വൻ വിജയം നേടിയിട്ടും നിർഭാഗ്യം, കേരളം സുബ്രതോ കപ്പിൽ നിന്ന് പുറത്ത്

സുബ്രതോ കപ്പ് അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ പൂൾ ഇ യിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് എയർഫോഴ്സ് ടീമിനെ 6-1 എന്ന നിലയിൽ തകർത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ്.ചേലേമ്പ്ര പുറത്തായി. പൂൾ ഇ യിലെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയപ്പോൾ കേരളവും മിസോറാമും തുല്യ പോയന്റുകൾ നേടി ഗ്രൂപ്പിൽ ഒന്നാമതായി. എന്നാൽ ഗോൾ ഡിഫറൻസിന്റെ പിൻബലത്തിൽ മിസോറാം കേരളത്തെ പിന്തള്ളുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ മികച്ച ഗോൾ ആവറേജിൽ ജയം അനിവാര്യമായിരുന്ന കേരളം മികച്ച ഗെയിം തന്നെയാണ് പുറത്തെടുത്തത്.മികച്ച മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് കേരളത്തിന് വിനയായത്.

കേരളത്തിനു വേണ്ടി ക്യാപറ്റൻ നന്ദു കൃഷ്ണ ഹാട്രിക് നേടി.മുഹമ്മദ് റോഷൽ ,അബ്ദുൾ ഫാഹിസ്‌, ഹേമന്ദ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്കോർ ചെയ്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മിസോറാമിനെ ഗോൾരഹിത സമനിലയിൽ തളച്ച കേരളം, IBSO ഡൽഹിയെ 12 – 3 എന്ന നിലയിലും, വെസ്റ്റ് ബംഗാളിനെ 3-0 എന്ന നിലയിലും പരാജയപെടുത്തിയിരുന്നു. മരണ ഗ്രൂപ്പെന്നറിയപ്പെട്ട പൂൾ ഇ യിൽ നിന്നും നിർഭാഗ്യം കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ്.ടീം പുറത്തായത്. മൻസൂർ അലിയാണ് ടീം കോച്ച്.മാനേജർ ബൈജീവ്., ഫിസിയോ നിംഷാദ് ടി.കെ, ഒഫീഷ്യൽ സ് മുഹമ്മദ്, ഫസലുൽ ഹഖ് എന്നിവർ ടീമിനോടൊപ്പം ഉണ്ടായിരുന്നു.

കൗമാര ഫുട്‌ബോള്‍ താരം ശ്യാംജിത്‌ലാല്‍ ക്യാന്‍സറിന് കീഴടങ്ങി

മലപ്പുറം: മുന്‍ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരം ക്യാന്‍സറിന് മുന്നില്‍ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി ബീച്ചിന് സമീപം താമസിക്കുന്ന ഏഴുകുടിക്കല്‍ ശ്യാംജിത്‌ലാല്‍(22) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. കേരളത്തിന് വേണ്ടി ഒരു തവണ സബ്ജൂനിയറും രണ്ട് തവണ ജൂനിയര്‍ ചാംപ്യന്‍ഷിപ്പും കളിച്ചിട്ടുണ്ട്. കളിക്കിടെയുണ്ടായ പരിക്കിന്റെ പിടിയിലായിരുന്ന ശ്യാംജിത് ഇത് വക വെക്കാതെ കളിതുടരുകയായിരുന്നു. ഇതിനിടെയാണ് മജ്ജക്ക് ക്യാന്‍സര്‍ പിടികൂടുന്നത്. മികച്ച മിഡ്ഫീല്‍ഡറായിരുന്നു. സെപ്റ്റ് വഴിയാണ് ശ്യാംജിത് കളിയാരംഭിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

നിലവാരം ഉയരാതെ കേരള വനിതകള്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ട് പ്രത്യേകിച്ച് ഗുണമില്ല – സതീവന്‍ ബാലന്‍ (അഭിമുഖം )

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചു കൊണ്ടുവന്ന കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് സതീവന്‍ ബാലനുമായി ഫുട്‌ബോള്‍ എഴുത്തുകാരന്‍ ടി. പി. ജലാല്‍ നടത്തിയ കൂടിക്കാഴ്ച….

