സെറീനയ്ക്ക് ജപ്പാൻ വെല്ലുവിളി

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം ഫൈനൽ ലൈനപ്പായി. അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാന്റെ യുവതാരം ഫൈനലിലേക്ക് മുന്നേറിയത് (സ്‌കോർ :6-2,6-4). ആദ്യമായാണ് ടെന്നീസിന്റെ നവീന കാലഘട്ടത്തിൽ ഒരു ജപ്പാൻ വനിതാ താരം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. പുരുഷ വിഭാഗത്തിൽ ആ റെക്കോർഡ് നിഷിക്കോരി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 13 ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച നവോമി ഒസാക്ക അതെങ്ങനെ സേവ് ചെയ്‌തെന്ന ചോദ്യത്തിന് ‘സെറീനയുമായി കളിക്കാൻ എന്നാണ് മറുപടി നൽകിയത്’. എന്തായാലും ഏഷ്യൻ മണ്ണ് ടെന്നീസിന് വളക്കൂറുള്ള മണ്ണായി മാറ്റുന്നതിൽ ഒസാക്കയെ പോലുള്ളവരുടെ കഥകൾ ആവശ്യമാണ്.

പത്തൊമ്പതാം സീഡ് സെവസ്റ്റോവയെ തരിപ്പണമാക്കിയ പ്രകടനത്തോടെയാണ് സെറീന ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് 6-3 ന് നേടിയ സെറീന രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു ഗെയിം പോലും വഴങ്ങിയില്ല. അമ്മയായ ശേഷവും കഴിവിൽ ഒരു കുറവും വന്നിട്ടില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു സെറീനയുടെ പ്രകടനം.

പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ മൈക് ബ്രയാൻ- ജാക്ക് സോക്ക് സഖ്യം ഫൈനലിൽ പ്രവേശിച്ചു. വിശ്രമത്തിലുള്ള ഇരട്ട സഹോദരൻ ബോബ് ബ്രയാൻ ഇല്ലാതെ ജാക്ക് സോക്കുമായി ഒത്തുചേർന്ന് തുടർച്ചയായി രണ്ടാം ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലാണ് ഈ ജോഡി എത്തിയത്. നേരത്തേ വിംബിൾഡൺ കിരീടം ഇവർ സ്വന്തമാക്കിയിരുന്നു. കുബോട്ട്-മെലോ സഖ്യത്തെയാണ് അമേരിക്കൻ ജോഡി ഫൈനലിൽ നേരിടുക.

വനിതാ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ കോക്കോ വാൻഡവാഗേ അടങ്ങിയ കോക്കോ-ബാർട്ടി സഖ്യം ഫൈനലിൽ പ്രവേശിച്ചു. പതിമൂന്നാം സീഡുകളായ ഇവർ രണ്ടാം സീഡുകളായ ബാബോസ്-മ്ലെഡെനോവിച്ച് സഖ്യതത്തെയാണ് ഫൈനലിൽ എതിരിടുക. മിക്സഡ് ഡിസ്‌ബിൾസിൽ ജെയ്മി മറെ-മാറ്റക് സാന്റ്സ് സഖ്യവും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതോടെ പുരുഷ സിംഗിൾസിൽ ഒഴികെ എല്ലാ വിഭാഗത്തിലും അമേരിക്കൻ സാന്നിധ്യമായി എന്നതാണ് ഈ യുഎസ് ഓപ്പണിന്റെ സവിശേഷത.

അഞ്ചാം സെറ്റ് ടൈബ്രേക്കർ നിലവിൽ വന്നേക്കും

വിംബിൾഡണും, ഓസ്‌ട്രേലിയൻ ഓപ്പണും അവസാന സെറ്റിൽ ടൈ ബ്രേക്കർ നിയമം കൊണ്ടുവന്നേക്കും. നിലവിൽ വർഷത്തിലെ നാല് ഗ്രാൻഡ്സ്ലാമുകളിൽ യുഎസ് ഓപ്പണിൽ മാത്രമാണ് അവസാന സെറ്റിൽ ടൈബ്രേക്കർ ഉള്ളത്. ഡബിൾസ്‌ വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണും, ഫ്രഞ്ച് ഓപ്പണും അവസാന സെറ്റ് ടൈ ബ്രേക്കർ നിയമമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

അവസാന സെറ്റിൽ ടൈ ബ്രേക്കർ നിലവിൽ വരുന്നത് ടെന്നീസിനെ കൂടുതൽ സുന്ദരമാക്കുമെന്നും കളിക്കാർക്ക് ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. നിലവിൽ ടോപ്പ് ടെന്നിൽ തന്നെ നിരവധി കളിക്കാർ പരിക്ക് മൂലം ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതും ഇവർ ചൂണ്ടി കാണിക്കുന്നു. ഈ വർഷത്തെ വിംബിൾഡൺ സെമി ഫൈനൽ നീണ്ടുനിന്നത് ഏതാണ്ട് 7 മണിക്കൂർ സമയമാണ്. ജയിച്ച ആൻഡേഴ്‌സൻ ആകട്ടെ ഫൈനലിൽ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.

എടിപിയിൽ അംഗമായ ആൻഡേഴ്‌സൻ, ആന്റി മറെയുടെയും, ജെയ്മി മറെയുടെയും അമ്മയായ ജൂഡി മറെ എന്നിവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച ഫ്ലഷിങ്‌ മെഡോയിൽ (യുഎസ് ഓപ്പൺ നടക്കുന്ന അരീന) വച്ച് നടക്കുന്ന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റുകളുടെ മീറ്റിങ്ങിൽ വിഷയം ചർച്ചയ്ക്ക് വയ്ക്കുമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നും കരുതുന്നവരാണ് അധികവും. ടെന്നീസ് പോലെ ശാരീരിക അദ്ധ്വാനം ധാരാളം വേണ്ടിവരുന്ന ഒരു കളിക്ക് ഇതുപോലുള്ള തിരുത്തലുകൾ അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ചും മസിൽ പവർ കോർട്ടുകളെ ഭരിക്കുന്ന ഈ നവീന കാലഘട്ടത്തിൽ.

ജോക്കോവിച്ച് × നിഷിക്കോരി സെമി

യുഎസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ജപ്പാന്റെ കീ നിഷിക്കോരി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചിനെതിരെ 5 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ചാണ്‌ നിഷിക്കോരി സെമിയിൽ പ്രവേശിച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ സിലിച്ചിൽ നിന്നേറ്റ തോൽവിയ്ക്ക് മധുരപ്രതികാരം കൂടിയായി നിഷിക്കോരിയുടെ വിജയം. ആദ്യ സെറ്റും നാലാം സെറ്റും നഷ്ടപ്പെട്ട ശേഷം 6-4 എന്ന സ്കോറിന് നിർണ്ണായക അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ഏഷ്യയിൽ നിന്നുള്ള താരം സെമി ഉറപ്പിച്ചത്‌. സ്‌കോർ : 2-6, 6-4,7-6,4-6,6-4.

സ്വിസ് ഇതിഹാസം റോജർ ഫെഡററെ ഞെട്ടിച്ച് കൊണ്ട് ക്വാർട്ടറിലേക്ക് എത്തിയ ഓസ്‌ട്രേലിയയുടെ ജോണ് മിൽമാന് പക്ഷേ ആ പ്രകടനം നോവാക്കിനെതിരെ പുറത്തെടുക്കാൻ സാധിച്ചില്ല. കടുത്ത ചൂടിൽ അരങ്ങേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇത്തവണത്തെ വിംബിൾഡൺ ജേതാവ് കൂടിയായ ജോക്കോവിച്ചിന്റെ വിജയം. സ്‌കോർ : 6-3,6-4,6-4.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മാഡിസൺ കീസ് സ്‌പെയിനിന്റെ നുവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിയിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്റെ ഒസാക്കയാണ് കീയുടെ എതിരാളി. രണ്ടാം സെമിയിൽ സെറീന സെവസ്റ്റോവയെ നേരിടും.

