അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് ഉത്സവം

ഡിസംബറില്‍ ഇന്ത്യ ടൂര്‍ ചെയ്യുന്ന വിന്‍ഡീസ് ടീം തിരുവനന്തപുരത്ത് ഒരു ടി20 മത്സരം കളിയ്ക്കും. മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം ഡിസംബര്‍ 8നു തിരുവനന്തപുരത്ത് നടക്കും. ആദ്യ ടി20 ഡിസംബര്‍ ആറിനു മുംബൈയിലും മൂന്നാം ടി20 ഡിസംബര്‍ 11നു ഹൈദ്രാബാദുമാണ് നടക്കുക. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങള്‍ യഥാക്രമം 15, 18, 22 തീയ്യതികളില്‍ ചെന്നൈ, വിസാഗ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടക്കും.

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ഇന്ത്യ ന്യൂസിലാണ്ട് ടി20 മത്സരം ഇതിനു മുമ്പ് സംഘടിക്കപ്പെട്ടപ്പോള്‍ മഴ മൂലം 8 ഓവറായി മത്സരം ചുരുക്കുപ്പെടുകയായിരുന്നു. അതിനു ശേഷം വിന്‍ഡീസുമായുള്ള ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ചുരുങ്ങിയ സ്കോറിനു ഓള്‍ഔട്ട് ആയതിനാല്‍ തിരുവനന്തപുരത്തെ കാണികള്‍ക്ക് ഒരു മത്സരം പോലും അതിന്റെ പൂര്‍ണ്ണ തോതില്‍ ആസ്വദിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഓയിന്‍ മോര്‍ഗനെ കാത്തിരിക്കുന്നത് പിഴ?

ഇന്ന് ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 348 റണ്‍സ് നേടിയപ്പോള്‍ പതിവിലും 15 മിനുട്ട് അധികമാണ് ഇംഗ്ലണ്ട് പന്തെറിയുവാന്‍ എടുത്തത്. ലോകകപ്പിനു തൊട്ട് മുമ്പ് പാക്കിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ മോര്‍ഗന് പിഴയും വിലക്കും ഇതേ കാരണത്തിനു നേരിടേണ്ട് വന്നിരുന്നു. നിശ്ചിത സമയത്തിനു എത്ര ഓവറുകള്‍ ഇംഗ്ലണ്ട് പിന്നിലായിരുന്നുവെന്നത് കണക്കാക്കി മാത്രമേ അന്തിമമായി എത്ര പിഴ ഓയിന്‍ മോര്‍ഗനും ഇംഗ്ലണ്ട് ടീമംഗങ്ങളും അടയ്ക്കേണ്ടി വരുമെന്ന് അറിയാനാകൂ.

ഒരു ഓവര്‍ കുറവ് വന്നാല്‍ ടീമംഗങ്ങള്‍ 10 ശതമാനം പിഴയും നായകന്‍ 20 ശതമാനം പിഴയുമാണ് അടയ്ക്കേണ്ടത്.

ലോകകപ്പില്‍ നാല് ക്യാച്ചുകള്‍ ഒരു മത്സരത്തില്‍ നേടുന്ന ഫീല്‍ഡര്‍മാരുടെ പട്ടികയിലെ നാലാമനായി ക്രിസ് വോക്സും

ബൗളിംഗില്‍ വിക്കറ്റ് പട്ടികയില്‍ ക്രിസ് വോക്സ് ഇടം പിടിച്ചത് ഇന്നിംഗ്സിന്റെ അവസാനത്തോടെ മാത്രമാണെങ്കിലും അതിനു മുമ്പ് തന്നെ ക്യാച്ചുകളുമായി കളം നിറഞ്ഞ് നിന്നിരുന്നു ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബൗളര്‍. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി വീഴ്ത്തിയ മൂന്ന് വിക്കറ്റില്‍ രണ്ടും ക്യാച് പൂര്‍ത്തിയാക്കിയത് ക്രിസ് വോക്സ് ആയിരുന്നു. പിന്നീട് മുഹമ്മദ് ഹഫീസിനെ മാര്‍ക്ക് വുഡ് പുറത്താക്കിയപ്പോളും ക്യാച് നേടിയത് ക്രിസ് വോക്സ് ആയിരുന്നു. അതിനു ശേഷം തന്റെ ആദ്യ വിക്കറ്റായി സര്‍ഫ്രാസിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചപ്പോള്‍ മത്സരത്തിലെ നാലാമത്തെ ക്യാച്ചാണ് ക്രിസ് വോക്സ് നേടിയത്. പിന്നീട് രണ്ട് വിക്കറ്റുകള്‍ കൂടി നേടി വോക്സ് 3 വിക്കറ്റ് മത്സരത്തില്‍ നിന്ന് നേടുകയായിരുന്നു.

