സൗത്താംപ്ടൻറെ ഉയിർത്തെഴുന്നേൽപ് തുടരുന്നു, പാലസിനോട് ആവേശ സമനില

സൗത്താംപ്ടൻ മികച്ച ഫോം തുടരുന്നു. ക്രിസ്റ്റൽ പാലസിനോട് ഇത്തവണ 1-1 ന്റെ സമനില ആണ് അവർ നേടിയത്. ഇത്തവണയും മിന്നും ഫോമിലുള്ള സ്‌ട്രൈക്കർ ഡാനി ഇങ്‌സ് ആണ് അവർക്ക് പോയിന്റ് സമ്മാനിച്ചത്.

ആദ്യ പകുതിയിൽ VAR ഒരു ഗോൾ തടഞ്ഞത് പാലസിന് തിരിച്ചടിയായി. മാക്‌സ് മേയർ ഗോൾ നേടിയപ്പോൾ സാഹ ഓഫ് സൈഡ് ആയതാണ് ഗോൾ നിഷേധികാൻ കാരണമായത്. പക്ഷെ രണ്ടാം പകുതിയിൽ 50 ആം മിനുട്ടിൽ ജെയിംസ് ടോംകിൻസ് പാലസിന് ലീഡ് സമ്മാനിച്ചെങ്കിലും മാർട്ടിൻ കെല്ലി വരുത്തിയ പിഴവ് മുതലാക്കി ഡാനി ഇങ്‌സ് സൗത്താംപ്ടന് സമനില സമ്മാനിച്ചു. നിലവിൽ 15 ആം സ്ഥാനത്ത് ആണ് സൈന്റ്‌സ്. പാലസ് ഒൻപതാം സ്ഥാനതാണ്.

വില്ലക്ക് വീണ്ടും തോൽവി, ഡീനിയുടെ ഇരട്ട ഗോളിൽ വാറ്റ്ഫോഡ് ജയം

പത്ത് പേരുമായി കളിച്ചിട്ടും ആസ്റ്റൺ വില്ലക്ക് എതിരെ വാറ്റ്ഫോഡിന് മികച്ച ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ക്യാപ്റ്റൻ ട്രോയ് ഡീനിയുടെ ഇരട്ട ഗോളുകളാണ് അവരുടെ ജയത്തിൽ നിർണായകമായത്. ഇന്നത്തെ തോൽവിയോടെ ലീഗിൽ പതിനെട്ടാം സ്ഥാനത്താണ് വില്ല.

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ വാറ്റ്ഫോഡിന് ഹാൾഫ് ടൈമിന് പിരിയും മുൻപ് തന്നെ ക്യാപ്റ്റൻ ഡീനി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ കളി തീരാൻ 30 മിനുട്ട് ബാക്കി നിൽക്കേ മരിയപ്പ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും വാറ്റ്ഫോഡിന് ലീഡ് ഉയർത്താനായി. പെനാൽറ്റിയിലൂടെ ഡീനിയും പിന്നീട് സാറും ആണ് അവരുടെ ശേഷിക്കുന്ന ഗോളുകൾ നേടിയത്.

ബോക്സിങ് ഡേയിൽ ചെൽസിയെ ഇടിച്ചിട്ട് സൗത്താംപ്ടൻ

പ്രീമിയർ ലീഗിലെ മത്സരങ്ങളിൽ മോശം ഫോം ചെൽസി തുടരുന്നു. സൗതാംപ്ടനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലംപാർഡിന്റെ ടീം നാണം കെട്ടത്.

സ്പർസിനെതിരെ ജയം കണ്ട 3-4-3 ഫോർമേഷനിൽ ഇറങ്ങിയ ചെൽസി ആദ്യ ഇലവനിൽ ജോർജിനോ, ഓഡോയി, എമേഴ്സൻ എന്നിവർ ഇടം നേടി. പക്ഷെ ആക്രമണത്തിൽ കാര്യമായി ഒന്നും ചെയ്യാൻ അവർക്കായില്ല. 31 ആം മിനുട്ടിൽ ചെൽസി പ്രതിരിധത്തിന്റെ വൻ പിഴവ് മുതലാക്കി സൈന്റ്‌സ് മത്സരത്തിൽ ലീഡ് എടുത്തു. മിക്കേൽ ഒബാഫെമിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂമക്ക് പകരം മൗണ്ടിനെ ഇറക്കി ചെൽസി ഫോർമേഷനിൽ മാറ്റം വരുത്തിയെങ്കിലും മത്സരത്തിൽ തിരികെ വരാൻ ചെൽസിക്ക് സാധിച്ചില്ല.

