കുട്ടീഞ്ഞോ ഇനി ബാഴ്സക്ക് സ്വന്തം

ലിവർപൂൾ മധ്യനിര താരം ഫിലിപ്പേ കുട്ടീഞ്ഞോ ബാഴ്സലോണയിൽ. 142 മില്യൺ പൗണ്ട് നൽകിയാണ് ബാഴ്സ തങ്ങൾ ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ സ്വന്തമാക്കിയത്. 3 തവണ ബാഴ്സയുടെ റെക്കോർഡ് തുക നിരസിച്ച ലിവർപൂൾ ഇത്തവണ 142 മില്യൺ കരാറിൽ താരത്തെ വിട്ട് നൽകുകയായിരുന്നു. ചാംപ്യൻസ് ലീഗിലും, പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്താൻ ലക്ഷ്യം വെക്കുന്ന ക്ളോപ്പിന്റെ ടീമിന് കുട്ടിഞ്ഞോയുടെ പോക്ക് നഷ്ടമാവുമെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പകരക്കാരനെ കണ്ടെത്താൻ ലിവർപൂൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 2013 ഇൽ 8.5 മില്യൺ പൗണ്ടിനാണ് ലിവർപൂൾ ഇന്റർ മിലാനിൽ നിന്ന് കുട്ടീഞ്ഞോയെ ആൻഫീൽഡിൽ എത്തിച്ചത്. നെയ്മറിന്റെ ട്രാൻസ്ഫറിന്‌ ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണ് ഇത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുട്ടീഞ്ഞോ ട്രാൻസ്ഫർ അപേക്ഷ നൽകിയിരുന്നെങ്കിലും ബാഴ്സക്കും ലിവർപൂളിനും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഈ സീസണിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തി കുട്ടീഞ്ഞോ ആൻഫീൽഡിൽ താരമായിരുന്നു. പക്ഷെ മധ്യനിരയിൽ പുതിയ താരങ്ങളെ തേടുന്ന ബാഴ്സ താരത്തിലുള്ള താൽപര്യം തുടർന്നതോടെ ലിവർപൂൾ വിൽക്കാൻ തയ്യാറാവുകയായിരുന്നു.  ഈ സീസണിൽ 20 കളികളിൽ നിന്ന് ലിവർപൂളിനായി താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ്, സിറ്റിക്ക് മികച്ച ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. 4-1 നാണ് പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്‌സ് ബേൺലിയെ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ സിറ്റി രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി തിരിച്ചു വരികയായിരുന്നു. ആദ്യ പകുതിയിൽ ജോണ് സ്റ്റോൻസ് വരുത്തിയ പിഴവ് മുതലെടുത്ത ബേൺലി രണ്ടാം പകുതിയിൽ പക്ഷെ തകർന്നടിയുകയായിരുന്നു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോള് ക്ലിയർ ചെയ്യുന്നതിൽ സ്റ്റോൻസ് വരുത്തിയ ഭീമൻ പിഴവ് മുതലാക്കി 25 ആം മിനുട്ടിൽ ആഷ്‌ലി ബാൻസ് ബേൺലിയെ മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയിൽ രണ്ടു തവണ ഗുണ്ടകൻ- അഗ്യൂറോ കൂട്ടുകെട്ട് സിറ്റിക്ക് ഗോൾ സമ്മാനിച്ചു. 56,58 മിനുട്ടുകളിൽ ഗുണ്ടകന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 71 ആം മിനുട്ടിൽ സാനെയും, 82 ആം മിനുട്ടിൽ ബെർനാടോ സിൽവയും ഗോളുകൾ നേടിതോടെ സിറ്റി വമ്പൻ ജയം സ്വന്തമാകുകയായിരുന്നു. മൂന്നാം റൗണ്ടിലെ ബാക്കി മത്സരങ്ങൾ നാളെ തീരുന്നതോടെ അടുത്ത റൌണ്ട് മത്സരങ്ങൾ ഫിക്സ്ചർ വ്യക്തമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടന് ഇനി പുതിയ സ്‌ട്രൈക്കർ

എവർട്ടൻ ആക്രമണ നിരയിലേക്ക് പുതിയ സ്‌ട്രൈക്കർ എത്തി. ബേസിക്താസ് താരം സെങ്ക് ടോസുൻ ആണ് ഇനി എവർട്ടന്റെ ആക്രമണ നിരയെ നയിക്കുക. തുർക്കി ദേശീയ താരം കൂടിയായ ടോസുൻ നാലര വർഷത്തെ കരാറിലാണ് ഗൂഡിസൻ പാർക്കിൽ എത്തുന്നത്. 26 കാരനായ താരം തുർക്കിക്കായി 25 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 മില്യൺ പൗണ്ടിനാണ് താരം എവർട്ടനിലേക്ക് എത്തുന്നത്.

റൊമേലു ലുകാകു ക്ലബ്ബ് വിട്ട ശേഷം എവർട്ടൻ സാൻഡ്രോ റമിറസിനെ ടീമിൽ എത്തിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ടോസുൻ എത്തുന്നതോടെ സ്‌ട്രൈക്കർ റോളിൽ കാൽവർട്ട് ലെവിനൊപ്പം പുതിയ പങ്കാളി കൂടെയാവും. ഈ സീസണിൽ ബേസിക്താസിനായി 14 ഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിലെ കരുത്തിന് അനുസരിച്ച സ്‌ട്രൈകറായാണ് എവർട്ടൻ പരിശീലകൻ സാം അല്ലാഡെയ്‌സ് കാണുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ് : യുണൈറ്റഡിന് ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് യുണൈറ്റഡ്‌ ചാംപ്യൻഷിപ് ക്ലബ്ബായ ഡെർബി കൻഡ്രി യെയാണ് യുണൈറ്റഡ്‌ തോൽപിച്ചത്.

പരിക്ക് മാറി റൊമേലു ലുകാകു യുണൈറ്റഡ്‌ നിരയിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ കളിചില്ല. മികിതാര്യൻ ആദ്യ ഇലവനിൽ ഇടം നേടി. മാർകസ് രാഷ്ഫോർഡാണ് സ്‌ട്രൈക്കർ റോളിൽ കളിച്ചത്. ആദ്യ പകുതിയിൽ പക്ഷെ മാഞ്ചെസ്റ്ററിന് ഡെർബി പ്രധിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയിൽ മികിതാര്യന്റെ പകരം ലുകാകുവിനെ ഇറക്കിയ മൗറീഞ്ഞോ 67 ആം മിനുട്ടിൽ മാറ്റയെയും കളത്തിൽ ഇറക്കി. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ മികച്ച ഫോമിലുള്ള ലിംഗാർഡ് യുണൈറ്റഡിന് 84 ആം മിനുട്ടിൽ ലീഡ് സമ്മാനിച്ചത്. 90 ആം മിനുട്ടിൽ ലുകാകുവും ഗോൾ നേടിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ അടുത്ത റൌണ്ട് ഉറപ്പിച്ച യുണൈറ്റഡിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റത്തിൽ ഗോളടിച്ച് വാൻ ഡയ്ക്ക്, ലിവർപൂളിന് ജയം

അരങ്ങേറ്റത്തിൽ തന്നെ ക്ലബ്ബിനായി വിജയ ഗോൾ നേടി വിർജിൽ വാൻ ഡയ്ക്ക് താരമായ മത്സരത്തിൽ ലിവർപൂൾ എവർട്ടനെ എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ 2-1 ന് മറികടന്നു. തോൽവിയോടെ എവർട്ടൻ കപ്പിൽ നിന്ന് പുറത്തായി.

