ഇന്ത്യൻ പ്രീമിയർ ലീഗ് 2019 : മുൻനിര ഇന്ത്യൻ താരങ്ങൾ വിട്ടുനിൽക്കുമോ ?

രണ്ടു വലിയ ക്രിക്കറ്റ് പരമ്പരകളെയാണ് 2019ൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും തുടർന്ന് ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പും തിരക്കേറിയ ക്രിക്കറ്റ് ദിനങ്ങളാവും ആരാധകർക്കു സമ്മാനിക്കുക. എന്നാൽ തുടർച്ചയായ രണ്ടു പരമ്പരകൾ അത്യധികം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്  മുൻനിര അന്താരാഷ്ട്ര കളിക്കാരെയാണ്‌. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ശക്തമായ ഉപാധികളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് അവരുടെ കളിക്കാരുടെ മുന്നിൽ വച്ചിരിക്കുന്നത്. ലോകകപ്പ് മുന്നിൽ കണ്ട് മറ്റു രാജ്യങ്ങളും സമാനമായ തീരുമാനം എടുക്കുന്നതിനുള്ള സാഹചര്യമാണുള്ളത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രീമിയർ ലീഗ് 2019ൽ നിന്നും വിട്ടുനിൽക്കാൻ ബൗളർമാരോട്  നിർദേശിച്ചിട്ടുണ്ട്. പൂർണമായ കായികക്ഷമതയോടെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ  ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ മുൻനിര കളിക്കാരെല്ലാം അവരുടെ ഐപിൽ ടീമിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന സാഹചര്യത്തിൽ, അവരിൽ ആരൊക്കെ 2019 സീസണിൽ നിന്നും പൂർണമായോ ഭാഗികമായോ വിട്ടുനിൽകും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇന്ത്യൻ കളിക്കാരെ ഈ അവസരത്തിൽ സമ്മർദ്ദത്തിലാക്കുന്നത് – ലോകകപ്പിന് മുന്നോടിയായി വരുന്ന ടി20 മത്സരങ്ങൾ കായികക്ഷമതയെ എങ്ങനെ ബാധിക്കും എന്നതും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ കാരണം ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വരുമോയെന്ന ആശങ്കയും.
വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ പരിക്ക് മൂലം ലോകകപ്പിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യം ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ടാവില്ല.
അതെ സമയം മുൻനിര താരങ്ങൾ ഇല്ലാതെ വരുന്നതു ഐപിൽ ടൂർണമെന്റിനെയും സാരമായി ബാധിക്കും. ടീമുകളുടെ ഘടനയെയും വിജയ സാധ്യതകളെയും ബാധിക്കുന്നതോടൊപ്പം കടുത്ത സാമ്പത്തിക നഷ്ടത്തിനും സാധ്യത കൂടുതലാണ്. മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെയും ടെലിവിഷനിലൂടെ കാണുന്നവരുടെയും എണ്ണത്തിൽ വരുന്ന കുറവ് സാമ്പത്തികമായി ഐപിൽ 2019നെ ബാധിക്കും. ടൂർണമെന്റിൽ നിന്നും വിട്ടു നിന്നാൽ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ബിസിസിഐ എങ്ങനെ നേരിടുമെന്നും കണ്ടറിയേണ്ടേ വസ്തുതയാണ്.

