21ആം നമ്പർ തിരിച്ച് കൊണ്ടുവരണം!, ജിങ്കനെതിരെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ് റിട്ടയർ ചെയ്ത 21ആം നമ്പർ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ. സന്ദേശ് ജിങ്കനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ ആവശ്യം ഉന്നയിക്കുന്നത്. എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ശേഷമായിരുന്നു മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിക്കാൻ ആയി ഇത്തരം പരാമർശം ജിങ്കനിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു സന്ദേശ് ജിങ്കൻ.

Jhingan 21

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരമായ ജിങ്കൻ ക്ലബ്ബ് വിട്ടതിന് പിന്നാലെ തന്നെ ജിങ്കന്റെ ജേഴ്സിയും റിട്ടയർ ചെയ്തിരുന്നു. ക്ലബ്ബ് വിട്ടതിന് ശേഷവും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തമായ പിന്തുണ ജിങ്കന് ലഭിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ ജിങ്കന്റെ ജേഴ്സി നമ്പർ 21 കേരള ബ്ലാസ്റ്റേഴ്സ് റിട്ടയർ ചെയ്തിരുന്നു. അത് ഒഴിവാക്കി 21ആം നമ്പർ തിരികെ എത്തിക്കണം എന്നാണ് സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെട്ടുന്നത്. #Bringback21 എന്ന ഹാഷ്ടാഗ് ഉപയോഗിച്ചൊരു ക്യാമ്പെയിൻ ട്വിറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിനോടും വനിത താരങ്ങളോടും മാപ്പ് പറഞ്ഞ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സിനോടും വനിത താരങ്ങളോടും മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കൻ. ഇന്നലെ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ശേഷമാണ് വിവാദമായ പരാമർശം ജിങ്കൻ നടത്തിയത്. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ജിങ്കനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ ജിങ്കനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞിരിക്കുകയാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ ആയിരുന്നില്ല തന്റെ പരാമർശങ്ങൾ എന്നു പറഞ്ഞ ജിങ്കൻ എല്ലാ എതിരാളികളെയും ബഹുമാനിക്കാറുണ്ടെന്നും കുട്ടിച്ചേർത്തു.

https://twitter.com/SandeshJhingan/status/1495331741497651210?t=Ka-4Vilkgy-vKDgSDR6nQQ&s=19

ഇന്ത്യൻ വനിത ഫുട്ബോളിന്റെ സപ്പോർട്ടർ ആണെന്നും തനിക്കും അമ്മയും സഹോദരിയും ഉണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കാറെ ഉള്ളുവെന്നും ജിങ്കൻ പറഞ്ഞു. അതേ സമയം സെക്സിസ്റ്റ് പരാമർശങ്ങൾ നടത്തിയതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ജിങ്കനെ ഫുട്ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ച് സന്ദേശ് ജിങ്കൻ, കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പരാമർശം

വിവാദ പരാമർശവുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കൻ. ഇന്നലെ
എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച സന്ദേശ് ജിങ്കന്റെ പ്രതികരണം. “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഇന്ത്യൻ ദേശീയ ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ജിങ്കൻ ഇന്ത്യൻ വനിതാ ഫുട്ബോളിനേയും താരങ്ങളേയും കൂടിയാണ് ഈ വിവാദ പരാമശത്തിലൂടെ അപമാനിച്ചിരിക്കുന്നത്‌.

ഇന്നലെ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയൊരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു സന്ദേശ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരമായ ജിങ്കൻ ക്ലബ്ബ് വിട്ടതിന് പിന്നാലെ തന്നെ ജിങ്കന്റെ ജേഴ്സിയും റിട്ടയർ ചെയ്തിരുന്നു. ക്ലബ്ബ് വിട്ട് കഴിഞ്ഞും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തമായ പിന്തുണ ജിങ്കന് ലഭിച്ചിരുന്നു.

അതേ സമയം ഇത്രയ്ക്ക് നിരുത്തരപരമായ പ്രസ്താവനയിലൂടെ കേരള ബ്ലാസ്റ്റേഴ്സിനേയും ഇന്ത്യൻ വനിതാ ഫുട്ബോളിനേയും താരങ്ങളേയും അപമാനിച്ച കനത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്. എടികെ മോഹൻ ബഗാന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മത്സരശേഷം ജിങ്കന്റെ പ്രതികരണം വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് എടികെ മോഹൻ ബഗാൻ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരെ, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എടികെ മോഹൻ ബഗാനെ നേരിടും. മോഹൻ ബഗാനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പെത്തി.

