ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തിരിച്ചുവരവായെന്ന് പറയാം. ഇന്ന് പൂനെ സിറ്റിയെ കൊച്ചിയിൽ നേരിട്ടപ്പോൾ ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലാ എങ്കിലും ആരാധകർ ആഗ്രഹിച്ച ഒരു പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ന് കണ്ടത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ സമനില കേർളത്തിന്റെ സീസണിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കിയേക്കും.
ബെർബറ്റോവും റിനോ ആന്റോയും തിരിച്ചെത്തിയ മത്സരത്തിൽ തുടക്കത്തിൽ ഒന്നും കേരളത്തിന് എളുപ്പമായില്ല. അക്ഷരാർത്ഥത്തിൽ ആദ്യ പകുതിയിൽ കേരളം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പൂനെ സിറ്റി ആക്രമണം മാത്രമായിരുന്നു കണ്ടിരുന്നത്. അതിനുള്ള ഫലം പൂനെ സിറ്റിക്ക് ലഭിക്കുകയും ചെയ്തു. 33ആം മിനുട്ടിൽ ആഷിഖ് കുരുണിയന്റെ മികച്ച അസിസ്റ്റിൽ മാർസലീനോയാണ് പൂനെ സിറ്റിക്ക് ലീഡ് നേടികൊടുത്തത്.

ആദ്യ പകുതിയിലെ നിരാശയ്ക്ക് ഡേവിഡ് ജെയിംസ് ഇടവേളയിൽ പരിഹാരം കണ്ടെത്തി. ഡിമിറ്റാർ ബെർബറ്റോവിനെ പിൻവലിച്ച് പുതിയ സൈനിംഗ് കിസിറ്റോയ്ക്ക് അരങ്ങേറാൻ അവസരം കൊടുത്തത് കളിയുടെ താളം ആകെ മാറ്റുകയായിരുന്നു. കളിയുടെ വേഗത കേരളം കൂട്ടിയതോടെ പൂനെ ഡിഫൻസ് വിറക്കാൻ തുടങ്ങി. കിസിറ്റോയുടെ മുന്നേറ്റങ്ങൾ ആരാധകരേയും ആവേശത്തിലാക്കി.
73ആം മിനുട്ടിൽ സിഫ്നിയോസിലൂടെ കേരളം അർഹിച്ച സമനില നേടി. പെകൂസൺ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് അവസാനം നൽകിയ മികച്ച പാസ് തന്റെ ഇടം കാലൻ ഷോട്ടിലൂടെ സിഫ്നിയോസ് വലയിൽ എത്തിക്കുകയായിരുന്നു. വിജയഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചു എങ്കിലും പൂനെ ഡിഫൻസ് ഭേദിക്കാൻ പിന്നീട് കേരളത്തിനായില്ല.പെകൂസൺ 89ആം മിനുട്ടിൽ തൊടുത്ത ഷോട്ട് പൂനെ പോസ്റ്റിനെ ഉരുമ്മിയാണ് പുറത്തേക്ക് പോയത്.
സമനില കേരളത്തിനെ ഇപ്പോഴും എട്ടാം സ്ഥാനത്ത് തന്നെ നിർത്തിയിരിക്കുകയാണ്. സമനിലയോടെ പൂനെ സിറ്റി ലീഗിൽ ഒന്നാമതായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
