ഡാൻ ആഷ്വർത്ത് ന്യൂകാസിൽ യുണൈറ്റഡിന്റെ സ്പോർടിങ് ഡയറക്ടർ

പുതിയ സീസണായി വലിയ രീതിയിൽ ഒരുങ്ങുന്ന ന്യൂകാസിൽ യുണൈറ്റഡ് ഡാൻ ആഷ്വർത്തിനെ സ്പോർടിങ് ഡയറക്ടറായി എത്തിച്ചു. ബ്രൈറ്റണിൽ നിന്നാണ് ആഷ്വർത്ത് ഇപ്പോൾ ന്യൂകാസിലിലേക്ക് എത്തുന്നത്. മുൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്നു ഡാൻ ആഷ്‌വർത്ത്.

51 കാരനായ ആഷ്‌വർത്തിനെ നിലവിലെ കരാർ ബാധ്യതകളിൽ നിന്ന് മോചിപ്പിക്കാൻ ലീഗിലെ എതിരാളികളായ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണുമായി ധാരണയിലെത്തിയതായി ക്ലബ് അറിയിച്ചു. 2018-ൽ ആയിരുന്നു ആഷ്‌വർത്ത് ബ്രൈറ്റണിൽ എത്തിയത്.

നുനോ മെൻഡസിനെ പി എസ് ജി സ്വന്തമാക്കി

വിങ് ബാക്കായ നുനോ മെൻഡസിനെ പി എസ് ജി അവരുടെ മാത്രം താരമാക്കി മാറ്റി. അവസാന ഒരു സീസണായി സ്പോർടിങ് ലിസ്ബണിൽ നിന്ന് ലോണടിസ്ഥാനത്തിൽ കളിക്കുക ആയിരുന്ന താരത്തെ ബൈ ക്ലോസ് നൽകി വാങ്ങാൻ പി എസ് ജി തീരുമാനിച്ചു. പോർച്ചുഗീസ് ക്ലബിന് 40 മില്യൺ യൂറോ പി എസ് ജി നൽകും. ആദ്യ സീസണിൽ തന്നെ പി എസ് ജിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ 19കാരനായിരുന്നു.

സ്പോർടിങിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയ ശേഷമായിരുന്നു കഴിഞ്ഞ സീസണിൽ പി എസ് ജിയിലേക്ക് നുനോ എത്തിയത്. ലെഫ്റ്റ് ബാക്കിൽ പോചടീനോയുടെ ആദ്യ ചോഴ്സാകാൻ നുനോക്ക് ആയിരുന്നു. ഇപ്പോൾ പോർച്ചുഗീസ് ദേശീയ ടീമിലെയും സ്ഥിരാംഗമാണ് നുനോ മെൻഡസ്.

മൊണാക്കോ 80 മില്യൺ ആവശ്യപ്പെടുന്നു, റയൽ ചൗമെനിയെ സ്വന്തമാക്കുമോ?

റയൽ മാഡ്രിഡ് മൊണാക്കോയുടെ യുവ മിഡ്ഫീൽഡർ ഔറലിൻ ചൗമെനി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റയലും മൊണാക്കോയും തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാണ് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. മൊണാക്കോ 80 മില്യൺ യൂറോ ആണ് താരത്തിനായി ചോദിക്കുന്നത്‌. അതിൽ കുറഞ്ഞ ഒരു ഡീലിനും അവർ ഒരുക്കമായിരിക്കില്ല.

22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ്. യൂറോപ്പിലെ പല ക്ലബുകളും താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും റയലിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്.

മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

വാസ്കസ് ഇനി ടീമിനൊപ്പം ഇല്ല എന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ആൽവാരോ വാസ്കസ് ക്ലബിനൊപ്പം തുടരില്ല. വാസ്കസ് ക്ലബ് വിടുകയാണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ സംഭാവനയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ് നന്ദി അറിയിച്ചു.

വാസ്കസ് എഫ് സി ഗോവയിലേക്ക് ആകും പോവുക. ഗോവയിൽ രണ്ട് വർഷത്തെ കരാർ താരം ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സും വാസ്കസുമായി ചർച്ചകൾ നടത്തി എങ്കിലും ഫലം കണ്ടിരുന്നില്ല. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.

