സ്വരേവും വീണു

റോജേഴ്‌സ് കപ്പിൽ ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് അട്ടിമറികൾ ഒരു പതിവാക്കിയിരിക്കുകയാണ്. ഇന്നലെ വീണത് സാക്ഷാൽ ജോക്കോവിച്ചിനെയാണെങ്കിൽ ഇന്ന് വീഴ്ത്തിയത് നിലവിലെ ചാമ്പ്യനും, രണ്ടാം സീഡുമായ അലക്‌സാണ്ടർ സ്വരേവിനെയായാണ്. രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ചായിരുന്നു സിസിപ്പാസിന്റെ വിജയം. ദിമിത്രോവിനെ തകർത്ത് സെമിയിൽ പ്രവേശിച്ച കെവിൻ ആൻഡേഴ്‌സനാണ്‌ സ്റ്റെഫാനോസിന്റെ അടുത്ത എതിരാളി.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ശക്തമായി തിരിച്ചുവന്ന് റാഫേൽ നദാൽ സിലിച്ചിനെതിരെ വിജയം നേടി. ഇതോടെ വാർഷാവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്കും നദാൽ യോഗ്യത നേടി. ഇതുവരെ ടൂർ ഫൈനൽസ് കിരീടം നേടിയിട്ടില്ലാത്ത നദാൽ തുടർച്ചയായി 14 മത് തവണയാണ് യോഗ്യത നേടുന്നത്. സെമിയിൽ കാച്ചനോവ് ആണ് നദാലിന്റെ എതിരാളി.

വനിതകളിൽ ഒന്നാം സീഡ് സിമോണ ഹാലെപ് ആറാം സീഡ് ഗാർസിയക്കെതിരെ അനായാസ വിജയത്തോടെ സെമിയിൽ പ്രവേശിച്ചു. പതിനഞ്ചാം സീഡ് ബാർട്ടിയാണ് സെമിയിൽ ഈ റുമാനിയൻ താരത്തിന്റെ എതിരാളി. മെർട്ടെൻസിനെ തോൽപ്പിച്ച് സെമിയിൽ കടന്ന സ്വിറ്റോലിന അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ തോൽപ്പിച്ച് നദാലും, ഇസ്‌നറെ തോൽപ്പിച്ച് കാച്ചനോവും, കനേഡിയൻ പ്രതീക്ഷയായ ഷാപ്പവലോവിനെ തോൽപ്പിച്ച് റോബിൻ ഹാസേയും, ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും, ജർമ്മനിയുടെ സ്വരേവും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോൽപ്പിച്ചത്. ഷറപ്പോവയെ തകർത്ത് ഗ്രാസിയയും, ബെർട്ടൻസും, സ്വിറ്റൊലിനയും, മെർട്ടൻസും അവസാന എട്ടിൽ ഇടം നേടി.

പുരുഷ ഡബിൾസിൽ ആൻഡേഴ്‌സൻ-ജോക്കോവിച്ച് സഖ്യവും വിംബിൾഡൺ ചാമ്പ്യന്മാരായ സോക്ക്-ബ്രയാൻ സഖ്യങ്ങളും ക്വാർട്ടർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദിമിത്രോവ്, സ്റ്റാൻ മുന്നോട്ട്

ഓസ്‌ട്രേലിയയുടെ നിക് കൈരൂയിസിനെ വാശിയേറിയ പോരാട്ടത്തിൽ തോല്പിച്ച് സ്വിസ്സ്‌ താരം സ്റ്റാൻ വാവ്രിങ്ക റോജേഴ്‌സ് കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. പരിക്ക് മൂലം ഏകദേശം ഒരു വർഷത്തിന് ശേഷം ഈയിടെ മാത്രം മടങ്ങിയെത്തിയ സ്റ്റാൻ പഴയ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകൾ നൽകിയാണ് ഇന്നലെ വിജയിച്ചത്.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ നേടിയായിരുന്നു സ്റ്റാനിന്റെ വിജയം. കൈരൂയിസിനെ പോലൊരു എതിരാളിയ്ക്കെതിരെ നേടിയ വിജയം സ്റ്റാനിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പ്. അടുത്ത മത്സരങ്ങൾ നദാലും, സ്റ്റാനും ജയിച്ചാൽ ഇരുവരും തമ്മിലൊരു ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.