2003ല്‍ ഇന്ത്യയുടെ മുഹമ്മദ് കൈഫാണ് വിക്കറ്റ് കീപ്പറല്ലാത്ത ഒരു താരം ലോകകപ്പ് മത്സരത്തില്‍ നാല് ക്യാച്ച് ആദ്യമായി പൂര്‍ത്തിയാക്കുന്നത്. പിന്നീട് സമാനമായ നേട്ടം 2015 ലോകകപ്പില്‍ മാത്രമാണ് പിറക്കുന്നത്. അന്ന് സ്കോട്‍ലാന്‍ഡിനെതിരെ ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാരാണ് ഈ നേട്ടം കൊയ്തത്. അതേ ലോകകപ്പില്‍ ഉമര്‍ അക്മല്‍ അയര്‍ലണ്ടിനെതിരെ നാല് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി. 2019ല്‍ ക്രിസ് വോക്സിന്റെ ഊഴമായിരുന്നു ഇത്തരം നേട്ടം സ്വന്തമാക്കുവാന്‍.

തൊട്ടതെല്ലാം പിഴച്ച് ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചിട്ട് ചുരുക്കം ചില മത്സരങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ച ജോഫ്ര ആര്‍ച്ചറിനും ഇന്ന് കാര്യങ്ങള്‍ പിഴച്ചു. താരത്തിന്റെ പത്തോവര്‍ സ്പെല്ലിന്റെ തുടക്കം ഗംഭീരമായിരുന്നുവെങ്കിലും പിന്നീട് പാക് ബാറ്റ്സ്മാന്മാര്‍ മത്സരത്തില്‍ പിടിമുറുക്കിയതോടെ ജോഫ്ര ആര്‍ച്ചര്‍ക്ക് തലങ്ങും വിലങ്ങും തല്ല് കിട്ടുകയായിരുന്നു.

പത്തോവറില്‍ നിന്ന് 79 റണ്‍സാണ് ജോഫ്ര വഴങ്ങിയത്. 5 വൈഡ് എറിഞ്ഞ താരത്തിനു ഒരു വിക്കറ്റ് പലും ലഭിച്ചില്ല. എട്ടോവര്‍ എറിഞ്ഞ ക്രിസ് വോക്സും 5 ഓവര്‍ എറിഞ്ഞ ആദില്‍ റഷീദുമാണ് ജോഫ്രയെക്കാള്‍ മോശം എക്കണോമിയില്‍ പന്തെറിഞ്ഞതെങ്കിലും ജോഫ്രയുടെ കഴിവുള്ള താരത്തില്‍ നിന്നും ഇത്തരം പ്രകടനം ഇംഗ്ലണ്ട് ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്ന് വേണം പറയുവാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏത് താരത്തിനും മോശം ദിവസം ഉണ്ടാകുമെന്നും അതില്‍ നിന്ന് ജോഫ്ര ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷിയ്ക്കാം.

ജേസണ്‍ റോയ് കൈവിട്ടത് ഇംഗ്ലണ്ടിന്റെ വിജയമോ?

തന്റെ വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഫഹീസിനു ജീവന്‍ നല്‍കി ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതോടെ ഇംഗ്ലണ്ടിനു പാക്കിസ്ഥാനെതിരെയുള്ള മത്സരം തന്നെ കൈവിട്ട സ്ഥിതിയിലാണ് ഇപ്പോള്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 348 റണ്‍സ് നേടിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായി മാറിയത് മുഹമ്മദ് ഹഫീസ് ആയിരുന്നു.

ആദില്‍ റഷീദ് എറിഞ്ഞ മത്സരത്തിന്റെ 25ാം ഓവറിന്റെ ആദ്യ പന്തില്‍ റോയ് കൈവിടുമ്പോള്‍ 14 റണ്‍സായിരുന്നു ഹഫീസ് നേടിയിരുന്നത്. തുടര്‍ന്ന് 42.4 ഓവറില്‍ പുറത്താകുമ്പോള്‍ ഹഫീസ് 62 പന്തില്‍ നിന്ന് 84 റണ്‍സാണ് നേടിയത്. 8 ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ഹഫീസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. സര്‍ഫ്രാസുമായി നാലാം വിക്കറ്റില്‍ 80 റണ്‍സാണ് താരം നേടിയത്. 59 പന്തില്‍ നിന്നായിരുന്നു ഈ കൂട്ടുകെട്ട്.

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാരും തുടര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മോയിന്‍ അലിയാണ് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. 36 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് മോയിന്‍ ആദ്യം പുറത്താക്കിയത്. അധികം വൈകാതെ മോയിന്‍ തന്നെ ഇമാം ഉള്‍ ഹക്കിനെയും(44) മടക്കി.