ടര്‍ഫ് വ്യവസായം കേരള ഫുട്‌ബോളിന് വളര്‍ച്ചയുണ്ടാക്കുമോ..?

കേരളത്തില്‍ ഇന്ന് ക്രിത്രിമ ടര്‍ഫ് മൈതാനങ്ങളുടെ വരവോടെ ആളുകള്‍ ഫുട്‌ബോളിലേക്ക് കൂടുതല്‍ അടുത്തു തുടങ്ങിയിട്ടുണ്ട്.  ഇത് ആശ്വാസകരമാണ്. ഐഎസ്എലിന്റെ  വരവോടെയാണെന്ന് പറയാം.  ഇത്തരം ടര്‍ഫില്‍ ട്രൈനിങ് ക്യാംപുകള്‍ കുറവാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തി  ഗ്രാസ് റൂട്ട് പരിശീലനം പരമാവധി നടപ്പാക്കണം. അതേസമയം ഇപ്പോള്‍ സെവന്‍സ് ടര്‍ഫ് ഗ്രൗണ്ടുകള്‍ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്  ഔദ്യോഗിക ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിന് തടസ്സമല്ല. കാരണം ടര്‍ഫിലെ പരിശീലനത്തിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം ഇലവന്‍സ് ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്താല്‍ ഇത് പരിഹരിക്കാനാവും.  കാലാവസ്ഥയും സാങ്കേതികതയും ടര്‍ഫിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. മുടക്കിയ പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയിലാണ്  ടര്‍ഫുകള്‍ സ്ഥാപിച്ചുവരുന്നത്.  ഇതൊരു കച്ചവടം മാത്രമാണ് ഉദ്ദേശമെങ്കില്‍ ഫുട്‌ബോളിന് വളര്‍ച്ചയുണ്ടാവില്ല. 


എന്ത് കൊണ്ട് കേരള വനിതകള്‍ അടുത്ത ലോകകപ്പ് ടീമില്‍ ഉള്‍പെട്ടില്ല….?

കേരളത്തിലെ വനിതാ ഫുട്‌ബോള്‍ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്.  കേരളത്തില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല.  കോച്ചിങ് സെന്ററുകള്‍ കുറവാണ്. ഇത് നമുക്ക് പരിശോധിച്ചാല്‍ കാണാനാവും. കോഴിക്കോട് മാത്രമാണ് പെണ്‍കുട്ടികള്‍ക്കായി പരിശീലനമുള്ളത്. ആണ്‍കുട്ടികളുടെ പരിശീലനം പോലും വ്യവസ്ഥാപിതമല്ല. അപ്പോപ്പിന്നെ വനിതകളുടെ കാര്യം പറയേണ്ടല്ലോ..? കേരളത്തില്‍ ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഞാനാണ് കേരള ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിച്ചത്. അന്ന് ടീമിനെ സെമിയിലെത്തിച്ചു. ഇതിന് ശേഷം കേരളം യോഗ്യത പോലും നേടിയിട്ടില്ല. സുബ്രതോ കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ വനിതകളെ ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും സ്‌കൂളുകളുടെ പ്രാതിനിധ്യം കുറവാണ്.  പങ്കെടുക്കുക എന്നതില്‍ കവിഞ്ഞുള്ള കാര്യഗൗരവം  ഇത്തരം സ്‌കുളുകള്‍ക്കില്ല. ഇങ്ങിനെ മത്സരിക്കാന്‍  പോലും വൈമുഖം കാണിക്കുന്ന കേരള താരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തണമെന്ന് ആശിച്ചിട്ട്  പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതു കൊണ്ടുതന്നെ അടുത്ത അണ്ടര്‍-17 വനിതാ ലോകകപ്പ് ടീമില്‍ മലയാളിയില്ലെന്ന നിരാശയില്‍ അര്‍ത്ഥമില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉടന്‍ കാസര്‍കോഡ് അക്കാദമി തുടങ്ങുന്നുണ്ട്. ഇത് കേരളത്തില്‍ ഒരു മാറ്റത്തിന് തുടക്കമിടും.  