നാടകാന്ത്യം നദാൽ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തമായ പോരാട്ടത്തിൽ ഡൊമിനിക് തിമിനെ പരാജയപ്പെടുത്തി ഒന്നാം നമ്പർ താരം റാഫേൽ നദാൽ സെമിയിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 0-6 എന്ന സ്കോറിന് നഷ്ടപ്പെട്ട ശേഷമായിരുന്നു നദാലിന്റെ ശക്തമായ തിരിച്ചുവരവ്. രണ്ടും മൂന്നും സെറ്റുകൾ നേടിയ സ്പാനിഷ് താരത്തിന് നാലാം സെറ്റിൽ പിഴച്ചു. പലപ്പോഴും സെറ്റുകളുടെ തുടക്കത്തിൽ തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് കോർട്ടിലെ പോരാളിയായ നദാൽ ജയിച്ചു കയറിയത്. അവസാന സെറ്റിൽ ടൈ ബ്രേക്കർ നിലവിലുള്ള ഗ്രാൻഡ്സ്ലാം ആയത് മത്സരത്തിന്റെ ദൈർഘ്യം കുറച്ചു എന്നുവേണം പറയാൻ. എങ്കിലും മത്സരം നാലു മണിക്കൂറിലധികം നീണ്ടു നിന്നു.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയുടെ ഇസ്‌നറെ പരാജയപ്പെടുത്തി ഡെൽപോട്രോ സെമിയിൽ കടന്നു. ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു ഡെൽപോട്രോയുടെ വിജയം. സെമിയിൽ ഡെൽപോട്രോ നദാലിനെ നേരിടും. വനിതാ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം റെക്കോർഡിനുടമയായ സെറീന വില്ല്യംസ് പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് സെമിയിൽ പ്രവേശിച്ചു. ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യം പുറത്തായി.

യുഎസ് ഓപ്പൺ : ഫെഡറർ പുറത്ത്

യുഎസ് ഓപ്പൺ ടെന്നീസിൽ ഫെഡററുടെ കഷ്ടകാലം തുടർക്കഥയാകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം യുഎസ് ഓപ്പണിൽ മുത്തമിടാമെന്നുള്ള ഫെഡററുടെ മോഹങ്ങൾക്ക് ഒരിക്കൽ കൂടെ മങ്ങലേറ്റു എന്നുവേണം പറയാൻ. ഓസ്‌ട്രേലിയയുടെ ജോണ് മിൽമാനാണ് ഫെഡററെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. തന്റെ നിലവാരത്തിന്റെ നിഴലിൽ പോലും എത്താൻ സാധിക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻ കൂടിയായ ഫെഡറർ മടങ്ങുന്നത്. ആദ്യ സെറ്റ് 6-3 ന് നേടുകയും രണ്ടാം സെറ്റിന് വേണ്ടി സർവ്വ് ചെയ്യുകയും ചെയ്ത ശേഷമാണ് ഫെഡ് എക്സ്പ്രസ്സ് തോൽവി ഏറ്റുവാങ്ങിയത്. സ്‌കോർ 3-6, 7-5,7-6,7-6. മറ്റ് മത്സരങ്ങളിൽ നോവാക് ജോക്കോവിച്ച് സൂസയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. ഡേവിഡ് ഗൊഫിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്ന് മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.

വനിതാ വിഭാഗത്തിൽ മൂന്നാം സീഡ് സെവസ്റ്റോവ, മഡിസൺ കീസ്, ഷറപ്പോവയെ തോൽപ്പിച്ച് നുവാരോ, സുറെങ്കോ എന്നിവർ ക്വാർട്ടർ ഉറപ്പാക്കി.