സ്‌പെയിനിന്റെ വേർദാസ്‌കോയെ സമാന രീതിയിൽ തോൽപിച്ചാണ് ദിമിത്രോവ് മുന്നേറിയത്. ആദ്യ സെറ്റ് അടിയറ വച്ച ശേഷമായിരുന്നു ദിമിത്രോവിന്റെ വിജയം. ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് ബെർണ കോറിച്ചിനെ തോൽപ്പിച്ച് പ്രീക്വാർട്ടർ ഉറപ്പാക്കി.

വനിതകളിൽ വോസ്‌നിയാക്കി, അസരങ്ക, ഹാലെപ് വീനസ് വില്ല്യംസ് എന്നിവർ പ്രീക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രാമനാഥനും ഇന്ത്യയും കാത്തിരിക്കണം

20 വർഷങ്ങൾക്ക് ശേഷം പുരുഷ സിംഗിൾസ് കിരീട നേട്ടം ആവർത്തിക്കാമെന്ന രാമനാഥന്റേയും ഇന്ത്യയുടേയും മോഹങ്ങൾക്ക് തിരിച്ചടി. ലിയാണ്ടർ പേസ് നേടിയ ന്യൂപോർട്ട് ഓപ്പണിന്റെ തന്നെ ഫൈനലിൽ അമേരിക്കക്കാരനായ സ്റ്റീവ് ജോണ്സണാണ് രാമനാഥനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടാം സെറ്റിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ ഇന്ത്യൻ താരത്തിന് പക്ഷേ നിർണ്ണായക മൂന്നാം സെറ്റിൽ പിഴച്ചു. 7-5,3-6,6-3 എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം.

ഇതോടെ റാങ്കിങ്ങിൽ 34 സ്ഥാനത്തേക്ക് എത്താനും സ്റ്റീവിനായി. 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാംകുമാര്‍ രാമനാഥന്‍ ലോക റാങ്കിംഗില്‍ 115ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

20 വർഷം, രാമനാഥൻ റെക്കോർഡിനരികെ

ഇന്ത്യയുടെ രാമനാഥൻ ഒരു റെക്കോർഡിനരികെയാണ്. 20 വർഷം പഴക്കമുള്ള, 1998 ൽ തന്റെ മാർഗ്ഗദർശിയും, ആരാധനാപാത്രവുമായ ലിയാണ്ടർ പേസ് സ്ഥാപിച്ച റെക്കോർഡ് ഒരു വിജയം മാത്രം അകലെയാണ് ഈ ചെന്നൈ സ്വദേശിക്ക്. ന്യൂപോർട്ട് ഓപ്പണിന്റെ ഫൈനലിൽ സ്റ്റീവ് ജോണ്സണെ തോല്പിച്ചാൽ ഇന്ത്യയിൽ നിന്ന് സിംഗിൾസിൽ ഒരു എടിപി കിരീടം നേടുന്ന രണ്ടാമത്തെ മാത്രം താരമാകും രാമനാഥൻ. റാങ്കിങ്ങിൽ 161 സ്ഥാനത്തുള്ള താരം ഈ വർഷം ഒരു ടൂർ ലെവൽ ഫൈനലിൽ ഇടം പിടിയ്ക്കുന്ന മൂന്നാമത്തെ താഴ്ന്ന റാങ്കുകാരനാണ്. ഇന്ത്യയുടെ സോംനാഥ് ദേവ് വർമൻ 2011 ൽ ജോഹന്നാസ് ബർഗ് ഓപ്പണിൽ ഫൈനലിൽ പ്രവേശിച്ചതാണ് പുരുഷ സിംഗിൾസിൽ സമീപ കാലത്തെ ഇന്ത്യയുടെ വലിയ നേട്ടം. അന്നത്തെ ഫൈനലിൽ ഇക്കൊല്ലത്തെ വിംബിൾഡൺ ഫൈനലിസ്റ്റായ കെവിൻ ആൻഡേഴ്‌സനോട് സോംനാഥ് തോറ്റിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് മാത്രം എതിരാളിക്ക് നൽകിയിട്ടുള്ള രാമനാഥ് സ്റ്റീവ് ജോണ്സണെ തോൽപ്പിച്ച് ലിയാണ്ടറിന്റെ നേട്ടത്തിന് ഓപ്പമെത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡബിൾസിൽ അമേരിക്കൻ വിജയഗാഥ