73 ആം മിനുട്ടിൽ റെഡ്മണ്ട് സൈന്റ്‌സിന്റെ രണ്ടാം ഗോളും നേടിയതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. തോറ്റെങ്കിലും തത്കാലം സ്പർസിന് 3 പോയിന്റ് മുകളിലായി ചെൽസി നാലാം സ്ഥാനത്ത് തുടരും.

കാത്തിരിപ്പിന് അവസാനം, ഒഡോയി ചെൽസിയിൽ പുതിയ കരാർ ഒപ്പിട്ടു

ചെൽസി യുവ താരം കാലം ഹഡ്സൻ ഓഡോയി ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം 2024 വരെ താരം ചെൽസിയിൽ തുടരും. പഴയ കരാർ 2020 അവസാനിക്കാനിരിക്കെ താരം ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. നേരത്തെ തരത്തിനായി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യുണിക് തരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട യുവ താരത്തെ വിട്ട് നൽകാൻ ചെൽസി തയ്യാറായിരുന്നില്ല.

18 വയസുകാരനായ ഒഡോയി മൗറീസിയോ സാരി പരിശീലകനായിരിക്കെയാണ് ചെൽസി സീനിയർ ടീമിൽ അരങ്ങേറുന്നത്. പക്ഷെ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ താരം ബയേണിലേക്ക് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ ലംപാർഡ് പരിശീലകനായി വന്നതും അവസരങ്ങൾ ഉറപ്പ് നൽകിയതും താരം പുതിയ കരാർ ഒപ്പിടാൻ കാരണമായി. കാലിൽ പരിക്കേറ്റ താരം മാസങ്ങളായി പുറത്താണെങ്കിലും വൈകാതെ ടീമിൽ തിരിച്ചെത്തിയേക്കും.

ചെൽസി അക്കാദമി വഴി വളർന്നു വന്ന താരമാണ് ഒഡോയി.

രണ്ട് ഗോൾ ലീഡ് കളഞ്ഞ് സ്പർസ്, ഗ്രീസിൽ സമനില മാത്രം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സ്പർസിന് സമനില കുരുക്ക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസ് ആണ് കഴിഞ്ഞ തവണത്തെ റണ്ണർ അപ്പുകളായ സ്പർസിനെ സമനിലയിൽ തളച്ചത്. സ്കോർ 2-2.

ഗ്രീസിൽ നടന്ന മത്സരത്തിൽ ഹോം ടീം മികച്ച തുടക്കമാണ് നേടിയത്. ഒരു തവണ സ്പർസ് പോസ്റ്റിൽ തട്ടിയാണ് അവരുടെ ഒരു ഷോട്ട് മടങ്ങിയത്. പക്ഷെ മത്സരത്തിന്റെ 26 ആം മിനുട്ടിൽ കെയ്നെ ബോക്‌സിൽ വീഴ്ത്തിയതോടെ റഫറി സ്പർസിന് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത കെയ്‌നിന് പിഴച്ചില്ല. സ്കോർ 1-0 . ഏറെ വൈകാതെ 30 ആം മിനുട്ടിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ ലൂക്കാസ് മോറ സ്പർസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതിക്ക് പിരിയും മുൻപേ വൽബ്‌വേനയുടെ പാസ്സ് ഗോളാക്കി ഡാനിയേൽ പൊഡെൻസ് ഒളിമ്പിയാക്കോസിന് പ്രതീക്ഷ നിലനിർത്തി.