കരൺജിത്‌ സിങ്‌ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ 2023വരെ നീട്ടി

കൊച്ചി, മെയ്‌ 30, 2022: പരിചയ സമ്പന്നനായ ഗോൾ കീപ്പർ കരൺജിത്‌ സിങ്ങുമായുള്ള കരാർ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂർവം അറിയിച്ചു. അടുത്ത വർഷംവരെയാണ്‌ കരാർ നീട്ടിയത്‌. പരിക്കേറ്റ അൽബീനോ ഗോമെസിന്‌ പകരമായിട്ടാണ്‌ ക്ലബ്ബ്‌ കഴിഞ്ഞ വർഷം കരൺജിതുമായി കരാർ ഒപ്പിട്ടത്‌.

പഞ്ചാബിൽ ജനിച്ച കരൺജിത്‌ പതിനഞ്ചാംവയസിൽ ഫുട്‌ബോൾ കളിച്ചുതുടങ്ങി. 2004ൽ ജെസിടി എഫ്‌സിയിൽ ചേർന്ന കരൺജിത് പിന്നീടുള്ള ആറ് സീസണുകളിൽ ക്ലബിൻറെ ഭാഗമായിരുന്നു. 2010‐11ൽ സാൽഗോക്കറിലെത്തി. അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ്‌ ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്‌സിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2019വരെ കളിച്ചു. 2015ലും 2017‐18ലും ഐഎസ്‌എൽ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോൾ കീപ്പിങ്‌ കോച്ച്‌ ചുമതല കൂടി വഹിച്ചു. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത്‌ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്.
Img 20220530 Wa0023
17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരൺജിത്‌ 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.

‘കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ സന്തോഷം. എന്റെ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകൾ എന്റെ സഹകളിക്കാർക്ക് പകർന്നുനൽകാൻ കഴിയുമെന്ന്‌ ഞാൻ പ്രത്യാശിക്കുന്നു. കളത്തിൽ ഇറങ്ങാനും ടീമിനെ ഈ വർഷം കപ്പ്‌ നേടാൻ സഹായിക്കാനും ഞാൻ കാത്തിരിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആവേശം നൽകുന്ന ആരാധർക്ക്‌ വേണ്ടിയാണത് ‐ കരൺജിത്‌ പറയുന്നു.

‘ഐഎസ്‌എലിൽ മത്സരിക്കുന്ന കളിക്കാരിലെ റെക്കോഡുകാരനാണ്‌ കരൺജിത്‌. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കളിയോടുള്ള മനോഭാവവുമാണ്‌ എന്തുകൊണ്ട്‌ ഇത്രയും നീണ്ട കരിയർ വിജയകരമാക്കി എന്നതിന്‌ കാരണം. യുവതലമുറയ്‌ക്ക്‌ മികച്ച മാതൃകയാണ്‌ അദ്ദേഹം. അതുകൊണ്ടാണ്‌ ഇത്രയും പ്രൊഫഷണൽ മികവുള്ള കളിക്കാരെ ഞങ്ങളുടെ ടീമിന്‌ ആവശ്യമാകുന്നത്‌‐ കെബിഎഫ്‌സി സ്‌പോർടിങ്‌ ഡയറക്ടർ കരോളിസ്‌ സ്‌കിൻകിസ്‌ പറയുന്നു.

മുൻപ് ബിജോയ്‌ വർഗീസ്‌, ജീക്‌സ്‌ൺ സിങ്‌, മാർകോ ലെസ്‌കോവിച്ച്‌, പ്രഭ്‌സുഖൻ ഗിൽ എന്നിവരുടെ കരാർ നീട്ടിയതായി കെബിഎഫ്‌സി പ്രഖ്യാപിച്ചിരുന്നു.

23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് വരുന്നു. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയത്. 23 വർഷങ്ങൾക്ക് ശേഷമാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഇന്ന് ഹഡേഴ്സ്ഫീൽഡിനെതിരെ ഏക ഗോളിനാണ് അവർ വിജയിച്ചത്.

ഇന്ന് വെംബ്ലിയിൽ നടന്ന പ്ലേ ഓഫ് ഫൈനലിൽ ഒരു സെൽഫ് ഗോളാണ് ഹഡേഴ്സ്ഫീൽഡിന് വിനയായത്. 43ആം മിനുട്ടിലായിരുന്നു ഗോൾ വന്നത്. ഹഡേഴ്സ്ഫീൽഡിന് രണ്ട് പെനാൾട്ടി വിധിക്കേണ്ടതായിരുന്നു എങ്കിലും വാർ ഉണ്ടായിട്ടും ആ പെനാൾട്ടികൾ നിഷേധിക്കപ്പെട്ടത് ചർച്ചയാകും. നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനം 1998-99 സീസണിലായിരുന്നു പ്രീമിയർ ലീഗിൽ കളിച്ചത്.

സബ്ജൂനിയർ കിരീടം മലപ്പുറത്തിന്

സംസ്ഥാനം സബ്ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം ഉയർത്തി. ഇന്ന് തിരുവല്ലയിൽ നടന്ന ഫൈനലിൽ എറണാകുളത്തെ തോൽപ്പിച്ച് ആണ് മലപ്പുറം കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മലപ്പുറത്തിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായിരുന്നു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-2ന് മലപ്പുറം വിജയിച്ചു.

മലപ്പുറത്തിനായി മുഹമ്മദ് റാഷിദ്, റുവൈസ്, ജിഷ്ണു, സംഗീത് എന്നിവർ പെനാൾട്ടി സ്പോട്ടിൽ നിന്ന് ഗോൾ നേടി. എറണാകുളത്തിനായി അക്ഷയ്കുമാറിനും തമീമിനും മാത്രമെ ലക്ഷ്യം കാണാൻ ആയുള്ളൂ.

റാഗ്നിക്ക് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായിരുന്ന റാൾഫ് റാഗ്നിക്ക് ക്ലബ് വിടുന്നു. ടെൻ ഹാഗ് വന്നതോടെ ടീമിൽ കൺസൾട്ടന്റ് റോളിൽ ഉണ്ടാകും എന്നാണ് നേരത്തെ റാഗ്നിക്കും ക്ലബും അറിയിച്ചിരുന്നത്. എന്നാൽ റാഗ്നിക്ക് ഓസ്ട്രിയൻ പരിശീലകനായി ചുമതലയേൽക്കാൻ തീരുമാനിച്ചതിനാൽ യുണൈറ്റഡിൽ തുടർന്ന് പ്രവർത്തിക്കാൻ ആകില്ല എന്ന് അറിയിച്ചു.

ഒലെ ഗണ്ണാർ സോൾഷ്യറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ആയിരുന്നു താൽക്കാലിക പരിശീലകനായി റാഗ്നിക്ക് എത്തിയത്. റാഗ്നിക്കിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ പ്രകടനം മാത്രമെ കാഴ്ചവെക്കാൻ ആയുള്ളൂ. ചാമ്പ്യൻസ് ലീഗിൽ നിന്ന് വേഗം പുറത്താവുകയും അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവുകയും ചെയ്തിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരിക്കെ റാഗ്നിക്ക് നടത്തിയ പല പ്രസ്താവനകളും വിവാദമാവുകയും ചെയ്തിരുന്നു.

സാഡിയോ മാനേ ലിവർപൂൾ വിടാൻ തീരുമാനിച്ചു

ലിവർപൂൾ അറ്റാക്കിംഗ് താരം സാഡിയോ മാനേ ലിവർപൂൾ വിടാൻ തീരുമാനിച്ചു. നേരത്തെ തന്നെ താരം ക്ലബ് വിടുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ ഫബ്രിസിയോ റൊമാനോ തന്നെ സാഡിയോ മാനെ ലിവർപൂൾ വിടുമെന്നുള്ള കാര്യം പ്രഖ്യാപിച്ചു. മാനെ ബയേണിലേക്ക് പോകും എന്നാണ് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിയാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു മാനെ. 2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്. ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാനെ തുടരാനുള്ള സാധ്യത കുറവാണ്.

നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഡോൺ കാർലോ!!

ഇന്ന് ലിവർപൂളിനെ തോൽപ്പിച്ചതോടെ കാർലോ ആഞ്ചലോട്ടി തന്റെ പരിശീലക കരിയറിലെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഉയർത്തിയത്. ചാമ്പ്യൻസ് ലീഗ് നാല് തവണ നേടുന്ന ആദ്യത്തെ പരിശീലകനാണ് ആഞ്ചലോട്ടി. ഇത്തവണത്തെ ലാലിഗ കിരീടത്തോടെ
എല്ലാ വലിയ അഞ്ച് ലീഗ് കിരീടങ്ങളും നേടുന്ന ആദ്യത്തെ മാനേജരായും കാർലോ ആഞ്ചലോട്ടി മാറിയിരുന്നു.

