കാർലോസ് ടെവസിനെതിരെ ചൈനീസ് ഫുട്ബോൾ ആരാധകർ

കാർലോസ് ടെവെസിനെതിരെ ചൈനീസ് ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് മുൻ മാഞ്ചസ്റ്റർ താരമായ ടെവെസിനെതിരെ ഉയർന്നിരിക്കുന്നത്. ഒരു അർജന്റീനിയൻ പത്രത്തിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. ചൈനീസ് സൂപ്പർ ലീഗിൽ താരം കളിച്ച ഏഴുമാസത്തോളം അവധി ദിവസങ്ങൾ പോലെയായിരുന്നു എന്നാണു ടെവസ് അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവാദ പരാമർശമാണ് ചൈനീസ് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കിയത്. 2016 ഡിസംബറിലാണ് ടെവസ് ചൈനയിലേക്ക് കളം മാറ്റിച്ചവിട്ടിയത്. എന്നാൽ 20 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമേ താരത്തിന് നേടാനായുള്ളു. അതെ തുടർന്ന് ടെവസ് കരാർ അവസാനിപ്പിക്കേണ്ടി വരികയും തിരിച്ച് ബൊക്ക ജൂനിയേഴ്‌സിലേക്ക് മടങ്ങുകയും ചെയ്തു.

2001 ൽ ബൊക്ക ജൂനിയേഴ്‌സിലൂടെയാണ് ടെവസ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊരിന്ത്യൻസിലെത്തിയ ടെവസ് വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിലെത്തി. പിന്നീട് യുണൈറ്റഡിൽ എത്തിയ ടെവസ് റെഡ് ഡെവിൾസിനോടൊപ്പം രണ്ടു സീസണുകളിലായി 19 ഗോളുകളും നേടി . പിന്നീട് സിറ്റിയിലേക്ക് ചേക്കേറിയ ടെവസ് സിറ്റിക്ക് വേണ്ടി 58 ഗോളുകളും നേടി. പ്രീമിയർ ലീഗ് വിട്ട് യുവന്റസിനൊപ്പം സീരി എ യിലും ടെവസ് കളിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ പ്രീമിയർ ലീഗ് താരങ്ങളെ ടീമിലെത്തിച്ച് കൊൽക്കത്ത

മുൻ പ്രീമിയർ ലീഗ് താരങ്ങളായ ഡേവിഡ് കൊട്ടെറിൽ, മാർട്ടിൻ പാറ്റേഴ്സൺ എന്നിവരെ കൊൽക്കത്ത ടീമിലെത്തിച്ചു. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇരു താരങ്ങളും ATK യിൽ എത്തിയത്. ഇവരോടൊപ്പം മുൻ ശിവജിയൻസ് താരം സോറം അംഗൻബയും കൊലക്കത്തയിലേക്കെത്തി. മൂന്ന് താരങ്ങൾ ടീമിലെത്തിയതോടൊപ്പം മൂന്നു താരങ്ങൾ കൊൽക്കത്തയോട് വിട വാങ്ങുകയും ചെയ്തു. നജസി കുഖി,ജൂസി ജാസ്‌കിലായിനെൻ,അഗസ്റ്റിൻ ഫെർണാണ്ടസ് എന്നി താരങ്ങളാണ് ATK യിൽ നിന്നും പുറത്ത് പോയത്. 

