കേരള പ്രീമിയർ ലീഗ്, എസ് ബി ഐയെ ഞെട്ടിച്ച് ക്വാർട്സ്

കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ പകുതിക്ക് നിർത്തിപ്പോയ ക്വാർട്സിന്റെ കെപിഎല്ലിലേക്കുള്ള തിരിച്ചുവരവ് വൻ പ്രകടനത്തോടെ തന്നെ ആയി. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ എസ് ബി ഐയെ നേരിട്ട ക്വാർട്സ് എഫ് സി വിജയിച്ചു തന്നെയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. സന്തോഷ് ട്രോഫി താരങ്ങളടക്കം അണിനിരന്ന എസ് ബി ഐയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്വാർട്സ് പരാജയപ്പെടുത്തിയത്.

വിമൽ കുമാറിന്റെ ഇരട്ടഗോളുകളാണ് ക്വാർട്സിനെ വിജയത്തിൽ എത്തിച്ചത്. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ വിമൽ കുമാർ ക്വാർട്സിന് ലീഡ് നൽകിയിരുന്നു. എന്നാൽ 3 മിനുട്ടുകൾക്കുള്ളിൽ തന്നെ സ്റ്റെഫിൻ ദാസിലൂടെ എസ് ബി ഐ തിരിച്ചടിച്ചു. പിന്നീട് 76ആം മിനുട്ടിൽ വിമൽ കുമാർ തന്നെയാണ് എസ് ബി ഐ ഗോൾ മിഥുനെ മറികടന്ന് വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ എസ് ബി ഐ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial