വിംബിൾഡൺ: വനിതാ സെമി ലൈനപ്പായി

വിംബിൾഡൻ വനിതാ വിഭാഗത്തിൽ സെമി ലൈനപ്പ് പൂർത്തിയായി. 7 തവണ ചാമ്പ്യനും, ഏറ്റവും അധികം ഗ്രാൻഡ്സ്ലാം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനോട് അടുക്കുന്ന സെറീന വില്ല്യംസ് സെമിയിൽ കടന്നിട്ടുണ്ട്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു സെറീനയുടെ തിരിച്ച് വരവ്. സ്‌കോർ 3-6, 6-3, 6-4. നിലവിൽ 23 ഗ്രാൻഡ്സ്ലാം വിജയങ്ങളാണ് സെറീനയുടെ പേരിൽ ഉള്ളത്. മറ്റു മത്സരങ്ങളിൽ പഴയ ഫോമിലേക്ക് ഉയർന്ന മുൻ ഒന്നാം നമ്പർ താരം കെർബർ, ജോർജസ്, ഒസ്റ്റാപെങ്കൊ എന്നിവർ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഒസ്റ്റാപെങ്കൊ കെർബറേയും, സെറീന ജോർജസിനെയുമാണ് സെമിയിൽ നേരിടുക. വ്യാഴാഴ്ചയാണ് മത്സരങ്ങൾ.

പൂർത്തിയാകാതിരുന്ന ഏക പുരുഷ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനയുടെ ഡെൽപോട്രോ ഫ്രാൻസിന്റെ സിമോണിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ശരൺ സിടാക് സഖ്യം ക്വാർട്ടർ ഫൈനലിൽ വീണു. കഴിഞ്ഞ മത്സരത്തേത് പോലെ ആദ്യ രണ്ട് സെറ്റുകൾ അടിയറ വച്ച് മൂന്നാം സെറ്റ് സ്വന്തമാക്കി തിരിച്ചു വരുമെന്ന് തോന്നിപ്പിച്ചെങ്കിലും നാലാം സെറ്റിൽ പിഴച്ചതോടെ ഇന്തോ-ഓസ്‌ട്രേലിയൻ ജോഡി പുറത്തായി. ഇന്ന് നടക്കുന്ന പുരുഷ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റോജർ ഫെഡറർ ആൻഡേഴ്‌സണെയും, നദാൽ ഡെൽപോട്രോയെയും, ജോക്കോവിച്ച് നിഷിക്കോരിയെയും, റയോനിച്ച് ഇസ്‌നറെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ, നദാൽ ക്വാർട്ടറിൽ

വനിതാ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യ പത്തിലെ അവശേഷിച്ചിരുന്ന ഏക സീഡായ പ്ലിസ്‌കോവയും വീണപ്പോൾ പുരുഷന്മാരിൽ മുൻ നിര താരങ്ങൾ പരിക്കില്ലാതെ ജയിച്ചു കയറി. ഒന്നാം സീഡ് ഫെഡറർ മന്നാറിനോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി വിജയം നേടിയപ്പോൾ ഏറെക്കാലത്തിന് ശേഷം പുൽകോർട്ടിൽ ഫോം കണ്ടെത്തിയ നദാൽ സീഡ് ചെയ്യപ്പെടാത്ത വെസ്‌ലിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

മറ്റു മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച്, റയോനിച്ച്, കെവിൻ ആൻഡേഴ്‌സൺ, ജോൺ ഇസ്‌നർ, നിഷിക്കോരി എന്നിവർ വിജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി. ഡെൽപോട്രോ×സിമോൺ മത്സരം മഴ മൂലം ഇന്നേക്ക് മാറ്റിവച്ചു. ഇതുവരെ കളിച്ച മൂന്ന് സെറ്റുകളിൽ ഡെൽപോട്രോ 2-1 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോഴാണ് മഴ എത്തിയത്.

വനിതകളിൽ ഏഴുത്തവണ ചാമ്പ്യനായ സെറീന വില്ല്യംസ്, മുൻ ഒന്നാം നമ്പർ കെർബർ, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, സിബുൽക്കോവ, ജോർജസ്, ജ്യോർഗി, ബ്രിട്ടൻസ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിംബിൾഡൺ ഫൈനൽ മാറ്റിവയ്ക്കില്ല

ഇംഗ്ലണ്ട് ദേശീയ ടീം ഫൈനലിൽ എത്തിയാലും വിംബിൾഡണിലെ പുരുഷ ഫൈനൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പുരുഷ ഫൈനലിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷം ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരവും നടക്കും. സാധാരണ പുരുഷ ഫൈനലുകൾ മൂന്നും നാലും മണിക്കൂറുകൾ സമയത്തോളം നടക്കാറുണ്ട് എന്നതിനാൽ തന്നെ വേൾഡ്കപ്പ് ഫുട്‌ബോളിന്റെ ഫൈനൽ വിംബിൾഡൺ കാണാൻ വരുന്നവർക്ക് കാണാൻ സാധിക്കാതെ വന്നേക്കും.

1966 ൽ ചാമ്പ്യന്മാരായ ശേഷം ഒരിക്കൽ കൂടെ ജയിക്കാനുള്ള സുവർണ്ണാവസരമാണ് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന് ഇത്തവണത്തെ റഷ്യൻ വേൾഡ്കപ്പ്. ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റു പോയെന്നും ഒരാൾ പോലും ഇതിന്റെ പേരിൽ ഒരു പരാതി പോലും ഉന്നയിച്ചിട്ടില്ല എന്നതും വേണം എന്നുള്ളവർക്ക് ഫ്രീവൈഫൈയിൽ ശബ്ദമില്ലാതെ മത്സരം ആസ്വദിക്കാവുന്നതാണെന്നും ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബിന്റെ തലവൻ റിച്ചാർഡ് ലൂയിസ്‌ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പീപ്പിൾസ് സണ്ടേ കഴിഞ്ഞു, ഇന്ന് മാനിച്ച് മണ്ടേ

ഉത്സവങ്ങളിലെ ചിട്ടയായ ആചാരങ്ങൾ എന്ന് പറയും പോലെ എല്ലാത്തിനും സവിശേഷമായ ചില ആചാരങ്ങളുണ്ട്, ഏറ്റവും പഴക്കമുള്ള ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്. അത് വസ്ത്രമാകട്ടെ, സീഡിംഗ് ആവട്ടെ അങ്ങനെ എന്തും വ്യത്യസ്തമാണ് ഈ പച്ച പുൽകോർട്ടിൽ. ടൂർണമെന്റിന്റെ പകുതിയിൽ വരുന്ന ഞായർ മത്സരങ്ങൾ നടക്കാത്ത ദിവസമാണ്. മറ്റ് മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും ഞായർ ദിവസവും മത്സരങ്ങൾ തുടരാറുണ്ട്. എന്നാൽ പീപ്പിൾസ് സണ്ടേ എന്ന്‌ അറിയപ്പെടുന്ന വിംബിൾഡൺ ടെന്നീസിന്റെ ഇടയ്ക്ക് വരുന്ന ഞായർ മത്സരങ്ങൾ ഉണ്ടാകാറില്ല.

എന്നാൽ കാലാവസ്ഥ മോശമായ കുറച്ച് വർഷങ്ങളിൽ ഈ ദിവസങ്ങളിൽ മത്സരങ്ങൾ നടന്നിട്ടുണ്ട്. ആരാധകർക്ക് കൂടുതൽ ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും എന്നതാണ് പീപ്പിൾ സണ്ടേയുടെ പ്രത്യേകത. എന്നാൽ സെന്റർ കോർട്ടിന്‌ റൂഫ് വന്നതോടെ വലിയ താരങ്ങളുടെ കളി കാണുക എന്നത് ഇനി സാധാരണക്കാർക്ക് അസാധ്യമായി തന്നെ തുടരും.

ഈ ഇടവേളക്ക് ശേഷം വരുന്ന തിങ്കൾ ‘മാനിച്ച് മണ്ടേ’ എന്നാണ് വിംബിൾഡണിൽ അറിയപ്പെടുന്നത്. പ്രീക്വാർട്ടർ മത്സരങ്ങൾ എല്ലാം അരങ്ങേറുക ഈ ഒരൊറ്റ ദിവസമാണ് എന്നത് കൊണ്ട് തന്നെ മണ്ടേ ടിക്കറ്റിന് വില അല്പം കൂടുകയും ചെയ്യും. ഒരു ദിവസം എല്ലാ പ്രമുഖ മത്സരങ്ങളും കാണാം എന്നത് കൊണ്ട് തന്നെ വിംബിൾഡണിലെ ഏറ്റവും മികച്ച ദിവസം ‘മാനിച്ച് മണ്ടേ’ ആണെന്നാണ് പ്രമുഖ ടെന്നീസ് താരങ്ങളായ ബെർഡിച്ചും, ജോക്കോവിച്ചും പോലുള്ള താരങ്ങൾ അഭിപ്രായപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെന്നീസിലും വേൾഡ്കപ്പ് ട്രെന്റ് !

വന്മരങ്ങൾ കട പുഴകി വീഴുന്ന ഫുട്‌ബോൾ വേൾഡ് കപ്പ് ട്രെന്റ് വിംബിൾഡൺ ടെന്നീസിനേയും ബാധിച്ചെന്ന് വേണം കരുതാൻ. വനിതാ വിഭാഗത്തിൽ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് വെറും ഒരേയൊരു താരമാണ്! ഏഴാം സീഡ് പ്ലിസ്ക്കോവ. പുരുഷന്മാരിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ പത്തിൽ നിന്ന് ഇതുവരെ കൊഴിഞ്ഞത് ആറ് താരങ്ങളാണ്. ടൂർണമെന്റ് ഇപ്പോഴും പ്രീ ക്വാർട്ടർ മത്സരങ്ങളോളം മാത്രം ചെറുപ്പമാണെന്ന് ഓർക്കണം.

വർഷത്തിലെ ആകെ നാലു ഗ്രാൻഡ്സ്ലാമുകളിൽ മൂന്നിൽ നിന്നും വ്യത്യസ്തമാണ് വിംബിൾഡണിലെ സീഡിംഗ് സിസ്റ്റം. ആദ്യ ഗ്രാൻഡ്സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പൺ, രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ, നാലാമത്തേതും അവസാനത്തേതുമായ യുഎസ് ഓപ്പൺ എന്നിവയിലൊക്കെ യഥാക്രമം എടിപി, ഡബ്ള്യുടിഎ റാങ്കിങ് അനുസരിച്ച് പുരുഷൻമാരുടെയും, വനിതകളുടെയും സീഡിംഗ് തീരുമാനിക്കുമ്പോൾ വിംബിൾൺ പിന്തുടരുന്നത് വേറിട്ട രീതിയാണ്. വിംബിൾഡണിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിലെ ഫോം വരെ ഇവിടെ കണക്കിലെടുക്കും എന്നതാണ് പ്രത്യേകത. ഏറ്റവും പഴക്കമുള്ള പുൽകോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമിന് അതിന്റെതായ ചില പാരമ്പര്യ സമ്പ്രദായങ്ങളുണ്ട്. ഫ്രഞ്ച് ഓപ്പൺ ജയിച്ച് ചരിത്രം സൃഷ്ടിച്ച് നിൽക്കുന്ന ഒന്നാം നമ്പറായ റാഫേൽ നദാൽ ടൂർണമെന്റിൽ രണ്ടാം സീഡ് ആയതും, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റോജർ ഫെഡറർ ഒന്നാം സീഡായതും, പ്രൊഫഷണൽ മത്സരങ്ങളിലേക്ക് തിരികെ എത്തിയ റാങ്കിങ്ങിൽ പുറകെ സെറീനയ്ക്ക് 25 സീഡ് നൽകിയതും പിന്തുടരുന്ന രീതിയിലെ പ്രത്യേകത കൊണ്ടാണ്.

ഒരു ടൂർണമെന്റിൽ ആകെ നൽകുന്ന 32 സീഡുകളിൽ സെറീനയെ ഉൾപ്പെടുത്തിയത് മൂലം സീഡില്ലാ താരമായി കളിക്കേണ്ടി വന്ന സിബുൽക്കോവയെ പോലുള്ള താരങ്ങൾ ഈ വേറിട്ട സീഡിങ്ങിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. പരിക്കിൽ നിന്ന് മുക്തരായി എത്തിയ നല്ല കളിക്കാരെ ആദ്യ റൗണ്ടിൽ ഇപ്പഴത്തെ റാങ്കിങ്ങിന് മുന്നിൽ നിൽക്കുന്ന കളിക്കാരെ നൽകിയ ഡ്രോക്കെതിരെ ആദ്യ റൗണ്ടിൽ പുറത്തായ ദിമിത്രോവും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് മുന്നേ വെള്ള വസ്ത്രമെന്ന ചിട്ടയായ രീതിക്കെതിരെ അഭിപ്രായ വ്യത്യാസം അറിയിച്ച റോജർ ഫെഡററെ പോലുള്ള കളിക്കാരെ പോലും അവഗണിച്ച പാരമ്പര്യമുള്ള വിംബിൾഡണിൽ ഒന്നും മാറാൻ പോകുന്നില്ല എന്നതാണ് സത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാലെപ്പും പുറത്ത്

വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗത്തിൽ മുൻനിര സീഡുകളുടെ പുറത്താവൽ തുടർക്കഥയാകുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. ഇതോടെ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് ഏഴാം സീഡ് പ്ലിസ്ക്കോവ മാത്രമാണ്. ഇത് വിംബിൾഡൺ റെക്കോർഡ് കൂടിയാണ്. തായ്‌വാനിൽ നിന്നുള്ള സീഡില്ലാ താരം ഹേയ്ഷ്‌ ആണ് ഒന്നാം സീഡായ സിമോണയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്തത്.

ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു ഹാലെപ്പിന്റെ തോൽവി. മുൻ ഒന്നാം നമ്പർ താരം കെർബർ, സിബുൽക്കോവ, ബെൻചിച്ച്, സാൻസോവിച്ച്, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, ഉയ്റ്റ്‌വാങ്ക് എന്നിവരും വനിതകളിൽ അവസാന പതിനാറിൽ ഇടം നേടിയിട്ടുണ്ട്.

പുരുഷ വിഭാഗത്തിൽ സാധ്യത കൽപ്പിച്ചിരുന്ന നിക് കൈരൂയിസും, അലക്‌സാണ്ടർ സ്വരേവും ടൂർണമെന്റിൽ നിന്ന് പുറത്തായി. ജപ്പാന്റെ നിഷിക്കോരിയാണ്‌ ഓസ്‌ട്രേലിയൻ താരമായ നിക്കിനെ തോൽപ്പിച്ചത്. അലക്‌സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിൽ അട്ടിമറിച്ചത് ലാത്വിയയുടെ ഏണസ്റ്റ് ഗുൾബിസാണ്. എഡ്മണ്ടിനെ തോൽപിച്ച് ജോക്കോവിച്ചും, മിനോറിനെ തോൽപ്പിച്ച് നദാലും, എബ്‌ഡനെ തോൽപ്പിച്ച് സിമോണും, പെയ്‌റെയെ തോൽപ്പിച്ച് ഡെൽപോട്രോയും അവസാന പതിനാറിൽ എത്തിയിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ സഖ്യം പുറത്തായപ്പോൾ ഇന്തോ ഓസ്‌ട്രേലിയൻ കൂട്ടുകെട്ടായ ശരൺ-സിറ്റാക് സഖ്യം ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെറീന മുന്നോട്ട് വീനസ് പുറത്ത്