പുരുഷ ഫുട്‌ബോള്‍ പിന്നോട്ടാണോ..?

ഐലീഗിനും ഐഎസ്എലിനും അണ്ടര്‍-17 ലോകകപ്പിനും ശേഷം ഇന്ത്യന്‍ ടീമിന്റെ നിലവാരത്തില്‍ പിന്നാക്കം പോയിട്ടില്ല.  അതേസമയം നിലവാര ഉയര്‍ച്ച കുറവാണോ എന്ന് ചോദിച്ചാല്‍ ഇത് കാലക്രമേണയേ ഉണ്ടാവൂ. ഇതിന്  ഒരു പക്ഷെ നാം അടുത്ത ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വരും.  ഇപ്പോഴുള്ള അണ്ടര്‍- 15 ടീം മികച്ച പ്രകടനം നടത്തുന്നുണ്ട്.  നേരത്തെ ബിബിയാനോയുടെ നേതൃത്വത്തിലുള്ള അണ്ടര്‍-16 ടീമിന് യോഗ്യത നേടാനായില്ലെങ്കിലും കൊറിയയുമായി മരണപ്പോരാട്ടം നടത്തിയാണ് കീഴടങ്ങിയത്. ഇന്ത്യക്ക് ഏഷ്യന്‍ നിലവാരത്തിലെത്തണമെങ്കില്‍ കൊറിയ, ഇറാന്‍, ജപ്പാന്‍ പോലുള്ള ടീമുകള്‍ക്കെതിരെയുള്ള മത്സരം എത്രത്തോളം വിജയിക്കാനാവുമെന്നതിനനുസരിച്ചാവും കാര്യങ്ങള്‍. 

സായ് കേന്ദ്രത്തെ മലയാളികള്‍ അവഗണിക്കുന്നുണ്ടോ…?

 മുമ്പ് സായ് ഹോസ്റ്റലുകളില്‍ മികച്ച പരിശീലനവും ഭക്ഷണവും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സായിയേക്കാള്‍ മുന്നിലാണ്.  മാത്രമല്ല ഇന്ന് സ്വകാര്യ അക്കാദമികള്‍ കൂടുതലുണ്ട്. അതിനനുസരിച്ചുള്ള  സൗകര്യപ്പെടുത്തലുകളുടെ കുറവ് മൂലം സായിയില്‍ പരിശീലിക്കാന്‍ മലയാളികള്‍ക്ക് താല്‍പര്യമില്ല. നേരത്തെ  ഗ്രാമീണ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി സായ്  സ്ഥാപിച്ച എസ്പിഡിഎ ആസൂത്രണ പിഴവ് കൊണ്ടോ എന്തോ അവസാനിപ്പിച്ചിരുന്നു.  സായ് പിന്തുടരുന്ന പഴയ കാലത്തെ പരിശീലന രീതിയൊന്നും ഇന്ന്  പുതു തലമുറയിലെ കുട്ടികള്‍ക്ക് വേണ്ട പകരം  സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും സ്വകാര്യ അക്കാദമികളുടേയും കൃത്യമാര്‍ന്ന പരിശീലനത്തിന് പിറകെയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മികച്ച ഭക്ഷണവും പരിശീലനവുമായി  മാറിക്കഴിഞ്ഞു. വിഷന്‍ ഇന്ത്യാ പ്രൊജക്ടടക്കമുള്ളവ ഉദാഹരണമാണ്. ഇപ്പോള്‍ കേരളത്തിലുള്ള കൗമാരതാരങ്ങളില്‍ പലരും വിഷന്‍ പ്രൊജക്ടിലൂടെ വന്നവരാണ്. 

