കേരള പ്രീമിയർ ലീഗ്; ആറാം ജയത്തോടെ സാറ്റ് തിരൂർ സെമി ഫൈനലിൽ

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബിയിലെ ആദ്യ സെമി ഫൈനൽ ബർത്ത് സാറ്റ് തിരൂർ സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തികെ തങ്ങളുടെ അവസാന മത്സരത്തിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തിയാണ് സാറ്റ് സെമി ഫൈനൽ ഉറപ്പിച്ചത്. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ എക്സൈസിനെ പരാജയപ്പെടുത്തിയത്.

 

സാറ്റിനു വേണ്ടി ഫസലുൽ റഹ്മാനും ഷഹീദുമാണ് ഇന്ന് ലക്ഷ്യം കണ്ടത്. ഷഹീദിന് ഇന്നത്തെ ഗോളോടെ ലീഗിൽ 6 ഗോളുകളുമായി ടോപ്പ് സ്കോറർ ആയി. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റോടെയാണ് സാറ്റ് തിരൂർ സെമി ഫൈനൽ ഉറപ്പിച്ചത്.

 

27ാം തീയതി നടക്കുന്ന എസ് ബി ഐ കേരള പോലീസ് മത്സരമാകും ഗ്രൂപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. കേരള പോലീസിന് എസ് ബി ഐക്ക് എതിരെ സമനില മതിയാകും സെമി ഫൈനലിലേക്ക് എത്താൻ. കേരള പോലീസ് പരാജയപ്പെടുക ആണെങ്കിൽ എഫ് സി തൃശ്ശൂർ സെമിയിലേക്ക് കടക്കും.

 

ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ന് എസ് ബി ഐ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഏജീസ് ഓഫീസിനെ പരാജയപ്പെടുത്തി. അസ്ലം, ജിജോ ജോസഫ്, ഷൈജു മോൻ എന്നിവരാണ് എസ് ബി ഐക്ക് വേണ്ടി ഗോൾ നേടിയത്.