കോവിഡ് നെഗറ്റീവ് ആയി, ആഞ്ചലോട്ടി ഇന്ന് ചെൽസിക്ക് എതിരെ ഉണ്ടാകും

റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി ഇന്ന് ചെൽസിക്ക് എതിരെ ടച്ച് ലൈനിൽ ഉണ്ടാകും. ഇന്ന് രാവിലെ കാർലോ ആൻസെലോട്ടിക്ക് കൊവിഡ് നെഗറ്റീവ് ആയി എന്ന് റയൽ മാഡ്രിഡ് അറിയിച്ചു. അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു എന്നും ക്ലബ് പറഞ്ഞു. ഇന്ന് രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരായ മത്സരത്തിൽ ആഞ്ചലോട്ടി ഉണ്ടാകും.

ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിലണ് ലാ ലിഗ വമ്പന്മാർ ചെൽസിയെ നേരിടുന്നത്. കഴിഞ്ഞയാഴ്ച ആയിരുന്നു ആഞ്ചലോട്ടി കൊവിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തിന്റെ മകനും അസിസ്റ്റന്റും ആയ ഡേവിഡ് ആയിരുന്നു സെൽറ്റ വിഗോയുമായുള്ള മത്സരത്തിൽ ടച്ച് ലൈനിൽ ഉണ്ടായിരുന്നത്.

റൊണാൾഡ് കോമൻ നെതർലന്റ്സ് പരിശീലകനായി തിരിച്ചെത്തും

റൊണാൾഡ് കോമൻ ഹോളണ്ടിന്റെ പരിശീലകനായി തിരികെയെത്തും. 2022 ലോകകപ്പിന് ശേഷം ആകും ലൂയിസ് വാൻ ഗാലിന് പകരം റൊണാൾഡ് കോമാൻ നെതർലൻഡ്‌സ് പരിശീലകനായി നിയമിതനാവുക. ഇത് സംബന്ധിച്ച് നെതർലന്റ്സ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

2020-ൽ ഹോളണ്ട് പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു കോമാൻ ബാഴ്‌സലോണയെ പരിശീലിപ്പിക്കാൻ വേണ്ടി പോയത്. ബാഴ്സലോണയിൽ കോമാന് നിരാശ മാത്രമായിരുന്നു ലഭിച്ചത്. വാൻ ഹാൽ ലോകകപ്പിന് ശേഷം ചുമതല ഒഴിയും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരാതിരിക്കാൻ കാരണമാണ്.

കോമാന്റെ കീഴിൽ കളിച്ചപ്പോൾ ഒക്കെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കാൻ നെതർലന്റ്സിനായിരുന്നു. 2024 യൂറോയിലും 2026ലെ ലോകകപ്പിലും കോമാന്റെ സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ കരാർ.

കൊറിയൻ ഓപ്പൺ, സിന്ധു പ്രീക്വാർട്ടറിൽ

മൂന്നാം സീഡ് ആയ പി വി സിന്ധു കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎസ്എയുടെ ലോറൻ ലാമിനെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. 34 മിനിറ്റ് നീണ്ട മത്സരത്തിൽ ലോറൻ ലാമിനെ 21-15, 21-14 എന്ന സ്‌കോറിനാണ് സിന്ധു വീഴ്ത്തിയത്.

BWF സൂപ്പർ 500 ഇവന്റിന്റെ റൗണ്ട് 2ൽ ഇനി സിന്ധു ജപ്പാന്റെ താരമായ അയാ ഒഹോറിയെ നേരിടും. ഒഹോരിക്ക് എതിരെ ഇതുവരെ സിന്ധു പരാജയം അറിഞ്ഞിട്ടില്ല.

സഞ്ജു വലിയ സ്കോറുകൾ നേടാൻ ആയി ചില കാര്യങ്ങൾ മെച്ചപ്പെടുത്തണം – രവി ശാസ്ത്രി

രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗിൽ കുറച്ച് കാര്യങ്ങൾ കൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് രവി ശാസ്ത്രി. ഈ സീസണിൽ സഞ്ജുവിനെ നിരീക്ഷിക്കുമ്പോൾ അവനിൽ ഒരു ശാന്തത കാണുന്നുണ്ട്. സഞ്ജു ഇപ്പോൾ കൂടുതൽ പക്വത കാണിക്കുന്നുണ്ട്. ഈ വർഷം അവനൊരു നല്ല സീസണാകും എന്ന തോന്നൽ എനിക്കുണ്ട്. രവി ശാസ്ത്രി പറഞ്ഞു.