വില്ല്യംസ് സഹോദരിമാരിൽ സെറീന വില്ല്യംസ് മുന്നേറിയപ്പോൾ ഒമ്പതാം സീഡ് ചേച്ചി വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് ഒരു മാരത്തോൺ പോരാട്ടത്തിൽ കീഴ്പ്പെടുത്തി അവസാന പതിനാറിൽ എത്തി. സ്‌കോർ 6-2, 6-7, 8-6. മ്ലാഡനോവിച്ചിനെ കടുത്തൊരു പോരാട്ടത്തിൽ 7-5, 7-6 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് മുൻ ചാമ്പ്യനായ സെറീന അവസാന പതിനാറിൽ ഇടം പിടിച്ചത്.

പത്താം സീഡും യുഎസ് ഓപ്പൺ റണ്ണറപ്പുമായ മാഡിസൺ കീസിനെ സീഡില്ലാ താരം റോഡിന അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 5-7, 6-4 എന്ന സ്കോറിനാണ് റോഡിന കീസിനെ തറപറ്റിച്ചത്. മറ്റ് മത്സരങ്ങളിൽ മക്കറോവ, പ്ലിസ്‌കോവ, വെകിച്ച് എന്നിവരും അവസാന പതിനാറിൽ ഇടം നേടി.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ അനായസാം നാലാം റൗണ്ടിൽ എത്തി. സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ തോൽപ്പിച്ചത്. അമേരിക്കയുടെ ഉയരക്കാരൻ ജോൺ ഇസ്‌നർ, അമേരിക്കയുടെ തന്നെ മക്ഡൊണാൾഡ്, മന്നാരിനൊ, മോൺഫിസ്, കെവിൻ ആന്ഡേഴ്സൻ എന്നിവർ അവസാന പതിനാറിൽ ഇടം നേടിയപ്പോൾ ഫാബിയാനോയെ തോൽപ്പിച്ച് ഗ്രീസിന്റെ പത്തൊമ്പത് വയസ്സുകാരൻ സിസിപ്പാസ് ചരിത്രം സൃഷ്ടിച്ചു.

നവീന കാലഘട്ടത്തിൽ ആദ്യമായാണ് ഗ്രീസിൽ നിന്നുള്ള ഒരു താരം ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടക്കുന്നത്. ഇതിന് മുമ്പേ ഗ്രീസിൽ നിന്ന് ആകെ 3 പേര് മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇസ്‌നറാണ് അടുത്ത റൗണ്ടിൽ ഗ്രീസ് താരത്തിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നാം സീഡുകൾ പുറത്ത്

വിംബിൾഡണിൽ പുരുഷ-വനിതാ മൂന്നാം സീഡുകൾ ടൂർണമെന്റിൽ നിന്നും പുറത്തായി. നിലവിലെ വിംബിൾഡൺ ജേത്രിയും, മൂന്നാം സീഡുമായ സ്‌പെയിനിന്റെ മുഗുരുസയെ സീഡ് ചെയ്യപ്പെടാത്ത വാൻ ഉയറ്റ്‌വാങ്ക് ആണ് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു മുഗുരുസയുടെ അപ്രതീക്ഷിത തോൽവി. സ്‌കോർ 7-5, 2-6,1-6. തലേന്ന് മഴ എത്തും മുൻപേ 2 സെറ്റുകൾ നേടി വിജയത്തിലേക്ക് അനായാസം എത്തുമെന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് ഇന്നലെ റണ്ണറപ്പും മൂന്നാം സീഡുമായ സിലിച്ച് തോൽവി ഏറ്റുവാങ്ങിയത്. അർജന്റീനയുടെ പെല്ലയാണ് സിലിച്ചിന് മടക്കട്ടിക്കറ്റ് നൽകിയത്.