റെക്കോർഡ് സൈനിങ് വാൻ ഡേയ്കിന് ലിവർപൂൾ ഷർട്ടിൽ ആദ്യ അവസരം നൽകിയ ക്ളോപ്പ് സലാഹ്, ഫിർമിനോ എന്നിവർക്ക് വിശ്രമം നൽകി. എവർട്ടൻ നിരയിൽ യാനിക് ബൊളാസി ഇടം നേടി. ആദ്യ പകുതിയിൽ ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും  എവർട്ടൻ പ്രതിരോധത്തിൽ മാത്രം നിൽക്കാതെ മികച്ച അവസരങ്ങളും സൃഷ്ടിച്ചതോടെ കളി ആവേഷകരമായി.  35 ആം മിനുട്ടിൽ ലല്ലാനയെ ഹോൾഗേറ്റ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെയിംസ് മിൽനർ ലിവർപൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ റൂണിയെ പിൻവലിച്ച സാം ലുക്മാനെ കളത്തിലിറക്കി. 67 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ എവർട്ടൻ സമനില ഗോൾ കണ്ടെത്തി.  ഗിൽഫി സിഗേഴ്സനാണ് ഗോൾ നേടിയത്. പക്ഷെ 84 ആം മിനുട്ടിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന ആ വിജയ ഗോൾ പിറന്നു. ഏതാനും ദിവസം മുൻപ് ലിവർപൂളിൽ എത്തിയ വാൻ ഡയ്ക്ക് ചേംബർലിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി താരം ആൻഫീല്ഡിനെ ഇളക്കി മറിച്ചു. ജയത്തോടെ നാലാം റൌണ്ട് ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോസ് ബാർക്ലി ചെൽസിയിൽ

എവർട്ടൻ യുവ താരം റോസ് ബാർക്ലി ചെൽസിയിൽ. 15 മില്യൺ പൗണ്ടിനാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ ബാർക്ലി 2010 മുതൽ എവർട്ടൻ താരമാണ്. 2013 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിലും അംഗമാണ് 24 കാരനായ റോസ് ബാർക്ലി. ടോട്ടൻഹാമും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ചെൽസി താരത്തെ സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമം നടത്തിയിരുന്നെങ്കിലും താരം ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ ട്രാൻസ്ഫറിന് തയ്യാറുള്ളൂ എന്ന് തീരുമാനിച്ചു അവസാന നിമിഷം ചെൽസിയുടെ ഓഫർ പിൻവലിക്കുകയായിരുന്നു. അന്ന് താരത്തിന് 35 മില്യൺ വാഗ്ദാനം ചെയ്ത ചെൽസി പക്ഷെ ഇത്തവണ ജൂണിൽ എവർട്ടനുമായുള്ള കരാർ തീരുന്ന ബാർക്ലിക്ക് 15 മില്യൺ കരാർ ഉറപ്പിക്കുകയായിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ എവർട്ടൻ ആദ്യ ഇലവനിലും ഇംഗ്ലണ്ട് ദേശീയ ടീമിലും കളിച്ച റോസ് ബാർക്ലി മധ്യനിരയിൽ കളി മെനയാനും ഗോളുകൾ കണ്ടെത്താനും ഒരേ പോലെ മിടുക്കനാണ്. പല പരിശീലകരും താരത്തെ മുൻ ചെൽസി താരം മൈക്കൽ ബലാക്കിന്റെ ശൈലിയോട് ഉപമിച്ചിട്ടുണ്ട്. ചെൽസി മുൻ ടെക്‌നിക്കൽ ഡയറക്റ്റർ മൈക്കൽ എമേനാലോ ബാർക്ലിയെ സ്‌പെഷ്യൽ ടാലന്റ് ആയിട്ടാണ് വിലയിരുത്തിയിരുന്നത്. ഈഡൻ ഹസാർഡ്, ഡു ബ്രെയ്‌നെ, അടക്കമുള്ളവരെ ചെൽസിയിൽ എത്തിച്ച  എമേനാലോയുടെ നിർദേശം തള്ളാൻ ചെൽസികാവില്ല. സമീപ കാലത്ത് ചെൽസിയിൽ 3-5-2 ശൈലി പരീക്ഷിക്കുന്ന കൊണ്ടേക്ക് പുതിയ മധ്യനിര താരം വരുന്നത് ആശ്വാസമാവും. ഈ മാസം തന്നെ ഈഡൻ ഹസാർഡ്, തിബോ കോർട്ടോ എന്നിവർക്ക് പുതിയ കരാറും ചെൽസി നൽകിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെങ്ങർക്ക് വിലക്കും പിഴയും, ചെൽസികെതിരായ നിർണായക മത്സരം നഷ്ട്ടമാവും

ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങറിന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ വിലക്കും പിഴയും. 3 മത്സരങ്ങളിൽ നിന്ന് വിലക്കും 40000 പൗണ്ട് പിഴയുമാണ് എഫ് എ വിധിച്ചത്. വെസ്റ്റ് ബ്രോമിന് എതിരായ മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വെങ്ങർക്ക് വിലക്ക് സമ്മാനിച്ചത്. വെസ്റ്റ് ബ്രോമിന് അനുകൂലമായി പെനാൽറ്റി നൽകിയതിന് റഫറി മൈക്ക് ഡീനുമായി വെങ്ങർ മത്സര ശേഷം തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ആഴ്സണലിന്റെ നോർവിച്ചിന് എതിരായ എഫ് എ കപ്പ് മത്സരം, ചെൽസിക്കെതിരെ ലീഗ് കപ്പിന്റെ ആദ്യ സെമി ഫൈനൽ, ബൗർമൗത്തിനെതിരായ ലീഗ് മത്സരം എന്നിവ വെങ്ങർക്ക് നഷ്ട്ടമാകും. കഴിഞ്ഞ സീസണിലും വെങ്ങർക്ക് 4 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നു. അന്ന് റഫറി ആന്റണി ടെയ്‌ലറെ തള്ളിയതിനാണ് എഫ് എ വിലക്ക് നൽകിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ : റയലിന് മികച്ച ജയം

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് മികച്ച ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് റയൽ നുമാൻസിയയെ അവരുടെ മൈതാനത്ത് മറികടന്നത്. റയലിനായി ബെയ്‌ൽ, ഇസ്കോ, മയൊരാൽ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാന 30 മിനുറ്റ് 10 പേരുമായി കളിച്ച നുമാൻസിയക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.

റൊണാൾഡോ, ബെൻസീമ, ക്രൂസ്, മോദ്‌റിച് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഗരേത് ബെയ്‌ൽ പരിക്ക് മാറി ആദ്യ ഇലവനിൽ തന്നെ ഇടം നേടി. 33 ആം മിനുട്ടിൽ വാസ്‌കെസിനെ ബോക്സിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബെയ്‌ലാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ നുമാൻസിയ താരം ടിയമാൻക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റയലിന് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ രണ്ടാം ഗോളിനായി റയലിന് 89 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണയും പെനാൽറ്റിയിൽ നിന്ന് ഇസ്‌കോയാണ് ഗോൾ നേടിയത്. 91 ആം മിനുട്ടിൽ മായൊരാലും ഗോൾ നേടിയതോടെ റയൽ ജയം പൂർത്തിയാക്കി. 10 ആം തിയതി റയലിന്റെ മൈതാനത്താണ് രണ്ടാം പാദ മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഡെൽ റേ : ബാഴ്സക്ക് സമനില

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിന് ഇറങ്ങിയ ബാഴ്സക്ക് സെൽറ്റ വിഗോക്കെതിരെ സമനില. സെൽറ്റയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. ബാഴ്സക്കായി ആർനൈസ് ഗോൾ നേടിയപ്പോൾ പയോനെ സിസ്റ്റോയാണ് സെൽറ്റയുടെ ഗോൾ നേടിയത്.

ലൂയി സുവാരസും മെസ്സിയും ഇല്ലാതെ ഇറങ്ങിയ ബാഴ്സ യുവ താരം അർനൈസിന് സ്‌ട്രൈക്കർ റോളിൽ അവസരം നൽകി. 25 കാരൻ അർനൈസ് 15 ആം മിനുട്ടിൽ ബാഴ്‌സയെ മുന്നിൽ എത്തിച്ചെങ്കിലും 31 ആം മിനുട്ടിൽ സിസ്റ്റോയിലൂടെ സെൽറ്റ വീഗൊ സമനില കണ്ടെത്തി. രണ്ടാം പകുതിയിലും 70 മിനുറ്റ് പിഞ്ഞിട്ടിട്ടും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ ഒസ്മാൻ ദമ്പലെ, സെർജിയോ റോബർട്ടോ, റാകിറ്റിച് എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പാദ മത്സരം അടുത്ത വ്യാഴാഴ്ച ബാഴ്സയുടെ മൈതാനത്താണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എമിറേറ്റ്‌സിൽ ചെൽസിക്കും ആഴ്സണലിനും ആവേശ സമനില