നദാൽ × തിം ക്വാർട്ടർ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ റാഫേൽ നദാൽ ഡൊമിനിക് തിം നെ നേരിടും. പ്രീക്വാർട്ടർ മത്സരത്തിലും എതിരാളിക്ക് ഒരു സെറ്റ് വഴങ്ങിയ ശേഷമാണ് നദാൽ ജയിച്ചു കയറിയത്. ബാസിലാഷ്‌വിലിക്കെതിരെ 6-3,6-3,6-7,6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. വിംബിൾഡൺ ഫൈനലിസ്റ്റായ കെവിൻ ആൻഡേഴ്‌സനെ നിഷ്പ്രഭനാക്കിയ പ്രകടനവുമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായ ഡൊമിനിക് തിം ക്വാർട്ടറിൽ ഇടം നേടിയത്. വലിയ സർവ്വുകൾക്ക് ഉടമയായ കെവിനെ 7-5,6-2,7-6 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തിം കീഴ്പ്പെടുത്തിയത്. മറ്റ്‌ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡെൽപോട്രോ കോറിച്ചിനെ തോൽപ്പിച്ചും, അമേരിക്കയുടെ ഇസ്‌നർ കടുത്ത മത്സരത്തിൽ കാനഡയുടെ റയോനിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നും ക്വാർട്ടറിൽ ഇടം നേടി.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സെറീന വില്ല്യംസ്, അമേരിക്കയുടെ തന്നെ സ്റ്റീഫൻസ്, സെവസ്റ്റോവ, പ്ലിസ്‌കോവ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് എത്തിയ കനേപ്പിയെയാണ് സെറീന മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 6-0,4-6,6-3. മൂന്നാം സീഡായ സ്റ്റീഫൻസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തിയാണ് അവസാന എട്ടിൽ ഇടം നേടിയത്.

രണ്ടാം സീഡും പുറത്ത്

വനിതകളിൽ ഒന്നാം സീഡ് ഹാലെപ്പിന് പുറകെ രണ്ടാം സീഡ് ഡെന്മാർക്കിന്റ കരോലിൻ വോസ്നിയാക്കിയും യുഎസ് ഓപ്പൺ ടെന്നീസിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത സുറെങ്കോയാണ് നേരിട്ടുള്ള സെറ്റുകളിൽ രണ്ടാം സീഡിനെ അട്ടിമറിച്ചത്. സ്‌കോർ : 6-4,6-2. മറ്റു മത്സരങ്ങളിൽ മരിയ ഷറപ്പോവ, ഒസ്റ്റാപെങ്കൊ, മഡിസൺ കീസ്, സുവാരസ് നവാരോ, സിനൈകോവ എന്നിവർ മുന്നേറി.

പുരുഷന്മാരുടെ വിഭാഗത്തിൽ പ്രമുഖ സീഡുകൾ എല്ലാവരും തന്നെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വിംബിൾഡൺ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് മൂന്നാം സെറ്റ് അടിയറ വച്ചെങ്കിലും നാലാം സെറ്റ് അനായാസം നേടി മൂന്നാം റൌണ്ട് ഉറപ്പാക്കി. റോജർ ഫെഡറർ, നിക് കൈരഗൂയിസ്, മരിയൻ സിലിച്ച്, ഡേവിഡ് ഗോഫിൻ, റിച്ചാർഡ് ഗാസ്‌കെ എന്നിവരെല്ലാം മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നു ബൊപ്പണ്ണ അടങ്ങിയ സഖ്യം പുറത്തായി.

ആന്റി മറെ പുറത്ത്

പരിക്കിന്റെ ഇടവേളക്ക് ശേഷം ഈയിടെ മാത്രം കോർട്ടിലേക്ക് മടങ്ങിയെത്തിയ മുൻ ഒന്നാം നമ്പർ താരം ആന്റി മറെ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. സ്‌പെയിനിന്റെ ഫെർണാണ്ടോ വേർദാസ്‌കോയാണ് മറെക്ക് മടക്ക ടിക്കറ്റ് നൽകിയത്. സ്‌കോർ 7-5, 2-6,6-4,6-4. മറ്റു മത്സരങ്ങളിൽ മുൻ ചാമ്പ്യനായ അർജന്റീനയുടെ ഡെൽപോട്രോ നേരിട്ടുള്ള സെറ്റുകളിൽ കുഡ്‌ലയെ തകർത്ത് മുന്നേറി.

സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ, ജോണ് ഇസ്‌നർ, ഷാപോവലോവ്, കാഞ്ചനോവ്, ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ എന്നീ പ്രമുഖർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

വനിതാ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം വിജയങ്ങളിൽ പുതിയ ഉയരങ്ങൾ തേടുന്ന അമേരിക്കയുടെ സെറീന വില്ല്യംസ് മൂന്നാം റൗണ്ടിൽ കടന്നു. മറ്റുമത്സരങ്ങളിൽ സ്ട്രൈക്കോവ, മക്കറോവ, ഹാലെപ്പിനെ അട്ടിമറിച്ച കനേപ്പി എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.

കോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു

ഫ്രഞ്ച് വനിതാ താരം അലീസെ കോർനെറ്റിന് കോർട്ട് വാർണിങ് കൊടുത്ത സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ ടെന്നീസ് അധികൃതർ മാപ്പ് പറഞ്ഞു. ചൂട് അധികമുള്ള കാരണം രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയ്ക്കുള്ള പത്ത് മിനിറ്റ് ഹീറ്റ് ബ്രേക്കിന് ശേഷം അറിയാതെ വസ്ത്രം തിരിച്ചിട്ട് കളിക്കാൻ ഇറങ്ങിയ അലീസെ അബദ്ധം മനസ്സിലാക്കിയ ശേഷം കോർട്ടിൽ നിന്നുതന്നെ വസ്ത്രം ഊരി ശരിയാക്കി ഇട്ടപ്പോൾ ചെയർ അമ്പയർ താക്കീത് നൽകുകയായിരുന്നു. ഇതാണ് വിവാദത്തിലേക്ക് വഴിവച്ചത്.

കോർട്ടിൽ വസ്ത്രം മാറുന്ന പുരുഷന്മാർക്ക് ഇല്ലാത്ത എന്ത് വാർണിങ് ആണ് സ്ത്രീകൾക്ക് എന്ന രീതിയിൽ ശക്തമായ പ്രതിഷേധവുമായി ആന്റി മറെയുടെ അമ്മയും മുൻ ടെന്നീസ് കോച്ചുമായ ജൂഡി മറെ രംഗത്തെത്തിയിരുന്നു. എന്നാൽ വാർണിങ് മാത്രമാണെന്നും ഫൈനോ, പെനാൽറ്റിയോ ഒന്നും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടില്ല എന്നാണ് യുഎസ് ഓപ്പൺ അധികൃതർ ഉന്നയിച്ച വാദം. വനിതാ ടെന്നീസ് അസോസിയേഷൻ ഇതിനെ അനീതിയെന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. മത്സരത്തിൽ അലീസെ ആദ്യ സെറ്റ് നേടിയ ശേഷം പരാജയപ്പെട്ടിരുന്നു.

ഒന്നാം സീഡ് ഹാലെപ് പുറത്ത്

വർഷത്തിലെ അവസാന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റായ യുഎസ് ഓപ്പണ് അട്ടിമറിയോടെ തുടക്കം. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. കായ് കനേപ്പിയാണ് 6-2,6-4 എന്ന സ്കോറിന് സിമോണയെ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാർ, സ്റ്റീഫൻസ്‌, അസരങ്ക, സ്വിറ്റോലിന, പ്ലിസ്‌കോവ, മുഗുരുസ എന്നിവർ ജയിച്ചു

പുരുഷ വിഭാഗത്തിൽ സ്റ്റാൻ വാവ്‌റിങ്ക എട്ടാം സീഡായ ഗ്രിഗോർ ദിമിത്രോവിനെ ആദ്യ റൗണ്ടിൽ ഒരിക്കൽ കൂടെ അട്ടിമറിച്ചു. ഇക്കൊല്ലത്തെ വിംബിൾഡൺ ടൂർണമെന്റിലും വാവ്‌റിങ്ക ദിമിത്രോവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയിരുന്നു. 2016 ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് സ്റ്റാൻ.