മുപ്പതുകാരനായ മാർട്ടിൻ പാറ്റേഴ്സൺ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയിലൂടെയാണ് കളിയാരംഭിക്കുന്നത്. ബേൺലി എഫ്സിയിൽ നൂറ്റിമുപ്പതോളം മത്സരങ്ങൾ കളിച്ച മാർട്ടിൻ അമേരിക്കയിലെ രണ്ടാം ഡിവിഷൻ ലീഗായ യുണൈറ്റഡ് സോക്കർ ലീഗ് ടീമായ ടാമ്പാ ബേ റൗഡിസിൽ നിന്നാണ് കൊൽക്കത്തയിലേക്കെത്തുന്നത്. അതെ സമയം ഡേവിഡ് കൊട്ടെറിൽ ബ്രിസ്റ്റോൾ സിറ്റിയിലൂടെയാണ് കളിയാരംഭിക്കുന്നത്. പിന്നീട് സ്വാൻസിയിലും ബർമിംഗ്ഹാം സിറ്റിയിലും കളിച്ച ഡേവിഡ് കൊട്ടെറിൽ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്നാണ് ATK യിൽ എത്തുന്നത്. ഷില്ലോങ് ലജോങ്ങിലൂടെയാണ് ഗോൾകീപ്പർ സോറം അംഗൻബ കരിയർ ആരംഭിക്കുന്നത്. ഐ ലീഗിൽ ഐസ്വാളിനു വേണ്ടിയും ശിവജിയൻസിനു വേണ്ടിയും ഷില്ലോങ് ലജോങ്ങിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് വേണ്ടിയും സോറം അംഗൻബ ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐഎസ്എല്ലിലെ വേഗമേറിയ ഗോളുമായി ജെറി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളുമായി ജംഷഡ്‌പൂരിന്റെ ജെറി. കേരളം ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിലാണ് ജംഷഡ്‌പൂരിനു വേണ്ടി ജെറി 22 ആം സെക്കന്റിൽ ഗോൾ നേടിയത്. JRD ടാറ്റ സ്പോർട്സ് കോംപ്ലെക്സിനെ ഇളക്കി മറിച്ചു കൊണ്ടാണ് ജെറിയുടെ ഗോൾ പിറന്നത്. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ജംഷഡ്‌പൂർ ആഷിം ബിശ്വാസിന്റെ ഷോട്ട് പിഴച്ചപ്പോൾ യഥാസമയത്തുള്ള ജെറിയുടെ ഇടപെടലാണ്‌ വേഗതയേറിയ ഗോളിന് കളമൊരുക്കിക്കിയത്. പോളേട്ടനെ വെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കാൻ മിസോറാംകാരനായ ജെറിക്ക് അധികം സമയമെടുക്കേണ്ടി വന്നില്ല

ഇരുപത്കാരനായ ജെറി DSK ശിവജിൻസ്‌ അക്കാദമിയിലൂടെയാണ് കളിയാരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ശിവജിയൻസിൽ നിന്നും ലോണിൽ നോർത്ത് ഈസ്റ് എഫ്‌സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ ജെറി കളിച്ചിരുന്നു. ഈ സീസണിലാണ് ജംഷഡ്‌പൂർ എഫ്‌സിക്ക് വേണ്ടി ജെറിയിറങ്ങുന്നത്. ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിലെ വേഗമേറിയ ഗോൾ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ക്രിസ് ദഗ്നാലിന്റെ 29 ആം സെക്കന്റിലെ ഗോളായിരുന്നു. 2015 ലെ നോർത്ത്ഈസ്റ്റിനെതിരായ ആ ഗോളാണ് ജെറി ഇന്ന് പഴങ്കഥയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാനുവൽ അകാഞ്ചിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്

സ്വിസ് പ്രതിരോധ താരം മാനുവൽ അകാഞ്ചിയെ ഡോർട്ട്മുണ്ട് സ്വന്തമാക്കി. മാനുവൽ അകാഞ്ചിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പന്മാർ ശ്രമിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജർമ്മൻ ക്ലബ് താരത്തെ ടീമിലെത്തിച്ചത്. 22 കാരനായ അകാഞ്ചിയെ ടീമിലെത്തിച്ചതിനെ തുടർന്ന് ഡോർട്ട്മുണ്ടിന്റെ പ്രതിരോധം കൂടുതൽ ശക്തമാകും. 26.2 മില്യൺ ഡോളറിനാണ് അകാഞ്ചിയെ സ്വിസ്സ് സൂപ്പർ ലീഗ് ക്ലബ്ബായ ബാസെലിൽ നിന്നും സിഗ്നൽ ഇടൂന പാർക്കിലെത്തിച്ചത്.

