10 വർഷത്തിന് ശേഷം ഫവാദ് ആലം പാകിസ്ഥാൻ ടീമിൽ

പത്തു വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ ഇടം നേടി ഫവാദ് ആലം.  2009ൽ അവസാനമായി പാകിസ്ഥാന് ടെസ്റ്റ് കളിച്ച ഫവാദ് ആലം ശ്രീലങ്കക്കെതിരായ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീമിലാണ് ഇടം പിടിച്ചത്. 10 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുന്ന പരമ്പരകൂടിയാണ് ശ്രീലങ്കക്കെതിരെയുള്ളത്. ഫവാദ് ആലമിനെ കൂടാതെ ഉസ്മാൻ ഷിൻവാരിക്ക് ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഫവാദ് ആലം പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് പാകിസ്ഥാൻ ടീമിൽ അവസരം നൽകിയത്. മുൻപ് പാകിസ്ഥാന് വേണ്ടി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഫവാദ് അലി ഒരു സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. താരം പാകിസ്ഥാന് വേണ്ടി 38 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 11ന് തുടങ്ങും.

Pakistan: Azhar Ali (c), Abid Ali, Asad Shafiq, Babar Azam, Fawad Alam, Haris Sohail, Imam-ul-Haq, Imran Khan, Kashif Bhatti, Mohammad Abbas, Mohammad Rizwan (wk), Naseem Shah, Shaheen Shah Afridi, Shan Masood, Yasir Shah, Usman Shinwari

ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് യുവരാജ് സിങ്

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ ഫീൽഡിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും കെ.എൽ രാഹുലിന്റെയും മികവിൽ കൂറ്റൻ സ്കോർ മറികടന്ന് ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.

എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ഫീൽഡിങ്ങിന് വളരെ മോശമായിരുന്നു. മത്സരത്തിൽ ഇന്ത്യൻ നിരവധി ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും മോശം ഫീൽഡിങ് മൂലം അനാവശ്യമായി റൺസ് വഴങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ഫീൽഡിങ്ങിനെ വിമർശിച്ച് യുവരാജ് സിങ് രംഗത്തെത്തിയത്. യുവ താരങ്ങൾ ഫീൽഡ് ചെയ്യുമ്പോൾ കുറച്ച് സമയമെടുത്താണ് പ്രതികരിക്കുന്നതെന്നും യുവരാജ് സിങ് പറഞ്ഞു.

മത്സരത്തിൽ ഹേറ്റ്മ്യറിന്റെ ക്യാച് വാഷിംഗ്‌ടൺ സുന്ദറും വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പോളാർഡിന്റെ ക്യാച് രോഹിത് ശർമ്മയും കളഞ്ഞിരുന്നു. തുടർന്ന് മികച്ച പ്രകടനം പുറത്തെടുത്ത വെസ്റ്റിൻഡീസ് താരങ്ങൾക്ക് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചിരുന്നു.

പരമ്പരയിൽ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ കളിക്കാനാവില്ലെന്ന് സൗരവ് ഗാംഗുലി

2020-21 സീസണിൽ ഓസ്ട്രേലിയയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ കളിക്കാമെന്ന ഓസ്ട്രേലിയയുടെ താല്പര്യത്തോട് പ്രതികരണമറിയിച്ച് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നിലവിൽ ഒരു പരമ്പരയിൽ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ കളിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി വ്യക്തമാക്കി.

നാല് മത്സരങ്ങളിൽ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ കളിക്കുകയെന്നത് എളുപ്പമല്ലെന്നും ഡേ നൈറ്റ് ടെസ്റ്റിന്  പരമ്പരാഗത ടെസ്റ്റിനെ മാറ്റാൻ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു. അതെ സമയം ഒരു പരമ്പരയിൽ ഒരു ഡേ നൈറ്റ് ടെസ്റ്റ് വെച്ച് നടത്താമെന്ന് ഗാംഗുലി പറഞ്ഞു. എന്നാൽ ഇതുവരെ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ കെവിൻ റോബെർട്സ് ആണ് ഇന്ത്യയുമായുള്ള പരമ്പരയിൽ ഒന്നിൽ കൂടുതൽ ഡേ നൈറ്റ് മത്സരങ്ങൾ ഉൾപെടുത്താമെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്.

