ശ്രീലങ്കയ്ക്ക് അവശേഷിക്കുന്നത് രണ്ട് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി മഴ

ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി ലോകകപ്പില്‍ മികച്ച വിജയത്തിനുള്ള അവസരത്തിനരികെ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടിയായി മഴ. കളി 33 ഓവറിലേക്ക് കടന്നപ്പോള്‍ 182/8 എന്ന നിലയിലുള്ള ശ്രീലങ്കയുടെ മത്സരത്തിലെ തകര്‍ച്ച പൊടുന്നനെയായിരുന്നു. 144/1 എന്ന നിലയില്‍ നിന്ന് മുഹമ്മദ് നബി ഒരോവറില്‍ നേടിയ മൂന്ന് വിക്കറ്റുകളില്‍ നിന്ന് ലങ്ക പിന്നീട് കരകയറാതെ തകരുകയായിരുന്നു.

78 റണ്‍സ് നേടിയ കുശല്‍ പെരേരയുടെ വിക്കറ്റാണ് അവസാനമായി ശ്രീലങ്കയ്ക്ക് നഷ്ടമായത്. നബി നാല് വിക്കറ്റ് നേടിയാണ് ലങ്കയുടെ തകര്‍ച്ച ഉറപ്പാക്കിയത്. മഴ വേഗത്തില്‍ അവസാനിച്ച് ശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്ത്തുവാനായിയാവും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരുടെ ഇനിയുള്ള കാത്തിരിപ്പ്.

ഇംഗ്ലണ്ടില്‍ നിന്ന് പരിക്കേറ്റ് സ്റ്റെയിന്‍ മടങ്ങുന്നു, പകരം ബ്യൂറന്‍ ഹെന്‍ഡ്രിക്സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിയ്ക്കാതിരുന്ന താരം ഇതോടെ താരം ഇനിയൊരു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിയ്ക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. 35 വയസ്സുകാരന്‍ താരം ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി താരം വരുമെന്ന പ്രതീക്ഷയിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്.

ഇതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ ദുഷ്കരമായി മാറിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ടീമിനു ലുംഗിസാനി ഗിഡിയെ പരിക്ക് മൂലം നഷ്ടമായിരുന്നു. എന്നാല്‍ സ്റ്റെയിന്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന കരുതിയിരുന്ന ടീമിനു ഇപ്പോള്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സ്റ്റെയിനിനു പകരം ഈ വര്‍ഷം ആദ്യം പാക്കിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ ജയം തേടി ശ്രീലങ്കയും അഫ്ഗാനിസ്ഥാനും, ടോസ് അറിയാം

ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ആദ്യ ജയത്തിനായി ഇന്ന് ഏറ്റുമുട്ടും. മത്സരത്തിലെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയോടും ശ്രീലങ്ക ന്യൂസിലാണ്ടിനോടും പരാജയപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ 207 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രീലങ്കയുടെ പ്രകടനം അതിലും ദയനീയമായിരുന്നു. ടീമിനു 136 റണ്‍സ് മാത്രമേ ന്യൂസിലാണ്ടിനെതിരെ നേടാനായുള്ളു.

ശ്രീലങ്കന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത് ജീവന്‍ മെന്‍ഡിസിനു പകരം നുവാന്‍ പ്രദീപ് കളിയ്ക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ശ്രീലങ്ക: ലഹിരു തിരിമന്നേ, ദിമുത് കരുണാരത്നേ, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, ഇസ്രു ഉഡാന, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍, ലസിത് മലിംഗ

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ ഷെഹ്സാദ്, ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, നജീബുള്ള സദ്രാന്‍, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഹമീദ് ഹസ്സന്‍.