സ്വിറ്റ്സർലണ്ടിന് വേണ്ടി നാല് മത്സരരങ്ങളിൽ ബൂട്ടണിഞ്ഞ അകാഞ്ചി ബാസെലിന്റെ എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. പതിനാറാം നമ്പർ ജേഴ്സിയണിഞ്ഞാവും അകാഞ്ചി ഡോർട്ട്മുണ്ടിനായിറങ്ങുക. ഡോർട്ട്മുണ്ടിന്റെ ഹെർത്ത ബെർലിനെതിരായ മത്സരത്തിൽ ബുണ്ടസ് ലീഗ അരങ്ങേറ്റം കുറയ്ക്കുക എന്ന് കരുതപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വംശീയാധിക്ഷേപമുള്ള ട്വീറ്റ് , സ്പാർട്ടക് മോസ്കോ വിവാദത്തിൽ

 

റഷ്യൻ ഫുട്ബോൾ ക്ലബ്ബായ സ്പാർട്ടക് മോസ്കോ വീണ്ടും വിവാദത്തിൽ. ഇത്തവണ വിവാദത്തിലായത് വംശീയാധിക്ഷേപം തുളുമ്പുന്ന ട്വീറ്റ് കാരണമാണ്. കറുത്ത വർഗക്കാരായ താരങ്ങളെ ചോക്ലേറ്റ്സ് എന്ന് വിശേഷിപ്പിച്ച റ്റ്വീറ്റാണ് ഇപ്പോൾ വിവാദത്തിലായത്. 5 മണിക്കൂറുകൾക്ക് ശേഷം ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും സ്പാർട്ടക് റ്റ്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യൽ മീഡിയകളിൽ അപ്പോളേക്കും ട്വീറ്റ് വൈറലായിരുന്നു.

ബ്രസീലിയൻ താരങ്ങളായ ഫെർണാഡോ, ലൂയിസ് അഡ്രിയാനോ,പെഡ്രോ റൊച എന്നിവർ പരിശീലനം നടത്തുന്ന വീഡിയോയ്ക്ക് “How chocolates Melt in the sun” എന്ന് തർജ്ജമ ചെയ്യാവുന്ന ക്യാപ്ഷനാണ് വിവാദത്തിലായത്. അതേ വീഡിയോയിൽ തന്നെ സ്പാർട്ടകിന്റെ റഷ്യൻ താരം സിഗിയ ഇതേ വാചകങ്ങൾ ആവർത്തിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ഇതേ താരങ്ങൾ ഒന്നിക്കുന്ന മറ്റൊരു വീഡിയോയും ക്ലബ്ബ് ഇറക്കിയിട്ടുണ്ട്. ഇതാദ്യമായല്ല സ്പാർട്ടക് വംശീയാധിക്ഷേപാരോപണത്തിന്റെ നിഴലിൽ വരുന്നത്. യൂത്ത് ലീഗ് മത്സരത്തിൽ ലിവർപൂളിന്റെ റയാൻ ബ്രൂസ്റ്റെറിനെ സ്പാർട്ടകിന്റെ ലിയോനിട് മിറോനോവ് വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം നിലവിലുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആർദ തുറാൻ ഇസ്താംബുള്ളിലെത്തി,ആരാധകരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസ് ഉപയോഗിച്ച് പോലീസ്

തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിറിലേക്ക് തിരിച്ചെത്തി. ആറ്റടർക്ക് വിമാനത്താവളത്തിൽ ഇസ്താംബുൾ ബസെക്സിഹിറിന്റെ ആരാധകർ തുറാനെക്കാണായി തടിച്ചു കൂടിയിരുന്നു. വർണശബളമായ വരവേൽപ്പാണ് ആരാധകർ സൂപ്പർ ലീഗിലെത്തിയ താരത്തിന് നൽകിയത്. എന്നാൽ കൂട്ടമായെത്തിയ ആരാധകരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസ് വരെ പൊലീസിന് പ്രയോഗിക്കേണ്ടി വന്നു. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച ഫുട്ബോൾ ആരാധകർ ” ഞങ്ങൾ ഭീകരവാദികൾ അല്ല, ഫുട്ബോൾ ആരാധകർ “ ആണെന്ന് മുദ്രാവാക്യങ്ങളും മുഴക്കി.

രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു ആർദ തുറാൻ ബസെക്സിഹിറിൽ എത്തുന്നത്. 2020ൽ ബാഴ്‌സലോണയിലെ കരാർ അവസാനിക്കുന്നത് വരെ തുറക്കാൻബസെക്സിഹിറിൽ തുടരും. 2015 ജൂലൈയിൽ ആണ് തുറാൻ അത്ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിൽ എത്തുന്നത്. ആ സമയം ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്നതിനാൽ ബാഴ്സലോണക്ക് വേണ്ടി 2016 ജനുവരിയിൽ മാത്രമാണ് തുറാനു അരങ്ങേറാൻ കഴിഞ്ഞത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ്‌ എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റത്തിൽ ഗോളടിച്ച് ടെറോട്, റൈൻ ഡെർബിയിൽ കൊളോണിന് ജയം

റൈൻ ഡെർബിയിൽ കൊളോണിന് വിജയം. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊളോൺ വിജയം സ്വന്തമാക്കിയത്. തന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച സൈമൺ ടെറോടാണ് കൊളോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഫെഡെറിക്ക് സോറെൻസെന്നും ടെറോടും കൊളോണിന് വേണ്ടി ഗോളടിച്ചപ്പോൾ പകരക്കാരനായിട്ടിറങ്ങിയ റഫേലാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്.

പതിനാറു മത്സരങ്ങളിൽ ഒരു വിജയവുമില്ലാതെ റെലെഗേഷൻ ഭീഷണി നേരിട്ടിരുന്ന കൊളോണിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. അവസാന നിമിഷത്തിൽ ടെറോടാണ് കൊളോണിന് ജീവൻ പകർന്നത്. ആദ്യ പകുതിയിൽ കൊളോൺ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതി ആക്രമിച്ച് ഗ്ലാഡ്ബാക്ക് കളിച്ചു. ലാർസ് സ്റ്റിൻഡിലും തോർഗൻ ഹസാർഡും ഗോൾ നേടാനാകാതെ വിഷമിച്ചത് ഗ്ലാഡ്ബാക്കിനു തിരിച്ചടിയായി. ഒട്ടേറെ അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചിരുന്നു. ഏഴു പോയന്റ് അകലെയാണ് ബില്ലി ഗോട്ട്സിന് റെലെഗേഷൻ സ്പോട്ട്. ഇത്തവണയും രണ്ടാം ഡിവിഷനിൽ പോകാതെ പിടിച്ച് നില്ക്കാൻ കൊളോണിനാകുമോ എന്ന് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിനെ പുറത്താക്കി മലാഗ

ലാ ലിഗ ടീമായ മലാഗ ഹെഡ് കോച്ച് മൈക്കൽ ഗോൺസാലസിനെ പുറത്താക്കി. ഗെറ്റാഫെയോടേറ്റ പരാജയത്തിന് പിന്നാലെയാണ് മലാഗ കോച്ചിനെ പുറത്തകൻ നിർബന്ധിതരായത്. റെലെഗേഷൻ ഭീഷണി നേരിടുന്ന മലാഗയ്ക്ക് ലീഗയിൽ തുടരാൻ ഏറെ കഷ്ടപ്പെടേണ്ടി വരും.

54 കാരനായ മൈക്കൽ ഗോൺസാലസ് പുറത്ത് പോകുമ്പോൾ മലാഗ നിലവിൽ 19 ആം സ്ഥാനത്താണ്. കഴിഞ്ഞ വര്ഷം മാർച്ചിലാണ്‌ മാലാഖയുടെ കോച്ചായി ഗോൺസാലസ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ തവണ മലാഗയെ റെലെഗേഷനിൽ നിന്നും രക്ഷിച്ച് 11 ആം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിലവിൽ വെറും 11 പോയന്റാണ് മലാഗയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിങ്കളാഴ്ച രാത്രിയിൽ മത്സരം, യെല്ലോ വാൾ ബഹിഷ്കരിക്കാൻ ഡോർട്ട്മുണ്ട് ആരാധകർ

