ആദ്യ ലെഗില്‍ ബെല്‍ജിയം ചാമ്പ്യന്മാര്‍, ഇന്ത്യയ്ക്ക് ഫൈനല്‍ തോല്‍വി

2-1 എന്ന സ്കോറിനു ബെല്‍ജിയത്തോട് ആദ്യ ലെഗ് ഫൈനല്‍ തോല്‍വി വഴങ്ങി ഇന്ത്യ. ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റ് ഫൈനലില്‍ ആണ് ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞത്. നേരത്തെ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോളും ഇന്ത്യ 2-0 എന്ന സ്കോറിനു ബെല്‍ജിയത്തോട് പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നാലാം മിനുട്ടില്‍ ടോം ബൂണ്‍ നേടിയ ഗോളില്‍ ബെല്‍ജിയം മുന്നിട്ട് നില്‍ക്കുകയായിരുന്നു. 19ാം മിനുട്ടില്‍ മന്‍ദീപ് സിംഗിലൂടെ ഇന്ത്യ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 നു സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതി തുടങ്ങി ആറാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ഡോക്കിയര്‍ ഇന്ത്യയെ ഞെട്ടിച്ച് ബെല്‍ജിയത്തിന്റെ ഗോള്‍ നേടി. സമനില ഗോള്‍ കണ്ടെത്തുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ നിഷ്പ്രഭമാക്കി ബെല്‍ജിയം ചാമ്പ്യന്മാരായി.

മറ്റൊരു മത്സരത്തില്‍ ജപ്പാനെ 5-4 എന്ന സ്കോറിനു പരാജയപ്പെടുത്തി ആതിഥേയരായ ന്യൂസിലാണ്ട് മൂന്നാം സ്ഥാനം നേടി. ഈ നാല് ടീമുകളും രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കായി ഇനി ഹാമിള്‍ട്ടണിലേക്ക് സഞ്ചരിക്കും. ജനുവരി 24നാണ് രണ്ടാം ലെഗ് മത്സരങ്ങള്‍ ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial