തിരുവനന്തപുരത്ത്‌ കിട്ടിയ പണി തിരൂരിൽ തിരിച്ച്‌ കൊടുത്തു, സാറ്റിന്‌ മൂന്ന് ഗോൾ ജയം

തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് സാറ്റിന്റെ ദിനമായിരുന്നു. കൃത്യം ഒരാഴ്ച മുൻപ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ച് 92-ആം മിനിറ്റിൽ ഡാനി നേടിയ ഗോളിൽ ഏജീസിനോട് തോൽക്കുമ്പോൾ സാറ്റിന്റെ യുവനിര ആകെ തളർന്നിരുന്നു. എതിരാളികളുടെ കളിയെക്കാളുപരി അവരുടെ തടിമിടുക്കിന് മുന്നിലായിരുന്നു തിരൂരുകാർ അന്ന് തോറ്റത്. 

പലപ്പോഴും കയ്യാങ്കളിയിലെത്തിയ മത്സരത്തിൽ തങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ കണ്ണടച്ച റഫറിക്കെതിരെ അധികൃതർക്ക് പരാതിയും നല്കിയിട്ടായിരുന്നു സാറ്റിന്റെ തിരുവനന്തപുരത്ത് നിന്നുള്ള മടക്കം. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ കാളപൂട്ടിന് പോലും യോഗ്യമല്ലാത്ത ഗ്രൗണ്ടിൽ കളിക്കേണ്ടി വന്നതും അന്നത്തെ കളിയിൽ തിരൂരുകാരെ പ്രതികൂലമായി ബാധിച്ചിരുന്നു. കളിക്ക് ശേഷം നിരാശരായി കാണപ്പെട്ട യുവ താരങ്ങളെ ആശ്വസിപ്പിച്ച വിദേശ ഡിഫെൻഡർ ജെറി അന്ന് അവരോട് പറഞ്ഞത് “ഒരാഴചക്കപ്പുറം ഇതേ ടീമിനെതിരെ നമുക്ക് ഇനിയും ഒരവസരം വരുന്നുണ്ട്, അന്ന് സ്വന്തം ഗ്രൗണ്ടിൽ കരുത്ത് തെളിയിക്കണം” എന്നതായിരുന്നു.
ഇന്ന് ഇരു ടീമുകളും തിരൂരിലെ ഗ്രൗണ്ടിൽ വച്ച് വീണ്ടും കൊമ്പ് കോർത്തപ്പോൾ തുടക്കം മുതൽ കാണാനായത് സാറ്റിന്റെ ആ പ്രതികാര ദാഹമാണ്. കളി തുടങ്ങി 4-ആം മിനിറ്റിൽ തന്നെ ഡൽഹി യുണൈറ്റഡ് താരം റിഷാദിന്റെ അസ്സിസ്റ്റിൽ അത്സുഷിയിലൂടെ വല ചലിപ്പിച്ച സാറ്റ്, ആദ്യ ഗോളിന്റെ ഹാങ്ങോവറിൽ നിന്ന് ഏജീസുകാർ മുക്തരാകും മുൻപ് തന്നെ രണ്ടാം തവണയും അവരുടെ വലയിൽ പന്തെത്തിച്ചു. പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന് ആദ്യ കളിക്കിറങ്ങിയ ഇന്ത്യൻ നേവി താരം ബ്രിട്ടോയുടെ വകയായിരുന്നു ഇത്തവണ അസ്സിസ്റ്. ബ്രിട്ടോയിൽ നിന്ന് പന്ത് സ്വീകരിച്ച മുന്നേറ്റനിരക്കാരൻ ശഹീദ് അത് കൃത്യമായി വലയിലേക്കെന്തിക്കുമ്പോൾ കളി തുടങ്ങിയിട്ട് 16-മിനിറ്റേ ആയിരുന്നുള്ളൂ. ടൂർണമെന്റിൽ ശഹീദിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ഹാഫ് ടൈം വിസിലിന് മുൻപ് പിന്നീട് ഗോളുകളൊന്നും പിറന്നില്ലെങ്കിലും ഏജീസിനുമേൽ തിരൂരുകാർ പൂർണ്ണ ആധിപത്യം പുലർത്തി.

സാറ്റിന്റെ ആക്രമണ ഫുട്ബോൾ കണ്ട് കൊണ്ടാണ് കളിയുടെ രണ്ടാം പകുതിക്കും തുടക്കമായത്, 53-ആം മിനിറ്റിൽ ഏജീസ് ഡിഫൻസിന് വന്ന പിഴവ് മുതലെടുത്ത് അത്സുഷി വീണ്ടും വല ചലിപ്പിക്കുമ്പോൾ ഗാലറിയിൽ നിറഞ്ഞ് നിന്ന തിരൂരിലെ കാണികൾ ആഘോഷിക്കുകയായിരുന്നു.
ഇന്ത്യൻ നേവിയുടെ താരങ്ങളായ തിരൂരിന്റെ സ്വന്തം ഇർഷാദും പൊഴിയൂർ സ്വദേശി ബ്രിട്ടോയും സാറ്റ് മധ്യ നിരയിൽ തകർത്ത് കളിച്ചപ്പോൾ മുന്നേറ്റനിരയിലെ ശഹീദിനും,അത്സുഷിക്കും യഥേഷ്ടം പന്തെത്തി.
പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ഏജീസിന്റെ പ്രതിരോധനിര പിടിച്ച നിന്നത്. മറുഭാഗത്ത് ഏജീസിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്ക് നൈജീരിയക്കാരൻ ജെറി നേതൃത്വം കൊടുത്ത പ്രതിരോധനിരയെ വീഴ്ത്താനുള്ള മൂർച്ചയില്ലായിരുന്നു.

ഇന്നത്തെ ജയത്തോടെ നാല് കളികളിൽ നിന്ന്  ആറു പോയന്റുമായി സാറ്റ് തിരൂർ ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് പോയിന്റുള്ള എഫ്.സി തൃശൂരാണ് ഗ്രൂപ്പിൽ ഒന്നാമത്.

എസ്.ബി.ഐ-ക്കെതിരെ 26-ന് തിരുവനന്തപുരത്ത് വച്ചാണ് ഏജീസിന്റെ അടുത്ത മത്സരം. സാറ്റിന്റെ അടുത്ത എതിരാളികൾ കേരള പൊലീസാണ്, മെയ് ഒന്നാം തിയ്യതി ഇതേ ഗ്രൗണ്ടിലാണ് മത്സരം.