൽ ആദ്യ റൗണ്ടിൽ വലിയ വെല്ലുവിളികളില്ലാതെ ജയം കുറിച്ച് വിംബിൾഡൺ ഒന്നാം സീഡും നിലവിലെ ജേതാവുമായ നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം സ്വന്തമാക്കിയ നോവാക്കിന്‌ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ജർമ്മനിയുടെ ഫിലിപ്പിനായില്ല. സ്‌കോർ 6-3,7-5,6-3. രണ്ടാം നമ്പർ കോർട്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവായ സ്റ്റാൻ വാവറിങ്കയും നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു. ബെമെലമാൻസിനെതിരെ 6-3,6-2,6-2 എന്ന സ്കോറിനായിരുന്നു 22 സീഡായ വാവറിങ്കയുടെ ജയം.

കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ 4 സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്‌സനും നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം കണ്ടത്. 3 നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച്‌ താരം ഹെർബര്ട്ടിനെതിരെ 6-3,6-4,6-2 എന്ന സ്കോറിനായിരുന്നു ആന്റേഴ്‌സന്റെ ജയം. ഇത്തവണ പലരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്ന കാനഡയുടെ യുവ താരം ആഗർ അലിസിമയും വിംബിൾഡൺ രണ്ടാം റൗണ്ടിൽ എത്തി. കോർട്ട് നമ്പർ 12 ൽ നടന്ന മത്സരത്തിൽ നാട്ടുകാരൻ കൂടിയായ പോസ്‌പിസിലിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു 19 സീഡുകാരന്റെ ജയം. സ്കോർ- 5-7,6-2,6-4,6-3. വിംബിൾഡൺ ആദ്യദിനം മത്സരങ്ങൾ ഇനിയും പുരോഗമിക്കുകയാണ്.

ഒരു ഫെഡറർ ഫാനിന്റെ ജൽപ്പനങ്ങൾ

പുൽ മൈതാനത്ത് ഇനി ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് പ്രതിഭയുടെ, കായികതാരത്തിന്റെ തേരോട്ടത്തിന്റെ ദിനങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്! ഏറ്റവും വലിയ പിറന്നാൾ സമ്മാനം നൽകിയത് ഫെഡററാണ്, കരയിപ്പിച്ചതും ആഹ്ലാദം തന്നെതും ആശ്വാസം തന്നതും ഒക്കെ ഈ മനുഷ്യനാണ്. എന്തെന്നാൽ ഈ മനുഷ്യന്റെ ഓരോ നേട്ടവും എന്റേതായിരുന്നു ഓരോ വിഷമവും കണ്ണീരും എന്റേതായിരുന്നു. അടങ്ങാത്ത ദേഷ്യമാണ് ഫെഡറർ വിരമിക്കണം എന്നു പറഞ്ഞു വരുന്നവരോട്.

ഈ നിത്യയൗവനത്തിന് ഈ നിത്യവസന്തത്തിന് ഒരിക്കലും ടെന്നീസ് കളിക്കാൻ പറ്റാത്ത ദിവസം ഉണ്ടാവരുത് എന്നാഗ്രഹിക്കാത്ത ദിവസങ്ങളില്ല. ആരാണ് റോജർ ഫെഡറർ എനിക്ക് എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ ചുരുക്കാം ‘I am not a fan I am a devotee! Love means Roger Federer to me!’ ഞാനൊരു ആരാധകനല്ല മറിച്ച് ഒരു ഭക്തനാണ്, എന്തെന്നാൽ സ്നേഹത്തിന്റെ മറുപേരാണ് എനിക്ക് റോജർ ഫെഡറർ. ❤❤❤ 14 നു ആ മനോഹര ട്രോഫി ഫെഡറർ വീണ്ടും ചുംബിക്കും എന്നു തന്നെയാണ് പ്രതീക്ഷ. I hope when the time comes he can kiss it again!

പക്ഷെ കടമ്പകൾ ഏറെയാണ് ആദ്യ റൗണ്ടുകൾ മുതൽ തന്നെ കഴിഞ്ഞ പ്രാവശ്യം കെവിൻ ആന്റേഴ്‌സനോട് 2 സെറ്റ് നേടിയ ശേഷം ക്വാട്ടറിൽ തോറ്റത് ഫെഡറർ മറക്കാൻ ഇടയില്ല. അതിനാൽ തന്നെ സൂക്ഷിച്ചു തന്നെയാവും 37 കാരന്റെ ഓരോ നീക്കങ്ങളും. സെമിയിൽ നദാൽ- ഫെഡറർ, ഫൈനലിൽ ദ്യോക്കോവിച്ച്- ഫെഡറർ ഇങ്ങനെ സ്വപ്നതുല്യമത്സരങ്ങൾ തന്നെയാണ് ഞാൻ ഇപ്പഴെ പ്രതീക്ഷിക്കുന്നത്. എല്ലാം മറികടന്നു 9 താമത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ്‌ സ്‌ലാമും ഫെഡറർ സ്വന്തമാക്കും എന്ന സ്വപ്നത്തിൽ തന്നെയാണ് ഞാൻ. പക്ഷെ വിജയതത്തിനും തോൽവിക്കും അപ്പുറം ഇനിയും എണ്ണിയാൽ തീരാത്ത വർഷങ്ങളോളം ഫെഡറർ ടെന്നീസ് കളിക്കുന്നത് കാണണം എന്ന ആഗ്രഹം മാത്രമെ എന്നും മനസ്സിലുള്ളൂ. എന്തെന്നാൽ ഫെഡറർ ടെന്നീസ് കളിക്കുക എന്നാൽ ഒരു സംഗീതജ്ഞന്റെ സംഗീതം പോലെയോ ചിത്രകാരന്റെ ചിത്രം പോലെയോ സുന്ദരമായിട്ടാണ്, എന്തെന്നാൽ ഫെഡററിന്റെ ടെന്നീസ് എന്നും മനുഷ്യരാശിക്ക് എന്നും സൂക്ഷിക്കാവുന്ന ഒരു കലയാണ്‌.

ആവേശം,വിവാദം,3 മണിക്കൂർ കാത്തിരിപ്പ് ഒടുവിൽ ആസ്ട്രിയയിൽ ജയം വേർസ്റ്റാപ്പന്റെ തന്നെ

വിവാദങ്ങൾക്കൊടുവിൽ ആസ്ട്രിയ ഗ്രാന്റ്‌ പ്രിക്സിൽ ജയം റെഡ്‌ ബുള്ളിന്റെ വേർസ്റ്റാപ്പനു. ഫോർമുല 1 ലെ ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ റെസിനാണ് ഇന്ന് ആസ്ട്രിയ സാക്ഷിയായത്. പോൾ പൊസിഷനിൽ ഒന്നാമതായി തുടങ്ങുകയും റേസിൽ ഉടനീളം മുന്നിട്ട് നിൽക്കുകയും ചെയ്ത ഫെരാരിയുടെ ചാൾസ് ലെക്ളെർക്കിനെ അവസാന ലാപ്പുകളിലാണ് വേർസ്റ്റാപ്പൻ ഓടി പിടിച്ചത്. എന്നാൽ ചാൾസിനെ മറികടന്നത് നിയമപ്രകാരമാണോ എന്ന സംശയമാണ് മത്സരഫലം 3 മണിക്കൂർ വൈകിപ്പിച്ചത്. ഒടുവിൽ തീരുമാനം വേർസ്റ്റാപ്പനു അനുകൂലമായിരുന്നു. റേസ് ട്രാക്കിന്‌ പുറത്ത് തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഡച്ച് ആരാധകരുടെ പിന്തുണയുടെ ആവേശം വേർസ്റ്റാപ്പന്റെ ഡ്രൈവിങിലും പ്രതിഫലിച്ചു.