രണ്ടാം പകുതി തുടങ്ങി 5 മിനിട്ടിനുള്ളിൽ തന്നെ സ്പർസ് തങ്ങളുടെ ലീഡ് കൈവിട്ടു. വൽബ്‌വേനയെ വേർത്തോങ്കൻ വീഴ്ത്തിയതിന് ലഭിച്ച ഗോളാക്കി വൽബ്‌വേന തന്നെയാണ് സ്കോർ 2-2 ആക്കിയത്. പിന്നീട് വിജയ ഗോളിനായി പോചെട്ടിനോ സോണ്, ലമേല എന്നിവയെല്ലാം ഇറക്കിയെങ്കിലും ഒളിമ്പിയാക്കോസ് പ്രതിരോധം മറികടക്കാൻ അവർക്കായില്ല. ബയേൺ മ്യൂണിക് അടങ്ങുന്ന ഗ്രൂപ്പിൽ ഇതോടെ സ്പർസിന് കാര്യങ്ങൾ എളുപ്പമാക്കാൻ ഇടയില്ല.

അത്ലറ്റിയുടെ വിജയ പരമ്പര അവസാനിച്ചു, സോസിഡാഡിനോട് തോൽവി

അത്ലറ്റികോ മാഡ്രിഡിന്റെ ല ലീഗെയിലെ ജൈത്രയാത്രക്ക് റയൽ സോസിഡാഡിൽ അവസാനം. തുടർച്ചയായ 3 ജയങ്ങൾക്ക് ശേഷം സോസിഡാഡിൽ എത്തിയ സിമയോണിക്കും സംഘത്തിനും എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. രണ്ടാം പകുതിയിൽ 3 മിനുറ്റുകളുടെ ഇടവേളയിൽ വഴങ്ങിയ 2 ഗോളുകളാണ് അത്ലറ്റിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്.

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തിയ മാർട്ടിൻ ഒഡേഗാർഡിന്റെ ഗോളിൽ ലീഡെടുത്ത സോസീഡാഡ് 3 മിനിട്ടുകൾക്ക് ശേഷം ലീഡ് രണ്ടാക്കി. ഇത്തവണ ആഴ്സണലിൽ നിന്ന് എത്തിച്ച ലെഫ്റ്റ് ബാക്ക് നാച്ചോ മോൻറെയാൽ ആണ് ഗോൾ നേടിയത്. 65 ആം മിനുട്ടിൽ ഗോളി ഒബ്ലാക് പരിക്കേറ്റ് പുറത്തായത് അത്ലറ്റിക്ക് മറ്റൊരു തിരിച്ചടിയായി. അത്ലറ്റി ആക്രമണം നയിച്ച ഫെലിക്‌സ്, കോസ്റ്റ എന്നിവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സോസിഡാഡിന് ജയം ഉറപ്പിക്കാനായി.

തോറ്റെങ്കിലും 9 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് ല ലീഗെയിൽ ഒന്നാം സ്ഥാനത്ത്. 8 പോയിന്റുള്ള റയൽ ആണ് രണ്ടാം സ്ഥാനത്ത്.

ചാമ്പ്യന്മാരുടെ പ്രതിരോധം തകർന്നു, നോർവിച്ചിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുഞ്ഞന്മാർക്ക് മുൻപിൽ അടിപതറി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുമായി എത്തിയ സിറ്റി നോർവിച്ചിനോട് 3-2 നാണ് നാണം കെട്ടത്. പ്രതിരോധത്തിൽ വരുത്തിയ വൻ പിഴകൾക്ക് സിറ്റിക്ക് 3 പോയിന്റാണ് വില നൽകേണ്ടി വന്നത്. ഇന്ന് തോറ്റതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് 5 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ് സിറ്റി. 6 പോയിന്റുള്ള നോർവിച് 12 ആം സ്ഥാനത്താണ്.

തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിക്കും എന്ന് പ്രതീക്ഷിച്ച നോർവിച് മാഞ്ചസ്റ്റർ സിറ്റിയെ ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം ആക്രമിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. ലപോർട്ടിന്റെ അഭാവത്തിൽ സിറ്റി പ്രതിരോധം ദുർബലമായതും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. കോർണറിൽ നിന്ന് നോർവിച്ചാണ് സിറ്റിയെ ഞെട്ടിച്ച് ആദ്യ ഗോൾ നേടിയത്‌. 18 ആം മിനുട്ടിൽ കെന്നി മക്ലീൻ ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ സിറ്റി പ്രതിരോധത്തിലെ പിഴവ് മുതലാക്കി 28 ആം മിനുട്ടിൽ ടോഡ് കാന്റ്വെൽ ആണ് നോർവിച് ലീഡ് രണ്ടാക്കിയത്. ആദ്യ പകുതിക്ക് പിരിയും മുൻപേ അഗ്യൂറോ ഒരു ഗോൾ മടക്കിയത് സിറ്റിയുടെ രണ്ടാം പകുതിയിലെ പ്രതീക്ഷകൾ ഉയർത്തി.

രണ്ടാം പകുതി പക്ഷെ ഗാർഡിയോള ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് സിറ്റിക്ക് ലഭിച്ചത്. 50 ആം മിനുട്ടിൽ നിക്കോളാസ് ഒട്ടാമെന്റി വരുത്തിയ വൻ പിഴവ് മുതലാക്കി പന്ത് തട്ടി എടുത്ത എമിലിയാണോ നൽകിയ പാസ്സിൽ നിന്ന് സെപ്റ്റംബറിലെ താരം പുക്കി നോർവിച്ചിന്റെ സ്കോർ 3-1 ആക്കി ഉയർത്തി. പിന്നീട് ജിസൂസ്, ഡു ബ്രെയ്ൻ, മഹ്‌റസ് എന്നിവരെയെല്ലാം പെപ്പ് ഇറക്കിയെങ്കിലും നോർവിച് പ്രതിരോധത്തെ ഇളക്കാൻ അവർക്കാർക്കുമാവാതെ വന്നതോടെ സിറ്റി ഈ സീസണിലെ ആദ്യ തോൽവി ഉറപ്പിച്ചു. 88 ആം മിനുട്ടിൽ റോഡ്രി സിറ്റിക്കായി ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. ലപോർട്ടിന്റെ അഭാവത്തിൽ നിലവിലെ സിറ്റി പ്രതിരോധ നിരയുടെ ദൗർബല്യങ്ങൾ വെളിപ്പെടുത്തുന്ന മത്സരമായിരുന്നു ഇന്നത്തേത്.

ആഴ്സണലിനെ വീഴ്ത്തി ലിയോൺ എമിറേറ്റ്സ്‌ കപ്പ് ജേതാക്കൾ

ഒരു ഗോളിന് പിന്നിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച ലിയോണിന് മുന്നിൽ ആഴ്സണൽ വീണു. എമിറേറ്റ്സ് കപ്പിൽ 2-1 ന് ജയിച്ചാണ് ഫ്രഞ്ച് ടീം കപ്പ് സ്വന്തമാക്കിയത്. മൂസ ദമ്പലെ നേടിയ ഇരട്ട ഗോളുകളാണ് ലിയോണിന് ജയം സമ്മാനിച്ചത്. ഒബാമയാങിന്റെ വകയായിരുന്നു ആഴ്സണലിന്റെ ഏക ഗോൾ.

തുടക്കത്തിൽ തന്നെ ശക്തമായ തിരിച്ചടിയാണ് ആഴ്സണലിന് ലഭിച്ചത്. സ്‌ട്രൈക്കർ ലകസേറ്റ് പരിക്കേറ്റ് 13 ആം മിനുട്ടിൽ തന്നെ പുറത്തായി. പക്ഷെ 36 ആം മിനുട്ടിൽ ഒബാമയാങിന്റെ നല്ലൊരു വോളി ഗോളിൽ ആഴ്സണൽ ലീഡ് നേടി. പക്ഷെ ദമ്പലയുടെ ഹെഡർ മത്സരം സമനിലയിലാക്കി. ആഴ്സണലിനായി മാർട്ടിനെല്ലി ഗോൾ നേടിയെങ്കിലും റഫറി ഗോൾ അനുവധിച്ചില്ല. ഏറെ വൈകാതെ ദമ്പലെ ലിയോണിന്റെ വിജയ ഗോൾ നേടി.

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ലോണിൽ എത്തിയ സെബയോസ് ടീമിനായി അരങ്ങേറി.

കായിക മന്ത്രി തന്നെ ഇടപെട്ടു, സീഡോർഫിന്റെ കാമറൂൺ ജോലി തെറിച്ചു

ആഫ്രിക്കൻ നേഷൻസ് കപ്പിലെ തോൽവിക്ക് പിന്നാലെ കാമറൂണിന്റെ പരിശീലകൻ ക്ളീറൻസ് സീഡോർഫിന്റെ ജോലി തെറിച്ചു. ഇന്ന് നേരത്തെ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച് കാമറൂൺ കായിക മന്ത്രി തന്നെ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ്‌ കാമറൂൺ ഫുട്‌ബോൾ അസോസിയേഷൻ അദ്ദേഹത്തെ പുറത്താക്കിയത്. ആഫ്കോണിൽ റൌണ്ട് ഓഫ് 16 ൽ നൈജീരിയയോട് തോറ്റാണ് കാമറൂൺ പുറത്തായത്.

ശനിയാഴ്ച 3-2 ന് നൈജീരിയയയോട് തോറ്റ് പുറത്തായതിന് പിന്നാലെ തന്നെ മുൻ മിലാൻ താരമായ സീഡോർഫിന്റെ ഭാവിയിൽ സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ അഗസ്റ്റിലാണ് അദ്ദേഹവും അസിസ്റ്റന്റ് ആയി പാട്രിക് ക്ലയ്വർട്ടും കാമറൂണിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. പക്ഷെ ടീമിനെ 9 മത്സരങ്ങളിൽ പരിശീലിപ്പിച്ച അദ്ദേഹത്തിന് കേവലം 3 മത്സരങ്ങളിൽ മാത്രമാണ് ടീമിനെ ജയിപ്പിക്കാനായത്.

മുൻപ് മിലാൻ, ഷെൻസൻ, ഡിപോർടിവോ ടീമുകളെയും സീഡോർഫ്‌ പരിശീലിപിച്ചിട്ടുണ്ട്.

ഇതിഹാസത്തിലേക്ക് മടങ്ങി ചെൽസിയും, ലംപാർഡ് ഇനി ചെൽസി പരിശീലകൻ

ചെൽസിയുടെ അമരത്ത് ഇനി ഫ്രാങ്ക് ലംപാർഡ്. ലംപാർഡിനെ ചെൽസിയുടെ പരിശീലകനാക്കിയ കാര്യം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിതീകരിച്ചു. മൗറീസിയോ സാരിക്ക് പകരക്കാരനായാണ് ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലംപാർഡ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക് മടങ്ങി എത്തുന്നത്. ചാംപ്യൻഷിപ് ക്ലബ്ബ് ഡർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ്‌ 41 വയസ്സുകാരനായ ലംപാർഡ് നീല പടക്ക് തന്ത്രമൊരുക്കാൻ എത്തുന്നത്.

സാരി യുവന്റെസിലേക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചത് മുതൽ പകരകാരായി ചെൽസി കണ്ടത് ലംപാർഡിനെയായിരുന്നു. ഡർബിക്കൊപ്പം ചാംപ്യൻഷിപ് പ്ലെ ഓഫ് ഫൈനൽ വരെ എത്തിയ പ്രകടനം നടത്തിയതും ചെൽസി ആരാധകരുടെ പൂർണ്ണ പിന്തുണ ഉണ്ട് എന്നതും ലംപാർഡിന് തുണയായി. എങ്കിലും പരിശീലക റോളിൽ കേവലം ഒരു വർഷത്തെ മാത്ര പ്രവർത്തി പരിചയമുള്ള ലംപാർഡിന് ചെൽസി പോലൊരു വമ്പൻ ടീമിനെ മുന്നോട്ട് കൊണ്ട് പോകാനാകുമോ എന്നത് വലിയ ചോദ്യമായി തന്നെ അവശേഷിക്കുന്നു.