വിലക്കില്ലാതെ രക്ഷപ്പെട്ട് മോര്‍ഗന്‍, സര്‍ഫ്രാസിന് പിഴ

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് പൂര്‍ത്തിയാക്കുവാന്‍ 15 മിനുട്ട് അധികം എടുത്തതിനു വിലക്ക് നേരിടുന്നതില്‍ നിന്ന് രക്ഷപ്പെട്ട് ഓയിന്‍ മോര്‍ഗന്‍. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് മൂന്നോവര്‍ പിന്നിലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഓയിന്‍ മോര്‍ഗന്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയായിരുന്നു. പൊതുവേ രണ്ടിലധികം ഓവറുകള്‍ പിന്നിലാണെങ്കില്‍ അത് വളരെ വലിയ പിഴയായാണ് ഐസിസി വിലയിരുത്തുന്നത്. സസ്പെന്‍ഷന്‍ പോയിന്റ് ലഭിച്ചാല്‍ രണ്ട് ഏകദിനങ്ങളിലോ ടി20യില്‍ നിന്നോ വിലക്ക് ക്യാപ്റ്റന്‍ നേരിടേണ്ടി വന്നത്. രണ്ട് ലോകകപ്പ് മത്സരങ്ങളായിരുന്നു നിലവിലെ സാഹചര്യങ്ങളില്‍ മോര്‍ഗന് നഷ്ടമാവുമായിരുന്നത്.

അതേ സമയം പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു 20 ശതമാനം പിഴയും പാക് താരങ്ങള്‍ക്ക് 10 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

ജേസണ്‍ റോയിയ്ക്കും ജോഫ്ര ആര്‍ച്ചര്‍ക്കും പിഴ

ഇംഗ്ലണ്ടിന്റെ തോല്‍വിയ്ക്ക് പിന്നാലെ പിഴയേറ്റ് വാങ്ങി ജേസണ്‍ റോയിയും ജോഫ്ര ആര്‍ച്ചറും. ഇരുതാരങ്ങള്‍ക്കും 15 ശതമാനം മാച്ച് ഫീസാണ് പിഴയായി വിധിച്ചിരിക്കുന്നത്. റോയ് മത്സരത്തിലെ 14ാം ഓവറില്‍ മിസ് ഫീല്‍ഡിനെ തുടര്‍ന്ന് അസഭ്യം പറഞ്ഞത് അമ്പയര്‍മാര്‍ കേട്ടതോടെയാണ് നടപടി. ഐസിസി പെരുമാറ്റ ചട്ടത്തിന്റെ ലെവല്‍ 1 ലംഘനമായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്.

സമാനമായ രീതിയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും പിഴ വിധിച്ചിട്ടുണ്ട്. താരം മത്സരത്തിന്റെ 27ാം ഓവറില്‍ വൈഡ് വിളിച്ചതിലുള്ള പ്രതിഷേധം പുറത്ത് കാട്ടിയതിനാണ് പിഴയേറ്റ് വാങ്ങിയത്.

പൊരുതി കീഴടങ്ങി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം. മൂന്ന് ഗെയിം ത്രില്ലറിനു ശേഷം 17-21, 21-12, 16-21 എന്ന സ്കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയമേറ്റു വാങ്ങിയത്. ചൈനീസ് തായ്‍പേയുടെ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

46 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ചി-ലിന്‍ വാംഗ്-ചി യാ ചെംഗ് കൂട്ടുകെട്ടാണ് ചൈനീസ് തായ്‍പേയെ പ്രതിനിധീകരിച്ചത്.

പാക്കിസ്ഥാന്‍ വിരാമം കുറിച്ചത് 11 തുടര്‍തോല്‍വികളുടെ പരമ്പര

വിന്‍ഡീസിനെതിരെയുള്ള പാക്കിസ്ഥാന്റെ ദയനീയമായ പരാജയം ടീമിന്റെ ഏകദിനത്തിലെ പതിനൊന്നാം തോല്‍വിയായിരുന്നു. ആദ്യ മത്സരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 12ാം തോല്‍വിയിലേക്ക് വീഴുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ അപ്രവചനീയമായ സ്വഭാവം ഇന്നലെ അവര്‍ പുറത്തെടുത്തപ്പോള്‍ തിരിച്ചടി കിട്ടിയത് ഇംഗ്ലണ്ടിനായിരുന്നു.

തുടര്‍ച്ചയായ 11 മത്സരങ്ങള്‍ തോറ്റെത്തിയ പാക്കിസ്ഥാന് ഇത് ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ്. ഇംഗ്ലണ്ടിനെ പോലെ കരുത്താര്‍ന്ന ബാറ്റിംഗ് ലൈനപ്പുള്ള ടീമിനു 348 എന്ന സ്കോറൊന്നും പൊതുവേ തലവേദന സൃഷ്ടിക്കാത്തതാണ്, എന്നാല്‍ ലോകകപ്പ് മത്സരത്തിന്റെ സമ്മര്‍ദ്ദത്തില്‍ ടീം വീണപ്പോള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ വലിയൊരു നാണക്കേടിനാണ് അറുതി വരുത്തിയത്.