ഇയാന്‍ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീം ….? 

എന്റെ സഹ പരിശീലനത്തില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീം ഇയാന്‍ കപ്പില്‍ അര്‍ജന്റീനയുടെ റിവര്‍ പ്ലേറ്റ്, ബ്രസീലിലെ ബോട്ടോ ഫോഗോ, ഉക്രൈന്‍  ടീമുകള്‍ക്കെതിരെ   കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് ഏഷ്യന്‍കപ്പില്‍ യോഗ്യത നേടാനായിട്ടില്ലെങ്കിലും കരുത്തരായ പല ക്ലബ്ബുകളേയും തകര്‍ത്തിട്ടുണ്ട്.   സുബ്രതോ പാല്‍, ഗൗരവ് മാംഗീ സിംങ്, സുബാശിഷ് റോയ്, ദേവ് പ്രതാപ്, തുടങ്ങിയവര്‍  അന്നത്തെ സമ്പത്താണ്.   സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ചിട്ടയായ  പരിശീലന പാതയാണ് ഞാനും  പിന്തുടര്‍ന്നത്. മാത്രമല്ല അന്നത്തെ ടീം  ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുമായി നടന്ന പരിശീലന മത്സരങ്ങളിലൊക്കെയും തൊണ്ണൂറ്റൊപന്‍പത് ശതമാനവും വിജയിച്ചിരുന്നു.  


സന്തോഷ് ട്രോഫി-അവസരം നിഷേധിച്ചെങ്കില്‍ പരിശോധിക്കണം

ഫുട്‌ബോള്‍ വിശ്വാസത്തിന്റേയും കൂടി കളിയാണ്. നമ്മള്‍ പെര്‍ഫക്ട് ആവണം. എങ്കില്‍ മാത്രമേ ടീമിന് മുന്നേറാനാവുകയുള്ളൂ.  ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയില്‍ 11 പേര്‍ കളിച്ചിട്ട്  കേരളത്തിന് ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനായില്ലയെന്നത് ദുഃഖകരമാണ്.   എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ സമ്മര്‍ദ്ദങ്ങളോ ഇടപെടലുകളോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞ രീതിയില്‍ തന്നെ കുട്ടികള്‍  ഒത്തൊരുമയോടെ കളിച്ചു. അതുവഴി 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനും കഴിഞ്ഞു. അതേസമയം നല്ല താരങ്ങള്‍  ടീമിന് പുറത്തു പോയെങ്കില്‍ നിലവാരത്തകര്‍ച്ച അവരുടെ ദോഷഫലമാവാനും സാധ്യതയുണ്ട്.  മികച്ച കളിക്കാര്‍ക്ക് അവസരം ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധിക്കണം.  

പ്രഫഷണല്‍ രംഗത്തേക്ക് തല്‍ക്കാലമില്ല.  

ഗോകുലം എഫ്‌സിയിലൂടെ പ്രഫഷണല്‍ രംഗത്തേക്ക് വരാനുള്ള ശ്രമം നിരാശാജനകമായിരുന്നു. രണ്ട് മാസം മാത്രമാണ് അസി. കോച്ചായി ഗോകുലം എഫ്‌സിയില്‍ ചേര്‍ന്നത്. ടീമിനകത്തുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. എന്നാല്‍ എന്റെ സാഹചര്യമോ അവരുടെ സാഹചര്യമോ പൊരുത്തപ്പെട്ടുപോവാത്താതിനാല്‍ ഞാന്‍ നിര്‍ത്തി. ഒരിടത്ത് ഉറച്ചു നില്‍ക്കുകയെന്നതാണ് എന്റെ രീതി. കാലിക്കറ്റില്‍ തന്നെ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റ് നടന്നതിനാലാണ് കാലിക്കറ്റിനേയും കേരള ടീമിനേയും ഒരുമിച്ച്  പരിശീലിപ്പിച്ചത്.   രണ്ട് ടീമിനേയും ചാംപ്യന്‍മാരാക്കുകയും ചെയ്തു.  ഇപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതല മാത്രം നിര്‍വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. 


സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനുമായും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്
.   

പരിശീലനത്തില്‍ ഞാനൊരു തിരുത്തല്‍ വാദിയൊന്നുമല്ല. അതേസമയം ചെയ്യേണ്ട കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ഇത് മറ്റുള്ളവര്‍ ചെയ്യുന്നില്ല. ഇത് ചോദ്യം ചെയ്യുന്നതാണ്  എന്നെ  തിരുത്തല്‍ വാദിയാക്കുന്നത്.  എന്നെ സംബന്ധിച്ചിടത്തോളം കഴിവുള്ളവരെ ഞാന്‍ പരിഗണിക്കും. ടീമില്‍ അനധികൃതമായി ഇടപെടുന്നത് എനിക്കിഷ്ടമില്ല.  കഴിവുണ്ടായിട്ടും അവസരം കിട്ടാതെ പോവുന്നവരെ  ഞാന്‍ കണ്ടെത്തി പരിഗണിക്കാറുണ്ട്.   കാര്യപ്രസക്തമായ തെറ്റുകള്‍ ആരു പറഞ്ഞാലും ഞാന്‍ തിരുത്തും. ഇത് ഉന്നതരാണോ,  ഇന്ത്യന്‍ ടീമിലാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല.
ഞാനും കോണ്‍സ്റ്റൈനുമായി പല പ്രാവശ്യം വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ട്.  എന്നാല്‍ ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി ടീമിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയതിട്ടുള്ളത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരം തന്നെ മാറണമെന്ന ആസ്‌ത്രേലിയന്‍ പരിശീലകന്റെ അഭിപ്രായത്തെ തിരുത്തിയതിന് എന്നെ മനപൂര്‍വ്വം പരീക്ഷയില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഫുടബോള്‍ സംസ്‌കാരം മാറ്റാം. എന്നാല്‍ ഒരു രാജ്യത്തിന്റെ സംസ്‌കാരം മാറണമെന്ന അഭിപ്രായം ഞാന്‍ അംഗീകരിച്ചില്ല.  പരീക്ഷ വിജയിച്ച്  ഞാനതിന് പ്രതികാരം ചെയ്യുകയും ചെയ്തു.  അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് മൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും വഴി മാറിപ്പോയിട്ടുണ്ട്.  14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടും മികച്ച പരിശീലകനായി  പരിഗണിക്കാത്തത് ഉദാഹരണം. ഒരു സമയത്ത് അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതിരുന്നിട്ട് പോലും ഞാന്‍ അവഗണിക്കപ്പെട്ടു. മാനദണ്ഡമാണ് പരിഗണിക്കുന്നതെങ്കില്‍ അതു പരിശോധിക്കണം. അല്ലാതെ പരിശീലനത്തിനിടയിലെ അഭിപ്രായ വ്യത്യാസം മുഖവിലക്കെടുത്ത് ഒരാളെ കൊള്ളരുതാത്തവനെന്ന് മുദ്രകുത്താന്‍ പാടില്ല. ഞാന്‍ രാഷ്ട്രീയ നേതാവൊന്നുല്ല, എന്റെ ജോലി പരിശീലനമാണ്. കിട്ടാനുള്ളത് ചോദിക്കാതെ ലഭിക്കണമെന്നതാണ് എന്റെ പോളിസി. 
 