കളിക്കാരൻ എന്ന നിലയിൽ ചെൽസിയുടെ മാത്രമല്ല പ്രീമിയർ ലീഗിന്റെ തന്നെ ഇതിഹാസമാണ് ലംപാർഡ്. ചെൽസി ആരാധകർ സൂപ്പർ ഫ്രാങ്ക് ലംപാർഡ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ലംപാർഡ് ക്ലബ്ബിനോപ്പം 3 പ്രീമിയർ ലീഗ് കിരീടങ്ങൾ, 4 എഫ് എ കപ്പ്, 2 ലീഗ് കപ്പ്, 2 കമ്മ്യുണിറ്റി ഷീൽഡ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡും മധ്യനിര താരമായിരുന്ന ലംപാർഡിന് സ്വന്തമാണ് ! 211 ഗോളുകളാണ് താരം 13 വർഷം നീണ്ട ചെൽസി കരിയറിൽ നേടിയത്.

ചെൽസിയുടെ ഗോൾപയറ്റിൽ ആഴ്സണലിന്റെ വെടി തീർന്നു!! യൂറോപ്പ നീലപ്പടയ്ക്ക്!!

ചെൽസി ആക്രമണത്തിന്റെ മുന്നിൽ ആഴ്സണൽ മുട്ട് മടക്കിയപ്പോൾ ചെൽസി യൂറോപ്പ ലീഗ് ജേതാക്കളായി. ബാകുവിൽ നടന്ന ലണ്ടൻ ഡർബി ഫൈനലിൽ ഏകപക്ഷീയ ജയം നേടിയാണ് മൗറീസിയോ സാരിയുടെ ടീം യൂറോപ്പ കിരീടം സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചത്. സ്കോർ 4-1. ഈഡൻ ഹസാർഡും, ജിറൂദും നടത്തിയ മിന്നൽ പ്രകടനമാണ് നീല പടക്ക് കിരീടം സമ്മാനിച്ചത്.

ഇറ്റാലിയൻ പരിശീലകൻ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടമാണ് ഇത്. യൂറോപ്പ ജയിച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം എന്ന ആഴ്സണലിന്റെ സ്വപ്നം കൂടിയാണ് ഇന്ന് ബാകുവിൽ തകർന്നടിഞ്ഞത്. ഇത് രണ്ടാം തവണയാണ് ചെൽസി യൂറോപ്പ ലീഗ് കിരീടം നേടുന്നത്.

പരിക്കേറ്റ് പുറത്തിരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട കാന്റയെ അപ്രതീക്ഷിതമായി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ചെൽസി ടീമിനെ ഇറക്കിയത്. ആദ്യ പകുതി പക്ഷെ തീർത്തും വിരസമായിരുന്നു. ബാകുവിലെ മൈതാനത്തെ മോശം പിച്ചും ഇതിന് കാരണമായി. ചെൽസിക്ക് ജിറൂഡിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും പീറ്റർ ചെക്കിന്റെ മികച്ച സേവ് ആഴ്സണലിന്റെ രക്ഷക്കെത്തി.

ഗോൾ രഹിതമായ ആദ്യ പകുതിക് ശേഷം രണ്ടാം പകുതിയിൽ ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. 49 ആം മിനുട്ടിൽ എമേഴ്സന്റെ മനോഹര ക്രോസ് ഹെഡറിലൂടെ വലയിലാക്കി മുൻ ആഴ്സണൽ താരം കൂടിയായ ജിറൂദ് ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ ഹസാർഡിന്റെ അസിസ്റ്റിൽ പെഡ്രോ ചെൽസിയുടെ ലീഡ് രണ്ടായി ഉയർത്തി. 65 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഹസാർഡ് ചെൽസിയുടെ ഗോൾ നേട്ടം 3 ആക്കി ഉയർത്തി.

പകരക്കാരനായി ഇറങ്ങിയ ഇവോബി കിടിലൻ ഫിനിഷിലൂടെ 69 ആം മിനുട്ടിൽ ആഴ്സണലിനായി ഒരു ഗോൾ മടക്കിയെങ്കിലും 3 മിനുറ്റുകൾക്കകം ഹസാർഡ് ചെൽസിയുടെ മൂന്ന് ഗോൾ ലീഡ് പുനസ്ഥാപിച്ചു. ഇത്തവണ ജിറൂദ് ഹസാർഡിന് അവസരമൊരുക്കി. പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ നികത്താൻ കഴിയുന്നതായിരുന്നില്ല ചെൽസിയുടെ ഈ ലീഡ്. ആഴ്സണൽ മുന്നേറ്റ നിരയുടെ നിറം മങ്ങിയ പ്രകടനവും മത്സര ഫലത്തിൽ നിർണായകമായി.