2002-03, 2006-07 വർഷങ്ങളിലെ മിലാനിലും 2013-14ൽ റയൽ മാഡ്രിഡിലും ആയിരുന്നു ഇതിനു മുമ്പ് ആഞ്ചലോട്ടി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ബോബ് പെയ്‌സ്‌ലിയും സിനദീൻ സിദാനും മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. അതിന് മുകളിൽ കാർലോ മാത്രമാണുള്ളത്. ഇന്ന് 1-0ന് ആണ് പാരീസിൽ വെച്ച് റയൽ മാഡ്രിഡ് ലിവർപൂളിനെ വീഴ്ത്തിയത്.
.

റയൽ മാഡ്രിഡിനെ കിട്ടണം എന്ന് പറഞ്ഞു, കിട്ടിയതും വാങ്ങി സലാ മടങ്ങുന്നു

ലിവർപൂൾ സ്ട്രൈക്കർ മൊ സലാ ആകും ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാതോടെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനാകുന്നത്. വെറുതെ അല്ല സലാ പറഞ്ഞ വീരവാദങ്ങളാകും അതിന് കാരണം. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിട്ടണം എന്ന് ആദ്യം പറഞ്ഞ സലാ പിന്നീട് റയൽ മാഡ്രിഡിനോട് കണക്കുകൾ തീർക്കാൻ ഉണ്ട് എന്നും ട്വീറ്റ് ചെയ്തിരുന്നു.

2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിനിടയിൽ സലായ്ക്ക് പരിക്കേറ്റിരുന്നു. അന്ന് ലിവർപൂൾ തോൽക്കുകയും ചെയ്തിരുന്നു. അന്ന് റയലിനോട് തോറ്റതിന് പകരം വീട്ടണം എന്ന് സലാ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മാത്രമല്ല പ്രീമിയർ ലീഗ് സീസൺ കഴിഞപ്പോഴും ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്ന് സലാ പറഞ്ഞു.

അവസാനം ഫൈനലിൽ എത്തിയപ്പോൾ ഒരു പരാജയം കൂടെ റയൽ മാഡ്രിഡിൽ നിന്ന് ഏറ്റുവാങ്ങാനായി മൊ സലായുടെ വിധി.

പതിനാലാം രാവുദിച്ചു!! റയൽ മാഡ്രിഡിന്റെ സ്വന്തം ചാമ്പ്യൻസ് ലീഗ്!! ലിവർപൂളിനെ തോൽപ്പിച്ച് പതിനാലാം കിരീടം

  • റയൽ മാഡ്രിഡ് ലിവർപ്പൂളിനെ 1-0ന് തോൽപ്പിച്ച് കിരീടം നേടി
  • ഇത് റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം

തുടക്കവും കോർതോസ് സേവുകളും

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിതമായി നിൽക്കുന്നു. റയൽ ഗോൾകീപ്പർ കോർതോസിന്റെ മികച്ച സേവുകൾ ആണ് കളി ഗോൾ രഹിതമായി നിർത്തിയത്. ഒപ്പം അവസാനം റയലിന്റെ ഒരു ഗോൾ നിഷേധിക്കപ്പെട്ടതും കാണാൻ ആയി.

ഇന്ന് ആരാധകർ സ്റ്റേഡിയത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അര മണിക്കൂറിലധികം വൈകിയാണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ചത്. മത്സരം ആരംഭിച്ചപ്പോൾ ലിവർപൂൾ ആണ് പെട്ടെന്ന് താളം കണ്ടെത്തിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ലിവർപൂളിന്റെ ആദ്യ അവസരം വന്നു. വലതുവിങ്ങിലൂടെ വന്ന ട്രെന്റ് അർനോൾഡ് നൽകിയ പാസ് സലാ ഗോൾ ലക്ഷ്യമാക്കി തൊടുത്തു. കോർതോ രക്ഷയ്ക്ക് എത്തി. ഈ ഷോട്ട് മുതൽ കോർതോയുടെ ജോലി തുടങ്ങി.

രണ്ട് മിനുട്ട് കഴിഞ്ഞു മാനെയുടെ പാസിൽ നിന്ന് സലായുടെ ഒരു ഷോട്ട് കൂടെ. വീണ്ടും കോർതോ രക്ഷയ്ക്ക്. ലിവർപൂളിന്റെ വേഗത റയൽ മാഡ്രിഡിന്റെ ഡിഫൻസിന് പ്രശ്നമായി‌‌ ഇരുപതാം മിനുട്ടിൽ പെനാൾട്ടി ബോക്സിന് അകത്തു നിന്ന് മാനെ തൊടുത്ത് ഷോട്ട് കോർതോയുടെ വലിയ സേവിനൊപ്പം ഗോൾ പോസ്റ്റിന്റെ കൂടെ സഹായത്തോടെയാണ് ഗോളിൽ നിന്ന് മാറി നിന്നത്.

ഗോൾ or ഓഫ്സൈഡ്?

റയൽ മാഡ്രിഡിന് അറ്റാക്കുകൾ ഒന്നും നടത്താൻ ആയില്ല. ആദ്യ പകുതിയുടെ തൊട്ടു മുമ്പ് മാത്രം ആണ് റയലിന്റെ അറ്റാക്ക് വന്നത്. 43ആം മിനുട്ടിൽ ബെൻസീമക്ക് കിട്ടിയ അവസരം താരത്തിന് ആദ്യം മുതലെടുക്കാൻ ആയില്ല എങ്കിലും രണ്ടാമതും കാലിലേക്ക് തന്നെ പന്ത് എത്തിയപ്പോൾ കരീം ബെൻസീമ അത് വലയിൽ എത്തിച്ചു. പക്ഷെ റഫറി ഓഫ് സൈഡ് വിളിച്ചു. നീണ്ട വി എ ആർ ചെക്കിന് ശേഷവും ആ ഗോൾ അനുവദിക്കപ്പെട്ടില്ല‌. ഫബിനോയുടെ ടച്ചിൽ ആണ് ഒഅന്ത് ബെൻസീമയിൽ എത്തിയത് എങ്കിലും ഇന്റൻഷനോടെയുള്ള ടച്ച് അല്ല എന്നത് പറഞ്ഞാണ് വാർ അറ്റ്ജ് ഓഫ്സൈഡ് ആണെന്ന് തന്നെ വിധിച്ചത്. അതുകൊണ്ട് തന്നെ ആദ്യ പകുതി കളി ഗോൾ രഹിതമായി അവസാനിച്ചു.

ലാറ്റിനമേരിക്കൻ കൂട്ടുകെട്ടിൽ വിനീഷ്യസിന്റെ ഗോൾ

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പുതിയ ഊർജ്ജത്തോടെയാണ് കളിച്ചത്. 58ആം മിനുട്ടിൽ റയൽ മാഡ്രിഡ് പാരീസിൽ ഗ്യാലറിയിൽ ഉണ്ടായിരുന്ന റയൽ മാഡ്രിഡ് ആരാധകരെ സന്തോഷിപ്പിച്ച് കൊണ്ട് ലീഡ് കണ്ടെത്തി. വലതു വിങ്ങിലൂടെ കുതിച്ചെത്തിയ വാല്വെർഡെ ഡ്രിൽ ചെയ്ത് നൽകിയ പാസ് ബാക്ക് പോസ്റ്റിലൂടെ വന്ന വിനീഷ്യസ് വലയിൽ എത്തിച്ചു. റയൽ 1-0ന് മുന്നിൽ. വിനീഷ്യസിന്റെ ഈ സീസണിലെ നാലാം ചാമ്പ്യൻസ് ലീഗ് ഗോൾ.

തിരിച്ചടിക്കാൻ വിടാതെ കോർതോ

ലിവർപൂൾ സലായിലൂടെ അധികം താമസിയാതെ ഒരിക്കൽ കൂടെ കോർതോയെ പരീക്ഷിച്ചു എങ്കിലും കീഴ്പ്പെടുത്താൻ ആയില്ല. അവർ ലൂയിസിനെ പിൻവലിച്ച് ജോടയെ കളത്തിൽ ഇറക്കി നോക്കി. 68ആം മിനുട്ടിൽ വീണ്ടും സലായെ കോർതോ തടഞ്ഞു. ലിവർപൂൾ ഫർമീനോയെയും രംഗത്ത് ഇറക്കി അറ്റാക്കിൽ ആൾക്കാരെ നിറച്ചു. എങ്കിലും കോർതോ റയലിനെ ലീഡിൽ നിർത്തി. 82ആം മിനുട്ടിൽ ഒരു കോർതോ സേവ് കൂടെ.

14ആം ചാമ്പ്യൻസ് ലീഗ് മുത്തം

റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ മാഡ്രിഡ് 2018ലും ലിവർപൂളിനെ ഫൈനലിൽ കീഴ്പ്പെടുത്തി ആയിരുന്നു കിരീടം നേടിയത്‌. സീസണിൽ അവസാന ലാപ്പ് വരെ ഗംഭീരമായി കളിച്ച ലിവർപൂളിന് അവസാനം പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നഷ്ടമായത് വലിയ വേദന നൽകും.

Exit mobile version