കേരള പോലീസിനെ സമനിലയിൽ തളച്ച് സാറ്റ് തിരൂർ

കോട്ടപ്പടിയിൽ കേരള പോലീസിന്റെ സ്വന്തം തട്ടകത്തിൽ സാറ്റ് തിരൂർ പോലീസിനെ സമനിലയിൽ തളച്ചു. ക്യാപ്റ്റൻ ഇർഷാദിന്റെ ഗോളിന്റെ ബലത്തിൽ 1-1 എന്ന സ്കോറിനാണ് സാറ്റ് പോലീസിനെ പിടിച്ച് കെട്ടിയത്. നേരത്തെ തിരൂരിൽ വെച്ച് നടന്ന മത്സരത്തിൽ സാറ്റ് കേരള പോലീസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

12ാം മിനുട്ടിൽ രാഹുൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ കേരള പോലീസ് ആ ലീഡ് കളിയുടെ 70ാം മിനുട്ട് വരെ സംരക്ഷിച്ചു. പക്ഷെ ഇർഷാദിന്റെ മുന്നിൽ അവസാനം കേരള പോലീസ് പ്രതിരോധ കോട്ട തകരുകയായിരുന്നു. പരിക്കു കാരണം ബ്രിട്ടോയടക്കം മൂന്നു പ്രധാന താരങ്ങൾ ഇല്ലാതെയായിരുന്നു സാറ്റ് കോട്ടപ്പടിയിൽ ഇറങ്ങിയത്. സമനിലയോടെ ആറു മത്സരങ്ങളിൽ 11 പോയന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ് സാറ്റ് ഇപ്പോൾ. ഒരു മത്സരം കൂടുതൽ കളിച്ച് എഫ് സി തൃശ്ശൂരാണ് 13 പോയന്റുമായി മുന്നിൽ ഉള്ളത്.