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഖാബ്രയും ലെസ്കോവിചും തിരികെയെത്തിയിട്ടുണ്ട്. മലയാളി താരം സഹൽ അബ്ദുൾ സമദും വാസ്കസ്-ലൂണ-ഡിയാസ് ത്രയവും ആദ്യ ഇലവനിലുണ്ട്. ഗോവയിലെ തിലക് മൈദാനിൽ വൈകിട്ട് 7.30 നാണ് കിക്കോഫ്.

കേരള ബ്ലാസ്റ്റേഴ്സ്: Prabhsukhan Gill (GK), Marko Leskovic, Sandeep Singh, Harmanjot Khabra, Bijoy V, Lalthathanga Khawlhring, Sahal Samad, Adrian Luna (C), Jeakson Singh, Jorge Diaz, Alvaro Vazquez.

മോഹൻ ബഗാൻ: Amrinder Singh (GK), Sandesh Jhingan, Tiri, Subhasish Bose, Pritam Kotal (C), Carl McHugh, Lenny Rodrigues, Joni Kauko, Liston Colaco, Manvir Singh and David Williams.

കടം വീട്ടണം!, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എടികെ മോഹൻ ബഗാനെ നേരിടും. ഇരു ടീമുകൾക്കും നിർണായകമായ മത്സരമാണ് ഇന്നത്തേത്. ഐഎസ്എൽ 2021-22 ന്റെ ഉദ്ഘാടന മത്സരത്തിൽ 4-2 കേരള ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നൽകാനുള്ള സുവർണ്ണാവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് കൈവന്നിരിക്കുന്നത്‌.

നിലവിൽ 11 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന മോഹൻ ബഗാൻ പോയന്റ് നിലയിൽ രണ്ടാമതാണ്. അതേ സമയം 26‌പോയന്റുമായി നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ലൂണ, വാസ്കസ്, ഡിയാസ് എന്നിവരുൾപ്പെട്ട അക്രമണ നിരയാണ് കേരള ബ്ലാസ്റ്റേഴ്സിനെ കരുത്തരാക്കുന്നത്‌. ആറ് ക്ലീൻ ഷീറ്റുകളുമായി മികച്ച പ്രകടനമാണ് പ്രതിരോധം കേരള ബ്ലാസ്റ്റേഴ്സിനായി ഒരുക്കുന്നത്‌. അതേ സമയം ഫെറാണ്ടോയുടെ കീഴിൽ മോഹൻ ബഗാൻ മികച്ച ഫോമിലാണ്. ലിസ്റ്റൺ കോലാകോയും മൻവീർ സിംഗും അടങ്ങുന്ന ഇന്ത്യൻ അക്രമണ നിരയാണ് ബഗാന്റെ ജയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ജയിക്കാൻ ബഗാനായിരുന്നു. ഗോവയിലെ തിലക് മൈദാനിൽ വൈകിട്ട് 7.30 നാണ് കിക്കോഫ്.

ടൂറിൻ ഡാർബിയിൽ യുവന്റസിന് സമനില കുരുക്ക്

ടൂറിൻ ഡാർബിയിൽ യുവന്റസിന് സമനില. സിരീ എയിൽ യുവന്റസും ടൊറീനോയും ഏറ്റുമുട്ടിയപ്പോൾ ഒരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. യുവന്റസിന് വേണ്ടി ഡി ലിറ്റ് ഗോളടിച്ചപ്പോൾ ആൻഡ്രിയ ബെലോട്ടിയാണ് ടൊറീനോക്ക് വേണ്ടി സ്കോർ ചെയ്തത്. നിലവിൽ നാലാം സ്ഥാനത്തുള്ള യുവന്റസിന് ഈ മത്സരം നിർണായകമായിരുന്നു.