ഈ സീസണിൽ സഞ്ജുവിന് കൂടുതൽ സ്ഥിരത പുലർത്താൻ ആകും. സഞ്ജുവിന് ചുറ്റും നല്ല ഒരു ടീമുണ്ട്. ശാസ്ത്രി പറഞ്ഞു.

“സാംസൺ കൂടുതൽ മെച്ചപ്പെടാൻ അദ്ദേഹം എതിരാളികളെ കുറച്ച് കൂടി പഠിക്കണം. ഒരോ ബൗളറുടെയും ഏതൊക്കെ പന്തുകൾ ആക്രമിക്കണം ഏതൊക്കെ ക്ഷമയോടെ നേരിടണം എന്നും പഠിക്കണം. ഇവിടെയാണ് കോഹ്‌ലി വിജയിച്ചത്. കൂടുതൽ പക്വതയും അച്ചടക്കവും നിയന്ത്രണവും ഉള്ളതിനാൽ കോഹ്ലിക്ക് വലിയ സ്‌കോറുകൾ കണ്ടെത്താൻ ആകുഞ്ഞ്. സഞ്ജുവിനും ഇത് തന്റെ ഗെയിമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വലിയ സ്കോറുകൾ നേടാൻ ആകും. രവി ശാസ്ത്രി പറഞ്ഞു.

ഹിഗ്വയിൻ ഈ സീസണോടെ വിരമിക്കും എന്ന് താരത്തിന്റെ പിതാവ്

അർജന്റീന സ്‌ട്രൈക്കർ ഹിഗ്വയിൻ ഈ സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് ഗോൺസാലോ ഹിഗ്വെയ്‌ന്റെ പിതാവ് ജോർജ്ജ് വെളിപ്പെടുത്തി. 34 കാരനായ ഹിഗ്വയിൻ നിലവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌. ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമെന്ന് ഹിഗ്വയിന്റെ പിതാവ് പറഞ്ഞു.

അമേരിക്കയിലെ സീസൺ നവംബറിൽ ആണ് അവസാനിക്കുന്നത്. അതുവരെ ഹിഗ്വയിൻ കളി തുടരും. ഹിഗ്വയിൻ അർജന്റീനയിലേക്ക് മടങ്ങുമെന്ന് ഞാൻ കരുതുന്നില്ല എന്നും സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് മകൻ എന്നോട് പറഞ്ഞു എന്നും ഹിഗ്വെയ്‌ന്റെ പിതാവ് അർജന്റീനയിലെ ഒരു മാധ്യമത്തോട് പറഞ്ഞു.

നാപോളി, യുവന്റസ്, മിലാൻ, റയൽ മാഡ്രിഡ്, ചെൽസി എന്നിവരുടെ ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ് ഹിഗ്വയിൻ. ഇറ്റലിൽ താരം 224 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയിരുന്നു.

ലണ്ടണിൽ ഇന്ന് ചെൽസിയെ അന്വേഷിച്ച് റയൽ മാഡ്രിഡ് എത്തുന്നു

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഒരു സൂപ്പർ പോരാട്ടമാണ്. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള റയൽ മാഡ്രിഡിനെ നേരിടുന്നു. 2020-21 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആവർത്തനം കൂടിയാണ് ഈ പോര്.

ലീഗ് 1 ചാമ്പ്യന്മാരായ ലില്ലയെ 4-1ന് തോൽപ്പിച്ചാണ് തോമസ് ടുഷലിന്റെ ടീം ക്വാർട്ടറിലെത്തിയത്‌. അവസാന കുറച്ച് കാലമായി അത്ര നല്ല ഫോമിൽ അല്ല ചെൽസി. കഴിഞ്ഞ മത്സരത്തിൽ അവർ ബ്രെന്റ്ഫോഡിനോട് 4-1ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
20220406 004939

റയൽ മാഡ്രിഡ് പി എസ് ജിയെ മറികടന്ന് കൊണ്ടാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് വലിയ ലീഡിൽ നിൽക്കുന്ന റയൽ മാഡ്രിഡ് ഇന്ന് ചെൽസിയെ തോൽപ്പിക്കാം എന്ന ആത്മവിശ്വാസത്തിൽ ആകും. റയൽ മാഡ്രിഡ് നിരയിൽ ഇന്ന് പരിക്ക് കാരണം ഹസാർഡ് ഉണ്ടാകില്ല.

ഇന്നത്തെ മത്സരം സോണി ലൈവിലും സോണിയുടെ സ്പോർട്സ് ചാനലുകളിലും തത്സമയം കാണാം.

