വല നിറയെ ഗോൾ; എഫ് സി കേരള ക്വാർട്ട്സിനെതിരെ അടിച്ചത് ഒമ്പതു ഗോളുകൾ

എഫ് സി കേരള ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ക്വാർട്സിനെ നിലം തൊടീച്ചില്ല. ക്വാർട്സിന്റെ കളിക്കാർക്ക് ഇന്നുണ്ടായിരുന്ന ഏക ജോലി വലയിൽ നിന്ന് ബോൾ എടുത്തു വെക്കുക മാത്രമായിരുന്നോ എന്നു തോന്നും സ്കോർ ലൈൻ കേട്ടാൽ തന്നെ. എതിരില്ലാത്ത ഒമ്പതു ഗോളിന്റെ വിജയം. ആദ്യ മത്സരത്തിൽ രണ്ട് സെൽഫ് ഗോൾ വഴങ്ങിക്കൊണ്ട് ഏറ്റ പരാജയത്തിനും വിമർശനങ്ങൾക്കും കണക്കു പറഞ്ഞു മറുപടി പറയുകയായിരുന്നു എഫ് സി കേരള. ക്യാപ്റ്റൻ ബിനീഷ് ബാലനടക്കം ആക്രമണ നിരയിലേക്ക് കയറിവന്ന എല്ലാവർക്കും സ്വന്തം പേരിൽ ഗോളുകൾ എന്ന അവസ്ഥ ആയിരുന്നു തൃശ്ശൂരിൽ. ജെറിയും ഉവൈസും ഹരികൃഷ്ണനുമൊക്കെ എഫ് സി കേരളയ്ക്കു വേണ്ടി വല കുലുക്കി.

കേരള പ്രീമിയർ ലീഗിൽ ക്വാർട്ട്സിന്റെ വരവിനെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് ശബ്ദം കൂട്ടുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ക്വാർട്സ് ഇന്ന് കാഴ്ചവെച്ചത്.

മൂന്നു മത്സരങ്ങളുണ്ടായിരുന്ന കേരള പ്രീമിയർ ലീഗിൽ രണ്ടാം മത്സരം നടന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആയിരുന്നു. ഏജീസ് ഓഫീസിനെ നേരിട്ട സാറ്റ് തിരൂരിന് അവിടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയം നേരിടേണ്ടി വന്നു. തുടക്കത്തിൽ ഷഹീദിലൂടെ ലീഡെടുത്ത സാറ്റിനെതിരെ നാടകീയമായ തിരിച്ചുവരവാണ് ഏജീസ് ഓഫീസ് ടീം നടത്തിയത്. നസറുദ്ദീന്റെ തകർപ്പൻ ഹെഡറിലൂടെ സമനില നേടിയ ഏജീസ് വിജയ ഗോൾ കണ്ടെത്തിയത് ഇഞ്ച്വറി ടൈമിലായിരുന്നു. സന്തോഷ് ട്രോഫി താരം ജിപ്സൺ തൊടുത്ത ക്രോസിൽ നിന്നു പിറന്ന ഡാനിയുടെ ഹെഡറാണ് ഏജീസിന് ആവേശ വിജയം നൽകിയത്.

എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പോരട്ടത്തിൽ കേരള പോലീസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ എഫ് സി തൃശ്ശൂരിനോടേറ്റ പരാജയത്തിൽ നിന്നുള്ള കരകയറലായി കേരള പോലീസിനിത്.