അഞ്ചു വർഷങ്ങൾ എട്ട് കിരീടങ്ങൾ, കിരീടത്തെ സ്നേഹിച്ച് ഗോകുലം കേരള

ഇന്ന് സേതു എഫ് സിയെ പരാജയപ്പെടുത്തിയതോടെ ഗോകുലം കേരള ഒരു കിരീടം കൂടെ ഉയർത്തിയിരിക്കുക ആണ്. ഇന്ത്യൻ വനിതാ ലീഗ് കിരീടം. അതും തുടർച്ചയായി രണ്ടാം തവണ. ഈ സീസണിൽ കളിച്ച 11 മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള കിരീടം ഉയർത്തിയത്. ദിവസങ്ങൾ മാത്രമെ ആയുള്ളൂ ഗോകുലം കേരള ഐ ലീഗ് കിരീടം നേടിയിട്ട്. അതിന്റെ ആഘോഷം അവസാനിക്കും മുമ്പ് ഒരു കിരീടം കൂടെ‌. ഗോകുലത്തിന്റെ ട്രോഫി ക്യാബിനറ്റ് നിറയുക ആണെന്ന് പറയാം.20220526 220651

ഇന്നത്തെ കിരീടം ഗോകുലം ടീമിന്റെ എട്ടാം വലിയ കിരീടമാണിത്. അഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്. അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള എട്ടു കിരീടങ്ങൾ നേടി എന്നത് അഭിമാനകരമാണ്. ഇന്ത്യൻ ഫുട്ബോളിൽ വേറെ ഒരു ക്ലബിനും പറയാൻ പറ്റാത്ത വല്ലാത്ത കഥ ആണിത്.

ഗോകുലം കേരള വനിതാ ടീം രണ്ട് തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി തിളങ്ങി. ഗോകുലം കേരളയുടെ പുരുഷ ടീം രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.

ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. ഇത് കൂടാതെ ഏഷ്യയിൽ പുരുഷ ടീമും വനിതാ ടീമും കളിച്ച ഏക ഇന്ത്യൻ ക്ലബുമാണ് ഗോകുലം കേരള.

കേരളത്തിലേക്ക് ഒരു കിരീടം കൂടെ!!! ഗോകുലം കേരള വീണ്ടും ഇന്ത്യ വനിതാ ലീഗ് ചാമ്പ്യന്മാർ!!

സ്കോർ 3 -1

ഗോകുലം കേരള; 3
ആശാലത ദേവി (14)
എല്‍ഷദായ് അചെങ്‌പോ (33)
മനീഷ കല്യാണ്‍ (40)

സേതു എഫ് സി – 1
രേണു റാണി (3)
……………….

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയർത്തി. ഇന്ന് സേതു എഫ് സിയെ നേരിടുമ്പോൾ ഒരു സമനില മതിയായിരുന്നു ഗോകുലം കേരളക്ക് കിരീടം ഉറപ്പിക്കാൻ. പക്ഷെ സമനിലക്കായി കളിക്കാതെ അറ്റാക്ക് ചെയ്തു കളിച്ച ഗോകുലം കേരള 3-1ന്റെ വിജയം സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായുരുന്നു ഗോകുലത്തിന്റെ വിജയം.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ സേതു എഫ് സി ഗോകുലത്തെ ഞെട്ടിച്ച് കൊണ്ട് ഗോൾ നേടി. രേണു റാണിയുടെ ഹെഡറാണ് അവർക്ക് ലീഡ് നൽകിയത്. പത്ത് മിനുട്ടുകൾക്ക് അകം തിരിച്ചടിക്കാൻ ഗോകുലത്തിനായി. 12ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ സമനില ഗോൾ. എൽ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ആശാലത ദേവി ലക്ഷ്യത്തിൽ എത്തിച്ചു.

33ആം മിനുട്ടിൽ എൽഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസിൽ നിന്നായിരുന്നു എൽ ഷദായിയുദെ ഗോൾ. എൽ ഷദായിയുടെ ഇരുപതാം ഗോളായിരുന്നു ഇത്. പിന്നാലെ 40ആം മിനുട്ടിൽ മനീഷ കല്യാണും കൂടെ ഗോൾ നേടിയതോടെ ഗോകുലത്തിന്റെ കിരീടം അടുത്ത് എത്തി. മനീഷയുടെ 14ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 3-1ന്റെ ലീഡ് നിലനിർത്തി കൊണ്ട് ഗോകുലം കേരള വിജയം ഉറപ്പിച്ചു.

11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യൻ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും.

റയാൻ ഗ്രാവൻബെർച് ബയേണിന്റെ താരം, 25മില്യൺ ട്രാൻസ്ഫർ തുക

അയാക്സിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച് ബയേൺ മ്യൂണിക്കിൽ. താരം കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്തു. താരം 2027വരെയുള്ള കരാർ ബയേണിൽ ഒപ്പുവെച്ചു. 25 മില്യൺ ആകും ട്രാൻസ്ഫർ തുക.

20കാരനായ താരം 2010 മുതൽ അയാക്സിനൊപ്പം ഉണ്ട്. 2018ൽ അയാക്സിനായി സീനിയർ അരങ്ങേറ്റം നടത്തിയ ഗ്രാവൻബെർച് നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. അഞ്ച് കിരീടങ്ങളും അയാക്സിൽ നേടി. ഹോളണ്ട് ദേശീയ ടീമിനായും ഗ്രാവൻബെർച് കളിക്കുന്നുണ്ട്.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോട് ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോട് ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട് കണ്ണൂരിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. 11ആം മിനുട്ടിൽ നിഹാൽ കോഴിക്കോടിന് ലീഡ് നൽകി. 21ആം മിനുട്ടിൽ കാർത്തികിലൂടെ കണ്ണൂർ സമനില നേടി.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ അജ്സലിലൂടെ കോഴിക്കോട് മുന്നിൽ എത്തി. 87ആം മിനുട്ടിൽ സനൂത് വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

കഴിഞ്ഞ മത്സരങ്ങളിൽ കോട്ടയത്തെയും ഇടുക്കിയെയും ആയിരുന്നു കോഴിക്കോട് തോൽപ്പിച്ചത്. ഫൈനൽ തൃശ്ശൂരിനെ ആകും കോഴിക്കോട് നേരിടുക. മെയ് 28ആം തീയതി ആണ് ഫൈനൽ നടക്കുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ലീ ഗ്രാന്റ് വിരമിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ആയ ലീ ഗ്രാന്റ് താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അവസാന നാലു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് പ്ലയർ ആയിരുന്നു ലീ ഗ്രാന്റ്. 39 കാരനായ അദ്ദേഹം മുമ്പ് ഡെർബി കൗണ്ടി, ബേൺലി, ഓൾഡ്‌ഹാം അത്‌ലറ്റിക്, ഷെഫീൽഡ് വെനസ്ഡേ, സ്റ്റോക്ക് സിറ്റി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്, 500-ലധികം മത്സരങ്ങൾ കരിയറിൽ കളിച്ചിട്ടുണ്ട്.

ഓൾഡ് ട്രാഫോർഡിൽ ഉണ്ടായിരുന്ന സമയത്ത് കൂടുതലും ബെഞ്ചിൽ ആയിരുന്നു ഗ്രാന്റിന്റെ സ്ഥാനം. ഗ്രാന്റ് യുണൈറ്റഡിനായി രണ്ട് തവണ മാത്രമാണ് കളിച്ചത്. ഓൾഡ് ട്രാഫോർഡിൽ നടന്ന 2018/19 ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ ഡെർബിക്കെതിരെയാണ് ഗ്രാന്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള സീസണിൽ, യൂറോപ്പ ലീഗ് ഗ്രൂപ്പ്-സ്റ്റേജിൽ അസ്താനയ്ക്ക് എതിരെയും കളിച്ചു. ഇനി കോച്ചിംഗിൽ ആയിരിക്കും ഗ്രാന്റിന്റെ ശ്രദ്ധ.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, തൃശ്ശൂർ ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ തൃശ്ശൂർ ഫൈനലിൽ. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ കാസർഗോഡിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്‌. തൃശ്ശൂരിനായി റിജോയ് പി ചാക്കോ ഇരട്ട ഗോളുകൾ നേടി. 3, 45 മിനുട്ടുകളിൽ ആയിരുന്നു റിജോയിയുടെ ഗോളുകൾ. അനന്ദു, അഖിൽ ഫിലിപ്പ് എന്നിവരും തൃശ്ശൂരിനായി ഗോൾ നേടി.

മുൻ റൗണ്ടുകളിൽ തൃശ്ശൂർ മലപ്പുറത്തെയും കൊല്ലത്തെയും ആയിരുന്നു തോൽപ്പിച്ചത്‌‌. കണ്ണൂരും കോഴിക്കോടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും തൃശ്ശൂരിന്റെ ഫൈനലിലെ എതിരാളികൾ.

വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം ഗോകുലം സേതു എഫ്.സിയെ നേരിടും സമനില നേടിയാല്‍ കിരീടം നിലനിര്‍ത്താം

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം.ഗോകുലം കേരള എഫ്.സിയും തമിഴ്‌നാട്ടില്‍ നിന്നുള്ള സേതു എഫ്.സിയുമാണ് കിരീടത്തിനായി പൊരുതുന്നത്. ലീഗില്‍ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഗോകുലം എഫ്.സിയും സേതു എഫ്.സിയും തമ്മില്‍ കിരീടത്തിനായി തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇരു ടീമുകള്‍ക്കും പത്ത് മത്സരത്തില്‍ നിന്ന് 30 പോയിന്റാണുള്ളത്. ഗോള്‍ ഡിഫറൻസ് കൂടുതലുള്ളതിനാല്‍ ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സേതുവിനെതിരേ സമനില ലഭിച്ചാലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാം.

പത്ത് മത്സരത്തില്‍ നിന്ന് മൂന്ന് ഗോളുകള്‍ മാത്രമാണ് ഗോകുലം കേരള ഇതുവരെ വഴങ്ങിയിട്ടുള്ളു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പ്രതിരോധ ഫുട്‌ബോള്‍ കളിച്ചാല്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ രണ്ടാം തവണയും വനിതാ ലീഗ് കിരീടം കേരളത്തിലെത്തിക്കാം. അവാസന മത്സരത്തില്‍ സ്‌പോട്‌സ് ഒഡിഷയെ നേരിട്ട ഗോകുലം കേരള 7-1 എന്ന സ്‌കോറിനായിരുന്നു വിജയം സ്വന്തമാക്കിയത്. മുന്നേറ്റത്തില്‍ എല്‍ഷദായ് അചെങ്‌പോ, മനീഷ കല്യാണ്‍, ജോതി തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണ്. മധ്യനിര താരങ്ങളായ കഷ്മീന, സമീക്ഷ തുടങ്ങിയവരും ഗോകുലത്തിന് കരുത്ത് പകരും. പ്രതിരോധത്തില്‍ ഡാലിമ ചിബ്ബര്‍, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. അതിനാല്‍ സേതു എഫ്.സിയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മലബാറിയന്‍സും പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും.

രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.

റോമ കോൺഫറൻസ് ലീഗ് ചാമ്പ്യൻസ്, ജോസെ മൗറീനോക്ക് ഒരു യൂറോപ്യൻ കിരീടം കൂടെ

ജോസെ മൗറീനോ വന്നാൽ ക്ലബുകൾ കിരീടം നേടും എന്ന് പറയുന്നത് വെറുതെയല്ല. റോമ 14 വർഷങ്ങൾക്ക് ശേഷം ഒരു കിരീടം നേടിയിരിക്കുകയാണ്. ഇന്ന് പ്രഥമ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണ് റോമ സ്വന്തമാക്കിയത്. അൽബേനിയയിൽ നടന്ന ഫൈനലിൽ ഫെയ്നൂർഡിനെ ഏക ഗോളിന് പരാജയപ്പെടുത്തി ആണ് റോമ കിരീടം ഉയർത്തിയത്.

ഫൈനലുകളിലെ പതിവ് ജോസെ ശൈലി കണ്ട മത്സരത്തിൽ ഡിഫൻസിൽ ഊന്നിയായിരുന്നു റോമയുടെ കളി. മത്സരത്തിൽ ആദ്യ പകുതിക്ക് ഇടയിൽ പരിക്ക് കാരണം മിഖിതാര്യനെ നഷ്ടമായത് റോമക്ക് തിരിച്ചടിയായി. എങ്കിലും 32ആം മിനുട്ടിൽ സനിയോളയിലൂടെ റോമ ലീഡ് എടുത്തു. ബോക്സിലേക്ക് വന്ന ഒരു ഹൈ ബോൾ ഡിഫൻഡ് ചെയ്യാൻ ഫെയ്നൂർഡ് കഷ്ടപ്പെട്ടപ്പോൾ സനിയോള അവസരം മുതലാക്കുക ആയിരുന്നു.

ഈ ഗോൾ മതിയായി ജോസെയുടെ ടീമിന് ജയിക്കാൻ. റൂയി പട്രിസിയോയുടെ രണ്ട് നല്ല സേവുകളും ഒപ്പം ഗോൾ പോസ്റ്റിന്റെ സഹായവും റോമക്ക് തുണയായി.

