കേരള പ്രീമിയർ ലീഗിൽ ഇന്ന് സമനില തെറ്റിയില്ല

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. തൃശ്ശൂരിൽ നടന്ന എഫ് സി തൃശ്ശൂരും കേരള പോലീസും തമ്മിൽ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. സമനില ആയെങ്കിലും അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി എഫ് സി തൃശ്ശൂർ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. മത്സരത്തിൽ രാജേഷ് എഫ് സി തൃശ്ശൂരിനു വേണ്ടിയും ഫിറോസ് കേരള പോലീസിനു വേണ്ടിയും സ്കോർ ചെയ്തു. രാജേഷിന്റെ കേരള പ്രീമിയർ ലീഗിലെ നാലാം ഗോളാണിത്. നേരത്തെ മലപ്പുറത്ത് വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എഫ് സി തൃശ്ശൂർ വിജയിച്ചിരുന്നു.

തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ നടന്ന എസ് ബി ഐ – ഏജീസ് ഓഫീസ് പോരാട്ടവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഗോളൊന്നും അടിക്കാതെയാണ് മത്സരം അവസാനിപ്പിച്ചത്. എസ് ബി ഐയുടെ രണ്ടാം ഗോൾ രഹിത സമനിലയാണിത്. ചന്ദ്രശേഖരൻ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ മോശം അവസ്ഥയാണ് എസ് ബി ഐക്കും മറ്റു ടീമുകൾക്കും എതിരാകുന്നത്. രണ്ടു കളികളിൽ നിന്ന് വെറും രണ്ടു പോയന്റുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് എസ് ബി ഐ ഇപ്പോൾ.