ഈജിപ്തിനെ തോൽപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം!

ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഈജിപ്തിനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഇന്ന് തുടക്കം മുതൽ ഇന്ത്യ ആണ് നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. ആദ്യ അവസരങ്ങൾ ഇന്ത്യക്ക് ഗോളാക്കി മാറ്റാൻ ആയില്ല. 32ആം മിനുട്ടിൽ യുവതാരം പ്രിയങ്ക ദേവിയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളായില്ല.

ഇന്ത്യൻ ഗോൾകീപ്പർ സൗമിയയുടെ മികച്ച സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇനി അടുത്ത സൗഹൃദ മത്സരത്തിൽ ഇന്ത്യ ജോർദാനെ നേരിടും.

പോർച്ചുഗലിലെ ആദ്യ പാദം ലിവർപൂളിന് സ്വന്തം, ഇനി ബാക്കി ആൻഫീൽഡിൽ

ചാമ്പ്യൻസ് സെമി ഫൈനലിനോട് അടുത്ത് ലിവർപൂൾ. ഇന്ന് പോർച്ചുഗലിൽ ചെന്ന് ബെൻഫികയെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 17ആം മിനുട്ടിൽ റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഇബ്രാഹിം കൊനാറ്റെ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. കൊനാറ്റെയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്..

34ആം മിനുട്ടിൽ ലിവർപൂളിന്റെ രണ്ടാം ഗോളും വന്നു. അർനോൾഡിന്റെ മനോഹരമായ ഒരു ലോങ് പാസ് ഫസ്ട് ടച്ചിൽ തന്നെ ഡിയസ് മാനെക്ക് മറിച്ചു നൽകുകയും താരം വല കുലുക്കുകയുമായിരുന്നു. ഈ അവസരങ്ങൾ ഉൾപ്പെടെ ആറ് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ സൃഷ്ടിച്ചു.

രണ്ടാം പകുതിയിൽ ബെൻഫിക കളിയിലേക്ക് തിരികെവരാൻ ശ്രമിക്കുകയും 49ആം മിനുട്ടിൽ ഫലം കാണുകയും ചെയ്തു. കൊനാറ്റയുടെ പിഴവ് മുതലെടുത്ത് നുനെസ് ആണ് ബെൻഫികയ്ക്ക് ഒരു ഗോൾ നൽകിയത്‌‌‌. നുനസ് ഈ സീസണിൽ നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോൾ ബെൻഫികയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ലൂയിസിന്റെ ഗോൾ കൂടെ വന്നതോടെ പരാജയത്തിന്റെ ആഴം കൂടി.

അടുത്ത ആഴ്ച ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമെ ബെൻഫികയ്ക്ക് ലിവർപൂളിനെ സെമിയിൽ നിന്ന് തടയാൻ ആവുകയുള്ളൂ. ആൻഫീൽഡിൽ ലിവർപൂൾ അതിംഗംഭീര പ്രകടനങ്ങൾ ആണ് നടത്തി വരുന്നത്.

അത്ലറ്റിക്കോയുടെ പ്രതിരോധ ബസ് മതിയായില്ല, ഡിബ്രുയിനയുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് പൂട്ട് തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കണ്ടത് തീർത്തും സിമിയോണിയുടെ ടീമിന്റെ ഡിഫൻസീവ് പ്രകടനമായുരുന്നു. ഡിഫൻസീവ് ബ്ലോക്ക് തീർത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡ് അവരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞു. ആദ്യ പകുതിയിൽ 73% പൊസഷൻ സിറ്റിക്ക് ഉണ്ടായി എങ്കിലും ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയില്ല. ഒബ്ലകിനെ പരീക്ഷിക്കാനും അവർക്ക് ആയില്ല.

രണ്ടാം പകുതിയിലും അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസീവ് ടാക്ടിക്സ് തുടർന്നു. അവസാനം 70ആം മിനുറ്റിൽ കെവിൻ ഡിബ്രുയിന ആ പ്രതിരോധ കോട്ട തകർത്തു. ഫിൽ ഫോഡന്റെ പാസ് സ്വീകരിച്ചായിരുന്നു ഡിബ്രുയിന്റെ ഗോൾ. ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ഈ ഗോൾ മതിയായി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ഉറപ്പാകാൻ.

ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ രണ്ടാം പാദ ക്വാർട്ടർ മത്സരം നടക്കും.

