ലിന്‍ ഓസ്ട്രേലിയന്‍ ടീമില്‍, മാക്സ്‍വെല്‍ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കിയാണ് സെലക്ടര്‍മാര്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. മാത്യൂ വെയിഡിനു തന്റെ ഏകദിന കീപ്പര്‍ സ്ഥാനം നഷ്ടമായി. പ്രതീക്ഷിച്ച പോലെ ടിം പെയിനിനാണ് ടീമിലിടം ലഭിച്ചത്. നീണ്ട് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിക്കില്‍ നിന്ന് മോചിതനായി ക്രിസ് ലിന്‍ ഓസ്ട്രേലിയന്‍ ടീമിലെത്തുന്നത്. ക്രിസ് ലിന്‍ ആണ് മാക്സ്വെല്ലിന്റെ ഇടം പിടിച്ചത്. ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ സ്ഥാനം മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കാണ്.

ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, ജൈ റിച്ചാര്‍ഡ്സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആഡം സംപ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനങ്ങളിലും പെയിനിനെ കീപ്പറാക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഷസിനു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിനങ്ങളിലും വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം പെയിനിനു നല്‍കാനുറച്ച് ഓസ്ട്രേലിയ. ജനുവരി 14നു എംസിജിയില്‍ ആരംഭിക്കുന്ന് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ കീപ്പറായി പെയിനിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകകപ്പിനു 18 മാസം മാത്രം ശേഷിക്കെ മാത്യു വെയിഡിനു ഏറെക്കുറെ ഓസ്ട്രേലിയന്‍ കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ടി20യില്‍ ഓസ്ട്രേലിയന്‍ കീപ്പറായ ടിം പെയിന്‍ ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ കുപ്പായം അണിയുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ആഷസില്‍ പെയിനിന്റെ തിരഞ്ഞെടുക്കല്‍ ഒട്ടേറെ പേരെ നെറ്റിചുളിക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശകരെ വായടപ്പിക്കുന്ന പ്രകടനമാണ് പെയിന്‍ വിക്കറ്റിനു പിന്നില്‍ പുറത്തെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെയിന്‍ അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനം കളിക്കുന്നത്. യുവ താരം അലക്സ് കാറേയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വാനിനെ കളിയാക്കി വാര്‍ണര്‍

മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിനെ ട്വിറ്ററില്‍ കളിയാക്കി. സ്വാനിന്റെ കമന്ററിയെ കളിയാക്കിയാണ് വാര്‍ണര്‍ ട്വീറ്റിട്ടത്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 3-0 നു തോറ്റത്തോടെ സ്വാന്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നാണ് താരം കളിയാക്കി ട്വീറ്റ് ചെയ്തത്.

2013ല്‍ ആഷസ് പരമ്പര തോറ്റപ്പോള്‍ ഇംഗ്ലണ്ട് ടീമിലംഗമായിരുന്ന സ്വാന്‍ പരമ്പരയ്ക്കിടെ വിരമിയ്ക്കുകയായിരുന്നു. ഇംഗ്ലണ്ട് 5-0 നു വൈറ്റ് വാഷ് ചെയ്യപ്പെട്ട ടൂര്‍ണ്ണമെന്റില്‍ 3-0 നു പരമ്പര നഷ്ടമായപ്പോളാണ് സ്വാന്‍ കരിയര്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകര്‍ക്ക് തങ്ങളുടെ ഫസ്റ്റ് ജഴ്സി രൂപകല്പന ചെയ്യാന്‍ അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2018ലേക്ക് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതുമയാര്‍ന്ന ഒരു ഉപായം സ്വീകരിച്ചിരിക്കുന്നു. ആരാധകരോട് തങ്ങളുടെ ഫസ്റ്റ് ജഴ്സ് രൂപകല്പന ചെയ്യാനായി പങ്കു ചേരുവാനാണ് രാജസ്ഥാന്‍ റോയല്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 3 2018 വരെ നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് മികച്ച ഡിസൈനുകള്‍ ഭാഗ്യമുണ്ടെങ്കില്‍ ടീമിന്റെ ഫസ്റ്റ് ജഴ്സിയായി മാറിയേക്കാമെന്നാണ് അറിയുന്നത്.