കളിയുടെ നാലാം മിനുട്ടിൽ തന്നെ ക്വാഡ്രാഡോയുടെ കർളിംഗ് കോർണർ ഗോളാക്കി ഡി ലിറ്റ് യുവന്റസിന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു. ആദ്യ പകുതിയിൽ സമനില ഗോൾ നേടാൻ ടൊറീനോ ശ്രമിച്ചെങ്കിലും അല്ലെഗ്രിയുടെ യുവന്റസ് ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ പരിക്കേറ്റ് ഡിബാല പുറത്ത് പോയത് യുവന്റസിന് തിരിച്ചടിയായി. 63ആം മിനുട്ടിലാണ് ബെലോട്ടിയുടെ വോളിയിലൂടെ ടൊറീനൊ സമനില പിടിക്കുന്നത്.

ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ, അട്ടിമറി ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ അട്ടിമറി ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലെയ്ടൻ സിൽവ ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ധൻവാവിയ റാൾട്ടെയും ദെഷ്രോൻ ബ്രൗണുമാണ്. ഇന്നത്തെ പരാജയം ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിലാക്കിയത്.

ബെംഗളൂരു ഒരു ഗോളിന്റെ ലീഡ് നേടിയതിന് ശേഷമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തമായി തിരിച്ച് വന്ന് ജയം പിടിച്ചെടുത്തത്. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 66ആം മിനുട്ടിലാണ് സിൽവയുടെ ഗോൾ പിറന്നത്. പിന്നീട് നോർത്ത് ഈസ്റ്റ് തിരിച്ച് വരവായിരുന്നു ആരാധകർ കണ്ടത്.

ജയം ഊട്ടിയുറപ്പിക്കാൻ ബെംഗളൂരു ശ്രമിക്കുന്നതിനിടയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില ഗോൾ പിടിച്ചത്. ബെംഗളൂരു പ്രതിരോധം നോക്കിനിൽക്കെ ജമൈക്കൻ താരം ബെംഗളൂരു വലകുലുക്കി. മാഴ്സലീനൊയുടെ പോരാട്ട വീര്യം റാൾട്ടേയിലൂടെ നോർത്ത് ഈസ്റ്റിനായി വൈകാതെ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ ബ്രൗൺ ഗോളടിക്കുന്നതിന് അടുത്തെതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

തുടർച്ചയായ പരാജയങ്ങൾ ബെംഗളൂരുവിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ഇന്ന് ജയിച്ചിരുന്നെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഗോൾ ഡിഫ്രെൻസിൽ ബെംഗളൂരു മുന്നേറിയേനെ. ഐഎസ്എല്ലിൽ 17 കളികളിൽ 23 പോയന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു. 18 പോയന്റുമായി 10ആം സ്ഥാനത്താണ് ഖാലിദ് ജാമിലിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

കൂവിവിളികളുമായി ബാഴ്സ ആരാധകർ, പിന്തുണയുമായി ജോർദി ക്രൈഫ്

ബാഴ്സലോണയുടെ സൂപ്പർ താരം ഡെംബെലെയെ ക്യാമ്പ് നൂവിൽ കൂവിവിളികളുമായി വരവേറ്റ് ആരാധകർ. നാപോളിക്കെതിരായ മത്സരത്തിലാണ് ഒസ്മാൻ ഡെംബെലെ കളത്തിലിറങ്ങിയപ്പോൾ ബാഴ്സലോണ ആരാധകർ തങ്ങളുടെ വികാരം പ്രകടിപ്പിച്ചത്. എന്നാൽ അതിന് പിന്നാലെ ഡെംബെലെക്ക് പിന്തുണയുമായി ബാഴ്സ ഇതിഹാസം യോഹാൻ ക്രൈഫിന്റെ മകനും മുൻ താരവുമായ ജോർദി ക്രൈഫ് രംഗത്തെത്തി. ബാഴ്സലോണ ജേഴ്സി അണിയുന്ന താരത്തെ ആദ്യ ദിനം മുതൽ അവസാന ദിനം വരെ ആരാധകർ പിന്തുണയ്ക്കണം എന്നാണ് ജോർദി അഭിപ്രായപ്പെട്ടത്.