2007-08ൽ കോപ ഇറ്റാലിയ നേടിയ ശേഷം ആദ്യമായാണ് റോമ ഒരു കിരീടം നേടുന്നത്. റോമയുടെ ആദ്യ മേജർ യൂറോപ്യൻ കിരീടവുമാണിത്. ആദ്യ കോൺഫറൻസ് ലീഗ് തന്നെ നേടിയതോടെ ജോസെ ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും, കോൺഫറൻസ് ലീഗും നേടിയ ഒരേയൊരു കോച്ചായും മാറി. ജോസെ മൗറീനോയുടെ പരിശീലക കരിയറിലെ 26ആം കിരീടമാണിത്.

ഫ്രഞ്ച് ഓപ്പൺ, പ്രയാസങ്ങൾ ഇല്ലാതെ ജോക്കോവിച്

ജോക്കോവിച് അനായാസം ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക്. 6-2, 6-3, 7-6 (7-4) എന്ന സ്‌കോറിനാണ് നൊവാക് ജോക്കോവിച്ച് ഇന്ന് 24-കാരനായ അലക്‌സ് മോൾക്കനെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ അധികം വിയർക്കാതെ തന്നെ നേടിയ ലോക ഒന്നാം നമ്പർ താരം മൂന്നാം സെറ്റിൽ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ടൈ ബ്രേക്കറിൽ ആയിരുന്നു ജോക്കോവിച്ച് മൂന്നാം സെറ്റ് ജയിച്ചത്.

അഞ്ചു സെറ്റ് നീണ്ട പോരാട്ടം, കാർലോസ് ആൽക്കരസ് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കാർലോസ് ആൽകരസ് മുന്നോട്ട്. അഞ്ച് സെറ്റു നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആൽബർട് റാമോസ് വിനോലസിനെ ആൽകരസ് വീഴ്ത്തിയത്‌‌. ഫ്രഞ്ച് ഓപ്പൺ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്. നാലാം സെറ്റിൽ മാച്ച് പോയിന്റ് വരെ എത്തിയ ശേഴമാണ് വിനോലസ് പരാജയപ്പെട്ടത്. 19കാര ആൽകരസ് ടെന്നീസ് ലോകത്ത് ഒരു അത്ഭുതമായി മാറും എന്ന് പ്രവചിക്കുന്നവർ വെറുതെയല്ല അങ്ങനെ പറയുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ആൽകരസിന്റെ പ്രകടനം. 6-1, 6-7, 5-7, 7-6,6-4 എന്ന സ്കോറിനാണ് ആൽകരസ് വിജയിച്ചത്.

സൂസൈരാജ് മോഹൻ ബഗാൻ വിട്ട് ഒഡീഷയിലേക്ക്

എ ടി കെ മോഹൻ ബഗാന്റെ താരമായ മൈക്കിൾ സൂസൈരാജിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 27കാരനായ താരം ഒഡീഷയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് ഒരു വർഷത്തേക്ക് കരാർ വീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. 2019 മുതൽ മോഹൻ ബഗാനൊപ്പം ഉള്ള താരമാണ് സൂസൈരാജ്.

മോഹൻ ബഗാൻ വലിയ വില നൽകി ആയിരുന്നു സൂസൈരാജിനെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് സൂസൈരാജിന്റെ മോഹൻ ബഗാൻ കരിയറിന് വില്ലനായി. ഒഡീഷയിൽ തന്റെ പഴയ മികവിലേക്ക് ഉയരാൻ ആകും എന്നാകും സൂസൈരാജ് വിശ്വസിക്കുന്നത്. മുമ്പ് ജംഷദ്പൂരിനായും ഐ എസ് എല്ലിൽ സൂസൈരാജ് കളിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തി ആയിരുന്നു സൂസൈരാജ് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തുന്നു

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഇംഗ്ലണ്ടിലേക്ക്. തിരികെയെത്തുന്നു. ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു അവസാന രണ്ടു വർഷമായി കൊമ്പനി. എന്നാൽ അദ്ദേഹം ഇപ്പോൾ ആൻഡലെചിലെ ജോലി ഉപേക്ഷിച്ചിരികുകയാണ്. കൊമ്പനി ഇംഗ്ലീഷ് ക്ലബായ ബേർൺലിയുടെ പരിശീലകനായി എത്തും എന്ന് ഫബ്രിസിയോ പറയുന്നു. ബേർൺലി ഇപ്പോൾ റിലഗേറ്റ് ആയി ചാമ്പ്യൻഷിപ്പിലേക്ക് എത്തിയിരിക്കുകയാണ്. അവരെ തിരികെ പ്രീമിയർ ലീഗിൽ എത്തിക്കുക ആകും കൊമ്പനിയുടെ ആദ്യ ചുമതല.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version