തിങ്കളാഴ്ച രാത്രിയിൽ മത്സരം നടത്താനുള്ള ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതരുടെ തീരുമാനത്തിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫാൻസ്‌. ഡോർട്ട്മുണ്ടിന്റെ ലോകപ്രശസ്തമായ യെല്ലോ വാൾ എന്ന പേരിൽ അറിയപ്പെടുന്ന സൗത്ത് സ്റ്റാൻഡ് ബഹിഷ്കരിച്ച് പ്രതികരിക്കാനാണ് ഡോർട്ട്മുണ്ട് ആരാധകരുടെ തീരുമാനം. ഈ സീസണിലാണ് 5 മത്സരങ്ങൾ തിങ്കളാഴ്ച രാത്രിയിൽ നടത്താൻ ആദ്യമായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുത്തത്. വീക്കെന്റുകളിൽ മാത്രമാണ് സാധാരണയായി ബുണ്ടസ് ലീഗ മത്സരങ്ങൾ നടക്കാറുള്ളത്. അപൂർവ്വമായി മിഡ് വീക്ക് മത്സരങ്ങളും. എന്നാൽ തിങ്കളാഴ്ച രാത്രി മത്സരം നടത്താനുള്ള തീരുമാനം ബുണ്ടസ് ലീഗ ആരാധകരുടെയെല്ലാം എതിർപ്പ് ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു.

ഈ സീസണിലെ തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരം ഫെബ്രുവരി 19 നു നടക്കും. അന്ന് ഫ്രാങ്ക്ഫർട്ടാണ് ലെപ്‌സിഗിനെ നേരിടുന്നത്. ഫെബ്രുവരി 26 നാണു ഓഗ്സ്ബർഗ് – ഡോർട്ട്മുണ്ട് മത്സരം സിഗ്നൽ ഇടൂന പാർക്കിൽ നടക്കുക. അന്ന് ഇരുപത്തിനാലായിരത്തോളം വരുന്ന ഡോർട്ട്മുണ്ട് ആരാധകർ ഉൾപ്പെടുന്ന യെല്ലോ വാളാണ് പ്രതിഷേധ സൂചകമായി ഒഴിഞ്ഞ് കിടക്കാൻ പോകുന്നത്. എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ഡോർട്ട്മുണ്ട് മാച്ചിൽ ആണ് ഈ പ്രതിഷേധം അരങ്ങേറുക. ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതർ തിങ്കളാഴ്ച മത്സരം എന്ന ആശയം ഉപേക്ഷിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ആം ഗോളിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഒബാമയാങ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബാമയാങ് ആരാധകർക്ക് വേണ്ടി ഒരു സർപ്രൈസാണ് ഒരുക്കിയിരിക്കുന്നത്. തന്റെ നൂറാം ബുണ്ടസ് ലീഗ ഗോളിനായി കാത്തിരിക്കാനാണ് ഒബാമയാങ് ആരാധകരോട് ആവശ്യപ്പെട്ടത്. ഈ സീസണിൽ പതിമൂന്നു ഗോളുകളാണ് ഒബാമയാങ് ഡോർട്ട്മുണ്ടിന് വേണ്ടി നേടിയിരിക്കുന്നത്. നിലവിൽ ഒബാമയങ്ങിന്റെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 98 ആണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയത് ഒബാമയാങ് ആയിരുന്നു. ഈ സീസണിൽ ബയേണിന്റെ ലെവെൻഡോസ്‌കിയാണ് ടോപ്പ് സ്‌കോറർ എങ്കിലും രണ്ടു ഗോൾ പിറകിലായി ഒബാമയങ്ങുമുണ്ട്.കഴിഞ്ഞ സീസണിൽ 31 ഗോളുകളാണ് ഒബാമയാങ് അടിച്ചത്.