ബാഴ്സ ആരാധകർ വിചാരിച്ചത് പോലെ കരാർ എക്സ്ന്റൻഷൻ നടക്കണമെന്നില്ല. പക്ഷേ കോച്ച് വിശ്വാസമർപ്പിച്ച് ഒരു താരത്തെ കളത്തിൽ ഇറക്കിയാൽ പൂർണപിന്തുണ ആരാധകർ നൽകണമെന്നും ജോർദി ക്രൈഫ് പറഞ്ഞു. ബാഴ്സലോണയുടെ ഡെംബെലെയുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഈ സീസൺ അവസാനത്തോടെ ഡെംബെലെ ബാഴ്സ വിടും. 2022ൽ ആദ്യമായാണ് ക്യാമ്പ് നൂവിൽ ഡെംബെലെ ഇറങ്ങുന്നത്. നാപോളിക്കെതിരെ ബാഴ്സ സമനില വഴങ്ങിയെങ്കിലും താരം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് റേഞ്ചേഴ്സ്

യൂറോപ്പ ലീഗിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് റേഞ്ചേഴ്സ് എഫ്സി. രണ്ടിനെതിരെ‌ നാല് ഗോളുകളുടെ വമ്പൻ ജയമാണ് റേഞ്ചേഴ്സ് സ്വന്തമാക്കിയത്. ജെയിംസ് ടാവെർനിയർ,ആൽഫ്രെഡോ മൊരെലെസ്, ജോൺ ലണ്ട്സ്ട്രാം എന്നിവർ റേഞ്ചേഴ്സിന് വേണ്ടി ഗോളടിച്ചപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമും റാഫയേൽ ഗറേറൊയുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോളുകൾ നേടിയത്. ഡാൻ- ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ബൊറുസിയ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.

യൂറോപ്പ ലീഗ് പ്ലേ ഓഫിന്റെ ആദ്യ‌പാദത്തിൽ യൂറോപ്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു റേഞ്ചേഴ്സ് തുടങ്ങിയത്‌. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡാണ് റേഞ്ചേഴ്സ് നേടിയത്. വാറിന്റെ സഹായത്തോടെ ആണ് സഗഡുവിന്റെ ഹാന്റ് ബോൾ റേഞ്ചേഴ്സിന് അനുകൂലമായത്‌. പെനാൽറ്റി എടുത്ത ക്യാപ്റ്റൻ ടാവർനിയറിന് പിഴച്ചില്ല. മൂന്ന് മിനുട്ടിന് ശേഷം ആൽഫ്രെഡോ മൊറലെസിലൂടെ രണ്ടാം ഗോളും റേഞ്ചേഴ്സ് നേടി‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലണ്ട്സ്ട്രാമിലൂടെ സ്കോട്ടിഷ് പ്രിമിയർഷിപ്പ് ചാമ്പ്യൻസായ റേഞ്ചേഴ്സ് ലീഡ് മൂന്നാക്കി. വൈകാതെ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ഡോർട്ട്മുണ്ട് ഗോൾ മടക്കി. എങ്കിലും റേഞ്ചേഴ്സിന് വാറിന്റെ സഹായം വീണ്ടും ലഭിച്ചപ്പോൾ ഡാൻ -ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ചേർന്നു. എങ്കിലും 82ആം മിനുട്ടിൽ ഗറേറോയിലൂടെ ഡോർട്ട്മുണ്ട് രണ്ടാം ഗോളും നേടി. ബുണ്ടസ് ലീഗയിലെ രണ്ടാം സ്ഥാനക്കാരായ ബൊറുസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി യൂറോപ്പ ലീഗിൽ വരവറിയിച്ചിരിക്കുകയാണ് റേഞ്ചേഴ്സ്.

സുവർണ്ണാവസരങ്ങൾ നഷ്ടം, നാപോളിക്കെതിരെ സമനില കുരുക്കിൽ ബാഴ്സലോണ

യൂറോപ്പ ലീഗിൽ സമനില കുരുക്കിൽ ബാഴ്സലോണ. നാപോളിക്കെതിരെ ഒട്ടേറെ സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും സമനിലയിൽ കളിയവസാനിപ്പിക്കാൻ ആയിരുന്നു ബാഴ്സലോണയുടെ വിധി. കളിയുടെ ഇരുപത്തൊൻപതാം മിനുട്ടിൽ സിയിലിൻസ്കിയിലൂടെ ഗോളടിച്ചപ്പോൾ ബാഴ്സലോണക്ക് വേണ്ടി ഫെറാൻ ടോറസ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി.

ക്യാമ്പ് നൂവിൽ സാവിയും സംഘവും നാപോളിക്കെതിരെ മികച്ച തുടക്കമാണ് നടത്തിയത്. എങ്കിലും 29ആം മിനുട്ടിൽ ബാഴ്സലോണ പ്രതിരോധത്തെയും ടെർ സ്റ്റെയിഗനെയും നോക്കുകുത്തിയാക്കി റീബൗണ്ടിൽ സിയലിൻസ്കി ഗോളടിച്ചു. പിന്നീട് രണ്ടാം വാറിന്റെ ഇടപെടലിലൂടെ ബാഴ്സലോണക്ക് പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത ഫെറാൻ ടോറസിന് പിഴച്ചില്ല. ബാഴ്സയുടെ അറ്റാക്കിംഗ് ത്രയം ടോറസ്,ട്രയോരെ,ഒബമയാങ്ങ് എന്നിവർ ഏറെ ശ്രമിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. കളിയുടെ അവസാനഘട്ടത്തിൽ ടോറസ്,ഡിയോങ്ങ്, ഡെംബെലെ എന്നീ താരങ്ങൾ തുടർച്ചായ അവസരങ്ങളാണ് നഷ്ടപ്പെട്ടുത്തിയത്‌. ബാഴ്സലോണ ജയിക്കുമെന്നുറപ്പിച്ച സുവർണ്ണാവസരങ്ങളായിരുന്നു പലതു. ഇനി രണ്ടാം പാദ മത്സരം നേപ്പിൾസിൽ ഫെബ്രുവരി 24നാണ് നടക്കുക.

വിജയക്കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ, ഗോവയുടെ പ്ലേഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടി

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ. മറുപടി ഇല്ലാത്ത രണ്ട് ഗോളിനാണ് ഇന്ന് എഫ്സി ഗോവയെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി മൻവീർ സിംഗാണ് എടികെ മോഹൻ ബഗാന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. ജുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാൻ 11മത്സരങ്ങളിലെ അപരാജിതക്കുതിപ്പാണ് തുടരുന്നത്. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ ഐഎസ്എല്ലിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്സിക്കൊപ്പമെത്തി മോഹൻ ബഗാൻ.

എഫ്സി ഗോവയുടെ പ്ലേഓഫ് സ്വപ്നങ്ങൾക്കാണ് ഇന്ന് തിരിച്ചടി നേരിട്ടത്. മൂന്നാം മിനുട്ടിലും രണ്ടാം പകുതി ആരംഭിച്ച് 14ആം സെക്കന്റിലും മൻവീറിലൂടെ മോഹൻ ബഗാൻ വിജയത്തിലേക്ക് കുതിച്ചു. മൂന്നാം മിനുട്ടിലെ ഹെഡ്ഡറിലൂടെ മോഹൻ ബഗാൻ ലീഡെടുത്തെങ്കിലും മത്സരത്തിലേക്ക് തിരികെ വരാൻ ആദ്യ പകുതിയിൽ തന്നെ ഗോവ ശ്രമിച്ചിരുന്നു. എങ്കിലും രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ രണ്ട് ഗോളീന്റെ ലീഡ് മോഹൻ ബഗാൻ നേടിയത് ഗോവക്ക് തിരിച്ചടിയായി. 15 മത്സരങ്ങളിൽ നിന്നും 29 പോയന്റാണ് മോഹൻ ബഗാനുള്ളത്. അതേ സമയം എഫ്സി ഗോവക്ക് 17 മത്സരങ്ങളിൽ നിന്നും 18 പോയന്റാണുള്ളത്.

ഐപിഎല്ലിൽ തിരികെയെത്തി വിഷ്ണു വിനോദ്, സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്

ഐപിഎല്ലിൽ വിഷ്ണു വിനോദ് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിഷ്ണുവിനൊപ്പം കേക്ക് മുറിച്ചാണ് ശ്രീശാന്ത് സന്തോഷം പങ്കുവെച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രീശാന്ത് പങ്കുവെച്ചു. ഈ സീസൺ ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരബാദിന് വേണ്ടിയാണ് വിഷ്ണു വിനോദ് കളിക്കുക.

20 ലക്ഷംഅടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്.. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും ആണ് ലേലത്തിൽ പോരാടിയിരുന്നു. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് വിഷ്ണു വിനോദ്.

Exit mobile version