മുൻ ലോക ഒന്നാം നമ്പർ ഹീന സിദ്ധു ഡിസംബറിൽ, ഇറാനിലെ ടെഹ്റാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി. മത്സരത്തിൽ പങ്കെടുക്കുന്നവർ ഹിജാബ് ധരിക്കണമെന്ന നിർദ്ദേശം ഇറാൻ മുന്നോട്ട് വെച്ചതോടു കൂടെയാണ് 2013ലെ ലോക ചാമ്പ്യൻ കൂടെയായ ഹീനയുടെ പിന്മാറ്റം.

“ഞാൻ ഒരു വിപ്ലവകാരിയല്ല, എന്നിരുന്നാലും ഒരു കായിക ഇനത്തിൽ പങ്കെടുക്കുന്നതിന് ഹിജാബ് നിർബന്ധമാക്കുക എന്നത് സ്പോർട്സുമായി ബന്ധപ്പെട്ടതല്ല എന്ന് എനിക്ക് തോന്നുന്നു. അത് കൊണ്ട് ഞാൻ ടൂർണമെന്റിൽ നിന്നും പിന്മാറുന്നു” – ഹീനാ സിദ്ധു ട്വിറ്ററിൽ കുറിച്ചു.

wp-1477746458146.pngഇറാനിൽ പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കൽ നിർബന്ധമാണ്. അതനുസരിച്ചു ഡിസംബർ 3 മുതൽ 9 വരെ നടക്കുന്ന ടൂർണമെന്റിൽ വനിതാ താരങ്ങൾ നിർബന്ധമായും ഹിജാബ് ധരിക്കണം എന്ന് ഇറാൻ ഷൂട്ടിങ് അസോസിയേഷൻ അവരുടെ ഒഫിഷ്യൽ വെബ് സൈറ്റ് വഴി അറിയിക്കുകയായിരുന്നു.

മുൻപ് പല ഇസ്ലാമിക രാജ്യങ്ങളിലും ഹീന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇറാനിൽ മാത്രമാണ് ഇങ്ങനെ ഒരു നിർദ്ദേശം വെച്ചിട്ടുള്ളത്. മുൻപ് ഇറാനിൽ നടന്ന ഒരു ടൂർണമെന്റിൽ ഇതേ നിർദ്ദേശത്തെ തുടർന്ന് ഹീന അവസാന നിമിഷം പിന്മാറിയിരുന്നു.

Loading...