മാർക് വെബ്ബർ റേസിംഗ് ട്രാക്കിനോട് വിടപറയുന്നു

മുൻ ഫോർമുല വൺ ഡ്രൈവർ മാർക്ക് വെബ്ബർ ഈ സീസണിന്റെ അവസാനത്തോടെ റേസിംഗ് ട്രാക്കിനോട് വിടപറയാൻ ഒരുങ്ങുന്നു. നിലവിൽ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ പോഷെ ടീമിന് വേണ്ടി മത്സരിക്കുന്ന വെബ്ബർ അടുത്ത മാസം ബഹ്‌റൈനിൽ നടക്കുന്ന മത്സരത്തോടു കൂടെയാണ് വിശ്രമിക്കുക.

40-കാരനായ വെബ്ബർ 12 വർഷത്തെ തൻറെ ഫോർമുല വൺ റേസിംഗ് കരിയറിൽ ഒൻപത് തവണ ഗ്രാൻഡ് പ്രിക്‌സുകളിൽ ഒന്നാമതായി ഫിനിഷ് ചെയ്തിട്ടുണ്ട്. നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റിയൻ വെറ്റലിന്റെ കൂടെ ചേർന്ന് തന്റെ ടീം ആയിരുന്ന റെഡ് ബുള്ളിനു നിർമാതാക്കളുടെ ചാമ്പ്യൻഷിപ് നാല് തവണ നേടികൊടുത്തിട്ടുണ്ട്. മൂന്ന്‍ തവണ മൂന്നാമതായി ഫിനിഷ് ചെയ്തതാണ് വെബ്ബറിന്റെ ഫോര്‍മുല വണ്‍ ചരിത്രം.

2014ൽ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലെ പോഷെ ടീമിൽ ചേർന്ന വെബ്ബർ, കഴിഞ്ഞ സീസണിൽ ഒന്നാമതായി ഫിനിഷ് ചെയ്തിരുന്നു. നിലവിലെ സീസണിൽ നാലാം സ്ഥാനത്താണ് വെബ്ബറും ടീമും.

റേസിംഗ് ട്രാക്കിനോട് വിടപറഞ്ഞാലും പോഷെ ടീമിന്റെ ബ്രാൻഡ് അംബാസിഡറായി വെബ്ബർ തുടരും.