സാധാരണയായി പ്രത്യേകാവസരങ്ങളിൽ മാസ്ക് വെച്ച് ആഘോഷിക്കാറുള്ള ഒബാമയാങ് ഇത്തവണ ആരുടെ മാസ്ക് വെച്ചാണ് ആഘോഷിക്കുക എന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2013 മുതൽ ഡോർട്ട്മുണ്ടിനോടൊപ്പമാണ് 28 കാരനായ ഈ ഗാബോണീസ് താരം. കഴിഞ്ഞ മൂന്നു സീസണുകളിലായി ലെവൻഡോസ്‌കിയും ഒബമയങ്ങും ഗോൾ വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമായ ഒബാമയാങ് വെർഡർ ബ്രെമനെതിരെയാണ് ആ നേട്ടം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ടിന്റെ സ്വന്തം സിഗ്നൽ ഇടൂന പാർക്കിലാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം. വോൾഫ്സ്ബർഗിനെയാണ് ഡോർട്ട്മുണ്ട് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലെവർകൂസന്റെ വിജയഗാഥ അവസാനിപ്പിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലെവർ കൂസനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവർകൂസന്റെ അപരാജിതമായ 12 ലീഗ് മാച്ചിന്റെ വിന്നിംഗ് സ്ട്രീക്കാണ് ബയേൺ 2018ലെ ആദ്യ മത്സരത്തിൽ അവസാനിപ്പിച്ചത്. ബയേണിന് വേണ്ടി ഹാവി മാർട്ടിനെസ്,ഫ്രാങ്ക് റിബറി,ഹാമിഷ് റോഡ്രീഗസ് എന്നിവരാണ് സ്കോർ ചെയ്തത്. ലെവർകൂസന്റെ ആശ്വാസ ഗോൾ കെവിൻ വൊല്ലാണ്ട് നേടി.

ഹാമിഷ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ്. സാൻട്രോ വാഗ്നർ ബയേണിന് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതും ഇന്നലത്തെ മത്സരത്തിൽ തന്നെയായിരുന്നു. ലെവൻഡോസ്കിക്ക് വിശ്രമം അനുവദിച്ച യപ്പ് ഹൈങ്കിസ് തുടക്കം മുതൽ അക്രമിച്ചാണ് കളിയാവിഷ്കരിച്ചത്. ആർട്ടുറോ വിദാൽ തുടർച്ചയായി ഗോൾ മുഖത്ത് ഭീഷണിയുയർത്തിയെങ്കിലും ആദ്യ ഗോൾ നേടിയത് ഹാവി മാർട്ടിനെസാണ്.

2018 ലെ രണ്ടാം ബുണ്ടസ് ലീഗ് ഗോൾ ഫ്രാങ്ക് റിബറി ആദ്യ പകുതിക്ക് മുൻപേ നേടി. റോഡ്രിഗസിൽ നിന്നും പന്ത് വാങ്ങിയ റിബറി പെനാൽറ്റി ഏരിയയിലേക്ക് ഓടിക്കയറുകയും തകർപ്പൻ ഷോട്ടിലൂടെ 2018ലെ തന്റെ ആദ്യ ഗോൾ നേടി. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ കെവിൻ വൊല്ലാണ്ട് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി‌. അവസാന നിമിഷത്തെ തകർപ്പൻ ഫ്രീ കിക്കിലൂടെ ഹാമിഷ് റോഡ്രിഗസ് ബയേണിന്റെ ലീഡുയർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പിലെ വീഡിയോ അസിസ്റ്റ് : പിന്തുണയുമായി ജർമ്മനി

ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങിനെ അനുകൂലിച്ച് കൊണ്ട് ജർമ്മൻ ഫുട്ബോൾ അസോസിയേഷനും ജർമ്മൻ ഫുട്ബോൾ ലീഗും രംഗത്തെത്തി. എന്നാൽ ഫുട്ബോൾ ആരാധകരും താരങ്ങളും ഒരേ സ്വരത്തിലാണ് വീഡിയോ റെഫെറിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . ഒട്ടനവധി വിവാദങ്ങളാണ് വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്നത്. എതിർപ്പുന്നയിക്കുന്നവരുടെ പ്രധാന വാദം ഫുട്ബോൾ മത്സരത്തിന്റെ ആവേശവും ഫുട്ബോളിന്റെ ഒഴുക്കും VAR ഇടപെടൽ മൂലം നഷ്ടപ്പെടുന്നു എന്നാണു.

എന്നാൽ വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങിലൂടെ ഒട്ടേറെ തെറ്റായ റഫറിയുടെ തീരുമാനങ്ങൾ തിരുത്തപ്പെടാൻ ഇത് സഹായകമായി എന്നാണു ഡാറ്റയുടെ പിന്ബലത്തോട് കൂടി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ വാദിക്കുന്നത്. ജർമ്മൻ ലീഗായ ബുണ്ടസ് ലീഗയിലും പരീക്ഷണാടിസ്ഥാനത്തിൽ വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. അന്തിമമായ തീരുമാനം മാർച്ച് രണ്ടിന് അറിയാൻ കഴിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version