രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബെല്‍ജിയത്തോട് തോല്‍വി

ജപ്പാനെ തകര്‍ത്ത് എത്തിയ ഇന്ത്യയെ വീഴ്ത്തി ബെല്‍ജിയം. ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തിലാണ് ഇന്ത്യ ബെല്‍ജിയത്തോട് അടിയറവ് പറഞ്ഞത്. ആദ്യ മത്സരത്തില്‍ 4-5 എന്ന സ്കോറിനു ന്യൂസിലാണ്ടിനോട് പരാജയപ്പെട്ടാണ് ബെല്‍ജിയം ഇന്ത്യയെ നേരിടാനെത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയം നേടിയത്.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെയും ഡിഫന്‍സിന്റെയും പ്രകടനമില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തോല്‍വി ഭാരം ഇനിയും അധികമായേനെ. മത്സരം തുടങ്ങി ആദ്യ മിനുട്ടുകളില്‍ തന്നെ ബെല്‍ജിയം ഇന്ത്യന്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശ്രീജേഷിന്റെ പ്രതിരോധം 8ാം മിനുട്ടില്‍ ആര്‍തര്‍ ഡി സ്ലൂവര്‍ തകര്‍ത്ത് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.

ആദ്യ പകുതി പിന്നെ ഗോളുകള്‍ പിറന്നില്ലെങ്കിലും രണ്ടാം പകുതി നാല് മിനുട്ട് പിന്നിട്ടപ്പോള്‍ വിക്ടര്‍ വെഗ്നേസ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടി. പിന്നീട് മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ 2-0 സ്കോര്‍ ലൈനില്‍ ബെല്‍ജിയം ജയം സ്വന്തമാക്കി.

നാളെ ന്യൂസിലാണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial