ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചു വരവുകൾ തീരുന്നില്ല, റോമക്ക് മടക്ക ടിക്കറ്റ് നൽകി പോർട്ടോ

ചാമ്പ്യൻസ് ലീഗിൽ തിരിച്ചു വരവുകൾ തീരുന്നില്ല, ഇന്ന് നടന്ന രണ്ടാം മത്സരത്തിലും ആദ്യ പാദം പരാജയപ്പെട്ട ടീമിന്റെ മാസ്മരിക തിരിച്ചു വരവ്. ആദ്യ പാദത്തിൽ എഎസ് റോമയോടേറ്റ 2-1 പരാജയത്തിന് സ്വന്തം ഗ്രൗണ്ടിൽ 3-1ന്റെ വിജയം നേടി എഫ്‌സി പോർട്ടോ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അഗ്രഗേറ്റ് സ്‌കോറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് പോർട്ടോ വിജയം കണ്ടത്. വാർ രക്ഷക്കെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ പെനാൽറ്റിയിലൂടെയാണ് പോർട്ടോ വിജയം കണ്ടത്.

ഫ്രാൻസിസ്‌കോ സോറസിലൂടെ 26ആം മിനിറ്റിൽ പോർട്ടോ ലീഡ് എടുത്തു എങ്കിലും ഡി റോസി നേടിയ പെനാൽറ്റി ഗോളിലൂടെ റോമാ ഒപ്പമെത്തി. അഗ്രഗേറ്റ് സ്‌കോറിൽ അപ്പോഴും റോമാ മുന്നിൽ (2-3). എന്നാൽ 52ആം മിനിറ്റിൽ നേടിയ ഗോളിലൂടെ പോർട്ടോ അഗ്രഗേറ്റ് സ്‌കോറിൽ നിർണായകമായ സമനില നേടി. മൗസ മാരെഗ ആണ് ഗോൾ കണ്ടെത്തിയത്.

നിശ്ചിത 90 മിനിറ്റിൽ അഗ്രഗ്രെറ്റ് സ്കോറിലും എവേ ഗോളിലും ഇരു ടീമുകളും സമനില പാലിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും എന്ന് തോന്നിച്ച സമയത്താണ് പോർട്ടോയുടെ വിജയ ഗോൾ പിറന്നത്. റോമാ താരം അലെസാന്ദ്രോ ഫ്ലോറെൻസി പോർട്ടോയുടെ താരത്തെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് വാർ പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത അലക്സ് ടെല്ലസിനു പിഴച്ചില്ല. ഗോൾ, സ്‌കോർ 3-1. അഗ്രഗേറ്റ് സ്‌കോറിൽ റോമയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മറികടന്ന് പോർച്ചുഗീസ് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ധോണി അടുത്തുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം

ധോണിയോടൊപ്പം കളിക്കുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ കേദാർ ജാദവ്. ധോണിയുടെ കൂടെ ബാറ്റ് ചെയുമ്പോൾ തന്റെ ആത്മവിശ്വാസം വർധിക്കുന്നുവെന്നും പേടിക്കാതെ ബാറ്റ് ചെയ്യാൻ കഴിയുന്നുവെന്നും ജാദവ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഒരു വിക്കറ്റ് എടുക്കുകയും ധോണിയുടെ കൂടെ 141 റൺസ് പാർട്ണര്ഷിപ് ഉണ്ടാക്കി 81 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും കേദാർ ജാദവ് ആയിരുന്നു.