വിംബിൾഡൺ പുരുഷ ഡബിൾസിൽ അമേരിക്കൻ ജോഡികളായ മൈക്ക് ബ്രയാനും, ജാക്ക് സോക്കും ചേർന്ന സഖ്യം കിരീടം ചൂടി. ആദ്യമായി ഇരട്ട സഹോദരനെ കൂടാതെ വിംബിൾഡൺ മത്സരത്തിനിറങ്ങിയ മൈക്ക് ബ്രയാൻ ഇതിനിടെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിരുന്നു. ഇന്നലത്തെ വിജയത്തോടെ വെവ്വേറെ പങ്കാളികളുമായി കിരീടം ചൂടുന്ന താരങ്ങളാകാനും അമേരിക്കൻ ജോഡികൾക്കായി. ജാക്ക് സോക്ക് ഇതിന് മുൻപ് വസേക് പോസ്പിൽസുമായി ചേർന്ന് വിംബിൾഡൺ കിരീടം നേടിയിട്ടുണ്ട്.

അഞ്ച് സെറ്റ് മത്സരങ്ങൾ തുടർക്കഥയായ ഈ വിംബിൾഡണിൽ ഡബിൾസ് ഫൈനലും അഞ്ച് സെറ്റിലാണ് അവസാനിച്ചത്. ക്ലാസെൻ-വീനസ് ജോഡികളെ അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ പോരാട്ടത്തിൽ അതിജീവിച്ചാണ് അമേരിക്കൻ ജോഡികൾ വിജയിച്ചത്. (സ്‌കോർ 6-3,6-7,6-3,5-7,7-5). ഏകദേശം 20 മണിക്കൂറുകളാണ് അമേരിക്കൻ ജോഡികൾ കോർട്ടിൽ ചിലവിട്ടത്. മൂന്നാം റൗണ്ടിൽ മാച്ച് പോയിന്റ് അതിജീവിക്കുകയും, സെമി ഫൈനലിലും, ഫൈനലിലും ബ്രേക്ക് പോയിന്റ് അവസരങ്ങൾ എതിരാളിക്ക് സമ്മാനിക്കുകയും ചെയ്ത ശേഷമായിരുന്നു അമേരിക്കൻ സഖ്യത്തിന്റെ നാടകീയമായ തിരിച്ചുവരവുകൾ. ഈ വിജയം ഇരട്ട സഹോദരൻ ബോബ് ബ്രയാനും രണ്ട് ദിവസങ്ങൾക്ക് മുന്നേ മരിച്ചുപോയ മുത്തച്ഛനും സമർപ്പിക്കുന്നു എന്നാണ് മത്സര ശേഷം ബോബ് ബ്രയാൻ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കർ തിരിച്ചെത്തി

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. അഞ്ച് സെറ്റുകളിൽ ലോക ഒന്നാം നമ്പർ താരമായ സാക്ഷാൽ റാഫേൽ നദാലിനെയാണ് നൊവാക് മറികടന്നത്. (സ്‌കോർ 6-4,3-6,7-6,3-6,10-8)

ഇന്നലെ കളിച്ച 3 സെറ്റുകളിൽ 2 സെറ്റുകൾ നേടിയിരുന്ന സെർബിയൻ താരത്തിന് ഫൈനൽ പ്രവേശനത്തിന് അവശേഷിക്കുന്ന 2 സെറ്റുകളിൽ ഒന്ന് മാത്രം നേടിയാൽ മതിയായിരുന്നു എന്നാൽ നാലാം സെറ്റ് നദാൽ നേടിയതോടെ മത്സരം ടൈബ്രേക്കർ ഇല്ലാത്ത അവസാന സെറ്റിലേക്ക് നീണ്ടു.