മറ്റ് മത്സരങ്ങളിൽ അർജന്റീനയുടെ ഡേവിഡ് ഷ്വാർട്സ്മാൻ, കാനഡയുടെ യുവതാരം ഷോപ്പവലോവ് എന്നിവർക്കും അപ്രതീക്ഷിത തോൽവി നേരിട്ടപ്പോൾ ജോക്കോവിച്ച്, ഡെൽപോട്രോ, നിഷിക്കോരി, കൈരൂയിസ് എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചു.

വനിതകളിൽ ഒന്നാം സീഡ് ഹാലെപ്പ്, കെർബർ, ഒസ്റ്റാപെങ്കൊ എന്നിവർ ജയത്തോടെ മുന്നേറിയപ്പോൾ കോണ്ടേയെ പരാജയപ്പെടുത്തി സിബുൽക്കോവ മുന്നേറി. പുരുഷ ഡബിൾസ് വിഭാഗത്തിൽ സമ്പൂർണ്ണ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ സഖ്യവും, ബൊപ്പണ്ണയുള്ള വാസ്ലിൻ സഖ്യവും ജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ നെടുഞ്ചുഴിയൻ സഖ്യം ടൂർണമെന്റിൽ നിന്ന് പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴ മാറ്റിയെഴുതിയ മത്സരം

മത്സരങ്ങളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില ഇടവേളകൾ അതിന്റെ ഗതി തന്നെ മാറ്റി മറയ്ക്കാറുണ്ട്. ഐപിഎല്ലിലെ സ്ട്രാറ്റജിക് ബ്രേക്ക്, ടെന്നീസിലെ മെഡിക്കൽ ടൈം ഔട്ട്, ഇടയ്ക്ക് ഉണ്ടാകാറുള്ള മഴ ഒക്കെ ഇത് പോലെ ഒരുപാട് മത്സര ഗതികൾ മാറ്റിമറിച്ചിട്ടുണ്ട്. മൊമെന്റം ഷിഫ്റ്റ് എല്ലാം പലതവണ നമ്മൾ കണ്ടിട്ടുമുണ്ട്. അതുപോലൊരു മത്സരമായിരുന്നു വിംബിൾഡണിൽ നടന്നത്.

നിലവിലെ റണ്ണറപ്പും മൂന്നാം സീഡുമായ സിലിച്ച് ഇന്നലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ട് സെറ്റുകൾ നേടി അനായാസ വിജയം നേടുമെന്ന് തോന്നിച്ചപ്പോൾ പെയ്ത മഴ ആ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇന്ന് മത്സരം പുനഃരാരംഭിച്ചപ്പോൾ ഇന്നലെ കണ്ട അർജന്റീനയുടെ പെല്ല ആയിരുന്നില്ല ഇന്നിറങ്ങിയത്.

പരാജയത്തിന്റെ വക്കിൽ നിന്ന് തുടർച്ചയായി മൂന്ന് സെറ്റുകൾ നേടി അർജന്റീനയുടെ ഈ സീഡില്ലാ താരം നേടിയത് കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും. മഴയുടെ ചിറകിലേറി വിജയിച്ച പെല്ല ഇനിയെത്ര ദൂരം സഞ്ചരിക്കുമെന്ന് കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വോസ്‌നോയാക്കി പുറത്ത്

വിംബിൾഡൺ ടെന്നീസിൽ നിന്ന് രണ്ടാം സീഡും ഓസ്‌ട്രേലിയൻ ഓപ്പൺ ജേത്രിയുമായ ഡെന്മാർക്കിന്റ കാരോളിൻ വോസ്‌നിയാക്കി പുറത്തായി. റഷ്യയുടെ മക്കറോവയാണ് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ രണ്ടാം സീഡിനെ അട്ടിമറിച്ചത്. മുപ്പത്തിരണ്ടാം സീഡ് റാഡ്വാൻസ്ക ടൂർണമെൻറിൽ സീഡ് ചെയ്യപ്പെടാത്ത സഫറോവയോട് തോറ്റ് പുറത്തായി. മറ്റുമത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാർ, പ്ലിസ്‌കോവ, മാഡിസൺ കീസ് എന്നിവർ മുന്നേറി.