“ധോണിയുടെ കൂടെ ബാറ്റ് ചെയുക എന്നത് വളരെ പ്രത്യേകതയുള്ളതാണ്, ഞാൻ കളിച്ചു തുടങ്ങുന്ന സമയത്ത് ധോണി ബാറ്റ് ചെയുന്നത് ടിവിയിൽ കണ്ടിട്ടുണ്ട്. ഇന്ന് പക്ഷെ ധോണിയുടെ കൂടെ കളിക്കാനും ഇന്ത്യക്ക് വേണ്ടി മത്സരം വിജയിപ്പിക്കാനും കഴിഞ്ഞു. ജീവിതത്തിലെ സ്വപ്‌നങ്ങൾ പൂവണിയുക ഇങ്ങനെയാണ്, വളരെ ഭാഗ്യം ചെയ്തതായി തോന്നുന്നു” ജാദവ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇന്ത്യയുടെ മികച്ച യൂട്ടിലിറ്റി കളിക്കാരൻ ആണ് കേദാർ ജാദവ്. ബാറ്റ്‌സ്മാന്മാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ബൗളിംഗ് ആക്ഷനാണ് കേദാർ ജാദവിനു ഉള്ളത്, 55 മത്സരങ്ങളിൽ നിന്നയി ഇതുവരെ 26 വിക്കറ്റുകൾ ജാദവ് നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ ഉള്ള പട്ടികയിലേക്ക് വെസ്റ്റ്ഹാമിന്റെ മാർക് നോബിളും

2004 മുതൽ വെസ്റ്റ്ഹാം യുണൈറ്റഡിന്റെ താരവും നിലവിലെ അവരുടെ ക്യാപ്റ്റനും ആണ് മധ്യനിരയിൽ കളിക്കുന്ന മാർക്ക് നോബിൾ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിലിനെതിരെ പെനാൽറ്റിയിലൂടെ വെസ്റ്റ്ഹാമിന്റെ രണ്ടാം ഗോൾ നേടിയത് നോബിൾ ആയിരുന്നു. ഇന്നലത്തെ പെനാൽറ്റി ഗോളോടെ മികച്ച ഒരു നേട്ടം കൈവരിക്കാൻ നോബിളിന് കഴിഞ്ഞു.

2007ലെ പ്രീമിയർ ലീഗ് സീസൺ മുതൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിലേക്ക് എത്താൻ നോബിളിന് കഴിഞ്ഞു. പ്രീമിയർ ലീഗിലെ ഇതിഹാസ താരങ്ങൾ മാത്രമുള്ള പട്ടികയിൽ 22 ഗോളുകളുമായി അഞ്ചാം സ്ഥാനത്താണ് നോബിളിന്റെ സ്ഥാനം.

29 ഗോളുകളുമായി ഫ്രാങ്ക് ലാംപാർഡാണ് ഒന്നാം സ്ഥാനത്താത്ത് ഈ പട്ടികയിൽ, 28 ഗോളുകളുമായി ജെറാഡും 24 ഗോളുമായി അഗ്യൂറോയും രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരം വെയ്ൻ റൂണിയാണ് 23 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്.

“ആരാടാ വീക്ക് ഫൂട്ടിൽ ഗോൾ അടിക്കാത്തത്” ലുകാകു ചോദിക്കുന്നു

ഇന്നലെ ഓൾഡ് ട്രാഫോഡിൽ നടന്ന വാശിയേറിയ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സൗത്താംപ്ടണെ മറികടന്നിരുന്നു. ഒരു ഗോളിന് പിന്നിൽ പോയതിനു ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് കണ്ടത്. രണ്ടു ഗോളുകൾ നേടി മത്സരത്തിലെ താരമായി മാറിയത് റൊമേലു ലുകാകു ആയിരുന്നു. വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ലുകാകുവിന്റെ രണ്ടു ഗോളുകളും. ബെൽജിയൻ താരത്തിന് നേരെ എന്നും ഉയർന്നിരുന്ന വിമർശനം ആയിരുന്നു തൻറെ വീക്ക് ഫൂട്ട് ആയ വലത് കാലു കൊണ്ട് ഗോൾ നേടാൻ ലുകാകുവിന് കഴിയുന്നില്ല എന്നത്. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുന്ന പ്രകടനമാണ് ലുകാകു നടത്തിയത്.

ഇന്നലെ നേടിയ രണ്ടു ഗോളുകളും പിറന്നത് ലുകാകുവിന്റെ വലത് കാലിൽ നിന്നായിരുന്നു. ആദ്യത്തെ ഗോൾ ബോക്സിന്റെ വലത് മൂലയിൽ നിന്നും ഒരു ഗ്രൗണ്ടറിലൂടെ മികച്ച ഒരു ക്ലിനിക്കൽ ഫിനിഷ്. രണ്ടാമത്തേത് അതിലും മികച്ച ഒരു ഗോളായിരുന്നു, വീക്ക് ഫൂട്ട് പോലെ എന്നും ഉയർന്നു കേട്ട വിമർശനം ആയിരുന്നു ബോസ്കിനു പുറത്തു നിന്ന് ഗോൾ നേടാൻ ലുകാകുവിന് കഴിയുന്നില്ല എന്നത്, എന്നാൽ രണ്ടാം ഗോൾ പിറന്നത് ബോക്സിനു പുറത്തു വെച്ചു എടുത്ത ഒരു വലം കാൽ കിക്കിൽ ആയിരുന്നു. 2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ലുകാകു പ്രീമിയർ ലീഗിൽ ബോക്സിനു പുറത്ത് വെച്ച് ഒരു ഗോൾ നേടുന്നത്.

https://twitter.com/RomeluLukaku9/status/1101927004599922688

കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിന് എതിരെ നടന്ന മത്സരത്തിലും ലുകാകു വലത് കാലിൽ നിന്നും ഒരു ഗോൾ നേടിയിരുന്നു. മോശം ഫോമിലൂടെ കടന്നു പോയിരുന്ന ലുകാകു കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നയി 4 ഗോളുകൾ ആണ് നേടിയത്. തന്റെ കഴിവ് കേടുകൾ മറികടക്കാൻ ലുകാകു പരിശീലന സമയങ്ങളിൽ കഠിന പ്രയത്നം നടത്തുന്നുണ്ട് എന്ന് ഒലെ തന്നെ പറഞ്ഞിരുന്നു, അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഗ്രൗണ്ടിൽ കാണുന്നതും.

വിജയ വഴിയിൽ തിരിച്ചെത്തി ബ്രൈറ്റണും വോൾവ്സും

പ്രീമിയർ ലീഗിലെ മിഡ് വീക്ക് പോരാട്ടങ്ങളിൽ ഏറ്റ പരാജയത്തിൽ നിന്നും കരകയറി ബ്രൈറ്റണും വോൾവ്‌സും. ഇന്ന് നടന്ന മത്സരങ്ങളിൽ ബ്രൈറ്റൺ ഹഡേഴ്‌സ്‌ഫീൽഡിനെയും വോൾവ്‌സ് കാർഡിഫ് സിറ്റിയെയും ആണ് തോൽപ്പിച്ചത്.

വിരസമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ബ്രൈറ്റൺ ഹഡേഴ്‌സ്‌ഫീൽഡ് പോരാട്ടത്തിലെ വിജയ ഗോൾ പിറന്നത്. 79ആം മിനിറ്റിൽ ഫ്ളോറിൻ ആൻഡോണെ ആണ് വിജയ ഗോൾ നേടിയത്. വിജയത്തോടെ ബ്രൈറ്റണ് 28 മത്സരത്തിൽ നിന്നും 30 പോയിന്റ് ആയി. ലീഗ് ടേബിളിൽ 15ആം സ്ഥാനത്തേക്ക് എത്താനും അവർക്കായി. ഹാഡേഴ്‌സ്‌ഫീൽഡ് 14 പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ വോൾവ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കാർഡിഫ് സിറ്റിയെ തോൽപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് വോൾവ്‌സ് വിജയം ഉറപ്പിച്ചത്. 16ആം മിനിറ്റിൽ ഹോട്ടയും 18ആം മിനിറ്റിൽ ജിംനെസുമാണ് വോൾവ്‌സിന്റെ ഗോളുകൾ നേടിയത്. വിജയത്തോടെ 43 പോയിന്റുമായി വോൾവ്‌സ് ഏഴാം സ്ഥാനത്താണ്.