ആദ്യം സർവ്വ് ചെയ്യുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുത്ത നൊവാക് 10-8 എന്ന സ്കോറിന് നദാലിൽ നിന്ന് സെറ്റും മത്സരവും സ്വന്തമാക്കി എന്നുവേണം പറയാൻ. 2016 ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്ന നൊവാക് ജോക്കോവിച്ചിനെ കത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ്‌.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 6 മത്സരങ്ങളിൽ ജോക്കോവിച്ച് 5-1 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പുൽകോർട്ടിൽ ഫെഡററെ വീഴിത്തിയ കെവിനെ മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7, 6-7, 6-4, 26-24) അത് വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ സെമി ഫൈനൽ ആയി മാറിയിരുന്നു.

ജോക്കോവിച്ച് – ഡെൽപോട്രോ മത്സരിച്ച നാലു മണിക്കൂർ 44 മിനിറ്റ് എന്ന പഴയ സെമി ഫൈനൽ റെക്കോർഡാണ് കെവിൻ – ഇസ്‌നർ മത്സരം മറികടന്നത്. അവസാന സെറ്റിൽ ടൈ ബ്രേക്കറുകൾ ഇല്ലെന്ന നിയമം മത്സരത്തെ എത്തിച്ചത് 26-24 എന്ന സ്കോറിനാണ് ! അഞ്ചാം സെറ്റിന് മാത്രം എടുത്ത സമയം 2 മണിക്കൂർ 55 മിനിറ്റ് !

വലിയ സർവുകൾ നിയന്ത്രിച്ച മത്സത്തിൽ ഇസ്‌നർ പായിച്ചത് 53 എയ്‌സുകൾ ആൻഡേഴ്‌സൻ അടിച്ചത് 49 ഉം. കഴിഞ്ഞ യുഎസ് ഓപ്പൺ റണ്ണറപ്പ് കൂടിയായ കെവിൻ ആൻഡേഴ്‌സൺ ഈ വിജയത്തോടെ റാങ്കിങ്ങിൽ കരിയറിൽ ആദ്യമായി നാലാം സ്ഥാനത്തേക്ക് എത്തും. രണ്ടാം സെമി വെളിച്ചക്കുറവ് മൂലം മാറ്റിവയ്ക്കുമ്പോൾ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിനെതിരെ ലീഡ് ചെയ്യുകയാണ്. മത്സരം ഇന്ന് പുനരാരംഭിക്കും. വനിതാ ഫൈനലിൽ ഇന്ന് സെറീന കെർബറെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഡേഴ്‌സൺ = സ്പോർട്സ്മാൻഷിപ്പ്

അതിശയിപ്പിക്കുന്ന വിജയങ്ങൾക്ക് ശേഷവും അമ്പരപ്പിക്കുന്ന പെരുമാറ്റമാണ് അല്ലെങ്കിൽ സ്പോർട്സ്മാൻഷിപ്പാണ് കെവിൻ ആൻഡേഴ്‌സണെന്ന ഉയരക്കാരനെ വിംബിൾഡണിന്റെ താരമാക്കുന്നത്. ഫെഡററെ അവസാന മൂന്ന് സെറ്റുകൾ തുടർച്ചയായി നേടി തോൽപ്പിച്ച ശേഷം ‘താങ്കളുമായി കോർട്ട് പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഒരുപാട് ബഹുമാനിക്കുന്നു’ എന്നുമാണ് കെവിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഇസ്‌നറുമായി ഇന്നലെ നടന്ന മാരത്തോൺ മത്സരശേഷം തന്റെ അഭിമാന വിജയത്തെ കുറിച്ച് വാചലനാവാതെ ‘ഇത്തരം സാഹചര്യങ്ങളിൽ കളിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും ഇത്‌ ഒരു സമനില പോലെ ആണെന്നും ഇസ്‌നറിന്റെ തോൽവിയിൽ വിഷമമുണ്ടെന്നുമാണ്’ കെവിൻ പ്രതികരിച്ചത്. എതിരാളിയെ ബഹുമാനിക്കുക വഴി വലിയ വിജയങ്ങളിൽ എങ്ങനെ വിനയാന്വിതനാവാം അല്ലെങ്കിൽ എങ്ങനെ നല്ലൊരു മനുഷ്യനാവാം എന്നത് കൂടിയാണെന്ന് കെവിനെ പോലുള്ളവർ നമ്മളെ പഠിപ്പിക്കുന്നത്, അത് തന്നെയാണ് സ്പോർട്സിന്റെ സൗന്ദര്യവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെക്കോർഡ് ഒരു വിജയമകലെ

റെക്കോർഡുകൾ പഴങ്കഥകളാക്കി കുതിയ്ക്കുകയാണ് സെറീന. വനിതാ ടെന്നീസിനെ രണ്ട് ദശാബ്ദക്കാലത്തോളം ഇത്രേം ആധികാരികതയോടെ അടക്കിവാണ വേറൊരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ അമ്മയായ ശേഷവും ആ പോരാട്ട വീര്യത്തിനും, നിശ്ചയദാർഢ്യത്തിനും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ അമേരിക്കക്കാരി.