പുരുഷന്മാരിൽ ഒന്നാം സീഡ് റോജർ ഫെഡറർ അനായാസ ജയത്തോടെ മുന്നേറിയപ്പോൾ ഇവോ കാർലോവിച്ചിനെ മാരത്തോൺ പോരാട്ടത്തിൽ സ്‌ട്രഫ് കീഴടക്കി. റയോനിച്ച്, ക്യൂറെ, മന്നാരിനോ എന്നിവർ ജയിച്ചപ്പോൾ പതിനേഴാം സീഡ് ഫ്രാൻസിന്റെ പൗലിക്ക് പിഴച്ചു. ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ രാജ അടങ്ങിയ സഖ്യവും ടൂർണമെന്റിൽ നിന്ന് പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡൊമിനിക് തിം പുറത്ത്

വിംബിൾഡണിന്റെ രണ്ടാം ദിവസം പ്രമുഖർ എല്ലാം ജയിച്ച് കയറിയപ്പോൾ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പും ഓസ്ട്രിയൻ താരവുമായ ഡൊമിനിക് തിമും, എടിപി വേൾഡ് ടൂർ ഫൈനലിസ്റ്റ് ഡേവിഡ് ഗൊഫിനും പുറത്തായി. മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റ് സൈപ്രസിന്റെ മാർക്കോസ് ബാഗ്ദാദിസ് രണ്ട് സെറ്റുകൾ നേടുകയും മൂന്നാം സെറ്റിൽ 2-0 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോൾ തിം പിന്മാറുകയായിരുന്നു. പത്താം സീഡ് ഡേവിഡ് ഗൊഫിനെ അട്ടിമറിച്ചത് ഓസ്‌ട്രേലിയയുടെ സീഡില്ലാ താരം എബ്‌ഡനാണ്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എബ്‌ഡന്റെ വിജയം. സ്‌പെയിനിന്റെ വേർദാസ്‌കോയും ടൂര്ണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായവരിൽ ഉൾപ്പെടും. അതേസമയം റാഫേൽ നദാൽ, ഡെൽപോട്രോ, കൈരൂയിസ്, ഷ്വാർട്സ്മാൻ, ഷാപവലോവ്, അലക്‌സാണ്ടർ സ്വരേവ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.

വനിതകളിൽ ആറാം സീഡ് ഗാർസിയയെ സീഡില്ലാ സ്വിസ് താരം ബെൻചിച്ച് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെൻചിച്ചിന്റെ വിജയം. ഒന്നാം സീഡ് ഹാലെപ്, മുഗുരുസ, കെർബർ, ഓസ്റ്റാപെങ്കൊ മുതലായ പ്രമുഖർ ജയിച്ച് കയറിയപ്പോൾ മരിയ ഷറപ്പോവ പരാജയം രുചിച്ചു. റഷ്യയുടെ തന്നെ സീഡില്ലാ താരം ദിയാറ്റ്ചെങ്കോയാണ് ഷറപ്പോവയെ മൂന്ന് സെറ്റുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിൽ അട്ടിമറിച്ചത്.

പുരുഷ ഡബിൾസ് ക്വാളിഫയറുകളിൽ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ ജോഡിക്കും, നെടുഞ്ചിഴിയൻ ഉൾപ്പെട്ട ക്രായിച്ചെക്ക് ജോഡിയും വിജയിച്ചിട്ടുണ്ട്. ഇതോടെ പുരുഷ ഡബിൾസിൽ മാത്രം പൂർണ്ണമായും ഇന്ത്യൻ ജോഡികളും ഇന്ത്യൻ കളിക്കാരും മാത്രമായി അഞ്ച് സഖ്യങ്ങളായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version