അധ്വാനിക്കുന്ന കായിക താരങ്ങള്‍ എപ്പോഴും ഇടതു ചിന്താഗതിയുള്ളവര്‍

 കായിക താരങ്ങള്‍ അധ്വാനിക്കുന്ന വിഭാഗമാണ്. അതു കൊണ്ടു തന്നെ ഈ അധ്വാനവര്‍ഗ്ഗത്തിന്റെ ചിന്ത എപ്പോഴും ഇടതിനൊടൊപ്പമാവും. ഞാനും ഈ ചിന്താഗതിക്കാരനാണ്. അല്ലാതെ കോഴ്‌സിന്റെ ഭാഗമായി ക്യൂബ സന്ദര്‍ശിച്ചത് കൊണ്ടല്ല ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായത്. ക്യൂബയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നത്. സര്‍ക്കാറിന് തിരിച്ച് അധ്വാനത്തിലൂടെ ഇതിനുള്ള പ്രതിഫലം തിരിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിലിന്ന് സര്‍ക്കാരില്‍ നിന്നും ഇങ്ങോട്ടു വാങ്ങുന്നതല്ലാതെ സര്‍ക്കാറിനായി ഒന്നും തിരിച്ചു കൊടുക്കുന്നില്ല.  നേതാക്കളാരെന്ന് നോക്കി നമ്മുടെ  മനസ്സിലെ ചിന്ത മാറാന്‍ പാടില്ല. ഞാന്‍ പാരമ്പര്യമായി ഇടത് പ്രസ്ഥാനവുമായി ചേര്‍ന്നു നില്‍ക്കുന്നയാളും കൂടിയാണ്. സതീവന്‍ ബാലന്‍ പറഞ്ഞവസാനിപ്പിച്ചു. 

സന്തോഷ് ട്രോഫി ടീമിന്റെ ദുരന്തത്തിന് പിന്നില്‍ എസ്ബിഐ-കെഎഫ്എ ലോബിയെന്ന് 

ടി പി ജലാല്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ 2017ലെപ്പോലെ ഇത്തവണയും  എസ്ബിഐ-കെഎഫ്എ  നടത്തിയ പക്ഷപാതിത്വം നിറഞ്ഞ ടീം സെലക്ഷനാണ് കേരളത്തിന് ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയൊരുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 2016ലും 2017ലും സമാന  രീതിയില്‍ സെലക്ഷന്‍ നടത്തിയത് വിവാദമായിരുന്നെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ പിടിപാടുള്ളവര്‍ ഇത്തവണയും തയ്യാറായില്ല.   

സെലക്ഷനിലെ പക വിവിധ ജില്ലകളോടുള്ള പകപോക്കലുകളും ടീമിന്റെ ദുരന്തം ആരംഭിച്ചതെന്നാണ് കായിക നീരീക്ഷകരുടെ കണ്ടെത്തല്‍. സീനിയര്‍ ഡിസ്ട്രിക്  താരങ്ങളെ തഴഞ്ഞാണ് ബാങ്ക് ടീമില്‍ നിന്നും നിലവാരമില്ലാത്തവരെ  ടീമിലെടുത്തതാണ് പരാതിക്കടിസ്ഥാനമായിട്ടുള്ളത്.   ഇത്തരം വളഞ്ഞ വഴിക്ക് കെഎഫ്എയുടെ പിന്തുണയും സെലക്ടര്‍മാര്‍ക്ക്  ലഭിക്കുന്നുണ്ടെന്നാണ് വിവരം.  തങ്ങളുടെ കൂടുതല്‍ താരങ്ങളെ കേരള ടീമിലെടുത്താല്‍ ജോലിക്കയറ്റത്തിനും ബാങ്കിന്റെ അനുമോദനവും ലഭിക്കുന്നുണ്ടത്രെ.  