2019-20 ഹോം സീസണില്‍ ഇന്ത്യ കളിയ്ക്കുക 5 ടെസ്റ്റുകള്‍

2019-20 ഹോം സീസണില്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളാവും കളിയ്ക്കുക. ഇന്നലെ ബിസിസിഐ പുറത്ത് വിട്ട് ഫിക്സ്ച്ചറുകളില്‍ പ്രകാരം സെപ്റ്റംബര്‍ 15നു ദക്ഷിണാഫ്രിക്കയാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന ഈ വര്‍ഷത്തെ വിദേശ ടീം. ധര്‍മ്മശാലയില്‍ ആരംഭിയ്ക്കുന്ന ടി20യോടെയാണ് പരമ്പര ആരംഭിയ്ക്കുന്നത്. അതിനു ശേഷം സെപ്റ്റംബര്‍ 18(മൊഹാലി), സെപ്റ്റംബര്‍ 22(ബെംഗളൂരു) എന്നിവടങ്ങളില്‍ ശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കും.

ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ വൈസാഗ്(ഒക്ടോബര്‍ 2-6), റാഞ്ചി(ഒക്ടോബര്‍ 10-14), പൂനെ(ഒക്ടോബര്‍ 19-23) എന്നിവടങ്ങളില്‍ നടക്കും. ബംഗ്ലാദേശും വിന്‍ഡീസും സിംബാബ്‍വേയും ഓസ്ട്രേലിയയും കൂടാതെ വീണ്ടും ദക്ഷിണാഫ്രിക്കയും ഇന്ത്യയിലേക്ക് പരമ്പര നടക്കും. ഈ കാലയളവില്‍ ഇന്ത്യ 9 ഏകദിനങ്ങളും 12 ടി20 മത്സരങ്ങളും നാട്ടില്‍ മാത്രം കളിയ്ക്കുന്നുണ്ട്.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം
ടി20: നവംബര്‍ 3(ഡല്‍ഹി), നവംബര്‍ 7(രാജ്കോട്ട്), നവംബര്‍ 10(നാഗ്പൂര്‍)
ടെസ്റ്റ്: നവംബര്‍ 14-18(ഇന്‍ഡോര്‍), നവംബര്‍ 22-26(കൊല്‍ക്കത്ത)

വിന്‍ഡീസ് പരമ്പര
ടി20: ഡിസംബര്‍ 6(മുംബൈ), ഡിസംബര്‍ 8(തിരുവനന്തപുരം), ഡിസംബര്‍ 11(ഹൈദ്രാബാദ്)
ഏകദിനങ്ങള്‍: ഡിസംബര്‍ 15(ചെന്നെ), ഡിസംബര്‍ 18(വിശാഖപട്ടണം), ഡിസംബര്‍ 22(കട്ടക്ക്)

സിംബാബ്‍വേ പരമ്പര
ടി20: ജനുവരി 6(ഗുവഹാട്ടി), ജനുവരി 7(ഇന്‍ഡോര്‍), ജനുവരി 10(പൂനെ)

ഓസ്ട്രേലിയ പരമ്പര
ഏകദിനം: ജനുവരി 14(മുംബൈ), ജനുവരി 17(രാജ്കോട്ട്), ജനുവരി 19(ബാംഗ്ലൂര്‍)

ദക്ഷിണാഫ്രിക്ക:

ഏകദിനം: മാര്‍ച്ച് 12(ധര്‍മ്മശാല), മാര്‍ച്ച് 15(ലക്നൗ), മാര്‍ച്ച് 18(കൊല്‍ക്കത്ത)

ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങളത് ചെയ്തു

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിജയ വഴിയിലേക്ക് എത്തിയ പാക്കിസ്ഥാന് വേണ്ടി മാന്‍ ഓഫ് ദി മാച്ചായി മാറിയത് സീനിയര്‍ താരം മുഹമ്മദ് ഹഫീസ് ആയിരുന്നു. 62 പന്തില്‍ നിന്ന് 84 റണ്‍സും 7 ഓവറില്‍ 43 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും നേടിയ താരം പറഞ്ഞത് ടീമില്‍ എല്ലാവരും ഇന്ന് ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നാണ്. അടുത്തിടെയായി മികച്ച ക്രിക്കറ്റാണ് ടീം കളിച്ചിട്ടുള്ളത്, എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ജയം കരസ്ഥമാക്കുവാന്‍ ടീമിനായിട്ടില്ലായിരുന്നു. വളരെ അധികം ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന്‍ മത്സരത്തെ സമീപിച്ചതെന്ന് പറഞ്ഞ ഹഫീസ് ടീം തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പറഞ്ഞു.