നോർത്ത് ലണ്ടൻ ഡർബിയിൽ റെക്കോർഡ് ഇട്ട് ഹാരി കെയ്ൻ

പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡർബിയിൽ റെക്കോർഡ് ഇട്ട് സ്പർസ്‌ താരം ഹാരി കെയ്ൻ. പ്രീമിയർ ലീഗിലെ ആഴ്‌സണൽ – ടോട്ടൻഹാം ഹോട്സ്പർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായിരിക്കുകയാണ് ഹാരി കെയ്ൻ. ഇന്ന് നടന്ന ഡർബിയിൽ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് കെയ്ൻ ഈ നേട്ടത്തിൽ എത്തിയത്.

നിലവിൽ ഹാരി കെയ്ൻ ഒൻപത് ഗോളുകൾ ആണ് നേടിയിട്ടുള്ളത്, എട്ടു ഗോളുകൾ നേടിയ മുൻ ആഴ്‌സണൽ താരം ഇമ്മാനുവൽ അഡബയോറിനെ ആണ് കെയ്ൻ മറികടന്നത്. എന്നാൽ എല്ലാ കോമ്പറ്റിഷനുകളും കണക്കിൽ എടുക്കുമ്പോൾ അഡബയോർ തന്നെയാണ് മുന്നിൽ ഉള്ളത്, പത്ത് ഗോളുകൾ ആണ് അഡബയോർ നോർത്ത് ലണ്ടൻ ഡർബികളിൽ നേടിയിട്ടുള്ളത്.

പെനാൽറ്റി നഷ്ടപ്പെടുത്തി ഒബാമയാങ്, നോർത്ത് ലണ്ടൻ ഡർബി സമനിലയിൽ

ആവേശകരമായ നോർത്ത് ലണ്ടൻ ഡർബി സമനിലയിൽ, അവസാന നിമിഷം ലഭിച്ച പെനാൽറ്റി ആഴ്‌സണൽ താരം ഒബാമയാങ് നഷ്ടപെടുത്തിയപ്പോൾ ടോട്ടൻഹാമിനോട് ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ലീഡ് എടുത്ത ശേഷമാണ് ആഴ്‌സണൽ സമനില വഴങ്ങിയത്. അവസാന നിമിഷം ഡിഫൻസീവ് മിഡ്ഫീൽഡർ ലൂക്കാസ് ടൊറേറ റെഡ് കാർഡ് നേടി പുറത്തായതും ആഴ്‌സണലിന് തിരിച്ചടിയായി.

മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ തന്നെ സ്പർസ്‌ ലീഡ് എടുത്തിരുന്നു, അറ്റാക്കിങ് ഫുട്ബാൾ കളിച്ചു കളിക്കാർ എല്ലാവരും ആഴ്‍സണലിന്റെ പകുതിയിൽ എത്തിയതാണ് സ്പർസിനു തിരിച്ചടിയായത്. മികച്ചൊരു കൗണ്ടർ അറ്റാക്കിങ് ഫുട്ബാളിലൂടെ ആഴ്‌സണൽ ലീഡ് എടുത്തു. ലകാസെറ്റെ നൽകിയ ലോങ്ങ് പാസ് ക്ലിയർ ചെയ്യുന്നതിൽ സ്പർസ്‌ ഡിഫൻഡർ സാഞ്ചസ് പരാജയപ്പെട്ടപ്പോൾ പന്ത് കൈക്കലാക്കി റാംസി കുതിക്കുകയായിരുന്നു, വൺ ഓൺ വണ്ണിൽ ലോറിസിനെ കീഴടക്കി പന്ത് വലയിൽ. സ്കോർ 0-1.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് ഒരു മികച്ച ഡബിൾ സേവുമായി ആഴ്‌സണൽ ഗോൾ കീപ്പർ ലെനോ എത്തി, ആദ്യം ക്ലോസ് റേഞ്ചിൽ നിന്നും എറിക്സന്റെയും പിന്നീട് സിസോകോയുടേം ഷോട്ടുകൾ ലെനോ സേവ് ചെയ്തു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമിച്ചു കളിച്ചപ്പോൾ 74ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കെയ്ൻ സ്പർസിനു സമനില സമ്മാനിച്ചു. 90ആം മിനിറ്റിൽ മത്സരം വിജയിക്കാനുള്ള അവസരം ആഴ്‌സണൽ നഷ്ടപ്പെടുത്തി. ഒബാമയങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഒബാമയാങ് തന്നെ നഷ്ടപ്പെടുത്തി. ഇതോടെ ലീഗ് ടേബിളില്‍ സ്പര്സിനു തൊട്ടടുത്ത്‌ എത്താനുള്ള അവസരമാണ് ആഴ്സനലിന് നഷ്ടമായത്.

