എസ് ബി ഐയെ പരാജയപ്പെടുത്തി സാറ്റ് സെമിക്ക് തൊട്ടടുത്ത്

കേരള പ്രീമിയർ ലീഗിൽ ആദ്യം സെമി ഉറപ്പിക്കുന്ന ടീമാകാൻ സാറ്റ്. ഇന്ന് തിരൂരിൽ നടന്ന മത്സരത്തിൽ എസ് ബി ഐയെ പരാജയപ്പെടുത്തിയതോടെയാണ് സാറ്റ് തിരൂർ സെമി ഏകദേശം ഉറപ്പിച്ച്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സാറ്റിന്റെ ഇന്നത്തെ വിജയം. ഫസലുൽ റഹ്മാനാണ് സാറ്റിന്റെ വിജയ ഗോൾ നേടിയത്. ജയത്തോടെ മുഴുവൻ ഹോം മത്സരങ്ങളും ജയിച്ച് ലീഗിലെ ആദ്യ ടീമായി സാറ്റ്. സാറ്റ് തിരൂരിൽ കളിച്ച് അഞ്ചു മത്സരങ്ങളും ഇതോടെ ജയിച്ചു. സാറ്റ് 8 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു നിർണായക മത്സരത്തിൽ എഫ് സി തൃശ്ശൂർ ഏജീസ് ഓഫീസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി തൃശ്ശൂരിന്റെ വിജയം. വിദേശ താരം ഒസവാറയുടെ ഇരട്ട ഗോളുകളാണ് എഫ് സി തൃശ്ശൂരിന്റെ ജയത്തിന് കരുത്തായത്. ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷ എഫ് സി തൃശ്ശൂർ നിലനിർത്തി. ഒരു മത്സരം മാത്രം ശേഷിക്കേ 9 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച കേരള പോലീസ് തൃശ്ശൂരിന് തൊട്ടുപിറകിൽ ഉണ്ട്. സാറ്റുമായാണ് എഫ് സി തൃശ്ശൂരിന്റെ അവസാന മത്സരം എന്നിരിക്കെ എഫ് സി തൃശ്ശൂരിന്റെ സെമി സ്വപനങ്ങൾ എളുപ്പമാകില്ല.

ഗ്രൂപ്പ് എയിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന എഫ് സി കേരള കെ എസ് ഇ ബി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. എഫ് സി കേരളയുടെ സെമി പ്രതീക്ഷക്ക് സമനില വലിയ തിരിച്ചടിയായി. മറ്റു മത്സര ഫലങ്ങൾ അനുകൂലമാവുകയും അവസാന മത്സരം വിജയിക്കുകയും ചെയ്താൽ മാത്രമേ എഫ് സി കേരളയ്ക്ക് ഇനി സെമി കാണാൻ കഴിയൂ.