#RRHamariJersey എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു വേണം മത്സരത്തില്‍ പങ്കെടുക്കുവാന്‍ എന്ന് ടീം അറിയിച്ചിട്ടുണ്ട്. ജനുവരി 25നു ആവും ഫല പ്രഖ്യാപനം. മത്സരത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.rajasthanroyals.com/rrhamarijersey-terms-conditions

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെ വിജയത്തിലേക്ക് നയിച്ച് മക്കല്ലവും ക്രിസ് ലിന്നും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം-ക്രിസ് ലിന്ന് കൂട്ടുകെട്ട് നേടിയ 10 റണ്‍സാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 32 പന്തുകള്‍ ശേഷിക്കെയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നല്‍കിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹീറ്റ് മറികടന്നത്. 101 റണ്‍സ് നേടിയ മക്കല്ലം-ക്രിസ് ലിന്‍ കൂട്ടുകെട്ടാണ് വിജയത്തിനു അടിത്തറ പാകിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു ടീമിനു കൂറ്റന്‍ വിജയം സാധ്യമാക്കി. 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായെങ്കിലും ലിന്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. തന്റെ ബൗളിംഗ് പ്രകടനത്തിനു മിച്ചല്‍ സ്വെപ്സണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിരുന്നു. മാക്സ്വെല്‍ 39 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേര്‍സണ്‍ 30 റണ്‍സ് നേടി. യസീര്‍ ഷായും മിച്ചല്‍ സ്വെപ്സണും ആണ് ഹീറ്റിനായി തിളങ്ങിയത്. സ്പെപ്സണ്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യസീര്‍ ഷാ 16 റണ്‍സാണ് തന്റെ നാലോവര്‍ ക്വാട്ടയില്‍ വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

142 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റിനായി 27 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച ബ്രണ്ടന്‍ മക്കല്ലമാണ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ചത്. ക്രിസ് ലിന്‍ പതിവിനു വിപരീതമായി മെല്ലെയാണ് തുടങ്ങിയത്. 63 പന്തില്‍ തങ്ങളുടെ ശതക കൂട്ടുകെട്ടും സഖ്യം കുറിച്ചു. തൊട്ടടുത്ത പന്തില്‍ 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായതോടെ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ലിയാം ബോവിനാണ് വിക്കറ്റ്. 30 പന്തുകള്‍ നേരിട്ട മക്കല്ലം 7 ബൗണ്ടറിയും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മക്കല്ലം പുറത്തായ ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ക്രിസ് ലിന്‍ തന്റെ അര്‍ദ്ധ ശതകം 40 പന്തില്‍ പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറിയും 3 സിക്സുമാണ് 63 റണ്‍സ് നേടിയ ലിന്‍ അടിച്ചു കൂട്ടിയത്. 46 പന്തുകളാണ് ഇതിനായി ലിന്‍ നേരിട്ടത്.  മക്കല്ലം പുറത്തായ ശേഷം എത്തിയ ജോ ബേണ്‍സ് 18 റണ്‍സുമായി ക്രീസില്‍ ലിന്നിനു മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ആന്‍ഡി മറേ ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ദുബായിയില്‍ മറേ ദുബായിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഒരു വെബ്ബ്സൈറ്റ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം ക്യൂന്‍സ‍്‍ലാന്‍ഡ് ടെന്നീസ് സെന്ററില്‍ താരം പരിശീലനത്തിനെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മറേ അതിനായി എത്തിയില്ല. ഇതോടെ താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകളുയര്‍ന്നിരുന്നു. ഏറെ വൈകാതെ ആന്‍ഡി മറേ തന്നെ താന്‍ ബ്രിസ്ബെയിനിലെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു മറേ ടൂര്‍ണ്ണമെന്റില്‍ കളിക്കാനിറങ്ങേണ്ടിയിരുന്നത്.

