ത്രില്ലറിൽ തമിഴ്നാടിനെ തോൽപ്പിച്ച് സയ്ദ് മുഷ്‌താഖ്‌ അലി കിരീടം കർണാടകക്ക്

അവസാന ബോൾ ത്രില്ലറിൽ തമിഴ്നാടിനെ തോൽപ്പിച്ച് കർണാടക സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി കിരീടം സ്വന്തമാക്കി. 1 റണ്ണിന്റെ ജയം സ്വന്തമാക്കിയാണ് കർണാടക കിരീടം ചൂടിയത്.

ആദ്യം ബാറ്റ് ചെയ്ത കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. 45 പന്തിൽ 60 റൺസ് നേടിയ മനീഷ് പാണ്ഡെയും 28 പന്തിൽ 35 റൺസ്നേടിയ രോഹൻ കടമുമാണ് കർണാടകക്ക് വേണ്ടി മികച്ച സ്കോർ നേടിയത്.  അവസാന ഓവറുകളിൽ അടിച്ചുകളിച്ച കരുൺ നായരും കർണാടകയുടെ സ്കോർ ഉയർത്തി. 8 പന്തിൽ നിന്ന് 17 റൺസാണ് കരുൺ നായർ നേടിയത്.

തുടർന്ന് ബാറ്റ് ചെയ്ത തമിഴ്നാടിന് 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുക്കാൻ മാത്രമാണ് ആയത്.  25 പന്തിൽ 40 റൺസ് എടുത്ത അപരാജിതും 27 പന്തിൽ 44 റൺസ് എടുത്ത വിജയ് ശങ്കറും തമിഴ്നാടിനെ ജയത്തോടെ അടുത്ത എത്തിച്ചെങ്കിലും 1 റൺ അകലെ വെച്ച് തമിഴ്‌നാടുവിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.

ജോ റൂട്ടിനും ബേൺസിനും സെഞ്ചുറി, ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം മഴ മൂലം കളി നേരത്തെ നിർത്തുമ്പോൾ ഇംഗ്ലണ്ട് പൊരുതുന്നു. ന്യൂസിലാൻഡിന്റെ 375 റൺസ് എന്നതിന് മറുപടിയായി ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ന്യൂസിലാൻഡിന് 106 റൺസിന്റെ ലീഡ് ഉണ്ട്.

സെഞ്ചുറി പ്രകടനം നടത്തിയ ബേൺസും ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്‌. ബേൺസ് 101 റൺസ് എടുത്ത് പുറത്തായപ്പോൾ 114 റൺസുമായി ജോ റൂട്ട് പുറത്താവാതെ നിൽക്കുകയാണ്.  ഇംഗ്ലണ്ട് നിരയിൽ റൺസ് ബെൻ സ്റ്റോക്സ് 26 റൺസ് പുറത്തായപ്പോൾ മൂന്ന് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. നാല് റൺസുമായി ഒലി പോപ്പ് ആണ് ജോ റൂട്ടിനൊപ്പം ക്രീസിൽ.

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെൻറിയും വാഗ്നരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രവി ശാസ്ത്രിക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്. രവി ശാസ്ത്രിയെ നിരന്തരമായി ട്രോളിങ്ങിന് വിധേയമാവുന്നതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി രവി ശാസ്ത്രിക്ക് പിന്തുണമായി എത്തിയത്.

രവി ശാസ്ത്രിയെ ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ട്രോളുന്നതെന്നും  എന്നാൽ ആര്, എന്തിന്, എന്ത് കൊണ്ട് എന്നൊന്നും തനിക്ക് അറിയില്ലെന്ന് വിരാട് കോഹ്‌ലി പറഞ്ഞു.  എന്നാൽ ഈ കാര്യങ്ങൾ എല്ലാം രവി ശാസ്ത്രി കാര്യമായി എടുക്കുന്നില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

ഫാസ്റ്റ് ബൗളർമാരെ ഹെൽമെറ്റ് പോലുമില്ലാതെ നേരിട്ട് ഓപ്പണർ എന്നാൽ നിലയിൽ 41 ആവറേജ് ഉള്ള രവി ശാസ്ത്രിക്ക് ഇതേ പോലെയുള്ള ട്രോളുകൾ ബാധിക്കുന്നില്ലെന്നും വിരാട് കൊഹ്ലി പറഞ്ഞു.

കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റ് ഓഫീസ് ഉദ്ഘടനം ചെയ്തു

കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ ഡിസംബർ 13ന് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിനുള്ള ഓഫീസ് ഉദ്‌ഘാടനം ചെയ്തു.  അൽ സാദിലെ സുഹൈം ടവറിലാണ് ടൂർണമെന്റ് ഓഫീസ്.  ഡിസംബർ 13ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.

ടൂർണമെന്റ് ഓഫീസിൽ ഉദ്‌ഘാടനം ടൂർണമെന്റിന്റെ സ്പോൺസർമാരായ ബിസ്മി ഗോൾഡ് & ഡയമണ്ട് പ്രതിനിധികളും സീഷോർ സിനോ ട്രക്കിന്റെ പ്രതിനിധികളും ചേർന്ന് നിർവഹിച്ചു. ചടങ്ങിന്റെ ഉദ്ഘടനം പത്രപ്രവർത്തകനും ട്രെയ്‌നറുമായ ശരീഫ് സാഗർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.സി ശരീഫ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അസീസ് നരിക്കുനി, ഇല്യാസ് മാസ്റ്റർ, കെ.പി.എം ബഷീർ ഖാൻ, മുഹമ്മദ് മൃണാൾസെൻ ( ബിസ്മി ഗോൾഡ്), മോഹിത് തൊണ്ട് ( സീഷോർ സിനോ ട്രക്ക്) റമീസ്( പരാജോൺ), പി.വി ബഷീർ, മണ്ണങ്കര അബ്‌ദുറഹിമാൻ, അബ്ദുൽ സമദ് കെ.കെ, ആബിദീൻ വാവാട്, നൗഫൽ മടവൂർ, സകീർ വലിയല, അഹമ്മദ് നസീഫ് എന്നിവർ സംസാരിച്ചു.  കെ.കെ അബ്ദുൽ കരീം സ്വാഗതവും കെ.പി സുഹൈൽ നന്ദിയും പറഞ്ഞു

ഇന്ത്യൻ യുവനിരക്കെതിരെ അഫ്ഗാനിസ്ഥാന് 2 വിക്കറ്റ് ജയം

ഇന്ത്യൻ അണ്ടർ 19 ടീമിനെതിരെ അഫ്ഗാനിസ്ഥാന് ജയം. രണ്ട് വിക്കറ്റിനാണ് അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം അഫ്ഗാനിസ്ഥാൻ ജയിച്ചത്. തോറ്റെങ്കിലും 3-2ന് ഇന്ത്യൻ അണ്ടർ 19 ടീം പരമ്പര സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ അഫ്ഗാനിസ്ഥാൻ 157 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 29 റൺസ് എടുത്ത വിക്രാന്ത് ബഡോറിയയും 24 റൺസ് എടുത്ത കുമാർ കുഷാഗരയുമാണ് ഇന്ത്യക്ക് വേണ്ടി കുറച്ചെങ്കിലും പൊരുതി നോക്കിയത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂർ മുഹമ്മദ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഫീഖുള്ള ഗഫാരിയും ആബിദ് മൊഹമ്മദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. 42 റൺസ് എടുത്ത ആസിഫ് മൂസാസായിയും  31 റൺസ് എടുത്തഇമ്രാനുമാണ് അഫ്ഗാനിസ്ഥാന് ജയം നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി മാനവ് സുതർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന താരമായി സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന താരമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്റ്റീവ് സ്മിത്ത് ചരിത്ര നേട്ടം സ്വന്തമാക്കിയത്. വാലി ഹാമ്മൻഡ്, സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിവരെ മറികടന്നാണ് സ്റ്റീവ് സ്മിത്ത് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 36 റൺസ് എടുത്ത സ്റ്റീവ് സ്മിത്ത് ഷഹീൻ ഷാ അഫ്രീദിക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

126 ഇന്നിങ്‌സുകളിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് 7000 റൺസ് എന്ന നേട്ടം തികച്ചത്. പാകിസ്താനെതിരെയുള്ള ടെസ്റ്റിൽ 23 റൺസ് അടുത്തതോടെയാണ് സ്റ്റീവ് സ്മിത്ത് 7000 റൺസ് നേടിയത്. നേരത്തെ 131 ഇന്നിങ്‌സുകളിൽ നിന്ന് 7000 റൺസ് തികച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാൻ വാലി ഹാമ്മൺഡിന്റെ റെക്കോർഡാണ് സ്മിത്ത് മറികടന്നത്. 134 ഇന്നിങ്സിൽ 7000 റൺസ് തികച്ച ഇന്ത്യൻ താരം സെവാഗ് നിലവിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 136 ഇന്നിങ്‌സുകളിൽ നിന്നാണ് 7000 തികച്ചത്.

കൂടാതെ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസം ബ്രാഡ്മാൻ ടെസ്റ്റിൽ നേടിയ റൺസും മറികടക്കാൻ സ്റ്റീവ് സ്മിത്തിനായി. ഡോൺ ബ്രാഡ്മാന് ടെസ്റ്റിൽ 6996 റൺസുകളാണ് എടുത്തത്.

ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലേക്ക് സച്ചിനും ലക്ഷ്മണും

ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലേക്ക് മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വി.വി.എസ് ലക്ഷ്മണും വീണ്ടും വരുമെന്ന് വാർത്തകൾ. നേരത്തെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി നിലവിൽ വന്നപ്പോൾ സച്ചിൻ ടെണ്ടുൽക്കറും വി.വി.എസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും അംഗങ്ങളായിരുന്നു.

തുടർന്ന് ഓരോ സമയം വ്യത്യസ്ത സ്ഥാനങ്ങൾ വഹിക്കുന്നു എന്ന ആരോപണം വന്നതോടെ മൂന്ന് പേരും സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന് കപിൽ ദേവിന്റെ നേതൃത്തത്തിലുള്ള സമിതി ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ ചുമതലയേറ്റെടുത്തിരുന്നു.

ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് മുംബൈയിൽ വെച്ച് നടക്കുന്നുണ്ട്. ഈ മീറ്റിംഗിൽ സച്ചിൻ ടെണ്ടുൽക്കറും ലക്ഷ്മണും വീണ്ടും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

പാകിസ്ഥാൻ തകരുന്നു, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ പാകിസ്ഥാൻ വമ്പൻ തകർച്ചയുടെ വക്കിൽ. ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ തകരുകയാണ്. നിലവിൽ പാകിസ്ഥാൻ ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 493 റൺസ് പിറകിലാണ്.

43 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുന്ന ബാബർ അസം മാത്രമാണ് പാകിസ്ഥാൻ നിരയിൽ ചെറുത്തുനിന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് ആണ് പാകിസ്ഥാന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്. കമ്മിൻസും ഹസൽവുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും സെഞ്ചുറി നേടിയ ലാബ്ഷെയ്നിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 3 വിക്കറ്റിന് 589 റൺസ് നിലയിൽ ഡിക്ലയർ ചെയ്തത്. ഡേവിഡ് വാർണർ 335 റൺസും ലാബ്ഷെയിൻ 162 റൺസുമെടുത്തു.

ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഹസൻ അലി പുറത്ത്

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലി പുറത്ത്. വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്നാണ് താരം പരമ്പരയിൽ നിന്ന് പുറത്തായത്. താരത്തിന്റെ പരിക്ക് സാരമുള്ളതണെന്നും 6 ആഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പുറം വേദന കാരണം ഏഴ് ആഴ്ചയോളം പുറത്തിരുന്ന ഹസൻ അലി കഴിഞ്ഞ ആഴ്ചയാണ് ക്വായിദ് ഇ അസം ട്രോഫിയിൽ കളിക്കാൻ ഇറങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് തൊട്ടുമുൻപ് താരത്തിന് വേദന വരുകയും സ്കാനിംഗിന് വിധേയമാവുകയും ചെയ്തതോടെയാണ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്കെതിരെയാണ് ഹസൻ അലി അവസാനസമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. ഡിസംബർ 11ന് റാവൽപിണ്ടിയിൽ വെച്ചാണ് ആദ്യ ടെസ്റ്റ് മത്സരം.

വാർണറിന് ട്രിപ്പിൾ സെഞ്ചുറി, ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

പാകിക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർ നേടിയ ട്രിപ്പിൾ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിവസം 3 വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യുകയായിരുന്നു.

ട്രിപ്പിൾ സെഞ്ചുറി നേടിയ വാർണറുടെയും സെഞ്ചുറി നേടിയ ലാബുഷെയിനിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. വാർണർ 335 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ ലാബ്ഷെയ്ൻ 162 റൺസ് എടുത്ത് പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 361 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ അവസാനം വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എടുത്തിട്ടുണ്ട്. ഷാൻ മസൂദ്, ഇമാമുൽ ഹഖ്, അസ്ഹർ അലി എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.

ആഴ്‌സണൽ ആരാധകരോട് നന്ദി പറഞ്ഞ് എമേറി

ആഴ്‌സണൽ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആഴ്‌സണൽ ആരാധകരോട് നന്ദി പറഞ്ഞ് ഉനൈ എമേറി. കഴിഞ്ഞ ദിവസമാണ് തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് ഉനൈ എമേറിയെ ആഴ്‌സണൽ പുറത്താക്കിയത്.

ആഴ്‌സണൽ ആരാധകർക്ക് വേണ്ടി എഴുതിയ തുറന്ന കത്തിലാണ് ഉനൈ എമേറി ആരാധകരോട് നന്ദി പറഞ്ഞത്. ആഴ്‌സണൽ പരിശീലകനാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ആഴ്‌സണലിനെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിന് ആരാധാർക്ക് നന്ദിയുണ്ടെന്നും എമേറി പറഞ്ഞു. ആഴ്‌സണൽ താരങ്ങൾക്ക് ആരാധകർ കൂടുതൽ പിന്തുണ നല്കണമെന്നും എമേറി പറഞ്ഞു.

യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ടിനോട് 2-1ന് തോറ്റതോടെയാണ് ആഴ്‌സണൽ പരിശീലകൻ ഉനൈ എമേറിയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാൻ എമേറിക്ക് കീഴിൽ ആഴ്‌സണലിനായിരുന്നില്ല.

ധോണിയുടെ ഭാവി തീരുമാനിക്കാൻ ആവശ്യത്തിലധികം സമയമുണ്ടെന്ന് സൗരവ് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി തീരുമാനിക്കാൻ ആവശ്യത്തിലധികം സമയമുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കുറച്ച് മാസങ്ങൾക്കുള്ളിൽ ധോണിയുടെ ഭാവിയെ പറ്റി കൂടുതൽ വ്യക്തത വരുമെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.

ധോണിയുടെ ഭാവിയിൽ എല്ലാവർക്കും വ്യക്തമായ ധാരണയുണ്ടെന്നും ചില കാര്യങ്ങൾ പൊതു വേദിയിൽ പറയാൻ കഴിയില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. സമയമാവുമ്പോൾ എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു.

സെലക്ടർമാർ തമ്മിലും ധോണിയും തമ്മിലും ഈ കാര്യത്തിൽ വളരെ വ്യക്തത ഉണ്ടെന്നും ഒരു ചാമ്പ്യൻ താരത്തെ പരിഗണിക്കുമ്പോൾ ചില കാര്യങ്ങൾ പുറത്തുപറയാൻ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Exit mobile version