രണ്ടാം വിക്കറ്റില്‍ 29 റണ്‍സാണ് ബാബര്‍ അസവുമായി ഇമാം നേടിയത്. പിന്നീട് മത്സരത്തിലെ തന്നെ മികച്ച രണ്ട് കൂട്ടുകെട്ടുകളാണ് മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് ബാബര്‍ അസവും സര്‍ഫ്രാസ് അഹമ്മദും നേടിയത്. മൂന്നാം വിക്കറ്റില്‍ 88 റണ്‍സ് നേടി പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ബാബര്‍ അസം തോന്നിപ്പിച്ച നിമിഷത്തില്‍ 63 റണ്‍സ് നേടിയ താരത്തെ മോയിന്‍ അലി പുറത്താക്കി.

മുഹമ്മദ് ഹഫീസ് അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് ഹഫീസിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹഫീസിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്. സര്‍ഫ്രാസ് 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ക്രിസ് വോക്സും 3 വീതം വിക്കറ്റും മാര്‍ക്ക് വുഡ് 2 വിക്കറ്റും നേടി.

 

ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ല

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ പേശിവലിവ് മൂലം പരിക്കേറ്റ ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. കുറഞ്ഞത് പത്ത് ദിവസമെങ്കിലും താരം കളത്തിനു പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

നേരത്തെ 23 വയസ്സുകാരന്‍ താരം കാല്‍മുട്ടിന്റെ പരിക്ക് മൂലം ഐപിഎലില്‍ കളിച്ചിരുന്നില്ല. ജൂണ്‍ 5നു ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ജൂണ്‍ 10നു വിന്‍ഡീസിനെതിരെയുള്ള മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് താരത്തിന്റെ സേവനം ലഭ്യമാകുമോ എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.

മികച്ച തുടക്കത്തിനു ശേഷം പാക്കിസ്ഥാന് ഫകര്‍ സമനെ നഷ്ടമായി

വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം സ്വന്തമാക്കി. 14 .1 ഓവറുകള്‍ പിന്നിടുമ്പോള്‍ 82 റണ്‍സാണ് പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹക്കും ഫകര്‍ സമനും നേടിയിരിക്കുന്നത്. ഫകര്‍ സമന്‍ 36 റണ്‍സുമായി ജോസ് ബട്‍ലര്‍ സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു. ഇമാം ഉള്‍ ഹക്ക് 37 റണ്‍സും നേടിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്.

ക്രിസ് വോക്സിനും ജോഫ്ര ആര്‍ച്ചര്‍ക്കും വലിയ പ്രഭാവമുണ്ടാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ മികച്ച തുടക്കമാണ് നേടിയത്. ഓപ്പണര്‍മാര്‍ അനായാസം ബാറ്റ് വീശി ടീമിനു വേണ്ടി അര്‍ദ്ധ ശതക കൂട്ടുകെട്ടും കടന്ന് മുന്നോട്ട് പോകുകയായിരുന്നു. 82 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കട്ടുകെട്ട് നേടിയത്.

താന്‍ എന്നും പന്തെറിയുന്നത് വേഗത്തില്‍

താന്‍ അതിവേഗത്തിലാണ് പന്തെറിയുന്നതെന്ന് അഭിപ്രായപ്പെട്ട് ആന്‍ഡ്രേ റസ്സല്‍. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ റസ്സലിന്റെ ബൗണ്‍സറുകളെ അതിജീവിക്കുവാന്‍ ടീമിലെ ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല. 2015 ലോകകപ്പിനു ശേഷം വെറും രണ്ട് ഏകദിനത്തില്‍ മാത്രം കളിച്ച താരം എന്നാല്‍ ലോകകപ്പിലെ വിന്‍ഡീസിന്റെ ആദ്യ മത്സരത്തില്‍ മൂന്നോവര്‍ എറിയുന്നതിനിടെ തന്നെ വന്‍ പ്രഭാവമാണ് ഉണ്ടാക്കിയത്.

മത്സരത്തില്‍ പാക്കിസ്ഥാന്‍ 105 റണ്‍സിനു പുറത്തായതോടെ റസ്സലിനു വെറും മൂന്നോവര്‍ മാത്രമാണ് എറിയുവാനായത്. വെറും നാല് റണ്‍സ് മാത്രം വിട്ട് നല്‍കിയ താരം രണ്ട് സുപ്രധാന വിക്കറ്റുകളും നേടിയിരുന്നു. താന്‍ അതി വേഗത്തിലാണ് പന്തെറിയുന്നതെന്നാണ് താരം മത്സരം ശേഷം പറഞ്ഞത്. പാക്കിസ്ഥാന്‍ ഷോര്‍ട്ട് ബോളുകള്‍ കളിയ്ക്കുവാന്‍ പിന്നിലായതിനാല്‍ നിരന്തരം ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞാണ് പാക്കിസ്ഥാനെ റസ്സല്‍ വെള്ളം കുടിപ്പിച്ചത്.