പോൾ പൊസിഷനിൽ രണ്ടാമതായിട്ടായിരുന്നു വേർസ്റ്റാപ്പന്റെ തുടക്കം. യോഗ്യതറേസിൽ മികച്ച രണ്ടാമത്തെ സമയം കുറിച്ചെങ്കിലും യോഗ്യത സമയത്ത് നിയമലംഘിച്ച് കാറോടിച്ചതിനാൽ 5 മതായിട്ടാണ് നിലവിലെ ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ തുടങ്ങിയത്. ഹാമിൾട്ടന്റെ മെഴ്‌സിഡസ് ടീം പങ്കാളി ബോട്ടാസാണ് റേസിൽ മൂന്നാമത് എത്തിയത്. ഫെരാരിയുടെ വെറ്റൽ 4 മത്തെത്തിയപ്പോൾ 5 മത് പൂർത്തിയാക്കാനെ ഹാമിൾട്ടനു ആയുള്ളൂ. ഇതോടെ നിർമാതാക്കളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗ്രാന്റ്‌ പ്രിക്സ് ജയം എന്ന മക്ളാരന്റെ റെക്കോർഡിനു ഒപ്പമെത്താൻ മെഴ്‌സിഡസിന് സാധിച്ചില്ല. 1988 ൽ തുടർച്ചയായ 11 റേസുകളിലാണ് മക്ളാരൻ ഒന്നാമത് എത്തിയത്.

ഈ വർഷം റെഡ് ബുള്ളിന്റെ ആദ്യജയമാണ് ഇത്. ഹോണ്ടയുടെ എൻജിനുകൾ കാറിൽ ഉപയോഗിച്ച്‌ തുടങ്ങിയ ശേഷമുള്ള ആദ്യ ജയം. 5 സീസനിലേക്കു കടന്ന വേർസ്റ്റാപ്പന്റെ കരിയറിലെ 6 മത്തെ ജയം. വേഗമേറിയ ലാപ്പും സ്വന്തമാക്കിയ വേർസ്റ്റാപ്പൻ ഇതോടെ ഡ്രൈവർമാരിൽ മൂന്നാമതെത്തി. മെഴ്‌സിഡസിന്റെ ഹാമിൾട്ടനും ബോട്ടാസും തന്നെയാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 5 മതായെങ്കിലും ഇപ്പോഴും ബോട്ടാസിനെക്കാൾ 31 പോയിന്റും വേർസ്റ്റാപ്പനേക്കാൾ 71 പോയിന്റും മുന്നിലാണ് ഹാമിൾട്ടൻ. നിർമാതാക്കളുടെ മത്സരത്തിൽ മെഴ്‌സിഡസ് ഫോർമുല 1 ൽ ഇപ്പോൾ എതിരാളികളെയില്ല.

വിംബിൾഡൺ വനിത വിഭാഗത്തെ കാത്ത് പുതിയ ജേതാവ്?