ബുണ്ടസ് ലീഗെയിൽ ഇനി ബയേണിന്റെ ‘റോബറി’യില്ല

ബയേണിൽ ഇനി ‘റോബറി’യില്ല. ക്ലബ്ബിൽ ഏറെ കാലമായി കളിക്കുന്ന ഡച് താരം ആര്യൻ റോബനും, ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും ഇന്ന് അവർക്ക് വേണ്ടി അവസാനത്തെ കളി കളിച്ചു. ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഇരുവരും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഇനി ഏത് ക്ലബ്ബിലേക്ക്‌ പോകും എന്നതിന് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.

ജർമ്മൻ ക്ലബ്ബിന്റെ ആക്രമണത്തിൽ ഇരുവരും ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞതോടെയാണ് ആരാധകർ ഈ സഖ്യത്തിന് ‘റോബറി’ എന്ന പേരിട്ടത്. 2007 ൽ ഫ്രഞ്ച് ക്ലബ്ബ് മാർസെയിൽ നിന്നാണ് റിബറി ബയേണിൽ എത്തുന്നത്. പിന്നീടുള്ള 12 വർഷത്തിൽ 9 ലീഗ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ബുണ്ടസ് ലീഗ ചരിത്രത്തിൽ വേറെ ഒരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത റെക്കോർഡാണ് ഇത്. കൂടാതെ 5 ഡി എഫ് ബി പോകൽ കിരീടവും, ഒരു ചാമ്പ്യൻസ് ലീഗും,1 യുവേഫ സൂപ്പർ കപ്പും, ഒരു ക്ലബ്ബ് ലോക കപ്പും, 1 ഡി എഫ് എൽ സൂപ്പർ കപ്പും താരം സ്വന്തതമാക്കി. 273 ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ച താരം 86 ഗോളുകളും ക്ലബ്ബിനായി നേടി.

2009 ൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിൽ നിന്നാണ് റോബൻ ബയേണിൽ എത്തുന്നത്. ക്ലബ്ബിനോപ്പം 8 ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ റോബൻ 4 ഡി എഫ് ബി പോകൽ, 3 ഡി എഫ് എൽ സൂപ്പർ കപ്പ്, 1 ചാമ്പ്യൻസ് ലീഗ്, 1 സൂപ്പർ കപ്പ് എന്നിവയും സ്വന്തമാക്കിയാണ് ജർമ്മാനിയോട് വിട പറയുന്നത്. എത്ര കേമനായ പ്രതിരോധ താരത്തെയും മറികടക്കാനുള്ള കഴിവ് ഉള്ള താരത്തിന്റെ ട്രേഡ് മാർക്ക് കട്ട് ഇൻസൈഡ് ഗോളുകളും ഇനി ബയെൺ ആരാധകർക്ക് നഷ്ടമാകും.

ഇരുവരും കളം വിടുമ്പോൾ പകരക്കാരനായി 2 പുതിയ വിങ്ങർമാരെ കണ്ടെത്തുക എന്നത് ബയേണിന് എളുപ്പമാക്കില്ല. ബുണ്ടസ് ലീഗെയിൽ ഇത്തവണ ഡോർട്ട്മുണ്ടിന്റെ ശക്തമായ പോരാട്ടം അവസാന ദിവസം വരെ നീണ്ടെങ്കിലും കിരീടം അവർ സ്വന്തമാക്കി. പക്ഷെ യുവ താരങ്ങളെ ടീമിൽ എത്തിച്ച ഡോർട്ട്മുണ്ടിനെ അടുത്ത സീസണിലും മറികടക്കണമെങ്കിൽ ‘റോബറി’ സഖ്യത്തിന് മികച്ച പകരക്കാർ എത്തേണ്ടത് അനിവാര്യമാണ്.

Exit mobile version