ശിഷ്യനെ പുറത്താക്കിയ ഗുരുവും, ഗുരുവിനെ പുറത്താക്കിയ ശിഷ്യനും, റാനിയേരിയുടെ ഫുൾഹാം കഥ

മോശം പ്രകടനത്തിന്റെ പേരിൽ ഇന്നലെയാണ് ക്ലോഡിയോ റാനിയേരിയെ ഫുൾഹാം മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. വെറും 106 ദിവസം മാത്രമേ റാനിയേരിയുടെ ഫുൾഹാം ജോലി നീണ്ടു നിന്നുള്ളൂ. വളരെ രസകരവും പ്രത്യേകതയും നിറഞ്ഞതായിരുന്നു ഫുൾഹാമിലേക്കുള്ള റാനിയേരിയുടെ പ്രവേശനവും പുറത്താവലും.

നംവബറിൽ റാനിയേരി ഫുൾഹാമിന്റെ മാനേജർ ചുമതലയേറ്റെടുത്ത് സ്ലാവിസ്യ ഹൊകനോവിച്ചിന് പകരമായിട്ടായിരുന്നു. ഇതിൽ പ്രത്യേകത എന്തെന്നല്ലേ, 2000 മുതൽ 2004 വരെ ചെൽസിയുടെ മാനേജർ ആയിരുന്നു റാനിയേരി, ചെൽസി മാനേജർ ആയിരുന്ന സമയത്ത് ചെൽസിക്ക് വേണ്ടിയുള്ള തന്റെ ആദ്യത്തെ സൈനിങ്‌ ആയിരുന്നു സ്ലാവിസ്യ ഹൊകനോവിച്ച്. ഡിപാർട്ടീവോ ലൊ കൊരുണയിൽ നിന്നുമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്ന സ്ലാവിസ്യയെ റാനിയേരി ചെൽസിയിൽ എത്തിച്ചത്. താന്‍ ചെല്‍സിയില്‍ എത്തിച്ച ആദ്യത്തെ താരത്തെ പുറത്താക്കിയാണ് റാനിയേരി ഫുള്‍ഹാമില്‍ എത്തിയത്.

ഇന്നലെ റാനിയേരിയെ പുറത്താക്കി ടീമിന്റെ ചുമതല ഷാഹിദ് ഖാൻ ഏൽപ്പിച്ചത് മുൻ താരം സ്‌കോട്ട് പാർക്കറിനെ ആയിരുന്നു. 2004ൽ റാനിയേരി ചെൽസി വിടുമ്പോൾ, അവസാനമായി ടീമിൽ എത്തിച്ചത് സ്‌കോട്ട് പാർക്കറിനെ ആയിരുന്നു. മിഡ്ഫീൽഡർ ആയ സ്‌കോട്ട് പാർക്കറിനെ ചാൾട്ടണിൽ നിന്നുമായിരുന്നു റാനിയേരി ടീമിൽ എത്തിച്ചത്. ഫുൾഹാമിൽ നിന്നും പോവുമ്പോൾ, തനിക്ക് പകരമായി വരുന്നത് തന്റെ മുൻ ശിഷ്യനും.