ഒരു പ്രവചനങ്ങൾക്കും ഇട നൽകുന്നില്ല എന്നത് തന്നെയാണ് വിംബിൾഡൺ വനിത വിഭാഗം മത്സരങ്ങളെ ഇത്തവണ കൂടുതൽ സുന്ദരമാക്കുന്നത്. സമീപകാലത്ത് സെറീന വില്യംസിന്റെ ആധിപത്യത്തിനുണ്ടായ മങ്ങൽ തന്നെയാണ് വനിത ടെന്നീസിലെ ഈ പുതിയ വിപ്ലവത്തിന്റെ പ്രധാനകാരണം. 2017 നു ശേഷം നടന്ന 10 ഗ്രാന്റ് സ്‌ലാമുകളിൽ 9 വ്യത്യസ്ത വിജയികളെയാണ് വനിത ടെന്നീസിൽ കണ്ടത്. ഇതിൽ 2 പ്രാവശ്യം ഗ്രാന്റ്‌ സ്‌ലാം ഉയർത്താനായത് ജപ്പാന്റെ നയോമി ഒസാക്കക്ക് മാത്രം.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ പരാജയത്തിന് ശേഷം ടെന്നീസ് കളത്തിൽ ഇറങ്ങിയിട്ടില്ല എങ്കിലും ഒരാൾക്കും അമേരിക്കൻ താരവും ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് താരവുമായ സെറീന വില്യംസിനെ എഴുതി തള്ളാനാവില്ല പ്രത്യേകിച്ച് വിംബിൾഡൺ പുൽ മൈതാനത്ത്. 2018 യു.എസ് ഓപ്പൺ വിംബിൾഡൺ ഫൈനലുകളുടെ തോൽവിക്ക് പ്രതികാരം കാണാനാവും സെറീനയുടെ ശ്രമം. മാർഗരറ്റ് കോർട്ടിന്റെ സർവ്വകാല റെക്കോർഡ് ആയ 24 ഗ്രാന്റ്‌ സ്‌ലാം എന്ന റെക്കോർഡ് ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല. 7 തവണ വിംബിൾഡൺ ജേതാവായ സെറീനക്കു സെമി പ്രവേശനം സാധ്യമാകണമെങ്കിൽ കറുപ്പമേറിയ എതിരാളികളെ ആദ്യ റൗണ്ടുകളിൽ മറികടക്കേണ്ടതുണ്ട്. നാലാം റൗണ്ടിൽ 2016,2018 വിംബിൾഡൺ ഫൈനലുകളുടെ ആവർത്തനമായ സെറീന – കെർബർ പോരാട്ടം വന്നേക്കും എന്നത് ആരാധകരെ ഇപ്പഴെ ആവേശത്തിലാക്കുന്നുണ്ട്. ഒപ്പം ഒന്നാം സീഡ് ആഷ്ലി ബാർട്ടിയാവും മിക്കവാറും സെറീനയുടെ ക്വാട്ടർ ഫൈനൽ എതിരാളി എന്നതും കാര്യങ്ങൾ ദുഷ്കരമാക്കുന്നുണ്ട്. എന്നാൽ സെറീന എല്ലാം മറികടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലോകഒന്നാം നമ്പറും നിലവിലെ ഫ്രഞ്ച്‌ ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടിയാണ് വനിതകളിൽ ഒന്നാം സീഡ്. 23 കാരിയായ ബാർട്ടി മികച്ച ഫോമിൽ തന്നെയാണ്. എന്നാൽ ഇത് വരെ മൂന്നാം റൗണ്ടിനപ്പുറം ബാർട്ടിക്ക് വിംബിൾഡനിൽ മുന്നേറാൻ ആയിട്ടില്ല. സെമിയിലെത്തണമെങ്കിൽ മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവ് ഫ്രാൻസിന്റെ മുഗുരെസെ, നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബർ, 23 ഗ്രാന്റ്‌ സ്‌ലാം നേടിയ സെറീന വില്യംസ്‌ എന്നിവരെ മറികടക്കണം എന്നത് കാര്യങ്ങൾ ആവേശകരമാക്കുന്നുണ്ട്. സെറീന, ബാർട്ടി, കെർബർ ഇവരിലാര്‌ സെമിയിൽ എത്തുമെന്ന് കണ്ടു തന്നെ അറിയണം. ഇവർക്ക് സെമിയിൽ എതിരാളിയായി ആഥിതേയ താരം ജൊഹാന കോന്റ എത്തുമെന്നാണ് പ്രതീക്ഷ. 2 തവണ വിംബിൾഡൺ നേടിയ പെട്രോ ക്വിവിറ്റോവ പൂർണ്ണമായും ശാരീരികശമത വീണ്ടെടുക്കാത്തത് കോന്റക്കു മുൻതൂക്കം നൽകുന്നു. പരിക്കിനെ തുടർന്ന് ക്വിവിറ്റോവ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ 2017 ലെ വിംബിൾഡൺ സെമി പ്രവേശനം ആവർത്തിക്കാൻ കോന്റക്കു നാലാം സീഡ് കിക്കി ബെർട്ടൻസിനെ മറികടക്കേണ്ടതുണ്ട്.

തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മൂന്നാം സീഡ് കരോലിന പ്ലിസ്കോവക്കു വിംബിൾഡൺ സെമിയിൽ എത്താൻ ഇതിലും വലിയ അവസരം കിട്ടാനില്ല എന്നു തന്നെ പറയാം. 4 മത്തെ റൗണ്ടിൽ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ സെമി കളിച്ച മാർക്കറ്റയെ നേരിട്ടേക്കാം എന്നതൊഴിച്ചാൽ താരതമ്യേന ദുർപാലരായ എതിരാളികൾ ആണ് പ്ലിസ്കോവക്കു ആദ്യ റൗണ്ടുകളിൽ. ഒന്നാം സീഡ് അല്ല എന്ന സമ്മർദ്ദമില്ലാതെ കളിക്കാം എന്നത് നയോമി ഒസാക്കക്ക് ഏറെ സാധ്യതകൾ നൽകുന്നു. എന്നാൽ രണ്ടാം സീഡായ ഒസാക്കക്ക് ആദ്യ റൗണ്ട് മുതൽ കടമ്പകൾ ഏറെയാണ്. ഒസാക്കയെ ഇപ്രാവശ്യത്തെ ബ്രിൻങിംഹാം ഓപ്പണിൽ തോൽപ്പിച്ച ലിയ പുറ്റ്നെറ്റ്സേവയാണ് ഒന്നാം റൗണ്ടിൽ ഒസാക്കയുടെ എതിരാളി. സിമോന ഹാലപ്പ്, വീനസ് വില്യംസ്‌, മാഡിസൺ കീയ്‌സ്, വിക്ടോറിയ അസരങ്ക, കരോലിന വോസിനിയാക്കി ഇങ്ങനെ പ്രമുഖരുടെ ഒരു നിരയെ തന്നെ മറികടന്നു വേണം ഒസാക്കക്ക് സെമിയിൽ എത്താൻ. ഒസാക്കക്ക് ഒപ്പം ഹാലപ്പ്, കീയ്‌സ് എന്നിവർക്കാണ് സെമിയിൽ എത്താൻ പലരും സാധ്യത കൽപ്പിക്കുന്നത്.

ആദ്യറൗണ്ടിൽ ചരിത്രം കാത്തിരിക്കുന്ന മത്സരം ഉണ്ടെന്നുള്ളതും വനിത വിഭാഗം വിംബിൾഡനെ ശ്രദ്ധേയമാകുന്നു. 5 തവണ വിംബിൾഡൺ ജേതാവായ വീനസ് വില്യംസ്‌ ഓപ്പൺ ഇറയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ അമേരിക്കയുടെ തന്നെ ഭാവി സൂപ്പർ താരം എന്നറിയപ്പെടുന്ന കോരി ഗോഫിനെ നേരിടുമ്പോൾ തലമുറകൾ തമ്മിലുള്ള പോരാട്ടത്തിനാവും ഓൾ ഇംഗ്ലണ്ട് ക്ലബ് സാക്ഷ്യം വഹിക്കുക. സെറീന, കെർബർ ഇങ്ങനെ പരിചിത മുഖങ്ങളോ അല്ല ഏതെങ്കിലും പുതിയ മുഖമോ ആരാവും വിംബിൾഡൺ ഉയർത്തുക എന്നത് നാം ജൂലൈ 13 നറിയും. ആർക്കും പ്രവചിക്കാനാവാത്ത വിധം ആവേശകരമാവും വിംബിൾഡനിൽ വനിത വിഭാഗം എന്ന് ഉറപ്പാണ്‌.

Exit mobile version