എമിറേറ്റ്‌സിലെ ആവേശ പോരാട്ടത്തിനൊടുവിൽ ചെൽസി-ആഴ്സണൽ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടിയ മത്സരത്തിൽ 92 ആം മിനുട്ടിൽ വഴങ്ങിയ സമനില ഗോളാണ് ചെൽസിക്ക് വിജയം നിഷേധിച്ചത്. ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ചെൽസിക്കായി ഈഡൻ ഹസാർഡ്, മാർക്കോസ് അലോൻസോ എന്നിവർ ഗോളുകൾ നേടിയപ്പോൾ, ജാക് വിൽഷെർ, ബെല്ലറിൻ എന്നിവരാണ് ആഴ്സണലിന്റെ ഗോളുകൾ നേടിയത്. ചെൽസി താരം ആൽവാരോ മൊറാട്ട നഷ്ടപ്പെടുത്തിയ മികച്ച 3 അവസരങ്ങൾ മത്സരത്തിൽ നിർണായകമായി.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരും നടത്തിയ മികച്ച സേവുകളാണ് വേറിട്ട് നിന്നത്. മൊരാട്ട ലഭിച്ച അവസരം പുറത്തേക്കടിച്ചത് ചെൽസിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പക്ഷെ മത്സരം ആക്രമണ ഫുട്‌ബോളിന്റെ മികച്ച 45 മിനുട്ടുകളാണ് കണ്ടത്. 63 ആം മിനുട്ടിൽ ജാക് വിൽഷെയറിലൂടെ ആഴ്സണൽ മുന്നിലെത്തി. പക്ഷെ ഗോൾ വഴങ്ങിയതോടെ ചെൽസി ഉണർന്നതോടെ അവർ കൂടുതൽ ആക്രമണം നടത്തി. 67 ആം മിനുട്ടിൽ ഹാസാർഡിനെ ബെല്ലറിൻ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിളിച്ചു. കിക്കെടുത്ത ഹസാർഡ് പന്ത് വലയിലാക്കിയതോടെ സ്കോർ 1-1. പക്ഷെ ഹാസാർഡിനെ പിൻവലിച്ച കോണ്ടേ വില്ലിയനെയും, മോസസിനെ പിൻവലിച് സപകോസ്റ്റയെയും ഇറക്കി. 84 ആം മിനുട്ടിൽ സപകോസ്റ്റയുടെ പാസ്സ് ഗോളാക്കി അലോൻസോ ചെൽസിക്ക് ലീഡ് നൽകി. ചെൽസി ജയം ഇറപ്പിച്ചു നിൽക്കെ ബെല്ലറിൻ ആഴ്സണലിന് സമനില സമ്മാനിക്കുകയായിരുന്നു.

46 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്ത് തുടരും. 39 പോയിന്റ് ഉള്ള ആഴ്സണൽ 6 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എമിറേറ്റ്‌സിൽ ഇന്ന് ലണ്ടൻ ഡെർബി, ആഴ്സണൽ ചെൽസിക്കെതിരെ

പ്രീമിയർ ലീഗിലെ ആദ്യ നാലിൽ കടക്കാനുള്ള പോരാട്ടങ്ങൾ കടുക്കുമ്പോൾ ആഴ്സണൽ ഇന്ന് ചെൽസിയെ നേരിടും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് കിക്കോഫ്. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്ത് എത്താനാവും. ആഴ്സണലിനാവട്ടെ ഇന്ന് ജയിക്കാനായാൽ സ്പർസിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താനാവും.