ബ്രിസ്ബെയിനില്‍ നിന്ന് പിന്മാറിയെങ്കിലും താരം മെല്‍ബേണിലേക്ക് പറന്ന് ഓസ്ട്രേലിയന്‍ ഓപ്പണിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും മത്സരം പുരോഗമിക്കുംതോറും അത് കുറഞ്ഞു വന്നുവെന്നുമാണ് മാച്ച് റഫറി രഞ്ജന്‍ മഡ്ഗുലേയുടെ വിലയിരുത്തല്‍. പിച്ചില്‍ ബാറ്റ്സ്മാന്മാര്‍ക്കോ ബൗളര്‍മാര്‍ക്കോ യാതൊരു വിധ പിന്തുണയുമുണ്ടായിരുന്നില്ല എന്നാണ് രഞ്ജന്‍ തന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്.

അഞ്ച് ദിവസത്തെ മത്സര കാലയളവില്‍ പിച്ചില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും പേസോ ബൗണ്‍സോ സ്പിന്നോ പോലും പിച്ചില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു മത്സരശേഷം സ്റ്റീവന്‍ സ്മിത്തിന്റെ പ്രതികരണം. പിച്ച് ഫ്ലാറ്റാവുന്നതില്‍ കുഴപ്പമില്ല പക്ഷേ ബൗണ്‍സും കാരിയും ഉണ്ടാവണം എന്നാല്‍ എംസിജിയില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനൊപ്പം

ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നു. മെന്ററും ബാറ്റിംഗ് കോച്ചും എന്ന റോളിലാണ് ഗാരി കിര്‍സ്റ്റന്‍ പ്രവര്‍ത്തിക്കുക. ആശിഷ് നെഹ്റ ബൗളിംഗ് കോച്ചായി സേവനം അനുഷ്ഠിക്കും. ഇതിനു മുമ്പ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചായി പ്രവര്‍ത്തിച്ച കിര്‍സ്റ്റന്‍ നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ടോപ് സീഡ് പിന്മാറി

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലിലെ തന്റെ ആദ്യ മത്സരത്തില്‍ നിന്ന് പരിക്കേറ്റ് പിന്മാറി ടോപ് സീഡ് ഗാര്‍ബൈന്‍ മുഗുരൂസ. മത്സരത്തിനിടെ പേശിവലിവ് അലട്ടിയതിനാലാണ് താരത്തിനു പിന്മാറേണ്ടി വന്നത്. ലോക റാങ്കിംഗില്‍ രണ്ടാം റാങ്കുകാരിയും വിമ്പിള്‍ഡണ്‍ ചാമ്പ്യനുമായ മുഗുരൂയ്ക്ക് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ബൈ ലഭിച്ചിരുന്നു. 53ാം റാങ്കുകാരി സെര്‍ബിയന്‍ താരം അലക്സാന്‍ഡ്ര ക്രൂണിക്കുമായുള്ള പോരാട്ടത്തിനിടയൊണ് പേശിവലിവ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് സാധ്യതകളെ അവസാനിപ്പിച്ചത്.

2 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുിലാണ് 7-5, 6-7(3-7), 2-1 എന്ന സ്കോറിനു ലീഡ് ചെയ്യുമ്പോളാണ് താരത്തിനു പരിക്കേറ്റ് പിന്മാറേണ്ടി വന്നത്. ഈ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിനു മുമ്പ് താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന് സ്റ്റീവന്‍ സ്മിത്ത്