ഇത്തവണ ഏഴു ബാങ്ക് താരങ്ങളെയാണ്  ടീമിലെടുത്തത്.  2017ല്‍ എസ്ബിഐയുടെ എട്ടുപേരെ ടീമിലെടുത്തപ്പോള്‍ കോച്ചിന്   വന്‍ സ്വീകരണമാണ് നല്‍കിയത്.   അന്ന് ഭാഗ്യത്തിനാണ് സെമിഫൈനല്‍വരെ എത്തിയത്. അതു തന്നെ ജോലിയില്ലാത്ത ടീമംഗങ്ങളുടെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുമായിരുന്നുവെന്ന ഫുട്‌ബോള്‍ പ്രേമികളുടെ അടക്കം പറച്ചില്‍. എന്നാല്‍ ഇത്തവണത്തെ പ്രാര്‍ത്ഥന ഒരു പക്ഷേ അവഗണിക്കപ്പെട്ട മികച്ച താരങ്ങളുടേതാവാമെന്നും ഇവര്‍ തന്നെ പറയുന്നു. സീനിയര്‍ സ്റ്റേറ്റ് കളിച്ച പലരേയും തഴഞ്ഞാണ് കേരള പ്രീമിയര്‍ ലീഗില്‍ പോലും ചക്ര ശ്വാസം വലിക്കുന്ന ബാങ്ക് ടീമില്‍ നിന്നും കൂടുതല്‍ പേരെ നിലനിര്‍ത്തിയത്.    കെപിഎല്‍ നിര്‍ത്തി വെച്ച്  കൂടുതല്‍ പരിശീലന മത്സരം നടത്താതെ തട്ടിക്കൂട്ട്  ടീമാണുണ്ടാക്കിയത്. 

2017ലെ ടീം സെലക്ഷനും ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും സെമിയിലെത്തിയതോടെ വലിയ വിവാദങ്ങളില്ലാതെ കടന്നു പോയി.  അന്ന്  കഷ്ടിച്ചാണ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് നടന്ന പ്രാഥമിക മത്സരങ്ങളില്‍ ആന്ധ്രയോടും പോണ്ടിച്ചേരിയോടും വിജയിച്ചു. കര്‍ണാടകയുമായി സമനിലയിലൂടെ കഷ്ടിച്ച്  യോഗ്യത നേടിയ ശേഷം ടീം മികച്ച കളി കാഴ്ച വെച്ചുവെന്നായിരുന്നു കോച്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ ദുര്‍ബല ടീമുകള്‍ക്കെതിരെയല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കളി കണ്ടില്ലെന്ന് പറഞ്ഞ് കോച്ച് രോഷത്തോടെ കളം വിട്ടത് വിവാദമായിരുന്നു. ശേഷം രോഷം കളിക്കാരുടെ മേല്‍ ചൊരിഞ്ഞ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് തീര്‍ത്തു.  അന്ന് മികച്ച ഫോമിലുണ്ടായിരുന്ന രണ്ട് കോഴിക്കോട് താരങ്ങളെ പുറത്തിരുത്തിയതും വൈ.ക്യാപ്റ്റനെ 10 മിനിറ്റ് മാത്രം കളിപ്പിച്ചതും താരങ്ങളുടെ ഭാവി ഓര്‍ത്താണ്  പ്രതികരിക്കാതിരുന്നതെന്ന് ജില്ലക്കാര്‍ പറയുന്നു. 2017ല്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച ഡിഫന്ററായിരുന്ന താരത്തെ ഗോവയില്‍ ഒരു അപ്രധാന മത്സരത്തിലാണ്  കളിപ്പിച്ചത്. മത്സരത്തില്‍ നിന്നും താരങ്ങളെ തഴയുന്നത് അച്ചടക്ക നടപടിയായി കാണാറുണ്ട്.  എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കളിപ്പിക്കാതിരിക്കുന്നതാണത്രെ കേരള ടീമിലെ അച്ചടക്കം.  അവസരം കൊടുക്കാതെ  ഫോമില്ലെന്ന് പറഞ്ഞ്  തഴയുന്ന രീതി  താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഇവര്‍ക്ക് പരിക്കാണെന്ന് മാധ്യമങ്ങളോട് പറയുക. മത്സരത്തിന് മുമ്പേ ടീമുകള്‍ ദുര്‍ബലരാണെങ്കിലും  ശക്തരാണെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുക്കുക തുടങ്ങിയതാണ് തന്ത്രം.