വിജയം തുടരുവാന്‍ ഇംഗ്ലണ്ട്, വിജയം തേടി പാക്കിസ്ഥാന്‍, ടോസ് അറിയാം

പാക്കിസ്ഥാനെതിരെ ട്രെന്റ് ബ്രിഡ്ജില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ആദ്യം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയം നേടിയാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. അതേ സമയം പാക്കിസ്ഥാനാകാട്ടെ വിന്‍ഡീസിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയെ തുടര്‍ന്ന് വലിയ തോല്‍വിയേറ്റ് വാങ്ങിയെത്തുകയാണ്. ഇന്നത്തെ മത്സരം വിജയിക്കുവാനായില്ലെങ്കില്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ ഏറെ പ്രയാസകരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യ മത്സരത്തില്‍ നിന്ന് ഒരു മാറ്റമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ലിയാം പ്ലങ്കറ്റിനു പകരം മാര്‍ക്ക് വുഡ് ടീമിലേക്ക് എത്തുന്നു. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ഇമാദ് വസീിനു പകരം അസ്ഹര്‍ അലി ടീമിലേക്ക് എത്തുന്നു. ഹാരിസ് സൊഹൈലിനു പകരം ഷൊയ്ബ് മാലിക്കും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ടോസ് നേടിയിരുന്നുവെങ്കില്‍ താനും ബൗളിംഗ് തിരഞ്ഞെടുത്തേനെ എന്നാണ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞത്.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം, സ്റ്റെയിന്‍ ഇന്ത്യയ്ക്കെതിരെ കളിച്ചേക്കുമെന്ന സൂചന

ലുംഗിസാനി എന്‍ഗിഡി പരിക്കേറ്റ് ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്ന കാര്യം സംശയത്തിലാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വെറ്ററന്‍ താരം ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭിച്ചേക്കുമെന്ന സൂചന നല്‍കി നായകന്‍ ഫാഫ് ഡു പ്ലെസി. സ്റ്റെയിന്‍ വീണ്ടും ബൗളിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നും അത് ശുഭസൂചനയാണെന്നുമാണ് ബംഗ്ലാദേശിനോട് ഏറ്റ തോല്‍വിയ്ക്ക് ശേഷം സംസാരിക്കവേ ഫാഫ് ഡു പ്ലെസി പറഞ്ഞത്.

ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നും എന്നാല്‍ പ്രബുദ്ധമായ സ്പോര്‍ട്ടിംഗ് രാജ്യമാണ് തങ്ങളുടേതെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പോരാട്ട വീര്യം ടീമില്‍ നിന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു. നിലവില്‍ 50-60 ശതമാനം മാത്രം കളിയാണ് ടീം പുറത്തെടുക്കുന്നതെന്നും ബംഗ്ലാദേശിനു വരെ തങ്ങളെ പരാജയപ്പെടുത്താനാകുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നതെന്നും ഫാഫ് ഡു പ്ലെസി അഭിപ്രായപ്പെട്ടു.

ഇത് തയ്യാറെടുപ്പുകളുടെ വിജയം, ആദ്യ മത്സരം ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നുവെന്ന് വിശ്വസിക്കുന്നു

തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടാനായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. നേരത്തെ അയര്‍ലണ്ടിലെത്തി അവിടെ വിജയിച്ചത് സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ടീമിനെ സഹായിച്ചുവെന്ന് പറഞ്ഞ മൊര്‍തസ് ആദ്യ മത്സരം എപ്പോളും ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നും അത് ദക്ഷിണാഫ്രിക്ക പോലൊരു ടീമിനെതിരെ വിജയത്തോടെ തുടങ്ങാനായതില്‍ ടീമിനു വലിയ ആത്മവിശ്വാസം നല്‍കുമെന്നും മൊര്‍തസ പറഞ്ഞു.

നേരത്തെ ഒരു മത്സരത്തില്‍ ഉപയോഗിച്ച വിക്കറ്റെന്ന നിലയില്‍ ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ലായിരുന്നുവെന്നതായിരുന്നു തന്റെ തോന്നലെന്ന് പറഞ്ഞ മര്‍തസ സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കത്തെ പ്രശംസിച്ചു. മുഷ്ഫിക്കുറും ഷാക്കിബും നല്‍കിയ കൂട്ടുകെട്ടും അവസാന ഓവറുകളില്‍ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നടത്തിയ വെടിക്കെട്ടും ടീമിനെ തുണച്ചുവെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ എല്ലാവരെക്കാളും സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കമാണ് ടീമിനു ഗുണം ചെയ്തതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മൊര്‍തസ പറഞ്ഞു.

Exit mobile version