സിഡ്നിയിലെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് സ്റ്റീവന്‍ സ്മിത്ത് വിട്ടു നില്‍ക്കുവാന്‍ സാധ്യത. പുറം വേദന കാരണം ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനത്തില്‍ നിന്ന് നായകന്‍ വിശ്രമം എടുക്കുകയായിരുന്നു. സ്മിത്ത് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തിനു സെലക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും താരം തന്നെ വിശ്രമം തേടിയതോടെ സ്മിത്ത് അവസാന ടെസ്റ്റില്‍ കളിക്കാനുണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാമത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ മത്സരം ഇംഗ്ലണ്ടിനു മേല്‍ക്കൈ നേടാനായെങ്കിലും മത്സരം സമനിലയിലാക്കാന്‍ നിര്‍ണ്ണായകമായ ശതകമാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്ത് നേടിയത്. സ്റ്റീവ് സ്മിത്ത് കളിക്കാത്ത പക്ഷം ഡേവിഡ് വാര്‍ണര്‍ ആവും ഓസ്ട്രേലിയയെ സിഡ്നിയില്‍ നയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനവസരം കൊടുക്കുവാന്‍ സാധ്യത

സിഡ്നിയില്‍ ജനുവരി നാലിനു ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ യുവ സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ കളിക്കുവാന്‍ സാധ്യതയെന്ന് സൂചന. സിഡ്നിയിലെ സ്പിന്നിനു അനുകൂലമായ പിച്ചില്‍ മേസണ്‍ തന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബേലിസ് നല്‍കുന്ന സൂചന. ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയായതോടെ 5-0 എന്ന നിലയില്‍ വൈറ്റ് വാഷ് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. 20 വയസ്സുകാരന്‍ സ്പിന്നറുള്‍പ്പെടെ ഒന്ന് രണ്ട് മാറ്റങ്ങളോടെയാവും ഇംഗ്ലണ്ട് സിഡ്നിയില്‍ ഇറങ്ങുക എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

മോയിന്‍ അലിയുടെ മോശം ഫോമും മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനുള്ള അവസരം കൂടുതല്‍ ശക്തമാക്കുകയാണ്. മോയിന്‍ അലിയും മേസണ്‍ ക്രെയിനും ഒരുമിച്ച് സിഡ്നിയില്‍ കളിക്കുവാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നു എന്നതും ഒരു ഘടകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിച്ചല്‍ മാര്‍ഷ് ഐപിഎല്‍ 2018നു ഇല്ല

ഐപിഎല്‍ പുതിയ സീസണില്‍ കളിക്കാന്‍ വരേണ്ടതില്ല എന്ന് തീരുമാനിച്ച് മിച്ചല്‍ മാര്‍ഷ്. കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 4.8 കോടിയ്ക്ക് സ്വന്തമാക്കിയ താരം ഇത്തവണ സസക്സിനു വേണ്ടി കൗണ്ടി കളിക്കാന്‍ പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിനും 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസില്‍ ടീമിലിടം പിടിക്കാനുപയോഗപ്രദവുമാകുന്ന ഒരു തീരുമാനമാകും ഇപ്പോള്‍ താനെടുക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.

സാമ്പത്തികമായി തന്റെ തീരുമാനം തെറ്റായിരിക്കാം എന്നാല്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുക എന്നതാണ് തന്റെ പ്രഥമമായ ലക്ഷ്യമെന്ന് മിച്ചല്‍ മാര്‍ഷ് പറഞ്ഞു. കൗണ്ടിയില്‍ കളിക്കുന്നത് വഴി തന്റെ കളി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അടുത്തറിയുന്നത് അടുത്ത ആഷസ് ടീമില്‍ ഇടം പിടിക്കാന്‍ തന്നെ സഹായിക്കുമെന്നാണ് വിശ്വാസമെന്നാണ് താരം പറഞ്ഞത്.

ഏറെ നാളിനു ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ മാര്‍ഷ് മികച്ചൊരു ശതകത്തോടെയാണ് മൂന്നാം ടെസ്റ്റില്‍ തന്റെ മടങ്ങിവരവ് അറിയിച്ചത്. നാലാം ടെസ്റ്റിലും 166 പന്ത് നേരിട്ട് നിര്‍ണ്ണായകമായ ഒരു ഇന്നിംഗ്സാണ് മാര്‍ഷ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version