ഇത്തവണ തെലങ്കാന,പോണ്ടിച്ചേരി,സര്‍വീസസ് ടീമുകളുള്ള ഗ്രൂപ്പ് കടുത്തതാണെന്നായിരുന്നു കാരണമായി പറഞ്ഞത്.  അതേസമയം കിട്ടാവുന്നതില്‍ മികച്ച ടീമാണെന്നാണ് കളിക്ക് പുറപ്പെടും മുമ്പ്  പറയുകയും ചെയ്തു.  എന്നാലിപ്പോള്‍  അധികൃതര്‍  ഉള്‍വലിഞ്ഞിരിക്കുകയാണ്.  1990 കളില്‍ കൂടുതല്‍ കേരള പോലീസ് താരങ്ങളെ ടീമിലെടുത്തത് വിവാദമായിരുന്നുവെങ്കിലും അന്ന് മികച്ച ഫോമിലുള്ള പോലീസ് താരങ്ങളെ ആര്‍ക്കും മറക്കാനാവില്ല.  എന്നാല്‍ മുന്‍ കോച്ച് നജീബിന്റെ നല്ല നാളുകള്‍ക്ക് ശേഷം എസ്ബിഐയുടെ പേര് മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളു. ഇപ്പോള്‍ കെപിഎലില്‍ പോലും നിലവാരമില്ലാത്ത ഈ ടീമില്‍ നിന്നാണ് താരങ്ങളെ തിരുകിക്കയറ്റുന്നത്.   

കേരള ടീം മാത്രമാണ് സന്തോഷ് ട്രോഫിയെ വളരെ ഗൗരമായി കാണുന്നത്. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ വള്ളിക്കെട്ടുകളില്‍ തപ്പിത്തടയുന്നതാണ് പതിവ്.  മുമ്പ് മറ്റു സംസ്ഥാനത്തുള്ള മലയാളികളെ പോലും സ്വാധീനമുപയോഗിച്ച് ടീമിലെത്തിച്ചിരുന്നു. എന്നാലിന്ന് ഐലീഗ് താരങ്ങള്‍ക്ക് അവസരമില്ലെന്നിരിക്കെ അന്തര്‍ ജില്ലാ താരങ്ങളെപ്പോലും എടുക്കാന്‍  കെഎഫ്എയുടെ സെലക്ഷന്‍ കമ്മിറ്റി തയ്യറായില്ല. ഇത്തവണ ഒന്നും രണ്ടും  ടോപ് സ്‌കോറര്‍മാര്‍ക്കോ, മികച്ച ഫോര്‍വേര്‍ഡിനൊ ടീമിലിടം കിട്ടാത്തത് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഊഹിക്കാവുന്നതാണ്. ചുരുക്കത്തില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഡിപാര്‍ട്ട്‌മെന്റ് കളിക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ഇതിന് വ്യത്യാസമായി ടീമിനെ തിരഞ്ഞെടുത്തത്. ഇതിന്റെ പ്രതിഫലനം ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.     

ടീം സെലക്ഷനിലെ പക്ഷപാതിത്വം മൂലം താരങ്ങളുടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തുടരുകയാണ്.   കേരള താരങ്ങളുടെ വരവ്  തെലങ്കാന, പോണ്ടിച്ചേരി, കര്‍ണാടക,തമിഴ്‌നാട്,പഞ്ചാബ്,സര്‍വീസസ്, ദാമന്‍ ദ്യുടീമുകള്‍ക്ക്  ഊര്‍ജ്ജസ്വലത കൈവന്നിട്ടുണ്ട്.  2012 മുതല്‍ മലയാളി താരങ്ങള്‍ ടീമിലെത്തുന്നത് കരുത്തായെന്ന് പ്രബലരായ സര്‍വീസസ് കോച്ച് പോലും സമ്മതിക്കുന്നുണ്ട്.  ഫുട്‌ബോളിനെ ചവിട്ടിയരക്കുന്ന  നാലാം കിട തന്ത്രം പ്രയോഗിക്കുന്നതാണ് പല പ്രമുഖ താരങ്ങളേയും കേരളം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുന്‍ അന്താരാഷ്ട്രാ താരം പറഞ്ഞു. 

Exit mobile version