തന്റെ അവസാന ടൂർണമെന്റ് കളിക്കുന്ന ഡേവിഡ് ഫെററർ ഒന്നാം സീഡ് നദാലുമായുള്ള മത്സരത്തിനിടെ പരിക്ക് മൂലം പിന്മാറി. മറ്റുമത്സരങ്ങളിൽ ഡെൽപോട്രോ, ആന്റി മറെ, ഇസ്‌നർ, റയോനിച്ച്, ഷാപവലോവ്, ആൻഡേഴ്‌സൻ, ഡൊമിനിക് തിം മുതലായ പ്രമുഖർ ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

നദാൽ മാസ്റ്റർക്ലാസ്സ്

റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന് ഒരിക്കൽ കൂടെ അടിവരയിടുന്ന പ്രകടനമായിരുന്നു സ്പാനിഷ് താരത്തിന്റേത്. വമ്പൻ അട്ടിമറികളിലൂടെ ഫൈനലിൽ ഇടം പിടിച്ച ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാൽ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-6.

കളിയുടെ അവസാന സമയങ്ങളിൽ സ്റ്റെഫാനോസ് ശക്തമായ വെല്ലുവിളി ഉയർത്തുകയും സെറ്റ് സ്വന്തമാക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും, പോരാട്ടവീര്യവും മത്സരം രണ്ട് സെറ്റിൽ അവസാനിപ്പിച്ചു എന്നുവേണം പറയാൻ. നദാലിന്റെ 80മത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വർഷാവസാനവും നദാൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വർദ്ധിച്ചു.

വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് അമേരിക്കൻ താരമായ സ്റ്റീഫൻസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സിമോണ നേടിയപ്പോൾ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സ്റ്റീഫൻസ് 6-3 സ്വന്തമാക്കിയതോടെ മത്സരം നിർണ്ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഒന്നാം നമ്പർ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയൻ താരം 6-4 എന്ന സ്കോറിന് കിരീടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ × സ്റ്റെഫാനോസ് ഫൈനൽ

റോജേഴ്‌സ് കപ്പിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഗ്രീസിന്റെ സെൻസേഷൻ സ്റ്റെഫാനോസിനെ നേരിടും. അട്ടിമറികൾ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ വീഴ്ത്തിയത് സൗത്താഫ്രിക്കയുടെ കെവിൻ ആന്ഡേഴ്സനെയാണ്. അതും കഴിഞ്ഞ മത്സരത്തിലേത് പോലെ മാച്ച് പോയിന്റ് അതിജീവിച്ച്. മത്സരം 3 സെറ്റുകൾ നീണ്ടു നിന്നു.

ആദ്യ സെറ്റ് ആൻഡേഴ്‌സൻ നേടിയെങ്കിലും രണ്ടിലും മൂന്നിലും ശക്തമായി തിരിച്ചുവന്ന സ്റ്റെഫാനോസ് അവസാന സെറ്റിലെ ടൈബ്രേക്കറിൽ മാച്ച് പോയിന്റ് അതിജീവിച്ച് ഒരു അട്ടിമറി കൂടെ തന്റെ പേരിലെഴുതുകയും ഒപ്പം ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ ഇടം സമ്പാദിക്കുകയും ചെയ്തു. റാഫേൽ നദാൽ കാച്ചനോവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കർ വരെ നീണ്ടെങ്കിലും രണ്ടാം സെറ്റിൽ ബ്രേക്ക് മുതലാക്കിയ നദാൽ 6-4 എന്ന സ്കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മൂന്നാം സീഡ് അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും. സിമോണ 15-സീഡ് ബാർട്ടിയെ അനായാസം തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് അഞ്ചാം സീഡ് സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് സ്റ്റീഫൻസ് ഫൈനലിൽ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version