രോഹിത് ശർമ്മയുടെ ലോകറെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

ടി20യിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടി20യിൽ 50 പന്തിൽ 94 റൺസ് നേടിയ വിരാട് കോഹ്‌ലി ഇന്ത്യക്ക് 6 വിക്കറ്റ് ജയം നേടി തന്നിരുന്നു. 6 ബൗണ്ടറിയും 6 സിക്‌സും അടങ്ങുന്നതായിരുന്നു വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്സ്. വെസ്റ്റിൻഡീസിനെതിരായ അർദ്ധ സെഞ്ചുറി ടി20യിൽ വിരാട് കോഹ്‌ലിയുടെ 23മത്തെ അർദ്ധ സെഞ്ചുറിയായിരുന്നു.

22 അർദ്ധ സെഞ്ചുറികൾ നേടിയ ഇന്ത്യൻ ഓപണർ രോഹിത് ശർമ്മയുടെ റെക്കോർഡാണ് ഇതോടെ വിരാട് കോഹ്‌ലി മറികടന്നത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മക്ക് 8 റൺസ് മാത്രമേ എടുക്കാനായുള്ളു.  രോഹിത് ശർമ്മയെ കൂടാതെ 17 അർദ്ധ സെഞ്ചുറികൾ നേടിയ മാർട്ടിൻ ഗുപ്റ്റിലും 16 അർദ്ധ സെഞ്ചുറികൾ വീതം നേടിയ പോൾ സ്റ്റെർലിംഗും ഡേവിഡ് വാർണറുമാണ് ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ ഉള്ളത്.

വെസ്റ്റിൻഡീസിനെതിരായ ജയത്തോടെ ചേസിങ്ങിൽ റെക്കോർഡിട്ട് ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിച്ച ഇന്ത്യക്ക് പുതിയ റെക്കോർഡ്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 207 റൺസ് എന്ന കൂറ്റൻ ലക്‌ഷ്യം പിന്തുടർന്ന് ഇന്ത്യ 6 വിക്കറ്റിന് ജയം സ്വന്തമാക്കിയിരുന്നു. ഇത് ടി20 യിൽ ഇന്ത്യ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണ്.  നേരത്തെ 2009ൽ ശ്രീലങ്കക്കെതിരെ 206 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ ചേസിംഗ്.

മത്സരത്തിൽ 94 റൺസ് നേടിയ പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം അനായാസമാക്കിയത്. 200ന് മുകളിൽ മൂന്ന് തവണ പിന്തുടർന്ന് ജയിച്ച ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം കൂടിയായി. കൂടാതെ ഇന്ത്യയിൽ പിന്തുടർന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്കോർ കൂടിയാണ് ഇത്.  2016 ടി20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ 230 റൺസ് പിന്തുടർന്ന് ജയിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

മുൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ പേരിൽ ഹൈദരാബാദ് സ്റ്റേഡിയത്തിൽ സ്റ്റാൻഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്റെ പേരിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പുതിയ സ്റ്റാൻഡ്. ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ സ്റ്റാൻഡ് ഉദ്‌ഘാടനം ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് അസ്ഹർ. നിലവിൽ നോർത്ത് സ്റ്റാൻഡ് എന്ന പേരിലുള്ള സ്റ്റാൻഡ് ആണ് അസ്ഹറിന്റെ പേരിലേക്ക് മാറ്റപെടുക. മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെ പേരിലുള്ള സ്റ്റാൻഡിന് മുകളിലാവും ഈ സ്റ്റാൻഡ്.

കൂടാതെ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച എല്ലാ ഹൈദരാബാദ് താരങ്ങളെയും ആദരിക്കുന്ന ഒരു ചടങ്ങ് കൂടി മത്സരത്തിന് മുൻപ് നടത്താൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അസ്ഹർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ആദ്യ മത്സരം കൂടിയാണിത്.