വലിയ ഓഫറുകൾ നിരസിച്ചു, അറോഹോ ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചു

ഉറുഗ്വേ പ്രതിരോധക്കാരനായ അറോഹോയ്ക്ക് ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെക്കും. അറോഹോയുമായി 2026വരെയുള്ള കരാർ ഒപ്പുവെക്കാൻ ബാഴ്സലോണ മാനേജ്മെന്റ് ധാരണയായതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിന് പുറത്ത് നിന്ന് അറോഹോയ്ക്ക് നിരവധി ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും താരം അതൊക്കെ നിരസിച്ച് ബാഴ്സലോണയിൽ തുടരാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.

അറോഹോയുടെ നിലവിലെ കരാർ 2023 വേനൽക്കാലത്ത് അവസാനിക്കാൻ ഇരിക്കുകയാണ്‌. അതിനു മുന്നോടിയായി 5 വർഷത്തെ പുതിയ ഉറുഗ്വേയിലെ റിവർ ബോസ്റ്റണിൽ നിന്ന് ആയിരുന്നു താരം ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയുടെ ബി ടീം കളിക്കാരനായി ആരംഭിച്ച താരം പെട്ടെന്ന് തന്നെ സീനിയർ ടീമിലേക്ക് എത്തി.

2020-21 സീസണിന് മുമ്പ് ആയാണ് അറോഹോയെ ആദ്യ ടീമിലേക്ക് ബാഴ്സലോണ ഉയർത്തിയത്. പിക്വെ തന്റെ കരിയറിന്റെ അവസാന വർഷങ്ങളിലേക്ക് അടുക്കുന്നത് കൊണ്ട് തന്നെ അറൊഹോയെയും ഗാർസിയയെയും ആണ് ബാഴ്സലോണ വരും വർഷങ്ങളിലെ സെന്റർ ബാക്ക് കൂട്ടുകെട്ടായി കണക്കാക്കുന്നത്.

ഐലീഗ്, ട്രാവു ഐസാളിനെ തോല്പ്പിച്ചു

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവു ഐസാൾ എഫ് സിയെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ട്രാവുവുന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ട്രാവുവിന്റെ വിജയം. 24ആം മിനുട്ടിൽ തകീമ ആണ് ഐസാളിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ച് ലീഡ് എടുക്കാൻ ട്രാവുവിനായി. കനിംഗം ഇരട്ട ഗോളുകൾ നേടിയാണ് ട്രാവു വിജയം ഉറപ്പിച്ചത്. 32, 41 മിനുട്ടുകളിൽ ആയിരുന്നു ഗോളുകൾ.

ട്രാവുവിന്റെ സീസണിലെ മൂന്നാം വിജയമാണിത്. അവർ 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു. കെങ്ക്രെ ലീഗിൽ അവസാന സ്ഥാനത്താണ്. ഐസാൾ പത്താം സ്ഥാനത്താണ്‌.

അപരാജിത കുതിപ്പ് തുടരുന്നു, ശ്രീനിധിയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാമത്

ഐ ലീഗിൽ ഗോകുലം കേരളക്ക് ഒരു മികച്ച വിജയം. ഇന്ന് ശ്രീനിധിയെ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മനോഹരമായ തുടക്കമാണ് ഗോകുലത്തിന് ലഭിച്ചത്. അവർ നാലാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ശരീഫ് മുഹമ്മദിന്റെ കോർണറിൽ നിന്ന് ബൗബ അമിനോ ഗോകുലത്തിന് ലീഡ് നൽകി. താരത്തിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ഇതിനു ശേഷം 30ആം മിനുട്ടിൽ ഗോകുലം ലീഡ് ഇരട്ടിയാക്കി. ഫ്ലച്ചറിന്റെ ഒരു ഇടം കാലൻ ഷോട്ട് ആയിരുന്നു ഗോകുലത്തിന് രണ്ടാം ഗോൾ നൽകിയത്. ഈ ലീഡ് ഗോകുലം ആദ്യ പകുതിയിൽ നിലനിർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ശ്രീനിധി നേടിയ ഗോൾ ഗോകുലത്തെ സമ്മർദ്ദത്തിൽ ആക്കി. കാസ്റ്റനെഡ ആയിരുന്നു ശ്രീനിധിയുടെ ഗോൾ നേടിയത്. പിന്നീട് ശ്രീനിധി പരാജയം ഒഴിവാക്കാൻ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല.

ഈ വിജയത്തോടെ ഗോകുലം 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് എത്തി. 19 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു മൊഹമ്മദൻസ് ഒരു മത്സരം കുറവാണ് കളിച്ചത്. ശ്രീനിധി 17 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു.

Exit mobile version