ഇന്ന് നടന്ന സെമി ഫൈനലിൽ ജൂലിയ ഗോർജസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ 6-2, 6-4) വിജയിച്ച് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചതോടെ മാർഗരറ്റ് കോർട്ടിന്റെ അപ്രാപ്യമെന്ന് ഒരിക്കൽ കരുതിയിരുന്ന റെക്കോർഡും സെറീനയ്ക്ക് ഒരു വിജയമകലെ മാത്രം നിൽക്കുകയാണ്.

2016 ഫൈനലിന്റെ ആവർത്തനമാകും ശനിയാഴ്ച നടക്കുന്ന ഫൈനൽ. അന്നും സെറീന കീഴ്പ്പെടുത്തിയത് കെർബറെ ആയിരുന്നു. ഇത്തവണയും സെറീനയ്ക്ക് മുന്നിൽ കെർബർ എന്നൊരു കടമ്പ ബാക്കിയുണ്ട്. സെറീനയെ മുൻപ് 2 തവണ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നത് കണക്കിലെടുത്താൽ സാധാരണ സംഭവിക്കാറുള്ള പോലെ ഏകപക്ഷീയമാകില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെർബർ ഫൈനലിൽ

മുൻ ഒന്നാം നമ്പർ താരവും, 2016 ലെ റണ്ണറപ്പുമായ കെർബർ വിംബിൾഡൺ വനിതാ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. പതിനൊന്നാം സീഡായ കെർബർ പന്ത്രണ്ടാം സീഡായ ഒസ്റ്റാപെങ്കൊയ്ക്കെതിരെ ആധികാരികമായ വിജയത്തോടെയാണ് ഫൈനലിൽ ഇടം നേടിയത്. സ്‌കോർ 6-3, 6-3. ഈ വർഷം നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിലും ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലും കെർബർ ഇടം നേടിയിരുന്നു. സെറീന വില്ല്യംസുമായി 2016 ഫൈനലിൽ തോറ്റ കെർബർക്ക് ഇതൊരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ്. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമിഫൈനലിൽ സെറീന ജയിച്ചാൽ മാത്രം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൈക്ക് ബ്രയാൻ പ്രായം കൂടിയ നമ്പർ വൺ

ബ്രയാൻ സഹോദരന്മാരിലെ മൈക്ക് ബ്രയാൻ ടെന്നീസ് ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി. ഇതോടെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമെന്ന റെക്കോർഡും മൈക്ക് തന്റെ പേരിലാക്കി. സഹോദരൻ ബോബ് ബ്രയാൻ ഇടുപ്പിലെ പരിക്ക് മൂലം കളിക്കാത്തതിനാൽ ആദ്യമായി വേറെ പങ്കാളിയെ കൂട്ടിയാണ് മൈക്ക് വിംബിൾഡണിൽ മത്സരിക്കുന്നത്.

അമേരിക്കൻ താരമായ ജാക്ക് സോക്കാണ് മൈക്കിന്റെ പങ്കാളി. ഇന്തോ ഓസ്‌ട്രേലിയൻ ജോഡിയായ ശരൺ-സിടാക്‌ സഖ്യത്തെ തോൽപ്പിച്ച് സെമിയിൽ എത്തിയതോടെയാണ് മൈക്ക് ഒന്നാം സ്ഥാനം തന്റെ പേരിലാക്കിയത്. 2012 ൽ നാല്പത് വയസ്സും അഞ്ച് ദിവസവും ഉള്ളപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാനിയൽ നെസ്റ്ററിന്റെ പേരിലുള്ള റെക്കോർഡാണ് 40 വയസ്സും 78 ദിവസവും പ്രായമുള്ള മൈക്ക് തിരുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version