ഡൽഹി ക്യാപിറ്റൽസിൽ ഓഹരി വാങ്ങാനൊരുങ്ങി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൽ ഓഹരി വാങ്ങാനൊരുങ്ങി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടീമിന്റെ ഓഹരിയുടെ 50% കയ്യിലുള്ള GMR ഗ്രൂപ്പുമായി ഗൗതം ഗംഭീർ ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ചർച്ചകൾ പൂർണ്ണമായതായും ഇന്ത്യൻ പ്രീമിയർ ലീഗ് ഗോവെർണിങ് ഗവേർണിംഗ് കൗൺസിലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രകാരം ഗൗതം ഗംഭീർ GMR ഗ്രൂപ്പിന്റെ കയ്യിലുള്ള ഓഹരിയിൽ നിന്ന് 10% ഓഹരികൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.

ഗൗതം ഗംഭീർ വാങ്ങുന്ന ഓഹരികൾക്ക് ഏകദേശം 100 കോടി രൂപയോളം വില വരും. കഴിഞ്ഞ വർഷമാണ് ഡൽഹി ക്യാപിറ്റൽസിന്റെ 50% ഓഹരികൾ JSW ഗ്രൂപ്പ് സ്വന്തമാക്കിയത്. തുടർന്ന് ടീമിന്റെ പേര് ഡൽഹി ഡെയർഡെവിൾസിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് എന്നാക്കി മാറ്റിയിരുന്നു. നിലവിൽ ഡൽഹി ഈസ്റ്റിൽ നിന്നുള്ള എം.പി കൂടിയാണ് ഗൗതം ഗംഭീർ.

പുരുഷന്മാരുടെ ഏകദിന നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് റഫറിയായി ജി.എസ് ലക്ഷ്മി

പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് റഫറിയായി ഇന്ത്യക്കാരിയായ ജി.എസ്. ലക്ഷ്മി.  ഡിസംബർ 8ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഐ.സി.സി പുരുഷക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് 2ലെ ഉദ്‌ഘാടന മത്സരത്തിലാണ് ജി.സ് ലക്ഷ്മി മാച്ച് റഫറിയാവുക.

നേരത്തെ ഐ.സി.സിയുടെ ഇന്റർനാഷണൽ മാച്ച് റഫറിമാരുടെ പാനൽ പട്ടികയിലേക്ക് ജി.എസ് ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008-09 കാലഘട്ടത്തിൽ ആഭ്യന്തര വനിത ക്രിക്കറ്റിൽ മാച്ച് റഫറിയായാണ് ലക്ഷ്മി ആദ്യമായി മത്സരം നിയന്ത്രിച്ച് തുടങ്ങിയത്.  ഇതുവരെ മൂന്ന് വനിതാ ഏകദിന മത്സരങ്ങൾക്കും 16 പുരുഷ അന്താരാഷ്ട്ര ടി20 മത്സരങ്ങൾക്കും 7 വനിത ടി20 ഇന്റർനാഷണൽ മത്സരങ്ങൾക്കും ലക്ഷ്മി മാച്ച് റഫറിയായി ചുമതല വഹിച്ചിട്ടുണ്ട്.

 

ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് ഗാംഗുലി

ടി20യിൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യ കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. സ്കോർ പിന്തുടരുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും എന്നാൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം ഇന്ത്യൻ പുറത്തെടുക്കണമെന്നും ഗാംഗുലി പറഞ്ഞു.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടെന്നും അതെല്ലാം താൻ വിരാട് കോഹ്‌ലിയോടും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയോടും പറയുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.  ടി20യിൽ ഇന്ത്യൻ നിലവിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലെന്നും ലോകകപ്പിന്റെ സമയമാവുമ്പോൾ ഇന്ത്യ തയ്യാറാവുമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

നാളെ തുടങ്ങാനിരിക്കുന്ന ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള പരമ്പരയിൽ ഓവർ സ്റ്റെപ്പിനുള്ള നോ ബോൾ വിളിക്കുക തേർഡ് അമ്പയർ. ഇത് പ്രകാരം ഗ്രൗണ്ടിലുള്ള അമ്പയർ ഓവർ സ്റ്റെപ്പിനുള്ള നോ ബോൾ വിളിക്കില്ലെന്ന് ഐ.സി.സി വ്യക്തമാക്കി. മത്സരത്തിൽ മുഴുവൻ പന്തുകളും തേർഡ് അമ്പയർ പരിശോധിക്കുകയും നോ ബോൾ ആണെങ്കിൽ ഗ്രൗണ്ടിലുള്ള അമ്പയറെ അറിയിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളിൽ നോ ബോളിൽ ബാറ്റ്സ്മാൻ ഔട്ട് ആവുകയും തേർഡ് അമ്പയർ നോ ബോൾ വിളിക്കാൻ നേരം വൈകുകയും ചെയ്താൽ നോ ബോൾ ആണെന്ന് അറിയുന്ന പക്ഷം ബാറ്റ്സ്മാനെ തിരിച്ചുവിളിക്കാൻ ഗ്രൗണ്ടിലെ അമ്പയർക്ക് അധികാരം ഐ.സി.സി നൽകുന്നുണ്ട്.

അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ നോ ബോൾ വിളിക്കാൻ നാലാമത് ഒരു അമ്പയറെ നിയമിക്കാൻ ഐ.പി.എൽ ഗവേർണിംഗ് ബോഡി തീരുമാനിച്ചിരുന്നു.

കെയ്ൻ വില്യംസണെ സ്റ്റീവ് സ്മിത്തിനോട് ഉപമിച്ച് പോണ്ടിങ്

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനോട് ഉപമിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് കളിക്കുമ്പോൾ സ്റ്റീവ് സ്മിത്തിന്റെ ശൈലിയാണ് താരത്തിനെന്ന് പോണ്ടിങ് പറഞ്ഞു. ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനെ പോലെ താരത്തെ പുറത്താക്കാൻ എളുപ്പമല്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

2011ൽ ഓസ്ട്രേലിയ നേരിട്ട സമയത്ത് കണ്ട കെയ്ൻ വില്യംസൺ അല്ല ഇപ്പോൾ എന്നും പോണ്ടിങ് പറഞ്ഞു. നിലവിൽ ആരെക്കാളും മികച്ച രീതിയിൽ വില്യംസൺ ബാറ്റ് ചെയ്യുന്നുണ്ടെന്നും സ്ഥിരമായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നതെന്നും വില്യംസൺ പറഞ്ഞു. നിലവിൽ കെയ്ൻ വില്യംസൺ ലോകത്തെ മികച്ച താരങ്ങളിൽ പെട്ട ഒരാൾ ആണെന്നും പോണ്ടിങ് പറഞ്ഞു. ഇപ്പോൾ വില്യംസൺ സാധാരണ ഒരു ടി20 താരത്തിൽ നിന്ന് മികച്ചൊരു താരമായി മാറിയെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി അശ്വിൻ

വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങി വരൻ ഒരുങ്ങി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. 2017ന് ശേഷം അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. 2017ൽ വെസ്റ്റിൻഡീസിനെതിരെ ഏകദിന മത്സരം കളിച്ചതിന് ശേഷം അശ്വിൻ ഇന്ത്യക്ക് വേണ്ടി വൈറ്റ് ബോൾ ക്രിക്കറ്റിൽ കളിച്ചിട്ടില്ല. തനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നും ഏകദിനത്തിലും ടി20യിലും തന്റെ റെക്കോർഡുകൾ വളരെ മികച്ചതാണെന്നും അശ്വിൻ പറഞ്ഞു. അത് കൊണ്ട് തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള കഠിനശ്രമത്തിലാണ് താനെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഒരു ഘട്ടത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയപ്പോൾ തനിക്ക് ക്രിക്കറ്റ് കളിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം നഷ്ടപ്പെട്ടുവെന്നും അശ്വിൻ പറഞ്ഞു. പരിക്കും ടീമിൽ നിന്ന് പുറത്തു പോവലും കൂടി വന്നതോടെ താൻ ടി.വിയിൽ ക്രിക്കറ്റ് കാണുന്നത് തന്നെ നിർത്തിയെന്നും അശ്വിൻ പറഞ്ഞു. എന്നാൽ തന്റെ കൂടെയുള്ള ആൾക്കാരുടെ സഹായത്തോടെ താൻ ആ ഘട്ടം തരണം ചെയ്‌തെന്നും താൻ ഇപ്പോൾ കളിക്കാൻ ലഭിക്കുന്ന അവസരത്തിൽ എല്ലാം സന്തോഷത്തോടെയും ആത്മാർത്ഥതയോടെയുമാണ് കളിക്കുന്നതെന്നും അശ്വിൻ പറഞ്ഞു.

Exit mobile version