ബൗളിങ്ങിൽ തിളങ്ങി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയയിൽ നടക്കുന്ന ന്യൂ സൗത്ത് വെയിൽസ്‌ പ്രീമിയർ  ക്രിക്കറ്റിലെ സജീവ  സാന്നിധ്യമായി മാറിയിരിക്കുകയാണ് ഡേവിഡ് വാർണർ .  സിഡ്‌നിയിലെ റാൻഡ്വിക്ക് -പീറ്റെർഷം എന്ന ക്ലബിനു  വേണ്ടിയാണു അദ്ദേഹം കളിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ നടന്ന വിവാദങ്ങൾക്കു ശേഷം 12 മാസത്തെ വിലക്കു നേരിടുന്ന  സാഹചര്യത്തിലാണ് വാർണർ സ്വന്തം ക്ലബിന് വേണ്ടി ഈ വർഷം കളിക്കാനെത്തിയത് .
17 നവംബർ 2018 ശനിയാഴ്ച നടന്ന മല്സരത്തിലാണ് വാർണർ പീറ്റർഷാമിന്‌ വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്.ടോസ്നഷ്ടപ്പെട്ട് ആദ്യം ബൗളിംഗ്  ചെയ്യേണ്ടി വന്ന പീറ്റർഷാമിനെതിരെ ഹക്സ്ബറി ക്ലബ്  മികച്ച ബാറ്റിങാണ് കാഴ്ച വച്ചതു .  ആദ്യ ഇന്നിങ്സിൽ  60 ഓവർ പിന്നിടുമ്പോൾ 260/3 എന്ന ശക്തമായ ശക്തമായ നിലയിലായിരുന്നു ഹക്സ്ബറി . ഈ അവസരത്തിലാണ് ഒരു ബൗളിംഗ് മാറ്റമായി  വാർണർ  എത്തിയത്.
തുടർച്ചയായി എറിഞ്ഞ 12 ഓവറിൽ  48 റൺസ് നൽകിയാണ് വാർണർ രണ്ടു വിക്കറ്റെടുത്തത് . വളരെ മികച്ച ബൗളിംഗ് പുറത്തെടുത്ത അദ്ദേഹം അടുത്തടുത്ത ഓവറുകളിൽ രണ്ടു വിക്കറ്റ് നേടി പീറ്റർഷാമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വന്നു.
മഴ കാരണം നേരത്തെ കളി നിർത്തി വയ്ക്കുമ്പോൾ 377/ 6 എന്ന നിലയിലാണ്‌ ഹക്സ്ബറി .  നവംബർ 24നാവും ഈ മത്സരം ഇനി തുടരുക . അന്നേ ദിവസം വാർണർ പീറ്റർഷാമിന്‌ വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനാൽ ആരാധകരുടെ ഒരു വല്ല്യ കൂട്ടത്തെയാണ് പീറ്റർഷം ഓവലിൽ പ്രതീക്ഷിക്കുന്നത് .
പ്രീമിയർ ക്രിക്കറ്റിൽ രണ്ടു  സെഞ്ച്വറി ഉൾപ്പടെ മികച്ച പ്രകടനമാണ് വാർണർ ഇതുവരെയും കാഴ്ച്ച വച്ചതു . വാർണറും സ്മിത്തും പ്രീമിയർ ക്രിക്കറ്റിൽ കളിക്കുന്നത് കൂടുതൽ  ആരാധകരെ കളിക്കളത്തിലേക്കു ആകർഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സിഡ്‌നിയിലുള്ളത്  . വിലക്കു അവസാനിക്കുന്നതോടോപ്പോം രണ്ടു പേർക്കും ഓസ്‌ടേലിയൻ ടീമിൽ തിരിച്ചെത്തുന്നതിനുള്ള സാധ്യതകൾക്ക്  കൂടി ഈ മികച്ച പ്രകടനങ്ങൾ വഴിയൊരുക്കും എന്നു കരുതപ്പെടുന്നു .
 ഓസ്‌ട്രേലിയയിലെ പ്രാദേശിക മത്സരങ്ങളുടെ അവസാന ഘട്ടങ്ങളിൽ സ്മിത്തും വാർണറും പങ്കെടുത്തേക്കും എന്ന സൂചനകളാണ് ഇപ്പോളുള്ളത് . ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തലപ്പത്തും  കാര്യമായ അഴിച്ചുപണി നടക്കുന്ന ഈ സാഹചര്യത്തിൽ രണ്ടു കളിക്കാരുടെയും വിലക്ക് കുറക്കുന്നതിനെപ്പറ്റിയും സജീവമായ ചർച്ചകൾ നടക്കുന്നുണ്ട് .

ടെസ്റ്റ് ക്രിക്കറ്റ്: രോഹിത് ശർമ്മയുടെ തിരിച്ചു വരവ് ഉയർത്തുന്ന ചോദ്യങ്ങൾ 

ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന രോഹിത് ശർമ്മയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് ഒരല്പം വിസ്മയത്തോടെ ആണ് ആരാധകർ വരവേറ്റത്. ഓസ്‌ട്രേലിയക്കെതിരെ  ഡിസംബറിൽ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ആണ് രോഹിത് ഇടം നേടിയത്.  പ്രാദേശിക മത്സരങ്ങളിൽ തിളങ്ങിയ  ഹനുമ വിഹാരി, കരുൺ നായർ എന്നിവരെ പരിഗണിക്കാതെ രോഹിതിനെ ഉൾപ്പെടുത്തിയത് ഏറെ ചോദ്യങ്ങൾ ഉയർത്തുന്നു.

സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ അംഗമായിരുന്ന രോഹിതിനെ മോശം പ്രകടനത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ളണ്ട് , വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കു എതിരെ നടന്ന പരമ്പരകളിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിലേക്കുള്ള തിരിച്ചു വരവിനെ അനുകൂലിക്കുന്ന തരത്തിലുള്ള ഒരു പ്രകടനവും പ്രാദേശിക തലത്തിലും  ഈ കാലയളവിൽ ഉണ്ടായിരുന്നില്ല.

 

ആദ്യ രണ്ടു മത്സരങ്ങളിൽ ശതകം നേടി ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച രോഹിതിനു പിന്നീട് സ്ഥിരത കണ്ടെത്താൻ ആകാതെ പോയതും ടീമിന് വേണ്ടി വലിയ  ഇന്നിങ്‌സുകൾ കളിക്കാൻ കഴിയാതെ വന്നതും  സ്ഥാനം നഷ്ടപ്പെടുന്നതിനു കാരണമായി. അസാമാന്യ പ്രതിഭയുണ്ടായിരുന്നിട്ടും മൂന്നാമത്തെ ടെസ്റ്റ് ശതകം നേടാൻ വീണ്ടും നാലു വർഷം വേണ്ടി വന്നു. സൗത്ത് ആഫ്രിക്കൻ പര്യടനതിലും നാലു ഇന്നിങ്ങ്സുകളിൽ നിന്നും 11,10,10,47 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. എന്നിരുന്നാലും മാറ്റൊരു പ്രധാന വിദേശ പര്യടനത്തിൽ കൂടി  സെലക്ടർമാർ രോഹിത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.

രോഹിതനെ ടീമിൽ ഉൾപ്പെടുത്തണം എന്നു മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിക്കുന്നതിനോടൊപ്പം സെലക്ഷൻ  കമ്മിറ്റി അർപ്പിച്ച വിശ്വാസവും  കാത്തു സൂക്ഷിക്കുക എന്ന ദൗത്യവുമായി ആവും രോഹിത് ഓസ്‌ട്രേലിയായിലേക്കു പറക്കുക.

Exit mobile version