ആർസെൻ വെങ്കർക്കെതിരെ മോശം റെക്കോർഡുള്ള കോണ്ടേക്ക് ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. എഫ് എ കപ്പിലും കമ്യുണിറ്റി ഷീൽഡിലും ചെൽസിയെ തകർത്ത ആഴ്സണൽ സമീപ കാലത്ത് മികച്ച ഫോമിലാണ്. പക്ഷെ പ്രതിരോധത്തിലെ മികച്ച ഫോം വീണ്ടെടുത്ത ചെൽസിയെ മറികടക്കുക എന്നത് വെങ്ങർക്കും സംഘത്തിനും എളുപ്പമാവില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിശ്രമം ലഭിച്ച ആന്ദ്രീയാസ് ക്രിസ്റ്റിയൻസനും ഹസാർഡും ടീമിൽ എത്തുന്നതോടെ ചെൽസി കൂടുതൽ ശക്തമാകും. കൂടാതെ വില്ലിയനും പെഡ്രോയും അടക്കമുള്ളവർ ഫോം വീണ്ടെടുത്തതും ചെൽസിക്ക് തുണയാകും. ആഴ്സണലാവട്ടെ മെസൂത് ഓസിൽ ഇല്ലാതെയാവും ഇന്നിറങ്ങുക. പരിക്കേറ്റ താരം ഇന്ന് കളിക്കാൻ സാധ്യതയില്ല. കൂടാതെ ക്യാപ്റ്റൻ കോശിയെൻലിയും ഇന്നിറങ്ങാൻ സാധ്യത കുറവാണ്. അവസാന രണ്ട് കളികളിൽ 7 ഗോളുകൾ നേടിയ ചെൽസിയെ തടയാൻ അവർക്ക് ഏറെ വിയർപ്പൊഴുകേണ്ടി വരും. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. അവസാന സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ആഴ്സണൽ എതിരില്ലാത്ത 3 ഗോളുകൾക് ജയിച്ചിരുന്നു.

വെസ്റ്റ് ബ്രോമിനെതിരായ സമനിലക്ക് ശേഷം വരുന്ന ആഴ്സണലിന് ഇന്ന് ജയിക്കാനായില്ലെങ്കിൽ അത് കാരബാവോ കപ്പ് സെമിയിൽ ഈ മാസം തന്നെ രണ്ടു തവണ ചെൽസിയെ നേരിടുമ്പോൾ ആത്മവിശ്വാസ കുറവ് സമ്മാനിക്കും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഇറ്റാലിയ : നാപോളി പുറത്ത്

കോപ്പ ഇറ്റാലിയായിൽ നിന്ന് സീരി എ ആദ്യ സ്ഥാനക്കാരായ നാപോളി പുറത്ത്. അറ്റലാന്റയാണ്‌ നാപോളിയെ 1-2 ന് സാൻ പോളോയിൽ നടന്ന മത്സരത്തിൽ മറികടന്നത്. ജയത്തോടെ അറ്റലാന്റ സെമി ഫൈനലിൽ ഇടം നേടി. ഇന്ന് നടക്കുന്ന യുവന്റസ്-ടോറിനോ മത്സരത്തിലെ വിജയികളെയാണ് അവർ സെമി ഫൈനലിൽ നേരിടുക. മിലാനും ലാസിയോയും തമ്മിലാണ് ആദ്യ സെമി മത്സരം.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനുട്ടിൽ ടിമോതി കസ്റ്റാഗ്നേയാണ് അറ്റലാന്റയുടെ ആദ്യ ഗോൾ നേടിയത്. സമനില ഗോളിനായി ശ്രമിച്ച നാപോളി പരിശീലകൻ ഇൻസിഗ്‌നേ, മെർട്ടൻസ്, എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ഫലം ഉണ്ടായില്ല. 81 ആം മിനുട്ടിൽ അലെക്സൻഡ്രോ ഗോമസ് അറ്റലാന്റയുടെ രണ്ടാം ഗോളും നേടിയതോടെ നാപോളിയുടെ പ്രതീക്ഷകൾ ഏതാണ്ട് അതമിച്ചു. 84 ആം മിനുട്ടിൽ ഇൻസിഗ്‌നെയുടെ പാസ്സിൽ മെർട്ടൻസ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ഇറ്റാലിയൻ വമ്പന്മാർക്ക് സമനില ഗോൾ കണ്ടെത്താനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version