മികച്ച മീറ്റിംഗും ടീമംഗങ്ങളും മാനേജ്മെന്റും തമ്മിലുണ്ടായിരുന്നു. ആദ്യ മത്സരം വിചാരിച്ച പോലെ നടന്നില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഞങ്ങളുടെ കഴിവ് ഞങ്ങള്‍ പുറത്തെടുത്തുവെന്നും പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു. ചില സമയത്ത് ചില റിസ്കുകള്‍ എടുക്കണമെന്നും ഇന്ന് കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും മുഹമ്മദ് ഹഫീസ് പറയുകയായിരുന്നു. തുടക്കം മുതലെ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ നയമെന്നും അത് വിജയം കണ്ടുവെന്നാണ് മത്സര ഫലമെന്നതും ഹഫീസ് പറഞ്ഞു.

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ സ്വന്തം സഹോദരന്‍ ഷോണ്‍ മാര്‍ഷിനൊപ്പം ചേരുവാനായി ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു. ഓസ്ട്രേലിയ എ ടീമിന്റെ പര്യടനത്തിനു ശേഷമാവും താരം ടി20 ബ്ലാസ്റ്റ് കളിയ്ക്കുന്നതിനായി ഗ്ലാമോര്‍ഗനിലേക്ക് എത്തുക. 74 ടി20 മത്സരങ്ങളില്‍ നിന്ന് 1487 റണ്‍സും 43 റണ്‍സും നേടിയിട്ടുള്ള താരമാണ് മിച്ചല്‍ മാര്‍ഷ്.

ടീം മാര്‍ഷിനെ പോലെ ബാറ്റിംഗ് ഓര്‍ഡറില്‍ ഫ്ലെക്സിബിളായ ഒരു ഓള്‍റൗണ്ടറെ തിരയുകയാണെന്നാണ് മിച്ചല്‍ മാര്‍ഷുമായുള്ള കരാറിനെക്കുറിച്ച് ഗ്ലാമോര്‍ഗന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ക്ക് വാല്ലസ് വ്യക്തമാക്കിയത്. ഐപിഎല്‍, ബിഗ് ബാഷ് എന്നിവിടങ്ങളില്‍ കളിച്ച് പരിചയമുള്ള താരം ടീമിലേക്ക് വരുന്നത് ടീമിനെ ഏറെ ഗുണം ചെയ്യുമെന്നും ഗ്ലാമോര്‍ഗന്‍ മാനേജ്മെന്റ് പ്രതീക്ഷ പുലര്‍ത്തി.

ജൂലൈ 18നു കാര്‍ഡിഫില്‍ സോമര്‍സെറ്റാണ് ഗ്ലാമോര്‍ഗന്റെ ആദ്യ എതിരാളികള്‍.

രണ്ട് ശതകങ്ങള്‍, എന്നിട്ടും ജയിക്കാനാകാതെ ഇംഗ്ലണ്ട്

ലോകകപ്പില്‍ രണ്ട് താരങ്ങള്‍ ശതകം നേടിയ മത്സരത്തില്‍ ആ ബാറ്റിംഗ് ടീം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രം മാറ്റി മറിച്ച് ഇംഗ്ലണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ രണ്ട് ശതകങ്ങള്‍ പിറന്ന ശേഷം ഒരു ടീം പരാജയപ്പെടുക എന്ന അവിശ്വസനീയ കാര്യമാണ് നടന്നിരിക്കുന്നത്. 107 റണ്‍സ് നേടിയ ജോ റൂട്ടിന്റെയും 76 പന്തില്‍ നിന്ന് വെടിക്കെട്ട് ശതകവുമായി(103) നിന്ന ജോസ് ബട്‍ലറുടെയും ഇന്നിംഗ്സുകളാണ് ഇന്ന് വിഫലമായി പോയത്.

അത്ര കണ്ട് മോശമായിരുന്നു ഇംഗ്ലണ്ടിന്റ ബൗളിംഗ് എന്ന് വേണം പറയുവാന്‍. ഇംഗ്ലണ്ടിന്റെ ഇംപാക്ട് താരം ജോഫ്ര ആര്‍ച്ചറുടെ മോശം ഫോം ടീമിനു വലിയ തിരിച്ചടിയാണ് ഇന്ന് സൃഷ്ടിച്ചത്. ബാറ്റിംഗിനു അനുകൂലമായ പിച്ചായിരുന്നുവെങ്കിലും ഇംഗ്ലണ്ടിന്റെ പേര് കേട്ട ബാറ്റിംഗ് നിരയ്ക്ക് മറികടക്കാനാകാത്ത ലക്ഷ്യം നല്‍കുവാന്‍ പാക് താരങ്ങള്‍ക്കായി എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

സ്കോര്‍ കാര്‍ഡ് നോക്കിയാല്‍ ടോപ് ഓര്‍ഡര്‍ മുതല്‍ മധ്യനിര വരെ എല്ലാ താരങ്ങളും ശ്രദ്ധേയമായ സംഭാവന ടീമിനു നല്‍കിയിട്ടുണ്ട്. ഇതില്‍ 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി മുഹമ്മദ് ഹഫീസും 55 റണ്‍സ് നേടിയ സര്‍ഫ്രാസുമാണ് സ്കോറിംഗിനു വേഗത നല്‍കിയത്. ഇരുവരും അടിച്ച് തകര്‍ത്തപ്പോള്‍ 350നു മുകളില്‍ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ നേടുമെന്നും തോന്നിപ്പിച്ചിരുന്നു.

ജോ-ജോസ് സഖ്യത്തിന്റെ വിഫലമായ ചെറുത്ത് നില്പ്, ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ റൂട്ടിന്റെയും ജോസ് ബട്‍ലറുടെയും ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും 249 റണ്‍സെന്ന വിജയ ലക്ഷ്യത്തിനു 14 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ഇംഗ്ലണ്ടിനു 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടാനായത്.

മുഹമ്മദ് ഹഫീസിന്റെ നിര്‍ണ്ണായക ക്യാച്ച് കൈവിട്ട ജേസണ്‍ റോയ് തന്റെ തെറ്റ് തിരുത്തുവാനുള്ള അവസരം മുതലാക്കാതെ വേഗം മടങ്ങിയ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് നേടിയെങ്കിലും ബൈര്‍സ്റ്റോയെ വഹാബ് റിയാസ് പുറത്താക്കി. ഓയിന്‍ മോര്‍ഗനെ ഹഫീസും ബെന്‍ സ്റ്റോക്സിനെ ഷൊയ്ബ് മാലിക്കും പുറത്താക്കിയതോടെ 118/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് വലിയ തോല്‍വിയാണ് മുന്നില്‍ കണ്ടത്.

എന്നാല്‍ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ജോ റൂട്ട്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ഷദബ് ഖാന്‍ ശതകം നേടിയ ജോ റൂട്ടിനെ പുറത്താക്കുമ്പോള്‍ 130 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. 104 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് ജോ റൂട്ടിന്റെ മടക്കം.

ജോ റൂട്ട് പുറത്തായ ശേഷവും തന്റെ പതിവു ശൈലിയില്‍ ജോസ് ബട്‍ലര്‍ ബാറ്റ് വീശിയപ്പോള്‍ അവസാന എട്ടോവറില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് വിക്കറ്റ് കൈവശം ഇരിക്കവെ 81 റണ്‍സായിരുന്നു. തുടര്‍ന്നു ജോസ് ബട്‍ലര്‍ അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ക്യാമ്പ് പരിഭ്രാന്തരായെങ്കിലും  75 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ജോസ് ബട്‍ലര്‍ അടുത്ത പന്തില്‍ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ കഷ്ടത്തിലാവുകയായിരുന്നു. 103 റണ്‍സാണ് ജോസ് ബട്‍ലര്‍ 76 പന്തില്‍ നിന്ന് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു നേടേണ്ടിയിരുന്നത്. ക്രീസില്‍ മോയിന്‍ അലിയും ക്രിസ് വോക്സും.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും 19 റണ്‍സ് നേടിയ മോയിന്‍ അലിയെ വഹാബ് റിയാസ് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിനു ലക്ഷ്യം 13 പന്തില്‍ നിന്ന് 29 റണ്‍സായിരുന്നു. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version