വാൻ ഡൈകിനു പിഎഫ്എ അവാർഡ് നൽകണമെന്ന ആവശ്യവുമായി റോബർട്സൺ

വിർജിൽ വാൻ ഡൈക് ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആണെന്നും പിഎഫ്എ അവാർഡ് നേടാൻ യോഗ്യതയുള്ളത് വാൻ ഡൈകിനു ആണെന്നും ലിവർപൂളിലെ സഹതാരം ആൻഡി റോബർട്സൺ. 75മില്യൺ മുടക്കി ലിവർപൂൾ 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് സൗത്താംപ്ടണിൽ നിന്നും വാൻ ഡൈകിനെ ടീമിൽ എത്തിച്ചത്, തുടർന്നിങ്ങോട്ട് ലിവർപൂളിന്റെ മികച്ച പ്രകടനത്തിൽ വാൻ ഡൈകിന്റെ പങ്ക് വളരെ വലുതായിരുന്നു. പ്രീമിയർ ലീഗ് സീസണിൽ വാൻ ഡൈക് അടങ്ങുന്ന ലിവർപൂൾ പ്രതിരോധം ആകെ 15 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം നടന്ന വാറ്റ്ഫോഡിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു റോബർട്സൺ. “വാൻ ഡൈക് എന്റെ ജോലി വളരെ എളുപ്പമാക്കുന്നു, വാൻ ഡൈക് ഉള്ള പ്രതിരോധത്തിൽ കാര്യങ്ങൾ എല്ലാം എളുപ്പമാണ്. വാൻ ഡൈക് ഒരിക്കലും തന്റെ പൊസിഷൻ വിട്ട് കളിക്കാറില്ല” – വാൻ ഡൈക് പറയുന്നു.

“ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് വാൻ ഡൈക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു, വളരെയേറെ ആത്മവിശ്വാസം വാൻ ഡൈകിനു ഉണ്ട്. 2004-05ൽ ജോൺ ടെറി പിഎഫ്എ അവാർഡ് നേടിയതിനു ശേഷം ഒരു പ്രതിരോധ നിര താരവും ഈ അവാർഡ് നേടിയിട്ടില്ല, സീസൺ ഇപ്പോൾ അവസാനിക്കുമെങ്കിൽ ഈ അവാർഡ് ഞാൻ വാൻ ഡൈകിനു നൽകും” – വാൻ ഡൈക് കൂട്ടിച്ചേർത്തു.

മൂന്നു മാസം കൊണ്ട് റാനിയേരിയെ പുറത്താക്കി ഫുൾഹാം

വെറും മൂന്നു മാസം കൊണ്ട് മാനേജർ ചുമതലയിൽ തിന്നും ക്ലോഡിയോ റാനിയേരിയെ ഫുൾഹാം നീക്കി. തുടർ തോൽവികളാണ് ഫുൾഹാം മാനേജർ സ്ഥാനത്തു നിന്നും റാനിയേരിയെ നീക്കാൻ ഉടമ ഷാഹിദ് ഖാനെ പ്രേരിപ്പിച്ചത്. സ്ലാവിസ്യ ഹൊകനോവിചിനെ പുറത്താക്കി നവംബർ മാസത്തിൽ ആണ് ഫുൾഹാം ക്ലോഡിയോ റാരിയേരിയെ മാനേജർ ചുമതല ഏൽപ്പിച്ചത്. 2016ൽ ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയത് റാനിയേരി ആയിരുന്നു. സ്‌കോട്ട് പാർക്കാറിനായിരിക്കും ക്ലബിന്റെ താത്കാലിക ചുമതല.

ആദ്യത്തെ എട്ടു മത്സരങ്ങളിൽ ഒൻപത് പോയിന്റ് നേടി മികച്ച രീതിയിൽ ആണ് റാനിയേരി ഫുൾഹാമിൽ തുടങ്ങിയത്. പക്ഷെ പിന്നീട് തുടർ തോൽവികൾ നേരിട്ടതാണ് റാനിയേരിയുടെ സ്ഥാനം തെറിപ്പിച്ചത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതിലും ഫുൾഹാം പരാജയപ്പെട്ടിരുന്നു.

ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ ചെന്നൈയിനെയും തോൽപ്പിച്ച് ഗോവ

സെമി ഫൈനൽ മത്സരങ്ങൾക്ക് മുന്നേയുള്ള അവസാന മത്സരത്തിന് തിങ്ങി നിറഞ്ഞ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഗോവക്ക് വിജയം. ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ തറപറ്റിച്ചത്. 18 മത്സരങ്ങളിൽ നിന്നും ഗോവക്കും ബെംഗളൂരുവിനും 34 പോയിന്റാണ് ഉള്ളതെങ്കിലും നേരത്തെ ബെംഗളൂരുവിനോട് തോറ്റതിനാൽ ഹെഡ് റ്റു ഹെഡ് നോക്കി ബെംഗളൂരു ആണ് ലീഗിൽ ഒന്നാമത്.

ലീഗിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ ആശ്വാസ ജയം തേടിയാണ് ഗോവയിൽ എത്തിയത്. എന്നാൽ 18 മത്സരങ്ങളിലെ 13ആം പരാജയവും ഏറ്റുവാങ്ങിയാണ് ചെന്നൈയിൻ ഫറ്റോർഡ സ്റ്റേഡിയം വിട്ടുപോയത്. ലഭിച്ച അവസരങ്ങൾ പാഴാക്കിയതാണ് ചെന്നൈയിന് തിരിച്ചടിയായത്. പരാജയത്തോടെ വെറും 9 പോയിന്റുമായി അവസാന സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കാനേ നിലവിലെ ചാമ്പ്യന്മാർക്ക് കഴിഞ്ഞുള്ളു.

മത്സരത്തിന്റെ 26ആം മിനിറ്റിൽ ആണ് ഗോവ വിജയ ഗോൾ നേടിയത്. ജാക്കിചാന്ദ്‌ സിംഗിന്റെ പാസിൽ ഫെറൻ കൊറോണിമസ് ആണ് ഗോവയുടെ വിജയം നിശ്ചയിച്ച ഗോൾ കണ്ടെത്തിയത്. നിർണായകമായ മത്സരം അല്ലാതിരുന്നിട്ടു കൂടെ 16000ത്തിൽ അതികം കാണികൾ ഗോവക്ക് വേണ്ടി ആർത്തു വിളിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

മോഹൻ ബഗാനെ തറപറ്റിച്ച് ആരോസിന്റെ കുട്ടികൾ, മലയാളി താരം രാഹുലിന് ഗോൾ

മലയാളി യുവതാരം രാഹുൽ അടക്കം ഗോൾ നേടിയ മത്സരത്തിൽ വമ്പന്മാരായ മോഹൻ ബഗാനെ തറപറ്റിച്ച് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ. സാൾട് ലേക്കിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യൻ ആരോസ് കൊൽക്കത്തൻ ടീമിനെ തോല്പിച്ചത്. ഇതോടെ 20 മത്സരങ്ങളും പൂർത്തിയാക്കിയ ആരോസ് 21 പോയിന്റ് നേടി റെലഗെഷനിൽ നിന്നും രക്ഷപ്പെട്ടു. ആരോസ് നിലവിൽ ഏഴാം സ്ഥാനത്താണ്.

അസ്ഹറുദിന് മല്ലിക്കിലൂടെ ബഗാൻ ആണ് ഗോൾ പട്ടിക തുറന്നത്, പതിനേഴാം മിനിറ്റിൽ ആയിരുന്നു ഗോൾ പിറന്നത്. എന്നാൽ 28ആം മിനിറ്റിൽ അഭിജിത് സർക്കാരിലൂടെ ഇന്ത്യൻ ആരോസ് സമനില പിടിച്ചു. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ആണ് മലയാളി താരം രാഹുൽ കെപിയുടെ ഗോൾ പിറന്നത്. 74 ആം മിനിറ്റിൽ ആയിരുന്നു രാഹുലിന്റെ ഗോൾ. സമനിലക്കായി പൊരുതി കളിച്ച ബാഗാന് ഇടിത്തീ പോലെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം രോഹിത് ധനു ഗോൾ നേടി ഇന്ത്യൻ ആരോസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം തോൽവി ആണിത്. 19 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി മോഹൻ ബഗാൻ ആറാം സ്ഥാനത്താണിപ്പോൾ.

Exit mobile version