ജപ്പാനെ ഗോളില്‍ മുക്കി ഇന്ത്യ

ന്യൂസിലാണ്ടില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ജപ്പാനെതിരെ 6-0 എന്ന സ്കോറിനാണ് ഇന്ത്യ വിജയം നേടിയത്. പകുതി സമയത്ത് ഇന്ത്യ 3-0 നു മുന്നിലായിരുന്നു. യുവതാരങ്ങളായ ദില്‍പ്രീത് സിംഗ്, വിവേക് പ്രസാദ് രണ്ട് ഗോള്‍ വീതം നേടി ടീമിനായി തിളങ്ങി.

ഏഴാം മിനുട്ടില്‍ രൂപിന്ദര്‍ പാല്‍ സിംഗ് ആണ് ഇന്ത്യയുടെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് വിവേക് പ്രസാദ് ടീമിന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാ ക്വാര്‍ട്ടറില്‍ തന്റെ രണ്ടാം ഗോള്‍ വിവേക് നേടിയപ്പോള്‍ ഇന്ത്യയുടെ ഗോള്‍ നില മൂന്നായി ഉയര്‍ന്നു. 28ാം മിനുട്ടില്‍ നേടിയ ഈ ഗോളിന്റെ മികവില്‍ ഇന്ത്യ ആദ്യ പകുതിയില്‍ 3-0നു ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിംഗ് 35ാം മിനുട്ടിലും 41ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിംഗും ഇന്ത്യയ്ക്കായി ഗോള്‍ നേടി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്ന സമയത്ത് ദില്‍പ്രീത് തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ ആറാം ഗോളും നേടി. അവസാന ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറക്കാതിരുന്നപ്പോള്‍ ഇന്ത്യ മത്സരം 6-0നു നേടി.

മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാണ്ട് ബെല്‍ജിയത്തെ 5-4നു പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial